
06/08/2025
സുകൃതത്തിലെ രാജേന്ദ്രൻ പ്രേക്ഷക മനസ്സിൽ എന്നും ഒരു നീറ്റൽ
'സുകൃതം' എന്ന ചിത്രത്തിലെ മനോജ് കെ.ജയന്റെ രാജേന്ദ്രൻ എന്ന കഥാപാത്രം പ്രേക്ഷകമനസ്സിൽ എന്നും ഓർമ്മയിൽ നിൽക്കുന്ന വേഷമാണ്. റൊമാൻറിക്ക് വേഷങ്ങൾ ഏറെ ചെയ്തിട്ടുണ്ടെങ്കിലും സുകൃതത്തിലെ വേഷം മനോജിൻറെ കരിയറിലെ പ്രധാന ഏടായിരുന്നു. ചിത്രത്തിലെ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്ത മമ്മുട്ടിയ്ക്കും ഗൌതമിയ്ക്കും ഒപ്പത്തിനൊപ്പമുള്ള അഭിനവ മികവ് കാഴ്ചവെയ്ക്കാൻ മനോജ് കെ ജയന് സാധിച്ചു എന്നതാണ് പ്രേക്ഷക വിലയിരുത്തൽ
തന്റെ കൂടെ പഠിച്ച മാലിനി(ഗൗതമി)യോട് രാജേന്ദ്രന് പ്രണയമായിരുന്നു. ധനികയായ മാലിനിയോട് ദരിദ്രനായ രാജേന്ദ്രന് അത് പറയാൻ പേടിയായിരുന്നു. എങ്കിലും ആരുമറിയാതെ അയാൾ അവളെ മനസ്സിൽ കൊണ്ടുനടന്നു. അപ്പോഴാണ് അവൾക്ക് അവരുടെ ഗുരുനാഥനായ രവിശങ്കറിനോട് (മമ്മൂട്ടി)പ്രണയമാണെന്ന് അയാളറിയുന്നത്. എഴുത്തുകാരനും വാഗ്മിയും സുന്ദരനുമായ അദ്ദേഹത്തെ അവൾക്കിഷ്ടമാണെന്നറിഞ്ഞപ്പോൾ അയാൾക്ക് ദു:ഖം തോന്നി. എന്നാൽ അത് പുറത്തുകാണിച്ചില്ല. എതിർത്തുനിന്ന വീട്ടുകാരുടെ പക്കൽനിന്ന് അവളെ വിളിച്ചിറക്കിക്കൊണ്ടുവന്ന് അയാൾ രവിശങ്കറുമായുള്ള കല്യാണം നടത്തിക്കൊടുക്കുന്നു. പിന്നീട് ഒരു നിഴലായി, നല്ല സുഹൃത്തായി അവർക്ക് എന്താവശ്യത്തിനും ഓടിച്ചെല്ലുന്നു.
ഒടുക്കം വിധിയെന്ന പോലെ രവിശങ്കറിന് ക്യാൻസർ പിടിപെടുന്നു. വീട്ടുകാർ ഉപേക്ഷിച്ച, കോളേജിൽ ലക്ചർ ജോലി മാത്രമുള്ള മാലിനിക്ക് ചികിത്സയുടെ ചെലവുകൾ താങ്ങാവുന്നതിലപ്പുറമായിരുന്നു. രവിശങ്കറിന് വിൽക്കാൻ നാട്ടിൽ സ്വത്തുവകകളുണ്ടെങ്കിലും അത് പെട്ടെന്ന് നടക്കുമായിരുന്നില്ല. അപ്പോൾ കൈയും കണക്കുമില്ലാതെ കണ്ടറിഞ്ഞ് സഹായിച്ചത് രാജേന്ദ്രനാണ്. അത് തന്റെ ഗുരുവിനോടുള്ള ആദരവിനേക്കാൾ മാലിനിയോടുള്ള അവസാനിക്കാത്ത പ്രണയം കൊണ്ടായിരുന്നു.
