09/12/2024
പത്തു ദിവസങ്ങൾക്കുള്ളിൽ 4 കൊടുംകുറ്റവാളികളെ ജയിലിലടച്ചു, കാപ്പ പ്രകാരം ജില്ലയിൽ പോലീസ് നടപടി ശക്തം
കുറ്റവാളികൾക്കും സാമൂഹിക വിരുദ്ധർക്കും ഗുണ്ടാപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കുമെതിരായ നിയമനടപടികൾ ജില്ലയിൽ പോലീസ് ശക്തമായി തുടരുന്നു. പുതിയ ജില്ലാ പോലീസ് മേധാവിയായി വി ജി വിനോദ് കുമാർ ചുമതയേറ്റശേഷം 4 കൊടും ക്രിമിനലുകളെ സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമ(കാപ്പ ) പ്രകാരം ജയിലിലാക്കി. തിരുവല്ല പോലീസ് സ്റ്റേഷനിലെ രണ്ടുപേരെയും, കൊടുമൺ അടൂർ പോലീസ് സ്റ്റേഷനുകളിലെ ഓരോരുത്തരെ വീതവുമാണ് കാപ്പ പ്രകാരം നടപടികൾക്ക് വിധേയരാക്കിയത്. തിരുവല്ല തുകലശ്ശേരി അഞ്ജലി റോഡിൽ ചിറപ്പാട്ട് വീട്ടിൽ റോഷൻ വർഗീസ്(29), കുറ്റപ്പുഴ കിഴക്കൻ മുത്തൂർ പ്ലാപ്പറമ്പിൽ കരുണാലയം വീട്ടിൽ വാവ എന്ന് വിളിക്കുന്ന ദീപു മോൻ(28), കൊടുമൺ ഇടത്തിട്ട ഐക്കരേത്ത് കിഴക്കേചെരുവ് വിഷ്ണു ഭവനം വീട്ടിൽ കുറേഷി എന്ന് വിളിക്കുന്ന വിഷ്ണുതമ്പി(28), അടൂർ പള്ളിക്കൽ പഴകുളം മേട്ടുപ്പുറം പൊന്മാത കിഴക്കേതിൽ വീട്ടിൽ ലൈജു(28) എന്നീ കൊടുംകുറ്റവാളികളാണ് 10 ദിവസങ്ങൾക്കിടെ ജയിലിനുള്ളിലായത്.
റോഷൻ വർഗീസ് തിരുവല്ല, ചങ്ങനാശ്ശേരി, ചേർത്തല കൂത്തുപറമ്പ്, പീച്ചി തുടങ്ങിയ സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത 25ലധികം ക്രിമിനൽ കേസുകളിൽ പ്രതിയാണ്. തിരുവല്ല പോലീസ് സ്റ്റേഷനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട ഇയാൾക്കെതിരെ 2022 ൽ കാപ്പ പ്രകാരം സഞ്ചാരനിയന്ത്രണം ഏർപ്പെടുത്തി ജില്ലയിൽ നിന്നും നാടുകടത്തിയിരുന്നു. ഈ കാലയളവിൽ ആലപ്പുഴ ജില്ലയിൽ താമസിച്ചു വന്ന ഇയാൾ, ചേർത്തല പോലീസ് സ്റ്റേഷൻ പരിധിയിൽ എംഡി എം എ കച്ചവടവുമായി ബന്ധപ്പെട്ട് യുമായി പിടിയിലായി.തുടർന്ന് ഇയാളെ 2023 ൽ കാപ്പ പ്രകാരം ആറ് മാസം കരുതൽ തടങ്കലിൽ ആക്കിയിരുന്നു. തുടർന്ന് പുറത്തിറങ്ങിയശേഷം വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടു. 2024 സെപ്റ്റംബർ 29 ന് തൃശ്ശൂർ ജില്ലയിലെ പീച്ചി പോലീസ് സ്റ്റേഷനതിർത്തിയിൽ കൂട്ടാളികൾക്കൊപ്പം മൂന്നു കാറുകളിലായി സഞ്ചരിച്ച് തൃശൂർ സ്വദേശിയുടെ കാർ തടഞ്ഞ്, യാത്രക്കാരെ ആക്രമിച്ച് കാർ തട്ടിയെടുത്തു. കാറിൽ സൂക്ഷിച്ച ഒരുകോടി 84 ലക്ഷം രൂപ വില വരുന്ന രണ്ട് കിലോ 630 ഗ്രാം തൂക്കമുള്ള സ്വർണാഭരണങ്ങൾ കവർച്ച ചെയ്‌തുകടന്നു.
