02/08/2025
ഹിന്ദുമതത്തിലെ ജാതി വിവേചനം ക്രിസ്തുമതത്തിലും നിലനിൽക്കുന്നു
സേവന പ്രവർത്തനം മതപരിവർത്തനത്തിന് ന്യായീകരണമല്ല. ദാഹിക്കുന്നവന് കുടിനീരായും വിശക്കുന്നവന് ആഹാരമായും രോഗിക്ക് ശുശ്രുഷയായും കാരാഗൃഹവാസിക്ക് സന്ദർശനമായും ഏകാകിക്ക്
ചങ്ങാത്തമായും മാറുന്ന ജീവിതമാണ് ക്രിസ്ത്വാനുഭവം എന്നാണ് യേശുദേവൻ പറഞ്ഞത്. ദാഹിക്കുന്നവനും വിശക്കുന്നവനും രോഗിക്കും കാരാഗൃഹവാസിക്കും ഏകാകിക്കും സേവനം നൽകി അവരെ മതം മാറ്റണമെന്ന്
യേശുദേവൻ പറഞ്ഞിട്ടില്ല. മതം മാറ്റലാണ് സ്വർഗ്ഗരാജ്യം നേടാനുള്ള എളുപ്പ മാർഗ്ഗം എന്ന് കണ്ടെത്തിയത് റോമ സാമ്രാജ്യത്തിൽ ക്രിസ്തുമതം അടിച്ചേൽപ്പിച്ച കോൺസ്റ്റൻ്റൈൻ ചക്രവർത്തിയാണ്. അതുകൊണ്ടാണ്
യേശുദേവൻ തൻ്റെ മുന്നിലെത്തിയാൽ കണ്ണീര് കൊണ്ടല്ല
ഹൃദയരക്തം കൊണ്ട് ആ പാദങ്ങൾ കഴുകും എന്ന് പറഞ്ഞ മഹാത്മാഗാന്ധി സേവനം നൽകി മതം മാറ്റുന്നതിനെ പരിഹസിച്ചത്.
സേവന പ്രവർത്തനങ്ങളെ മുൻനിർത്തിയാണ് പലപ്പോഴും
ആവേശഭരിതരായ ക്രൈസ്തവ പുരോഹിതർ മതപരിവർത്തനത്തെ ന്യായീകരിക്കുന്നത്. ഉത്തരേന്ത്യയിൽ ഹിന്ദുക്കളിൽ മാത്രമല്ല മുസ്ലീങ്ങൾക്ക് ഇടയിലും രോഗികൾ ഉണ്ട്. ദാഹിക്കുന്നവരും വിശക്കുന്നവരും ഉണ്ട്. എന്നാൽ അവരെ സേവിക്കാൻ
എന്തുകൊണ്ടാണ് അച്ചന്മാരും കന്യാസ്ത്രീകളും എത്താത്തത്. ഹിന്ദുക്കളെ മാത്രം സേവിക്കാനായി ആവേശകുമാരന്മാരും കുമാരിമാരുമായ അച്ചന്മാരും കന്യാസ്ത്രീകളും ശ്രമിക്കുന്നതിൽ എന്തോ അപാകമില്ലേ?
ക്രൈസ്തവ മിഷനറിമാരുടെ സേവനങ്ങളെ പ്രകീർത്തിക്കുമ്പോഴും അവർ നടത്തിയ നെറികെട്ട മതപരിവർത്തന ശ്രമങ്ങൾ ന്യായീകരിക്കപ്പെടുന്നില്ല എന്നും ഓർക്കണം.
