16/07/2025
എന്താണ് ഹാർഡ് പ്രോബ്ലം ഓഫ് കോൺഷ്യസ്നസ്?
നിങ്ങൾ സോമ്പികൾ വസിക്കുന്ന ഒരു ലോകം സങ്കൽപ്പിക്കുക. സിനിമകളിൽ ചിത്രീകരിച്ചിരിക്കുന്നവയെപ്പോലെയല്ല, ഈ സോമ്പികൾ വ്യത്യസ്തമാണ്. അവ സിനിമയിലെ പോലെ കറന്റ് പോസ്റ്റിൽ തട്ടി വീഴുകയോ അലഞ്ഞു തിരിയുകയോ ചെയ്യുന്നില്ല. അവർക്കും സാധാരണ മനുഷ്യരുടെ രൂപമാണ്. അവരും സാധാരണ മനുഷ്യരെപ്പോലെ തന്നെ പെരുമാറുന്നു. അവർക്കും ജോലിയും കുടുംബവും സല്ലാപ അവധി ദിവസങ്ങളുമുണ്ട്. പക്ഷെ അവരും 'യഥാർത്ഥ' മനുഷ്യരുമായുള്ള ഒരേയൊരു വ്യത്യാസം അവർ യഥാർത്ഥത്തിൽ ചിന്തിക്കുന്നതിനുപകരം ചിന്തിക്കുന്നതായി കാണപ്പെടുന്നു എന്നതാണ്. അവർ ബോധം അഥവാ കോൺഷ്യസ്നസ് ഉള്ളവരാണെന്ന് തോന്നും, പക്ഷേ അവർ അങ്ങനെയല്ല. നിങ്ങൾക്ക് അവരെ ഒരു സൂചി കൊണ്ട് കുത്താം, അവർ 'ആഹ്' എന്ന് നിലവിളിക്കും, എന്നാൽ വാസ്തവത്തിൽ അവർക്ക് ഒരു വേദനയും അനുഭവപ്പെടുന്നില്ല. ഈ 'ഫിലോസഫിക്കൽ സോമ്പി'കളെ ഉപയോഗിച്ചുള്ള ചിന്താ പരീക്ഷണങ്ങൾ, തെളിയിക്കാൻ ലക്ഷ്യമിടുന്നത്, ആത്മനിഷ്ഠമായ (subjective) ബോധാനുഭവം അഥവാ വസ്തുനിഷ്ഠമായി (Objective) പരിശോധിക്കാൻ കഴിയാത്ത കോൺഷ്യസ് അനുഭവം എന്നൊന്ന് ഉണ്ടെന്നാണ്. ഒരു ഫിലോസഫിക്കൽ സോംബി എന്നത് ശാരീരികവും പെരുമാറ്റപരവുമായും എല്ലാ രീതിയിലും മനുഷ്യനുമായി സാമ്യമുള്ള ഒരു സാങ്കൽപ്പിക ജീവിയാണ്. പക്ഷേ അവർക്ക് കോൺഷ്യസ്നസ് അഥവാ ബോധം എന്നൊന്നില്ല. അവ സംസാരിക്കുന്നു, പ്രവർത്തിക്കുന്നു, "എനിക്ക് സന്തോഷം തോന്നുന്നു" എന്ന് പോലും പറയുന്നു, പക്ഷേ അവ ഉള്ളിൽ ഒന്നും ഫീൽ ചെയ്യുന്നില്ല.
