06/11/2025
ഈശോ മിശിഹായിൽ പ്രിയമുള്ള സഹോദരീ സഹോദരന്മാരേ,
ബഹുമാനപ്പെട്ട മൈക്കിൾ കാരിമറ്റം അച്ചൻ നിര്യാതനായ വിവരം അറിഞ്ഞു. ബൈബിൾ പണ്ഡിതനെന്ന നിലയിലും എറണാകുളം പി ഒ സി, മുരിങ്ങൂർ ധ്യാനകേന്ദ്രം, മേരി മാതാ തൃശ്ശൂർ, കുന്നോത്ത് ഗുഡ് ഷെപ്പെർഡ് എന്നിവിടങ്ങളിൽ അച്ചൻ ബൈബിൾ അധ്യാപകനായിരുന്നു. അധ്യാപകൻ എന്ന നിലയിലും സഹപ്രവർത്തകൻ എന്ന നിലയിലും അച്ചൻ എല്ലാവരോടും വളരെയേറെ അടുപ്പവും സൗഹൃദവും പുലർത്തിയിരുന്നു
എല്ലാ ശുശ്രൂഷാ മേഖലകളിലും തികഞ്ഞ പാണ്ഡിത്യവും മികവും അച്ചൻ പ്രകടിപ്പിച്ചിരുന്നു. ബഹുമാനപ്പെട്ട സെബാസ്റ്റ്യൻ വടക്കുംപാടൻ അച്ചനും മൈക്കിൾ അച്ചനുമാണ് പി ഒ സി ബൈബിളിന്റെ ആദ്യ ശില്പികൾ. ബഹുമാനപ്പെട്ട ചെറിയാൻ കാഞ്ഞിരക്കൊമ്പിൽ അച്ചനും ആ സംരംഭത്തോട് ചേർന്നു പ്രവർത്തിച്ചു. നമ്മുടെ വീടുകളിൽ ഒരു ബൈബിൾ പോലുമില്ലാ തിരുന്ന കാലത്ത് സ്തുത്യർഹമായ ഈ മലയാള പരിഭാഷ മലയാളികൾക്കിടയിൽ വരുത്തിയ ബൈബിൾ സന്ദേശത്തിന്റെ സ്വാധീനം എത്ര അധികം എന്നു പറയേണ്ടതില്ലല്ലോ. ഇന്നിപ്പോൾ ഓരോ ക്രൈസ്തവ വിശ്വാസിക്കും ഒരു ബൈബിൾ സ്വന്തമാക്കാനുള്ള സാഹചര്യം സംജാതമായിട്ടുണ്ട്.
മൈക്കിൾ അച്ചന്റെ എല്ലാ സേവനങ്ങളും അടിസ്ഥാനപ്പെടുത്തി സഭ അദ്ദേഹത്തിനു 2022 ജൂലൈ 3-നു മല്പാൻ പദവി നല്കി ആദരിച്ചു. ബൈബിൾ വിജ്ഞാനത്തോടൊപ്പം അച്ചന്റെ ആധ്യാത്മിക ദർശനങ്ങളും ജീവിതശൈലിയും ഏവരെയും ആകർഷിക്കുന്ന തായിരുന്നു. അധികാരതൃഷ്ണ ലേശവും സ്പർശിക്കാത്ത അദ്ദേഹത്തിന്റെ ജീവിതം മുഴുവൻ ശുശ്രൂഷാ മനോഭാവത്തോടെ ആയിരുന്നു. പൗരോഹിത്യ ശുശ്രൂഷയെ അതിന്റെ പൂർണതയിൽ ജീവിക്കാൻ പരിശ്രമിച്ച മൈക്കിൾ കാരിമറ്റം അച്ചന് പി ഓ സി യിൽ അദ്ദേഹത്തിന്റെ സഹപ്രവർത്തകനായിരുന്ന എന്റെ ആദരാ ഞ്ജലികൾ സ്നേഹപൂർവം അർപ്പിക്കുന്നു. കാരുണ്യവാനായ കർത്താവ് അച്ചനു നിത്യശാന്തി നല്കുമാറാകട്ടെ.
ദൈവത്തിനു സ്തുതി!
ഈശോയിൽ സ്നേഹപൂർവ്വം,
+ കർദിനാൾ ജോർജ് ആലഞ്ചേരി