ജാതിവിവേചനം സഹിക്കവയ്യാതെയാണ് പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങൾ ക്രിസ്തുമതം സ്വീകരിച്ചത് എന്ന
വാദഗതി പലപ്പോഴും ഉന്നയിക്കപ്പെടാറുണ്ട്. ഹൈന്ദവ ജീവിതത്തിലെ ഏറ്റവും വൃത്തികെട്ട ഭാഗം ഈ ജാതിവിവേചനമാണെന്ന കാര്യത്തിൽ ഒരു സംശയവുമില്ല. പക്ഷേ ദൗർഭാഗ്യകരമായ കാര്യം ഹിന്ദുമതത്തിലെ ജാതിവിവേചനം അതുപോലെ ക്രിസ്തുമതത്തിലും നിലനിൽക്കുന്നു എന്നതാണ് വാസ്തവം. "അച്ചണ്ട വെന്തീഞ്ഞ ഇഞ്ഞാ" എന്ന പേരിൽ ഒരു കഥ ടി കെ സി വടുതല എഴുതിയിട്ടുണ്ട്. ജാതിവിവേചനം സഹിക്കവയ്യാതെ ഒരു പുലയൻ ക്രിസ്തുമതം സ്വീകരിച്ചു. എന്നിട്ടും ജാതി വിവേചനം മാറിയില്ല. ക്രിസ്തു സഭയിലും അദ്ദേഹം പുലയ ക്രിസ്ത്യാനിയായിട്ടാണ് അറിയപ്പെട്ടത്. ലത്തീൻ സഭയിൽ
വിശ്വാസികൾ ആചരിച്ചിരുന്ന ജാതിവിവേചനം അവസാനിപ്പിക്കാൻ വേണ്ടി പരിശ്രമിച്ച ആർച്ച് ബിഷപ്പ് കൊർണേലിയസ് ഇലഞ്ഞിക്കൽ തൻ്റെ അനുഭവം ആത്മകഥയിൽ വിവരിച്ചിട്ടുണ്ട്. അദ്ദേഹം ആദ്യമായി ബിഷപ്പാകുന്നത് കോട്ടയം വിജയപുരം രൂപതിയിലായിരുന്നു. അവിടെ അഭിജാതർ എത്തുന്ന സാധാരണ പള്ളിയും പറയരിൽ നിന്നും മതം മാറിയവരുടെ പറപ്പള്ളിയും പുലയരിൽ നിന്നും മതം മാറിയവരുടെ പുലപ്പള്ളിയും ഉണ്ടായിരുന്നു. അഭിജാതരുടെ പള്ളിയിൽ പുലയ ക്രിസ്ത്യാനിക്കും പറയ ക്രിസ്ത്യാനിക്കും പ്രവേശനം ഉണ്ടായിരുന്നില്ല. അതുപോലെ അഭിജാതർ പുലപ്പള്ളിയിലും പറപ്പള്ളിയിലും
കയറുകയും ഇല്ലായിരുന്നു. ഈ അവസ്ഥ മാറ്റുന്നതിനുവേണ്ടി താൻ കഠിനമായി പരിശ്രമിച്ചു എന്നും എന്നാൽ വിജയിച്ചില്ല എന്നും അദ്ദേഹം ആത്മകഥയിൽ തുറന്നു സമ്മതിക്കുന്നു.
കേരളത്തിൽ ഒരു ക്രിസ്ത്യാനിയല്ല അനേകം ക്രിസ്ത്യാനികളാണ് ഉള്ളത്. തോമശ്ലീഹ വന്ന് നേരിട്ടു മതംമാറ്റം നടത്തിയ നമ്പൂതിരിമാരുടെ പാരമ്പര്യം അവകാശപ്പെടുന്നവരാണ് സുറിയാനി ക്രിസ്ത്യാനികൾ അഥവ സവർണ്ണ ക്രൈസ്തവർ. ഓർത്തഡോക്സ്, യാക്കോബെറ്റ്, സുറിയാനി കത്തോലിക്കർ, ക്നാനായ കത്തോലിക്കർ, മലങ്കര കത്തോലിക്കർ പിന്നെ മാർത്തോമയും ബ്രദറൺ എന്നു തുടങ്ങിയവരാണ് സവർണ്ണ ക്രൈസ്തവർ. ലത്തീൻ കത്തോലിക്കർ പരിവർത്തിത ക്രൈസ്തവർ എന്നു തുടങ്ങിയവർ അവർണ്ണസ്തവരുമാണ്. ഇതിനു പുറമെയാണ് തങ്കു ബ്രദർ നേതൃത്വം നൽകിയ സ്വർഗ്ഗീയ വിരുന്നും യോഹന്നാൻ്റെ സഭയും മറ്റ് അനേകം കൈവിഭാഗങൾ വേറെയും. ഇവർക്കിടയിലും തൊട്ടു കൂട്ടായ്മയും തീണ്ടലും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ നിലനിൽക്കുന്നു. അതുകൊണ്ട് മതം മാറിയാലും ക്രൈസ്തവർക്കിടയിൽ ജാതിഭേദം നിലനിൽക്കുന്നു എന്നതാണ് വാസ്തവം. ആയതിനാൽ,
ജാതിവിവേചനം ഇല്ലാതാക്കാനാണ് മതം മാറൽ എന്ന വാദഗതിക്ക് വസ്തുതകളുടെ പിൻബലമില്ല എന്നു സമ്മതിക്കേണ്ടി വരും. (ഡോ. കെ. എസ്. രാധാകൃഷ്ണൻ)