11/10/2025
,മെഡിക്കൽ കോളേജിലേക്ക് പൊതിച്ചോറ് കൊണ്ടു പോകേണ്ട ദിവസം ആണ് നാളെ.
പത്തുമണി ആകുമ്പോൾ ഞങ്ങൾ വരാം.
ചോറ് പൊതിഞ്ഞു വെച്ചോളൂ?
കുട്ടികൾ ഉമ്മറത്തു നിന്നു വിളിച്ചു പറഞ്ഞപ്പോൾ അവൾ ഓർത്തു.
ദൈവമേ! എന്തു ചെയ്യും?
കുറച്ചു ദിവസം ആയി ചേട്ടന് പണിയുണ്ടായിട്ട്.*
പെൻഷൻ വന്നിട്ട് മാസങ്ങൾ ആയി.
താൻ ആണെങ്കിൽ പണിയില്ലാത്തത് കൊണ്ടു തൊഴിലുറ പ്പിന് ആണ് പോകുന്നത്.
തൊഴിലുറപ്പ് കൂലി കിട്ടിയിട്ട് മൂന്നു മാസത്തോളമായി.
റേഷനരി വെച്ചു എങ്ങനെ ആണ് ചോറ് കൊടുക്കുന്നത്.
നല്ലൊരു കറിയും ഇല്ലാതെ എങ്ങനെ പൊതി കെട്ടും.
ഓർത്തപ്പോൾ ആകെ തല പെരുക്കുന്നത് പോലെ തോന്നി.
കടയിൽ ആണെങ്കിൽ ഒരുപാട് കാശു കൊടുക്കാനുണ്ട്.*
അതിയാനു വയ്യാതായപ്പോൾ മെഡിക്കൽ കോളേജിൽ കിടന്നപ്പോൾ ചോറ് വാങ്ങാൻ പോലും കാശില്ലാത്ത സമയത്തു പൊതിച്ചോറ് വരുന്നതും നോക്കി കാത്തു നിന്ന രംഗം മനസ്സിൽ ഓടിയെത്തി.
പിന്നെ ഒന്നും ആലോചിച്ചില്ല നേരെ സഞ്ചിയുമെടുത്തു അടുത്ത കടയിലേക്ക് ചെന്നു.
ചേട്ടാ!വഴക്കൊന്നും പറയരുത്?
ഇത്തിരി അരിയും കൂട്ടാത്തിനും കൂടി കടം തരണം.
നിങ്ങൾ അപ്പോളും ഇപ്പോളും ആയി പൈസ കുറെ തരാനുണ്ട്?
കടക്കാരൻ ശബ്ദമുയർത്തി പറഞ്ഞപ്പോൾ അവൾ അപമാനം കൊണ്ടു ചുറ്റും നോക്കി.
ചേട്ടാ എല്ലാം കൂടി ഒരുമിച്ചു തരാം.
പെൻഷൻ കിട്ടിയില്ല,
തൊഴിലുറപ്പ് കാശും കിട്ടിയിട്ടില്ല.
ഇത് പറച്ചിൽ കേട്ട് തുടങ്ങിയിട്ട് നാള് കുറേ ആയി.
നിങ്ങൾ ഇങ്ങനെ അയാൾ ഞാൻ എവിടുന്നു എടുത്തു സാധനങ്ങൾ കൊണ്ടു വരും?
നാളെ പൊതിച്ചോറ് കൊടുക്കേണ്ട കാരണം കൊണ്ടാണ്.
പൊതിച്ചോറ് എന്നു കേട്ടപ്പോൾ കടക്കാരൻ ഒന്ന് അയഞ്ഞു.
ഇന്നത്തെ കൂടി കൊണ്ടു പൊയ്ക്കോ?
കടക്കാരൻ ആവശ്യമുള്ള സാധനങ്ങൾ പൊതിഞ്ഞു നൽകിയപ്പോൾ അവൾ ആശ്വാസത്തോടെ നെടു ശ്വാസം വിട്ടു.
രാവിലെ അഞ്ചുമണിക്ക് എഴുന്നേറ്റു ചോറും കറികളും വെച്ചു.
ഉണക്കമീൻ വറുത്തു.
അച്ചാർ ചെറിയ കുപ്പിയിലാക്കി എല്ലാം കൂടി പൊതിഞ്ഞു.
അങ്ങനെ മൂന്നു പൊതി ചോറ് പൊതിഞ്ഞു കെട്ടിയപ്പോൾ മനസ്സിന് വല്ലാത്ത സംതൃപ്തി ആയിരുന്നു.
പരിചയമില്ലാത്ത ആർക്കോ വേണ്ടി ഒരുനേരത്തെ ഭക്ഷണം നൽകാൻ കഴിഞ്ഞതോർത്തു മനസ്സ് സായൂജ്യമണഞ്ഞു.
പൊതിച്ചോറ് ആരുടെയും ഔദാര്യമല്ല.
അത് ഒരുകൂട്ടം വീട്ടമ്മമാരുടെ വിയർപ്പിന്റെ ഭാഗം കൂടി ആണ്.
അവർ ചിലപ്പോൾ ഒരുനേരത്തെ ഭക്ഷണത്തിനു വേണ്ടി കഷ്ടപ്പെടുന്നവർ കൂടി ആകാം.
അപ്പോൾ അതിന്റെ അംഗീകാരം അവർക്കു കൂടി അവകാശപ്പെട്ടതാണ് എന്നു മറക്കരുത്?
എഴുതിയത് : ശിവദാസൻ