2024 ജൂലൈ 26 ന് രാത്രി കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പ് നിർമ്മലഗിരി കോളേജിന് സമീപത്ത് വച്ച്, പണവുമായി വന്ന കാർ ഇയാളും കൂട്ടാളികളും ലോറിയിലും കാറിലുമായി തടഞ്ഞുനിർത്തി, കാറിൽ ഉണ്ടായിരുന്നവരെ ആക്രമിച്ച് കാർ തട്ടിയെടുത്തു.തുടർന്ന് കാറിൽ സൂക്ഷിച്ചിരുന്ന മൂന്നേമുക്കാൽ കോടി രൂപ കവർന്നു രക്ഷപ്പെട്ടു. പീച്ചി പോലീസ് സ്റ്റേഷനിൽ കുറ്റകൃത്യം നടത്തിയത് അറിഞ്ഞു ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാറിന്റെ നിർദ്ദേശപ്രകാരം, ജില്ലാ പോലീസ് മേധാവിയുടെയും തിരുവല്ല ഡിവൈഎസ്പിയുടെയും സംയുക്ത അന്വേഷണസംഘം, ഒളിവിൽ കഴിഞ്ഞുവന്ന റോഷൻ വർഗീസിനെയും കൂട്ടുപ്രതിയെയും ചങ്ങനാശ്ശേരിയിലെ ഒളിയിടത്തിൽ നിന്നും പിടികൂടി പീച്ചി പോലീസിന്റെ അന്വേഷണസംഘത്തിന് കൈമാറി.പോലീസ് സംഘത്തിൽ എസ് ഐ സുഭാഷും ഉണ്ടായിരുന്നു.
തുടർന്നും നിരന്തരം ജനങ്ങളുടെ സ്വൈര്യ ജീവിതത്തിന് തടസ്സം സൃഷ്‌ടിച്ചുവന്ന പ്രതിയെ കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിൽ പാർപ്പിക്കുന്നതിന് ഉത്തരവിനായി റിപ്പോർട്ട് തയാറാക്കി ജില്ലാ കളക്ടർക്ക് സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ ഡിസംബർ മൂന്നിന് ഉത്തരവാകുകയായിരുന്നു. തുടർന്ന് തിരുവല്ല ഡി വൈ എസ്പി എസ് അഷാദിന്റെ മേൽനോട്ടത്തിലും പോലീസ് ഇൻസ്‌പെക്ടർ സുനിൽ കൃഷ്ണന്റെ നേതൃത്വത്തിലുമുള്ള സംഘം തൃശ്ശൂർ ജയിലിൽ കഴിഞ്ഞുവന്ന റോഷനെ കാപ്പ ഉത്തരവ് പ്രകാരം നാലിന് അറസ്റ്റ് ചെയ്തു ആറുമാസത്തേക്ക് കരുതൽ തടങ്കലിൽ പാർപ്പിച്ചിട്ടുള്ളതാണ്.
തിരുവല്ല ചേർത്തല ചങ്ങനാശ്ശേരി പീച്ചി, കൂത്തുപറമ്പ് കൂടാതെ ആന്ധ്രാപ്രദേശിലെ റപ്താഡ് പോലീസ് സ്റ്റേഷനിലെ കൊലപാതകശ്രമം, അടിപിടി വീടുകയറി ആക്രമണം, സംഘം ചേർന്നുള്ള ആക്രമണം മാരകായുധങ്ങൾ കൊണ്ടുള്ള ആക്രമണം വാഹനങ്ങൾ കത്തിക്കൽ സ്ത്രീകൾക്ക് നേരെയുള്ള അതിക്രമം കവർച്ച ലഹരി മരുന്ന് കച്ചവടം തുടങ്ങിയ ക്രിമിനൽ കേസുകളിൽ പ്രതിയാണ് റോഷൻ വർഗീസ്.