തന്റെ മരണം ഉറപ്പായെന്ന് തിരിച്ചറിയുന്ന രവിശങ്കർ അയാളുടെ സ്നേഹം തിരിച്ചറിയുന്നു. മാലിനിക്കും അയോളോട് വിരോധമൊന്നുമില്ലെന്ന് മനസ്സിലാക്കിയ രവിശങ്കർ തന്റെ മരണശേഷം അവർ വിവാഹം കഴിച്ച് ജീവിക്കണമെന്നാവശ്യപ്പെടുന്നു. അതുകേട്ട് ഇരുവരും പലതവണ ഒഴിഞ്ഞുമാറുന്നു. പിന്നീട് സമ്മതിക്കുന്നു. മനസ്സിൽ ഒരായിരം വട്ടം ആഗ്രഹിച്ച സ്വപ്നം നടക്കാൻ പോകുന്ന സന്തോഷത്തിൽ രാജേന്ദ്രൻ അവൾക്കായി തന്റെ വീടൊരുക്കുന്നു. അവളുടെ ഇഷ്ടങ്ങൾ ചോദിച്ചറിയുന്നു.
അപ്രതീക്ഷിതമായി രോഗം സുഖപ്പെട്ട് രവിശങ്കർ ജീവിതത്തിലേക്ക് മടങ്ങിവരുന്നതാണ് സിനിമയുടെ ടേർണിംഗ് പോയിൻറ്. രാജേന്ദ്രൻറെ ഒപ്പം ജീവിക്കാൻ പറഞ്ഞത് അന്നത്തെ ചുറ്റുപാട് കാരണമാണെന്നും മാലിനി തന്റെ കൂടെ എന്നും വേണമെന്നും രവിശങ്കർ വീണ്ടും ആവശ്യപ്പെടുന്നു.
അക്കാര്യം രാജേന്ദ്രനോട് അവതരിപ്പിച്ച മാലിനിയോട് അന്നാദ്യമായി രാജേന്ദ്രൻ മനസ്സുതുറക്കുകയാണ്. 'വേണമെന്ന് തോന്നുമ്പോൾ സ്വീകരിക്കാനും വേണ്ട എന്നുപറയുമ്പോൾ വലിച്ചെറിയാനും തയ്യാറായിരിക്കുന്ന ഒരു കളിപ്പാട്ടമല്ല മനസ്സ്' എന്ന് അയാൾ അവളെ ബോധ്യപ്പെടുത്തുന്നു. അയാളുടെ പ്രണയത്തിന്റെ ആഴം കണ്ട് മാലിനി നിസ്സഹായയാകുന്നു.
കഥയുടെ അവസാനം രവിശങ്കറിന്റെ ആത്മഹത്യയാണ്. അത്ര തീവ്രമായിരുന്നു അയാൾക്ക് മാലിനിയോടുള്ള സ്നേഹം. രോഗത്തിനും രോഗശുശ്രൂഷകൾക്കുമിടയിലും അവളെക്കുറിച്ച് ചിന്തിക്കാൻ, അവൾ ഓക്കെയാണോയെന്ന് ചോദിക്കാൻ ഒരാളെയുണ്ടായിരുന്നുള്ളൂ, അത് രാജേന്ദ്രനായിരുന്നു. പഠിക്കുന്ന കാലത്ത് മാലിനി ഒരുപാട് കളിയാക്കിയിട്ടുള്ള അതേ സാധുച്ചെറുക്കൻ. മനോജ് കെ. ജയൻ അത് ഗംഭീരമാക്കിത്തന്നെ ചെയ്തിട്ടുണ്ട്. പ്രണയം, സ്നേഹം ഇതെല്ലാം ഒരു കാത്തിരിപ്പുകൂടിയാണെന്ന് രാജേന്ദ്രൻ നമ്മെ ഓർമ്മിപ്പിക്കുന്നു.മമ്മൂട്ടിയും ഗൗതമിയും ശാന്തീകൃഷ്ണയുമൊക്കെ തകർത്തഭിനയിച്ചെങ്കിലും മനോജ് കെ.ജയൻ ചെയ്ത രാജേന്ദ്രൻ എന്ന കഥാപാത്രം എക്കാലത്തും ഓർമ്മയിൽ ഒരു നീറ്റലായിത്തന്നെ അവശേഷിക്കുന്നുണ്ട്.