24/06/2026
പെട്രോൾ പമ്പുകളിൽ വ്യാപകമായി തട്ടിപ്പുകൾ നടക്കുന്നുണ്ടന്ന വിവരം വണ്ടി കൊണ്ട് നടക്കുന്ന എല്ലാവർക്കുമറിയാം. എന്നാൽ എങ്ങനെ ആണ് അവർ നമ്മളെ കബളിപ്പിക്കുന്നതെന്ന് വ്യക്തമായ ധാരണ പലർക്കുമില്ല.
ഇന്നലെ എനിക്കുണ്ടായ ഒരനുഭവത്തിൽ നിന്നാണ് അതിനെക്കുറിച്ച് എനിക്ക് കുറച്ചു വ്യക്തതയുണ്ടായത്.
സാധാരണ ഭാരത് പെട്രോളിയം പാമ്പുകളിൽ നിന്നാണ് കാറിലും ബൈക്കിലും പെട്രോളടിക്കുന്നത്, അത്യാവശ്യഘട്ടങ്ങളിൽ മാത്രമേ മറ്റു പമ്പുകളിൽ പോകു.
പതിവ് പോലെ ഇന്നലെ വൈകുന്നേരം പാതിരപ്പളളി ഭാരത് പെട്രോളിയം പമ്പിൽ പോയി. ഒന്നാമത്തെ ബങ്കിലോട്ടാണ് വണ്ടി കയറ്റിയത്, പക്ഷെ അവിടെ ആളില്ലാത്ത കൊണ്ട് അടുത്ത ബങ്കിൽ നിന്നായാൾ അങ്ങോട്ട് വിളിച്ചു. ഒന്നിലോട്ട് പോയത് പ്രധാനമായും പ്രിന്റ്ഡ് ബില്ല് ആവിശ്യമുള്ളതിനാലാണ്.പക്ഷെ മിഷിനിലെ പ്രിൻറ്റർ കേടായത് കൊണ്ട് സാധാരണ ഈ പമ്പിൽ പോസ് മിഷ്നിൽ നിന്നാണ് ബിൽ തരുന്നത്.
പമ്പുകളിൽ നിന്ന് അളവ് കൃത്യമായി ലഭിക്കാൻ അളവ് പറഞ്ഞു ഇന്ധനം നിറയ്ക്കുന്നതാണ് നല്ലതന്ന് കേട്ടിട്ടുള്ള കൊണ്ട് 5 ലിറ്റർ ആയിട്ടാണ് അടിച്ചത്.
പേയ്‌മെന്റ് ചെയ്ത ശേഷം ബിൽ ചോദിച്ചപ്പോ പ്രിൻറർ കേടാണ് എന്ന് പറഞ്ഞു. സ്ഥിരം അടിക്കുന്നകൊണ്ട് പോസ് മിഷ്നിൽ നിന്ന് മതിയെന്ന് പറഞ്ഞപ്പോ അതും കേടാണന്ന് പറഞ്ഞു ഒഴിവാക്കാൻ നോക്കി.
സാങ്കേതിക തകരാറാണെന്ന് പറഞ്ഞു ബിൽ തരാതെ ഒഴിവാക്കുന്നത് മിക്ക പാമ്പുകളിലെയും സ്റ്റാഫിന്റെ സ്ഥിരം അടവാണ്.
തരില്ലന്ന് അവർക്ക് വാശിയെങ്കിൽ വാങ്ങും എന്നത് എന്റെ വാശിയാണ്, അതും പ്രിന്റ്ഡ് ബില്ല്.
കാരണം ബിൽ തരാതെ ഒഴിവാക്കാൻ നോക്കുമ്പോൾ പലരും വിട്ടു പൊക്കോളും എന്നൊരു ധാരണ ഇവർക്കുണ്ട് അത് മാറ്റുക എന്നതും, ബിൽ ഉപഭോക്താവിന്റെ ഒരാവകാശമാണ് എന്ന എന്റെ ബോധ്യവും മാത്രമാണ്.