തിരുവല്ല തൃക്കൊടിത്താനം കീഴ്‌വായ്‌പ്പൂർ പീച്ചി തിരുവല്ല എക്സൈസ് തുടങ്ങിയ സ്റ്റേഷനുകളിൽ 15 ലധികം ക്രിമിന കേസുകളിൽ പ്രതിയാണ് കീഴ്‌വായ്‌പ്പൂർ സ്റ്റേഷനിലെ റൗഡി ഹിസ്റ്ററി സീറ്റിൽ ഉൾപ്പെട്ട ദീപു മോൻ എന്ന കൊടുംകുറ്റവാളി. 2022 ൽ ഇയാളെ കാപ്പ അനുസരിച്ച് കരുതൽ തടങ്കലിൽ അടച്ചിരുന്നു. 2023 ൽ പുറത്തിറങ്ങിയശേഷം കൂട്ടുപ്രതികൾക്കൊപ്പം ചേർന്ന് പോലീസിനെ ആക്രമിച്ചത് ഉൾപ്പെടെയുള്ള മൂന്നു കേസുകളിൽ ഉൾപ്പെട്ടു. ഈവർഷം സെപ്റ്റംബർ 25 ന് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത സ്വർണക്കവർച്ച കേസിൽ റോഷൻ വർഗീസിനൊപ്പം കൂട്ടുപ്രതിയായി. തുടർന്ന് തൃശ്ശൂർ ജയിലിൽ കഴിഞ്ഞു വന്ന ഇയാൾക്കെതിരെ, ജില്ലാ പോലീസ് മേധാവിയുടെ കാപ്പ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നവംബർ 28 ന് കളക്ടർ കരുതൽ തടങ്കൽഉത്തരവ് പുറപ്പെടുവിച്ചു. റോഷൻ വർഗീസിനൊപ്പം ദീപുമോനെയും തിരുവല്ല പോലീസ് സംഘം അവിടെയെത്തി അറസ്റ്റ് ചെയ്തു തടങ്കലിൽ പാർപ്പിച്ചിട്ടുള്ളതാണ്. കൊലപാതക ശ്രമം മാരകായുധങ്ങൾ ഉപയോഗിച്ചുള്ള ആക്രമണം മയക്കുമരുന്ന് ഉപയോഗം കഞ്ചാവ് കച്ചവടം തുടങ്ങിയ കുറ്റകൃത്യങ്ങളിൽ തിരുവല്ല എക്സൈസിൽ ഉൾപ്പെടെ പ്രതിയായിട്ടുണ്ട്.
കൊടുമൺ പോലീസ് സ്റ്റേഷൻ പരിധിയിൽ വധശ്രമം, മോഷണം ലഹരി മരുന്നുകപയോഗം സംഘം ചേർന്നുള്ള ആക്രമണം വീടുകയറി ആക്രമണം വീട്ടുപകരണങ്ങൾ നശിപ്പിക്കൽ തുടങ്ങി 18 ഓളം ക്രിമിന കേസുകൾ പ്രതിയാണ് വിഷ്ണു തമ്പി. 2022 ഡിസംബറിൽ കാപ്പ അനുസരിച്ച് ആറുമാസത്തേക്ക് സഞ്ചാര നിയന്ത്രണം ഏർപ്പെടുത്തി ജില്ലയിൽ നിന്നും പുറത്താക്കിയിരുന്നു. കൊടുമൺ പോലീസ് സ്റ്റേഷനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട ഇയാൾ തുടർന്നും കൂട്ടാളികൾക്കൊപ്പം ചേർന്ന് ക്രിമിനൽ കേസുകൾ ഉൾപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ പോലീസ് മേധാവി ഇയാൾക്കെതിരെ റിപ്പോർട്ട് സമർപ്പിച്ചു. തുടർന്ന് നവംബർ 7 ന് കളക്ടറുടെ ഉത്തരവുണ്ടാവുകയായിരുന്നു. ഒളിവിൽ കഴിഞ്ഞുവന്ന വിഷ്ണുവിനെ അടൂർ ഡി വൈ എസ് പി ജി സന്തോഷ് കുമാറിന്റെ മേൽനോട്ടത്തിലും കൊടുമൺ എസ് എച്ച് ഓയുടെ നേതൃത്വത്തിലുമുള്ള സംഘം ഡിസംബർ അഞ്ചിന് അറസ്റ്റ് ചെയ്ത് ജയിലിലിൽ അടച്ചു.