ഇതിനെ പലപ്പോഴും 'ക്വാളിയ' (Qualia) എന്ന് വിളിക്കുന്നു. ഈ വാക്ക് ലാറ്റിനിൽ നിന്നാണ് വന്നത്, 'ഏതുതരം' ('what kind') അല്ലെങ്കിൽ എന്തിന്റെയെങ്കിലും ഗുണപരമായ വശം (qualitative aspect) എന്നാണ് ഇത് അർത്ഥമാക്കുന്നത്. 'മൈന്റ് ഫിലോസഫിയിൽ', ബോധപൂർവ്വമായ അനുഭവത്തിന്റെ ഗുണപരമായ സവിശേഷതകൾ വിവരിക്കാൻ ഈ പദം പ്രയോഗിക്കുന്നു. ഉദാഹരണത്തിന്, പച്ചനിറത്തിന്റെ പച്ചപ്പ്, അല്ലെങ്കിൽ നാരങ്ങയുടെ കയ്പ്പ്, അല്ലെങ്കിൽ ആരെങ്കിലും നിങ്ങളെ ഒരു സൂചികൊണ്ട് കുത്തുമ്പോൾ അനുഭവപ്പെടുന്ന വേദന, എന്നിങ്ങനെ തുടങ്ങി ഭൗതിക ലോകത്തിലെ നിങ്ങളുടെ 'അത് എങ്ങനെയിരിക്കും' (‘what-is-it-like’) എന്ന അനുഭവം. മനസ്സിന്റെ തികച്ചും ഭൗതികവാദപരമായ അല്ലെങ്കിൽ 'ഭൗതികവാദ' വ്യാഖ്യാനത്തിനെതിരെ വാദിക്കാൻ ക്വാളിയയെ ഉപയോഗിക്കുന്നു.
നമ്മുടെ മസ്തിഷ്കം എങ്ങനെ വിഷ്വൽ ഇൻപുട്ട് പ്രോസസ്സ് ചെയ്യുന്നു, അല്ലെങ്കിൽ അത് എങ്ങനെ നമ്മെ സംസാരിക്കാനും ശ്രദ്ധ കേന്ദ്രീകരിക്കാനും തീരുമാനങ്ങൾ എടുക്കാനും അനുവദിക്കുന്നു. എന്നിവ നമുക്ക് ഭൗതികപരമായി വിശദീകരിക്കാn സാധിക്കും. അതൊരു ഈസി പ്രോബ്ലം ആണ്. എന്നാൽ മസ്തിഷ്കത്തിലെ ശാരീരിക പ്രക്രിയകൾ എന്തുകൊണ്ട് അല്ലെങ്കിൽ എങ്ങനെ ആത്മനിഷ്ഠമായ അനുഭവങ്ങളെ ഉണ്ടാക്കുന്നു എന്ന ചോദ്യമാണ് ഹാർഡ് പ്രോബ്ലം.
രണ്ട് ആളുകൾ ഒരു ചുവന്ന ആപ്പിളിലേക്ക് നോക്കുന്നത് സങ്കൽപ്പിക്കുക. അവർ രണ്ടുപേരും പറയുന്നു, "ഈ ആപ്പിൾ ചുവന്നതാണ്." അവരുടെ മസ്തിഷ്കം പ്രകാശ തരംഗങ്ങളോട് പ്രതികരിക്കുന്നത് ഒരേ രീതിയിലുള്ള പ്രകൃയയിലൂടെ ആണെന്ന് നമുക്കറിയാം. അവർ രണ്ടുപേരുടെയും ബോധാനുഭവം ഒന്നായിരിക്കും എന്നാണ് നമ്മൾ ധരിക്കുക എന്നാൽ ചുവപ്പ് നിറത്തിന്റെ അവരുടെ ആന്തരിക അനുഭവങ്ങൾ തികച്ചും വ്യത്യസ്തമാണെങ്കിലോ? നമുക്ക് ഒരിക്കലും അത് ശാസ്ത്രീയമായി പരിശോധിച്ച് തെളിയിക്കാൻ കഴിയില്ല.
