
29/07/2025
അടൂർ • ടൗണിലെ നിശ്ചിത സ്ഥലത്ത് ഫീസ് ഈടാക്കി പാർക്കിങ്ങിനു സൗകര്യമൊരുക്കാൻ ഇന്നലെ നഗരസഭാ അധ്യക്ഷൻ കെ.മഹേഷ്‌കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന നഗരസഭാതല ഗതാഗത ഉപദേശ സമിതി യോഗത്തിൽ തീരുമാനിച്ചു. കുടുബശ്രീ അംഗങ്ങളെ നിയോഗിച്ച് ഓഗസ്‌റ്റ് 15നു ശേഷം ഫീസ് ഈടാക്കുന്നതിനാണു തീരുമാനിച്ചത്. അടൂർ ടൗൺ യുപി സ്കൂൾ ഭാഗം, പഴയ പ്രൈവറ്റ് ബസ് സ്റ്റാൻഡ് ഭാഗം, കെഎസ്ആർടി സി ജംക്‌ഷൻ, ഗീതം ഓഡിറ്റോറിയത്തിന്റെ താഴ് ഭാഗം, റവന്യുടവറിന്റെ എതിർവശം എന്നിവിടങ്ങ ളിലാണ് ഫീസ് ഈടാക്കി പാർക്കിങ്ങിനു സൗകര്യമൊരുക്കുന്നത്. ഈ സ്ഥലങ്ങൾ ഓഗസ്റ്റ് ആദ്യം അടയാളമിട്ടു വേർതിരിച്ചു തുടങ്ങും.
ബൈപാസിലെ അമിതവേഗം മൂലമുണ്ടാകുന്ന അപകടം കുറയ്ക്കാൻ സ്പീഡ് ബ്രേക്കറും സ്‌ഥാപിക്കും. കൂടാതെ 3 ഭാഗങ്ങളിൽ ക്യാമറയും സ്‌ഥാപിക്കും. ബൈപാസിൽ അടൂർ-മൂന്നാളം റോഡ് ചേരുന്ന വട്ടത്തറ ജംക്ഷ നിൽ സിഗ്നൽ ലൈറ്റും സ്ഥാപിക്കും. ടൗണിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ കെഎസ്ആർടി സി ജംക്‌ഷനിലെ നടുക്കുള്ള പാ ലത്തിന്റെ ഭാഗം മുതൽ അംബേദ്കർ പ്രതിമ സ്ഥാപിച്ചിരിക്കുന്ന ഭാഗം വരെയും സെൻട്രൽ മൈതാനത്തിനു കിഴക്കുഭാഗത്തുള്ള ട്രാഫിക് ഐലൻഡ് മുതൽ സിഗ്നൽ പോയിന്റു വരെയും ഹൈസ്കൂൾ ജംക്ഷനിൽ കെഎസ്ഇബി ഓഫിസിന്റെ ഭാഗം മുതൽ സിഗ്നൽ പോയിന്റിന്റെ ഭാഗം വരേയും ഡിവൈഡർ സ്ഥാപിക്കാനും തീരുമാനിച്ചു. പഴയ പ്രൈവറ്റ് ബസ് സ്റ്റാൻഡ് ഭാഗത്തെ ബസ് ബേ ഡിവൈഡർ സ്‌ഥാപിച്ച് തിരിക്കും. റവന്യുടവറിന്റെ ഭാഗത്തു നിന്ന് വില്ലേജ് ഓഫിസിനു മുന്നിലൂടെ ജനറൽ ആശുപത്രിയുടെ ഭാഗത്തേക്ക് റോഡിലെ പാർക്കിങ് നിരോധിക്കും: മനോരമ വാർത്ത