അടൂർ പഴകുളം മേട്ടുപുറം സ്വദേശി ലൈജു കുപ്രസിദ്ധ മയക്കുമരുന്ന് കച്ചവടക്കാരനും കൊടും ക്രിമിനലുമാണ്. അടൂർ സ്റ്റേഷനിൽ റൗഡിലിസ്റ്റിൽ ഉൾപ്പെട്ട ലൈജു,അടൂർ ചെങ്ങന്നൂർ പന്തളം കുറത്തി കാട്,പത്തനംതിട്ട ഏനാത്ത് തുടങ്ങിയ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത വധശ്രമം കഞ്ചാവ് കച്ചവടം വാഹനം കത്തിക്കൽ സ്ത്രീകൾക്ക് നേരെയുള്ള അതിക്രമം തുടങ്ങിയ പത്തിലധികം കേസുകളിൽ പ്രതിയാണ്. പത്തനംതിട്ട ആലപ്പുഴ ജില്ലകൾക്ക് കേന്ദ്രീകരിച്ച് കഞ്ചാവ് കടത്തി വില്പന നടത്തുന്ന സംഘത്തിലെ പ്രധാനിയാണ്. 2019ൽ അടൂർ പോലീസ് സ്റ്റേഷനിൽ ഒന്നരക്കിലോ കഞ്ചാവ് പിടിച്ചതിനും, 2020ൽ ചെങ്ങന്നൂർ പോലീസ് സ്റ്റേഷനിൽ ഏഴരക്കിലോ കഞ്ചാവു പിടികൂടിയതിനും അറസ്റ്റ് ചെയ്യപ്പെട്ട് റിമാൻഡിലായി. ഈ വർഷം ജൂലൈയിൽ 125 ഗ്രാം കഞ്ചാവുമായി അടൂർ പോലീസ് കേസെടുത്തിരുന്നു. കേസുകൾ ജാമ്യം തേടി പുറത്തിറങ്ങിയ ഇയാൾ ഈ നവംബറിൽ അടൂരിൽ വീട്ടിനുള്ളിൽ അതിക്രമിച്ചു കടന്ന് ആളുകളെ വിറകു കൊള്ളി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഉൾപ്പെട്ടു. നിരന്തരം സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവരുന്ന ലൈജുവിനെതിരെ ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ട് പ്രകാരം നവംബർ 19 ന് കളക്ടർ കരുതൽ തടങ്കൽ ഉത്തരവായി. അടൂർ ഡിവൈഎസ്പി ജി സന്തോഷ് കുമാറിന്റെ നിർദ്ദേശപ്രകാരം എസ് എച്ച് ഓ ശ്യാം മുരളി ജയിലിലെത്തി അറസ്റ്റ് ചെയ്ത് ഉത്തരവ് നടപ്പാക്കുകയായിരുന്നു.
ഈവർഷം ഇതുവരെ കാപ്പ നിയമമനുസരിച്ച് 13 കൊടും കുറ്റവാളികളെ കരുതൽ തടങ്കൽ ഉത്തരവായിട്ടുള്ളതും, 16 പേർക്കെതിരെ സഞ്ചാരനിയന്ത്രണഉത്തരവ് നടപ്പാക്കിയിട്ടുള്ളതുമാണ്.ജില്ലയിൽ ക്രിമിനലുകൾക്കും സാമൂഹിക വിരുദ്ധർക്കുമെതിരെ കർശന നിയമനടപടികൾ തുടരുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.