ഞാൻ പോകില്ല എന്ന് കണ്ടപ്പോ എഴുതി തരാം എന്ന് പറഞ്ഞു. എനിക്ക് പ്രിന്റ്ഡ് ബിൽ തന്നെ വേണം എന്ന് ഞാൻ ആവിശ്യപ്പെട്ടു. അടുത്ത കസ്റ്റമർ വന്നപ്പോൾ അവർക്ക് ഫ്യൂവൽ കൊടുക്കാൻ വേണ്ടി ആ ജീവനക്കാരൻ അങ്ങോട്ട് പോയി. ഞാനെന്റെ ആവശ്യം കടുപ്പിച്ചപ്പോൾ പ്രിന്റഡ് ബിൽ തരാൻ നിർവാഹമില്ലെന്ന് ജീവനക്കാരൻ കടിപ്പിച്ചു. ഈ സമയം ഭക്ഷണം കഴിക്കാൻ പോയിവന്ന ഒന്നാമത്തെ ബങ്കിൽ നിൽക്കുന്ന ആളും തന്റെ സഹപ്രവർത്തകനെ പിന്താങ്ങി തന്നെ എന്നോട് സംസാരിച്ചു.
അവരുടെ വാശി കൂടുന്നതനുസരിച്ച് ഞാനും എന്റെ വാശി കൂട്ടി.( തന്നോളം പോന്നവരോടെ ധ്വന്തയുദ്ധത്തിനിറങ്ങാവൂ ഇല്ലാച്ചാൽ തോളിൽ മണ്ണ് പറ്റും)
നിങ്ങൾക്ക് തരാൻ സാധിക്കില്ലെങ്കിൽ ഞാൻ നിങ്ങളുടെ മാനേജരോട് സംസാരിച്ചു കൊള്ളാമെന്ന് പറഞ്ഞപ്പോൾ മാനേജർ ഓഫീസിൽ ഉണ്ട് പോയി കണ്ടോളൂ എന്ന് പറഞ്ഞു. സത്യത്തിൽ മാനേജർ അല്ലായിരുന്നു സൂപ്പർവൈസർ ആയിരുന്നു. അദ്ദേഹത്തിനോട് നടന്ന കാര്യം പറഞ്ഞു. അദ്ദേഹവും വളരെ നിസ്സഹായതയോടെ പറഞ്ഞു ബില്ല് തരാൻ നിർവാഹമില്ല. അല്ലെങ്കിൽ ഒന്നാമത്തെ ബങ്കിൽ നിന്നും അടിക്കണമായിരുന്നു. അവിടെനിന്നും പെട്രോൾ ലഭിക്കാത്തതിന്റെ സാഹചര്യം വ്യക്തമാക്കി. പൂർണ്ണമായും പമ്പിന്റെ/ ജീവനക്കാരുടെ കുഴപ്പം കൊണ്ട് മാത്രം ഉണ്ടായ പ്രശ്നമായതിനാൽ ബില്ല് വേണമെന്ന നിലപാടിൽ ഞാൻ ഉറച്ചു നിന്നു. എന്റെ ജോലി സംബന്ധമായ യാത്രകൾക്കാണ് ഞാൻ ഇന്ധനം നിറച്ചത് എന്നും, യാത്ര ചിലവുകൾ ജോലി സ്ഥലത്ത് സമർപ്പിക്കുമ്പോൾ ആയതിലേക്ക് വേണ്ടി കൃത്യമായ പ്രിന്റഡ് ബില്ലുകൾ ആവശ്യമാണ് എന്ന് ഞാൻ അദ്ദേഹത്തോട് വ്യക്തമാക്കി. അങ്ങനെയെങ്കിൽ ഞാൻ നിങ്ങളുടെ ജോലിസ്ഥലത്ത് വിളിച്ചു സംസാരിക്കാമെന്ന് സൂപ്പർവൈസർ. ഞാൻ എന്റെ നിലപാട് കടുപ്പിച്ചു എനിക്ക് ബില്ലാണ് വേണ്ടത്. അല്ലാതെ നിങ്ങളുടെ റെക്കമെന്റേഷൻ അല്ല.
