
30/07/2025
ബയോ കമ്പോസ്റ്റർ ബിന്നുകൾ ഉപയോഗിക്കാത്തവരിൽ നിന്ന് തുകയും പലിശയും പിന്നെ വൻ പിഴത്തുകയും മുനിസിപ്പാലിറ്റി ഈടാക്കും!
ആലപ്പുഴ: വീടുകളിൽ മാലിന്യം സംസ്കരിക്കുന്നതിന് സബ്സിഡിയോടു കൂടി മുനിസിപ്പാലിറ്റി വിറ്റ ബയോ കമ്പോസ്റ്റർ ബിന്നുകൾ ഉപയോഗിക്കാത്തവരിൽ നിന്ന് തുകയും പലിശയും പിന്നെ വൻ പിഴത്തുകയും ഈടാക്കാൻ നീക്കം!
മുനിസിപ്പാലിറ്റി പരിശോധന ആരംഭിക്കുകയാണെന്ന് സൂചിപ്പിച്ചിട്ടുണ്ട്. എന്നാൽ ഇതെങ്ങനെ പ്രാവർത്തികമാക്കുമെന്ന് വ്യക്തമല്ല.
മേടിച്ച ബിൻ ഉപയോഗിക്കുന്നില്ല എന്ന് പരിശോധനയിൽ കണ്ടെത്തിയാൽ സബ്സിസി നൽകിയ 1620 രൂപ പലിശ സഹിതം ഈടാക്കുകയും പിഴ ചുമത്തുകയും ചെയ്യുമെന്ന് നോട്ടീസ് പുറപ്പെടുവിച്ചു കഴിഞ്ഞു.
കഴിഞ്ഞ വർഷങ്ങളിൽ പട്ടണത്തിൽ 14,000 ബയോ കമ്പോസ്റ്റർ ബിന്നുകൾ 9% സബ്സിഡിയോടു കൂടി വിറ്റിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്.
അതേ സമയം, ബിൻ ഉപയോഗിക്കുന്നവർക്കാകട്ടെ യഥാസമയം ബിന്നിൽ അത്യാവശ്യമായി ചേർക്കേണ്ട ഇന്നോക്കുലം ന്യായമായ വിലയ്ക്ക് കിട്ടാനുണ്ടായിരുന്നില്ല. ബിൻ മേടിച്ചവർക്കാർക്കും കൃത്യമായും ഫലപ്രദമായും ഉപയോഗിക്കാൻ സാധിച്ചിട്ടില്ല. സംശയ നിവാരണത്തിനും മാർഗമുണ്ടായിരുന്നില്ല. ഒലിക്കുന്ന അഴുക്കു വെള്ളവും ദുർഗന്ധവും പുഴുക്കളും വീട്ടുകാരെ ആവശ്യ സംവിധാനമില്ലാത്ത മാലിന്യസംസ്കരണ രീതിയിൽ നിന്ന് അകറ്റി.
എന്തിനും ഏതിനും പിഴപ്പിരിവ് നടത്താനുള്ള മുനിസിപ്പാലിറ്റിയുടെ നീക്കം ജനാധിപത്യവിരുദ്ധമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. അതും മുനിസിപ്പാലിറ്റിയുടെ പിടിപ്പുകേടുകൊണ്ട് ഉണ്ടാകുന്ന പ്രശ്നങ്ങളുടെ പേരിൽ.
30.07.2025