19/05/2026
അഞ്ചലിൽ ഇലക്ട്രിക് പൊതുശ്മശാനം വേണമെന്ന ആവശ്യം ശക്തമാകുന്നു...
ലക്ഷക്കണക്കിന് ജനങ്ങൾ താമസിക്കുന്ന അഞ്ചൽ മേഖലയിൽ ഒരു പൊതു ശ്മശാനം ഇല്ലാത്തത് ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടായി മാറുകയാണ്. കൊല്ലം ജില്ലയിലെ കിഴക്കൻ മേഖലയിലെ ജനസാന്ദ്രതയേറിയ പ്രദേശമായ അഞ്ചലിൽ, നഗരപ്രദേശങ്ങളിൽ ചെറിയ സ്ഥലങ്ങളിൽ താമസിക്കുന്നവരും വാടകവീടുകളിൽ കഴിയുന്നവരും സാമ്പത്തികമായി പിന്നാക്ക വിഭാഗങ്ങളിലുള്ളവരും ഏറെ പ്രയാസങ്ങൾ നേരിടുന്നു.
അഞ്ചൽ, അലയമൺ, ഇടമുളയ്ക്കൽ, ഏരൂർ, ഇട്ടിവ, കരവാളൂർ തുടങ്ങിയ പഞ്ചായത്തുകളിലായി ലക്ഷക്കണക്കിന് ജനങ്ങൾ താമസിക്കുന്ന സാഹചര്യത്തിൽ ആധുനിക സംവിധാനങ്ങളുള്ള ഇലക്ട്രിക് ക്രീമേട്ടോറിയത്തിന്റെ അഭാവം വലിയ കുറവാണ്.
നിലവിൽ പല കുടുംബങ്ങൾക്കും ശവസംസ്കാരത്തിനായി തിരുവനന്തപുരത്തെയോ കൊല്ലത്തെയോ ആശ്രയിക്കേണ്ട അവസ്ഥയാണ്. ഇത് സാമ്പത്തിക ബാധ്യതയും സമയനഷ്ടവും മാനസിക ബുദ്ധിമുട്ടുകളും വർധിപ്പിക്കുന്നു.
പരിസ്ഥിതി സൗഹൃദവും ശുചിത്വപരവും കാര്യക്ഷമവുമായ ഇലക്ട്രിക് ക്രീമേട്ടോറിയം ആധുനിക നഗര വികസനത്തിന്റെ പ്രധാന ഘടകമാണ്. ജനങ്ങൾക്ക് മാന്യവും സൗകര്യപ്രദവുമായ സേവനം ഉറപ്പാക്കുന്നതിനായി അഞ്ചൽ മേഖലയിലും ഇത്തരം സംവിധാനം അടിയന്തരമായി സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു.
അഞ്ചലിന്റെ വികസനത്തിനൊപ്പം പൊതുസൗകര്യങ്ങളും ഉയരേണ്ട സമയമാണിത്. ബന്ധപ്പെട്ട അധികാരികൾ അടിയന്തര നടപടി സ്വീകരിക്കണം.
Adv Sabari P Koikkal