എന്റെ നിലപാടിൽ മാറ്റമില്ലെന്ന് കണ്ട സൂപ്പർവൈസർ അദ്ദേഹത്തിന്റെ മാനേജരെ ഫോണിൽ വിളിച്ചു ബന്ധപ്പെട്ടു. പത്തിരുപത് മിനിറ്റത്തെ സംഭാഷണത്തിനൊടുവിൽ നാളെ വന്ന് ബില്ല് വാങ്ങിക്കുമോ എന്ന് ചോദിച്ചു. ബില്ല് വാങ്ങിക്കാൻ മാത്രമായി തിരിച്ചുവരാൻ സാധിക്കില്ല എന്ന് ഞാൻ വ്യക്തമാക്കി. എങ്കിൽ സാർ ഇതുവഴി എപ്പോഴെങ്കിലും പോകുമ്പോൾ ബില്ല് വാങ്ങിയാൽ മതിയെന്ന് സൂപ്പർവൈസർ എന്നോട് പറഞ്ഞു. ഇന്നത്തെയോ നാളത്തെയോ ഡേറ്റിൽ ബില്ല് തരാമെങ്കിൽ മാത്രം ബില്ല് നൽകുകയെന്ന് ഞാൻ വ്യക്തമാക്കി. യാതൊരുവിധത്തിലും അവരുടെ സൗകര്യത്തിന് ഞാൻ വഴങ്ങില്ല എന്ന് കണ്ടപ്പോൾ അവർ തന്നെ ഒരു പരിഹാരത്തിൽ എത്തി.
5 ലിറ്റർ ടെസ്റ്റ് അടിക്കുക അതിന്റെ ബില്ല് എനിക്ക് തരിക, വെരി സിമ്പിൾ. ( നമുക്കെന്താടാ ദാസാ ഈ ബുദ്ധി നേരത്തെ തോന്നാഞ്ഞത്)
5 ലിറ്ററിന്റെ പാത്രം കൊണ്ടുവന്നു ഒന്നാമത്തെ ബങ്കിൽ 5 ലിറ്റർ സെറ്റ് ചെയ്തു, കൃത്യം 5 ലിറ്റർ പാത്രത്തിന്റെ മുകൾ വരെ നിറഞ്ഞു. മൂന്നു ഞെക്കു കൊണ്ട് ബില്ലും പ്രിന്റ് ചെയ്തു.ബിൽ വാങ്ങി ഞാനും പോന്നു.
വായിക്കുന്ന നിങ്ങൾക്ക് തോന്നും ഇവൻ എന്ത് വട്ടാണ്. 569 രൂപയുടെ ബില്ല് വാങ്ങാൻ ഇത്രയും ഷോ കാണിക്കണോ? എന്നൊക്കെ തോന്നും.
പക്ഷേ ഇത്രയും ഷോ കാണിച്ചതിൽ നിന്നും ഒരു കാര്യം വ്യക്തമായി. ബില്ലടിക്കാൻ പറ്റുന്ന ആ ബങ്കിൽ മാത്രമാണ് കൃത്യമായി പറയുന്ന അളവിൽ പെട്രോൾ ലഭിക്കു. ബാക്കി പ്രിന്റർ കേടായ എല്ലാ ബംഗുകളിലും നിന്നും നൽകുന്ന ഇന്ധനത്തിന്റെ അളവിൽ യാതൊരു കൃത്യതയും ഉണ്ടാകില്ല. നിങ്ങൾക്ക് സംശയം ഉണ്ടെങ്കിൽ ഇതേ പമ്പിൽ ഈ പറയുന്ന ബംഗുകളിൽ ഒരു പാത്രത്തിൽ ഇന്ധനം നിറച്ചു നോക്കുക. നിങ്ങൾ ചെല്ലുമ്പോൾ തന്നെ അവർ പ്രിന്റർ ഉള്ള ബംഗറിലോട്ട് പറഞ്ഞുവിടും. പ്രിന്റർ ഇല്ലാത്ത ബംഗിൽ നിന്നു തന്നെ ഇന്ധനം ആവശ്യപ്പെട്ടാൽ അവർ തരണമെന്നില്ല. പാത്രത്തിൽ ഇവിടെ നിന്ന് കൊടുക്കരുത് എന്നു പറഞ്ഞിട്ടുണ്ടെന്ന മറുപടിയും നിങ്ങൾക്ക് ലഭിച്ചേക്കാം.