ഒരു വവ്വാലായി അനുഭവപ്പെടുന്നത് എങ്ങനെയിരിക്കും? (‘What is it like to be a bat?’). ആത്മനിഷ്ഠമായ (subjective) അനുഭവങ്ങൾ പര്യവേക്ഷണം ചെയ്യുമ്പോൾ ശാസ്ത്രത്തിന്റെ പരിധികളെ ചൂണ്ടിക്കാണിക്കുന്നതാണ് ഈ ചോദ്യങ്ങൾ. മറ്റ് മൃഗങ്ങളുടെ മനസ്സ് നമ്മുടേതിൽ നിന്ന് വ്യത്യസ്തമാണെന്ന് നമുക്കറിയാം. അപ്പോൾ അവയിലൊന്നിനെ പോലെ അനുഭവപ്പെടുന്നത് എങ്ങനെയിരിക്കും? (So what is it like to be one of them?). അതിനുള്ള ഉത്തരം നമുക്ക് അറിയാൻ കഴിയില്ല. ഇത് ബോധത്തോടുള്ള ഭൗതികവാദ സമീപനത്തിലെ ഒരു പ്രധാന പ്രശ്നമായാണ് കാണക്കാക്കപ്പെടുന്നത്. ഒരേപോലെയുള്ള ഭൗതിക സംവിധാനങ്ങൾ ഒരേ പോലെ പ്രവർത്തിക്കുന്നതിന് പകരം അവ ബോധത്തിൽ വ്യത്യസ്തമാണെങ്കിൽ, അതിന് അർഥം കാര്യങ്ങൾ ഭൗതികമായി മുഴുവൻ വിശദീകരിക്കാൻ സാധിക്കുന്നില്ല എന്നല്ലേ. ബോധത്തെക്കുറിച്ചുള്ള എല്ലാം ഭൗതിക വസ്തുതകളാൽ നിർണ്ണയിക്കപ്പെടുന്നുവെങ്കിൽ, ഒരു ഫിലോസഫിക്കൽ സോമ്പി ഉണ്ടാവുക എന്നത് അസാധ്യമായിരിക്കും, കാരണം ഒരേ ശാരീരിക ഘടന എല്ലായ്പ്പോഴും ഒരേ ബോധപൂർവമായ അനുഭവമാണ് ഉണ്ടാക്കേണ്ടത്. പക്ഷെ മനുഷ്യർ എല്ലാവരും വ്യത്യസ്തരായി ചിന്തിക്കുന്നവരാണ്. അതിന് അർഥം ബോധം അഥവാ കോൺഷ്യസ്നസ് എന്നത് എന്തോ എക്സ്ട്രാ ആയിട്ടുള്ള കാര്യം ആണെന്നാണ്. ഭൗതീകമായി മാത്രം വിശദീകരിക്കാൻ കഴിയാത്ത ഒന്ന്.
ക്വാളിയയുടെ നിലനിൽപ്പ് (existence) മൃഗങ്ങളുടെയും മനുഷ്യരുടെയും കോൺഷ്യസ്നസ്നെക്കുറിച്ച് നമ്മുടെ ഭൗതീക (physical) ധാരണയിൽ വിശദീകരണ വിടവ് സൃഷ്ടിക്കുന്നു. മനുഷ്യനും ആത്യന്തികമായി അടിസ്ഥാന കണങ്ങളാൽ (ആറ്റം, ഇലക്ട്രോൺ, ക്വർക്സ്..) നിർമ്മിതനാണ്. എന്നാൽ ഒരു മൈക്രോസ്കോപ്പെടുത്ത് എത്ര ആഴത്തിൽ നോക്കിയാലും നിങ്ങൾക്ക് അവയെ അല്ലാതെ ബോധം എന്ന സാധനത്തെ കാണാൻ കഴിയില്ല. അപ്പോൾ അത് എങ്ങിനെ ഉണ്ടാകുന്നു? മനുഷ്യ മസ്തിഷ്കത്തിലെ എല്ലാ ശാരീരിക പ്രക്രിയകളും മനസ്സിലാക്കാനും ഓർമ്മ, സംവേദനങ്ങൾ (sensations), ചിന്തകൾ എന്നിവപോലും നമുക്ക് വിശദീകരിക്കാൻ കഴിഞ്ഞാലും, നമുക്ക് ഒരിക്കലും ക്വാളിയ അഥവാ ആത്മനിഷ്ഠമായ അനുഭവത്തെ ഉണ്ടാക്കുന്ന ഭൗതീക (physical) പ്രക്രിയകളെ കണ്ടെത്താൻ കഴിയില്ല. ചുരുക്കത്തിൽ നിങ്ങൾ എങ്ങനെയായിരിക്കുമെന്ന് അല്ലെങ്കിൽ നിങ്ങൾ അനുഭവിക്കുന്ന അനുഭവങ്ങൾ എന്തെന്ന് മറ്റാർക്കും ഒരിക്കലും അറിയാൻ കഴിയില്ല. നിങ്ങൾ എങ്ങനെ ആണെന്ന് അഥവാ നിങ്ങൾക്ക് അനുഭവ്യമായ അനുഭവങ്ങൾ എങ്ങിനെയാണെന്ന് നിങ്ങൾക്ക് മാത്രമേ അറിയാൻ കഴിയൂ. നിങ്ങളുടെ ഗുണപരമായ അനുഭവങ്ങൾ, നിങ്ങളുടെ 'ആത്മബോധം'('sense of self’), ഒരു ഉപകരണത്തിലും രജിസ്റ്റർ ചെയ്യാൻ കഴിയില്ല, കാരണം അവ ആത്മനിഷ്ഠമാണ് (subjective). അതുകൊണ്ടുതന്നെ ക്വാളിയ അഥവാ ആത്മനിഷ്ഠമായ കോൺഷ്യസ് അനുഭവങ്ങൾ ശാസ്ത്രത്തിന്റെ പരിധിക്ക് പുറത്താണ്. ഭൗതീകമായ മസ്തിഷ്ക പ്രക്രിയകൾ എന്തുകൊണ്ട്, എങ്ങനെ ആത്മനിഷ്ഠമായ അനുഭവം ഉണ്ടാക്കുന്നു എന്ന ചോദ്യം ഉത്തരം കിട്ടാതെ നിലനിൽക്കുന്നു. ഇതിനെയാണ് ഹാർഡ് പ്രോബ്ലം ഓഫ് കോൺഷ്യസ്നസ് എന്നു പറയുന്നത്.
ശാസ്ത്രീയ രീതി (scientific method) എന്ന് വിളിക്കപ്പെടുന്ന ഒരു പ്രത്യേക രീതി പിന്തുടർന്ന് ശാസ്ത്രം വികസിക്കുകയും വിജയിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. ചോദ്യങ്ങൾ ഉന്നയിക്കുന്നതിലും ഭൗതിക ലോകത്തെക്കുറിച്ചുള്ള സത്യങ്ങൾ കണ്ടെത്തുന്നതിലും ഈ രീതി, ശാസ്ത്രീയ പരീക്ഷണത്തെ, അതിന്റെ പ്രധാന ഉപകരണമായി ഉപയോഗിക്കുന്നു. ശാസ്ത്രീയ പരീക്ഷണങ്ങൾ വസ്തുനിഷ്ഠമാണ് (objective). അവ ആവർത്തിക്കാവുന്നവയാണ്, കൂടാതെ പല സ്വതന്ത്ര പരീക്ഷകർക്കും ഇത് പരിശോധിച്ച് ഉറപ്പുവരുത്താൻ കഴിയുകയും ചെയ്യാവുന്നതാണ്. അതിനാൽ അവയുടെ ഫലങ്ങൾ അവരുടെ നിരീക്ഷകരിൽ നിന്ന് സ്വതന്ത്രമാണ് (independent). നവോത്ഥാനകാലം മുതൽ തന്നെ വസ്തുനിഷ്ഠത (objectivity) ശാസ്ത്രത്തിന്റെ അനിവാര്യമായ സവിശേഷതയാണ്, ഇന്നും അത് നിലനിൽക്കുന്നു.
