
25/08/2025
🟣🔵വിദ്യാർത്ഥികളില് വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സര്ക്കാര് സ്കൂളുകളില് ഇനി മുതൽ വായനയ്ക്ക് പിരീഡും ഗ്രേസ് മാര്ക്കും. 🟣🔵
25/08/2025
അടഞ്ഞുകിടക്കുന്ന സർക്കാർ സ്കൂള് ലൈബ്രറികള് ഇനി സജീവമാകും. വിദ്യാർത്ഥികളില് വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സ്കൂളുകളില് ആഴ്ചയില് ഒരു പിരീഡും ഗ്രേസ് മാർക്കും നല്കുന്നത് സർക്കാരിന്റെ സജീവ പരിഗണനയിലാണ്. വായനയ്ക്ക് ഗ്രേസ് മാർക്ക് വരുന്നതോടെ വിദ്യാർത്ഥികളില് വായനാശീലം വളർത്താൻ സാധിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരുന്നു. ഇതിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഈ തീരുമാനത്തിന്റെ പശ്ചാത്തലത്തില്, സ്കൂളുകളിലെ ലൈബ്രറികള് പൊടിതട്ടിയെടുക്കുന്ന തിരക്കിലാണ് സ്കൂള് അധികൃതരും പിടിഎയും. വായന പ്രോത്സാഹിപ്പിക്കുന്ന പ്രവർത്തനങ്ങള്ക്കായി ആഴ്ചയില് ഒരു പിരീഡ് മാറ്റിവയ്ക്കും. കൂടാതെ, കലോത്സവത്തില് വായനയുമായി ബന്ധപ്പെട്ട ഒരു ഇനം ഉള്പ്പെടുത്താനും ആലോചനയുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി പറയുന്നു. ഒന്ന് മുതല് നാല് വരെ ക്ലാസുകളിലെ കുട്ടികള്ക്ക് അനുയോജ്യമായ വായനാ പ്രവർത്തനങ്ങള്ക്കും, അഞ്ചു മുതല് പന്ത്രണ്ട് വരെ ക്ലാസുകളിലെ കുട്ടികള്ക്ക് പത്രവായനയും തുടർപ്രവർത്തനങ്ങള്ക്കുമായി ആഴ്ചയില് ഒരു പിരീഡ് മാറ്റിവയ്ക്കാനാണ് ആലോചിക്കുന്നതെന്നും മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റില് പറയുന്നുണ്ട്. സർക്കാർ സ്കൂളുകളിലെ ലൈബ്രറികള് പലയിടത്തും അടഞ്ഞുകിടക്കുന്നത് ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങള്ക്ക് അധ്യാപകരെ ലഭിക്കാത്തതുകൊണ്ടും, നിയമിക്കാത്തതുകൊണ്ടുമാണ്. ഓരോ സ്കൂളിലും ലക്ഷക്കണക്കിന് രൂപയുടെ പുസ്തകങ്ങളാണ് അലമാരകളില് വെറുതെയിരിക്കുന്നത്. സ്കൂളുകളില് വരുത്തുന്ന പത്രങ്ങളാകട്ടെ ലൈബ്രറികള്ക്ക് പകരം പ്രധാനാധ്യാപകന്റെ ഓഫീസ് മുറികളിലോ സ്റ്റാഫ് റൂമുകളിലോ ആണ് കൊണ്ടിടാറ്. ഇത് വിദ്യാർത്ഥികള്ക്ക് പ്രയോജനപ്പെടാറില്ല. വായനയ്ക്ക് ഒരു പിരീഡ് തന്നെ വരുന്നതോടെ ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാകുമെന്ന് അധ്യാപകരും വിദ്യാർത്ഥികളും പ്രതീക്ഷിക്കുന്നു.