അളവ് പറഞ്ഞ് അടിച്ചാൽ കൃത്യമായി പെട്രോൾ ലഭിക്കുമെന്ന ധാരണ തെറ്റായിരുന്നു എന്ന് ഇന്നലത്തെ ഈ സംഭവത്തിൽ നിന്നും എനിക്ക് മനസ്സിലായി.
ഒട്ടുമിക്ക പമ്പുകളിലും ഇതേ അവസ്ഥ തന്നെയാണ്. കാരണം വാഹനങ്ങൾക്കുള്ളിൽ ഇന്ധനം നിറയ്ക്കുമ്പോൾ അതിന്റെ അളവ് കൃത്യമാണോ എന്ന് ഉറപ്പുവരുത്താൻ വാഹനവുടമയ്ക്ക് യാതൊരു നിർവാഹവുമില്ല. ഈയൊരു കാര്യം അറിഞ്ഞുകൊണ്ട് തന്നെയാണ് എല്ലാ പമ്പുകാരും ഇങ്ങനെ ചെയ്യുന്നത്.
പാത്രത്തിൽ വാങ്ങുന്നവർക്ക് ഒരു ബംഗിൽ നിന്നും മാത്രം നൽകുക. അതായത് പമ്പിലെ ഒരു ബംഗ് മാത്രം കൃത്യമായി കാലിബറേറ്റ് ചെയ്ത് വയ്ക്കുക.
ഫുൾ ടാങ്ക് അടിക്കാൻ പോയാലും ഇതുപോലെ തന്നെയാണ്. കമ്പനി പറയുന്ന ടാങ്ക് കപ്പാസിറ്റിയെക്കാൾ കൂടുതൽ മിക്ക പമ്പുകളിലും ലഭിക്കാറുണ്ട്. എന്നാൽ 10 ലിറ്ററിന്റെയോ 25 ലിറ്ററിന്റെയോ കന്നാസ് കൊണ്ടുപോയി വാങ്ങിച്ചാൽ ആ പാത്രത്തിന്റെ അളവിൽ നിന്ന് ഒരു തുള്ളി പോലും കൂടുതൽ ലഭിക്കുകയും ഇല്ല.