ഇനി കോൺഷ്യസ്നസുമായി ഒരു പരീക്ഷണം സങ്കൽപ്പിക്കുക. ഒരു ന്യൂറോ സയന്റിസ്റ്റിന് റെക്കോർഡ് ചെയ്യാൻ കഴിയുന്ന ഭാവിയിലെ ഒരു നൂതന ബ്രെയിൻ സ്കാനറിനുള്ളിൽ നിങ്ങളെ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് സങ്കൽപ്പിക്കുക. ആ ന്യൂറോ സയന്റിസ്റ്റിന് ഏത് നിമിഷവും നിങ്ങളുടെ തലച്ചോറിൽ നടക്കുന്ന ഓരോ ന്യൂറോബയോളജിക്കൽ പ്രക്രിയയും രേഖപ്പെടുത്താനും കാണാനും വിശകലനം ചെയ്യാനും കഴിയുമെന്ന് സങ്കൽപ്പിക്കുക. അതിൽ നിങ്ങളുടെ തലച്ചോറ് മുഴുവൻ ഡീകോഡ് ചെയ്യാൻ കഴിയുന്നതാണ്. അവിടെ അതിനെക്കുറിച്ച് അറിയാൻ കഴിയുന്നതെല്ലാം അറിയാൻ കഴിയും. നിങ്ങളുടെ ബ്രെയിൻ സ്കാൻ ഒരു വസ്തുനിഷ്ഠമായ (objective) പരീക്ഷണ തെളിവാണ്. അങ്ങനെ ആ ന്യൂറോ സയന്റിസ്റ്റ് മെഷീൻ ഓൺ ചെയ്യുന്നു : ശേഷം മനോഹരമായ ചുവന്ന റോസാപ്പൂവിന്റെ ഒരു ചിത്രം നിങ്ങളെ കാണിക്കുകയും സ്കാനർ നിങ്ങളുടെ തലച്ചോറിൽ അപ്പോൾ സംഭവിക്കുന്നതെല്ലാം രേഖപ്പെടുത്തുകയും ചെയ്യുന്നു. പക്ഷെ അപ്പോഴും സ്കാനറിന് രേഖപ്പെടുത്താൻ കഴിയാത്ത ചിലത് ഉണ്ട് : റോസാപ്പൂവിന്റെ ചുവപ്പിന്റെ (redness) നിങ്ങളുടെ സ്വന്തം, വ്യക്തിപരമായ (subjective) അനുഭവം. ഇതിനായി ന്യൂറോ സയന്റിസ്റ്റ് നിങ്ങളോട് ചോദിക്കുക തന്നെ വേണം : ആ റോസാപ്പൂവ് കാണുന്ന അനുഭവം എങ്ങനെയാണ്?. ഈ ചോദ്യത്തിന് നിങ്ങൾക്ക് മാത്രമേ ഉത്തരം നൽകാൻ കഴിയൂ. മറുപടിയായി നിങ്ങളുടെ അനുഭവം റിപ്പോർട്ട് ചെയ്യാൻ നിങ്ങൾക്കേ കഴിയൂ. നിങ്ങളുടെ വ്യക്തിപരമായ അനുഭവം വസ്തുനിഷ്ഠമായി (objectively) പരിശോധിക്കാൻ ഒരു വഴിയുമില്ല. ആ പ്രത്യേക റോസാപ്പൂവിനെ കാണാൻ 'അത് എങ്ങനെയുണ്ടെന്ന്' ( ‘what it’s like’ ) നിങ്ങൾക്ക് മാത്രമേ അറിയൂ. അതുകൊണ്ടുതന്നെ, ബോധപൂർവ്വമായ അനുഭവത്തിന്റെ മുഴുവൻ പ്രതിഭാസവും പര്യവേക്ഷണം ചെയ്യാനും വിശദീകരിക്കാനും