09/12/2025
"ബുഫെ സിസ്റ്റം" കേരളത്തിന്റെ രീതികൾക്ക് അനുയോജ്യമായ ഒന്നല്ല എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.
ഒരിക്കൽ ഞാനൊരു കല്യാണത്തിന് പോയി. ആയിരം പേരോളം പങ്കെടുക്കുന്ന ഒരു ഫങ്ക്ഷൻ.
വണ്ടിയൊക്കെ പാർക്ക് ചെയ്ത് ചടങ്ങ് നടക്കുന്ന സ്ഥലത്തേക്ക് പോകുന്ന വഴിക്ക്, ഞാൻ നോക്കുമ്പോൾ ആളുകൾ ഇപ്പോഴേ ഓഡിറ്ററിയത്തിന്റെ ചുറ്റുവട്ടത്ത് കറങ്ങി നിൽപ്പുണ്ട്.
ചേട്ടന്മാർ ചിലപ്പോൾ രണ്ടെണ്ണം വീശാനുള്ള സ്ഥലം നോക്കി പോയതാരിക്കും.🤪
അങ്ങനെ ഒരു മണിക്കൂർ മേലെ നീണ്ടു നിന്ന ചടങ്ങുകൾക്ക് ശേഷം, ഫുഡ് കഴിക്കാൻ ഓഡിറ്ററിയത്തിന്റെ അടുത്തേക്ക് നടന്നു. ഞാൻ നോക്കുമ്പോൾ ഒരു ജാഥക്കുള്ള ആളുകൾ അവിടെ നിൽപ്പുണ്ട്.
ഇതിന്റെ ഇടയിൽ കൂടി ഒരു തരത്തിൽ മണവാളനും മണവാട്ടിയും എൻട്രൻസിൽ എത്തി. അവർ അകത്തേക്ക് കേറിയതും, പുറകെ കയറിയ ആളുകൾ ഓടുന്നത് കണ്ടപ്പോൾ ഇതൊരു "ഒളിമ്പിക്സ് " മത്സരമാണെന്ന് തോന്നി പോയി.
ഏറ്റവും പെട്ടന്ന് പ്ലേറ്റെടുത്ത് കൗണ്ടറിൽ എത്തണം.
എന്നിട്ട് അവിടുന്ന് ഫുഡ് എടുത്തോണ്ട് വന്ന്, അറേഞ്ച് ചെയ്തിട്ടിരിക്കുന്ന കുറച്ചു സീറ്റുകളുണ്ട്, അവിടെ സ്ഥലം പിടിക്കുന്നവർ "വിന്നർ".😎
നാടോടുമ്പോൾ നടുവേ ഓടണമല്ലോ!
ഞാനും വിട്ടുകൊടുത്തില്ല...കൂടെ ഓടി ക്യുവിൽ നിന്നു. അല്ല പിന്നെ...
സ്റ്റേജിൽ എന്തൊക്കെയോ കലാപരിപാടികൾ നടക്കുന്നു. ഒരു പെൺകുട്ടി മൈക്കിൽ കൂടെ തൊണ്ട കീറി എന്തൊക്കെയോ പറയുന്നുണ്ട്. നാലും മൂന്നും ഏഴു കുടുംബക്കാർ മാത്രം അവിടെ പരിപാടികൾ ആസ്വദിക്കുന്നുണ്ട്.
ബാക്കിയുള്ളവർക്ക് അതൊന്നും നോക്കാൻ സമയമില്ല. വന്ന അതിഥികൾക് ഇപ്പോഴും അറിയില്ല, ഒരു ചടങ്ങിന് പോകണ്ടത് ഫുഡ് കഴിക്കാൻ വേണ്ടി മാത്രമല്ല... അവരുടെ സന്തോഷത്തിലും പങ്കുചേരാൻ ആണെന്ന്.
എന്തായാലും കൗണ്ടറിന്റെ അടുത്തെത്തിയപ്പോൾ പല തരം വിഭവങ്ങളുണ്ടെന്ന് മനസിലായി. ആപ്പിടൈസെർ, സ്റ്റാട്ടർ, മെയിൻ കോഴ്സ്, ഡെസ്സേർട്ട്സ്...
എല്ലാവരും തന്നെ ഇതെല്ലാം ഒരുമിച്ച് പ്ലേറ്റിലേക്ക് തട്ടുന്നുണ്ട്.
ചിലപ്പോൾ ഇവിടുത്തെ രീതി ഇങ്ങനെ ആയിരിക്കും.
അല്ലെങ്കിൽ ഒന്നൂടെ വന്ന് ക്യു നിൽക്കാനുള്ള മടിയോ, ചമ്മലോ കൊണ്ടാവാം.
പ്ലേറ്റിൽ കട്ലറ്റ്, അപ്പം, ചിക്കൻ, ചോറ്, സാലഡ്, ബീഫ്, മോരുകറി,മീൻകറി അവിയൽ, മട്ടൻ,തോരൻ, ബിരിയാണി, അച്ചാർ അങ്ങനെ സകലമാന സാധനങ്ങളും ഇട്ടു കഴിഞ്ഞപ്പോൾ പ്ലേറ്റൊരു പിസ്സ ഗോപുരം പോലെ ആയി മാറി.
ഞാൻ കുറച്ചു ലേറ്റ് ആയി പോയതുകൊണ്ട്, ഇരിക്കാൻ സീറ്റൊന്നും കിട്ടിയില്ല. ഇനി ഇത് നിന്നു കൊണ്ട് തന്നെ കഴിക്കണം. എങ്ങനെ തുടങ്ങും... എവിടെ നിന്നു തുടങ്ങും....
എന്നോരെത്തും പിടിയും കിട്ടുന്നില്ല. പ്ലേറ്റിന് പകരം ഇതെല്ലാം ഒരു ചട്ടിക്കകത്ത് ഇട്ടു തന്നിരുന്നേൽ ചട്ടി ചോറായിട്ട് കഴിക്കാമായിരുന്നു.
ചില മഹാന്മാർ മുണ്ടുമുടുത്തു വന്നിട്ട് ഒരു കൈയിൽ പ്ലേറ്റും മറുകൈയിൽ ഫോണും പിടിച്ചു കൊണ്ടൊരു തകധിമിയുണ്ട്. ഇതെല്ലാം ബാലൻസ് ചെയ്തു കൊണ്ട് മുണ്ടും കൈയിൽ പിടിച്ചൊരു സഹസികമായ ഭക്ഷണം കഴിക്കൽ. അതൊരു കാണേണ്ട കാഴ്ചയാണ്.😄 അവസാനം ഇവരോട് ഫുഡ് എങ്ങനെ ഉണ്ടായിരുന്നു എന്നു ചോദിച്ചാൽ എന്ത് മറുപടി പറയുമോ ആവോ... എല്ലാം കൂടെ ഒരു അവിയൽ പരുവത്തിൽ കഴിച്ച കൊണ്ട് ഒന്നും എടുത്ത് പറയാൻ കാണില്ല.
NB: 100 പേരിൽ താഴെയുള്ള ഫങ്ക്ഷൻസിനു ബുഫെ നല്ലൊരു ഓപ്ഷനാണ്. നമുക്ക് ആവശ്യത്തിന് മാത്രമുള്ള ഫുഡ് എടുത്ത്, രുചി അറിഞ്ഞു സമാധാനത്തോടെ കഴിക്കാൻ സാധിക്കും. അവിടെ സെർവ് ചെയ്യുന്നവരുടെ ആവശ്യം വരുന്നില്ല. വേസ്റ്റേജ് കുറച്ചേ വരു.