100,200,500 മുതലായ തുകയ്ക്ക് അടിക്കുന്നതിനു പകരം 115,236,542 എന്നിങ്ങനെയുള്ള തുകയ്ക്ക് അടിക്കാൻ നിന്നാലും അളവ് കൃത്യമായി ലഭിക്കണമെന്നില്ല,
കാരണം പ്രിസെറ്റ് തുക പെട്രോളിന്റെ അന്നത്തെ വിലയുമായി കൂട്ടികിഴിച്ചു നോക്കിയാണ് മിഷ്യൻ പെട്രോൾ നൽകുന്നത്. അതിൽ റൗണ്ട് ഓഫ് എന്നൊരു പരിപാടിയുണ്ട് അതായത് 0.30 പൈസക്ക് താഴെ അല്ലങ്കിൽ 0.50 ml താഴെ വരുന്നു ഇന്ധനം കുറച്ച് മാത്രമേ ഏതൊരു കച്ചവടക്കാരനും അവരുടെ ഉപഭോക്താവിന് നൽകു. ഇതിനുദാഹരണമാണ് പല പച്ചക്കറി കടകളിലും 20 രൂപക്ക് എടുക്കട്ടെ 50 രൂപക്ക് എടുക്കട്ടേ എന്ന് ചോദിക്കുന്നത്,പച്ചക്കറികൾ മുറിച്ചു കേടാക്കണ്ട എന്ന ന്യായവും ഇതിന്റെ മേൻപൊടിക്ക് ചേർക്കാറുണ്ട്. (സോറി ഞാൻ വിഷയത്തിൽ നിന്ന് തെന്നി മാറുന്നു)
അപ്പൊ നമ്മൾ പറഞ്ഞു വന്നത് പമ്പിലെ തട്ടിപ്പുകൾ,
ഇതുപോലുള്ള തട്ടിപ്പുകളിൽ നിന്നും രക്ഷപ്പെടണമെങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
⚖️എല്ലാ പാമ്പുകളിലും രാവിലെ അളവ് കൃത്യമാണോ എന്ന് പരിശോധിക്കുന്ന ഒരു കലാപരിപാടി ഉണ്ട്. അത് ഏത് ബംഗറിൽ നിന്നാണെന്ന് മനസ്സിലാക്കി ആ ബംഗറിൽ നിന്ന് മാത്രം ഇന്ധനം നിറയ്ക്കുക.
🍶അടിക്കുമ്പോൾ അളവ് പറഞ്ഞു അടിക്കുക, ഇപ്പോൾ കാർഡ്/UPI ഉണ്ടല്ലോ.
🛢️ഫുൾ ടാങ്ക് അടിക്കുന്നതും ബുദ്ധിയാണ്. (ടാങ്ക് അളവും ശേഷിക്കുന്ന പെട്രോളിന്റെ അളവും അറിയാമെങ്കിൽ)പക്ഷെ എപ്പോഴും പ്രവർത്തികമല്ല.
ഫുൾ ടാങ്ക് അടിക്കുമ്പോഴും ടാങ്ക് കപ്പാസിറ്റിയെക്കാൾ കൂടുതൽ അളവ് ലിറ്ററിൽ പറഞ്ഞ് അടിക്കാവുന്നതാണ്.
ചില പമ്പുകളിൽ കണ്ടിരിക്കുന്ന മറ്റൊരു ഉടായിപ്പ് ആണ് ഫുൾ ടാങ്ക് അടിക്കാൻ പറഞ്ഞാലും എമൗണ്ട് സെറ്റ് ചെയ്ത് മാത്രം പെട്രോൾ അടിക്കുക എന്നത്. അങ്ങനെയുള്ളവരോട് കൃത്യമായി പറയുക അളവ് സെറ്റ് ചെയ്തു ഇന്ധനം നിറക്കാൻ.
വണ്ടി ഓടിക്കുന്നവരെ കാൾ പ്രധാനമായും പമ്പ് മുതലാളിമാരുടെ വാക്കുകേട്ട് കസ്റ്റമേഴ്സിനെ ബില്ല് നൽകാതിരിക്കുക, പറയുന്ന അളവിൽ അല്ലാതെ എമൗണ്ട് സെറ്റ് ചെയ്തു അടിക്കുക, തുടങ്ങിയ കുൽസിത പ്രവർത്തികൾ ചെയ്യുന്ന ജീവനക്കാരാണ് ഈ പോസ്റ്റ് നിർബന്ധമായും വായിക്കേണ്ടത്.
കാരണം വഴിയെ പോകുന്നവരുമായി വഴക്കിട്ട് നിങ്ങൾ മുതലാളിമാർക്ക് ഉണ്ടാക്കി കൊടുക്കുന്ന ലാഭത്തിന്റെ കണക്ക് കേട്ടാൽ നിങ്ങൾ ഞെട്ടും.