ശാസ്ത്രീയ രീതി (scientific method) അപര്യാപ്തമാണ്. നിങ്ങളുടെ ആത്മനിഷ്ഠമായ (subjective) അനുഭവം ന്യൂറോബയോളജിക്കൽ പ്രക്രിയകളായി ചുരുക്കാനാവില്ല (reduce). സിസ്റ്റം പൂർത്തിയാക്കാൻ വസ്തുവിന് (നിങ്ങളുടെ തലച്ചോറിന്) വിഷയം ('നിങ്ങൾ') ആവശ്യമാണ്. അതിനാൽ, 'നിങ്ങൾ' ('you') നിങ്ങളുടെ തലച്ചോറിൽ നിന്ന് വ്യത്യസ്തമാണ്. നിങ്ങൾ വ്യത്യസ്തരല്ലെങ്കിൽ സ്കാനറിൽ വസ്തുനിഷ്ഠമായി (objectively) ചുരുക്കിയ, 'വ്യക്തിനിഷ്ഠമായ കോൺഷ്യസ് അനുഭവങ്ങൾ' അഥവാ ക്വാളിയ ഇല്ലാത്ത തികച്ചും ഭൗതികമായ ഒരു ജീവിയായ 'ഫിലോസഫിക്കൽ സോമ്പി'കളായിരിക്കും നിങ്ങൾ.
ഇന്റെലിജെന്റ് കമ്പ്യൂട്ടറുകളുടെ മറ്റൊരു രൂപകമാണ് 'ഫിലോസഫിക്കൽ സോമ്പികൾ'. അവ 'ശരിക്കും' കോൺഷ്യസ്നസ് ഉള്ളവയല്ല. യഥാർത്ഥത്തിൽ അവരുടെ പ്രതികരണങ്ങളെക്കുറിച്ചോ അവരുടെ പ്രവർത്തനങ്ങളെക്കുറിച്ചോ അവർ സ്വയം ബോധവാന്മാരല്ല. അവർ നമ്മെ അനുകരിക്കുന്ന കൃതൃമ ബുദ്ധിശാലികളാണ്. മനുഷ്യരെപ്പോലെ പെരുമാറുകയും മനുഷ്യരെപ്പോലെ സംസാരിക്കുകയും ചെയ്യുന്ന ബുദ്ധിപരമായ യന്ത്രങ്ങളാണ് ശരിക്കും റോബോട്ടുകളായി നിലനിൽക്കുന്നത്, പക്ഷേ വാസ്തവത്തിൽ അവ 'ഫിലോസഫിക്കൽ സോമ്പി'കളാണ്.
അങ്ങനെ ദ്രവ്യവും (matter) ബോധവും (consciousness) വ്യത്യസ്തമാണെങ്കിൽ, ബോധം അഥവാ കോൺഷ്യസ്നസ് ദ്രവ്യത്തിൽ നിന്ന് ഉണ്ടാവുക അസാധ്യമാണ്. ഇനി അഥവാ ദ്രവ്യത്തിൽ ബോധപൂർവമായ അല്ലെങ്കിൽ കോൺഷ്യസ് ഗുണങ്ങൾ (properties) അടങ്ങിയിട്ടുണ്ടെങ്കിൽ, അപ്പോഴും ഈ സവിശേഷതകൾ എങ്ങനെയാണ് ഉത്ഭവിച്ചത്? എങ്ങിനെ ഉണ്ടായി? എന്ന ചോദ്യങ്ങൾ ചുരുളഴിയാതെ നിലനിൽക്കും. ബോധത്തിന്റെ നിലനിൽപ്പ് ഒരു ഭൗതികേതര ലോകവീക്ഷണത്തിലൂടെ മാത്രമേ വിശദീകരിക്കാനാകൂ. അതുകൊണ്ടു തന്നെ ഹാർഡ് പ്രോബ്ലം ഓഫ് കോൺഷ്യസ്നസ് ഇന്നും ചുരുളഴിയാതെ നിലനിൽക്കുന്നു.
Rajeeb Vlogs