13/06/2025
കെടാവിളക്ക്
വിടവാങ്ങുന്നേന്‍ പരിപാവനമാം
ബലിവേദികയേ, വിടവാങ്ങുന്നേന്‍
മുറപോലിനിമേല്‍ ബലി ചെയ്‌വതിനായ്
നിന്‍പദതാരില്‍ വരികില്ലാ ഞാന്‍...
സഹോദര പുരോഹിതന്‍ മരിച്ചു. വളരെ ശാന്തമായിരുന്നു ആ യാത്ര. ഐസിയു- വില്‍ കയറുന്നതുവരെ പുഞ്ചിരിനിറഞ്ഞ മുഖത്തോടെ, തമാശയൊക്കെപറഞ്ഞ്, വളരെ സാധാരണമായി നടന്നുപോയ മനുഷ്യന്‍. ഓര്‍ത്തെടുക്കുമ്പോള്‍ മരണത്തിന്റെ തൊട്ടുമുമ്പുവരെ കൂടെയുണ്ടായിരുന്ന സഹോദര പുരോഹിതന്റെ തൊണ്ട ഇടറി. കാരണം അവനും അറിഞ്ഞിരുന്നില്ല ആ പുഞ്ചിരി ഒരു നോവായി മാറാന്‍ ഇനി അധികം ദൂരമില്ലായെന്ന്.
ജീവിച്ചു മരിച്ചതുകൊണ്ടാകണം മരണത്തിലും ആ മനുഷ്യന്‍ ജീവിക്കുകയായിരുന്നു. ക്രിസ്തുവിന്റെ മൊഴികള്‍ ഉള്ളില്‍ തെളിഞ്ഞു "എന്നില്‍ വിശ്വസിക്കുന്നവന്‍ മരിച്ചാലും ജീവിക്കും." അത്ഭുതംതോന്നി, സ്വന്തമല്ലാതിരുന്നിട്ടും വന്ന പുരോഹിതരുടെയെല്ലാം കണ്ണില്‍ ഒരു കനത്ത മഴ. എല്ലാവരുടെയുംതന്നെ ശബ്ദം ഇടറുന്നുണ്ടായിരുന്നു. ചിലര്‍ ഇരുളിലേക്കുമാറി കണ്ണുകള്‍ ഒപ്പുന്നു. ശരിയാണ് ഇന്നോളം നിറഞ്ഞ കണ്ണുകളോടെ ആര്‍ക്കും ബിജു അച്ചന്റെ അടുക്കല്‍നിന്നും മടങ്ങേണ്ടിവന്നിട്ടില്ല. പ്രകൃതിക്കും ഈ വിരഹവേദന താങ്ങാന്‍ കഴിയാത്തതുപോലെ തോന്നി. അന്തരീക്ഷവും പതിവില്ലാതെ ഇന്ന് അലറിവിളിച്ചു കരയുന്നുണ്ടായിരുന്നു.
വേര്‍പാട് തീര്‍ത്ത ശൂന്യത അഭിമുഖീകരിക്കുവാന്‍ കഴിയാതെവന്നപ്പോള്‍, വെറുതെ ആളുകള്‍ക്കിടയിലൂടെ നടന്നു. പലരും പലപേരുകളിലും ഈ പുണ്യപുരോഹിതനെ ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുന്നു. ബിജു അച്ചന്‍, ജ്യേഷ്ഠന്‍, കൂട്ടുകാരന്‍, ധ്യാനഗുരു, പ്രാര്‍ത്ഥനയുടെ മനുഷ്യന്‍... അങ്ങനെ തലക്കെട്ടുകളുടെയും പേരുകളുടെയും എണ്ണം ഏറുന്നതിനിടയില്‍ കൊള്ളിയാന്‍പോലെ ആ വിശേഷണം മനസ്സില്‍ തറച്ചു. 'പരാതികളോ പരിഭവങ്ങളോ ഇല്ലാത്ത മനുഷ്യന്‍...' വേദനകള്‍മാത്രം സഹയാത്രികരായപ്പോഴും, ഉറക്കമില്ലാത്ത രാത്രികള്‍ ചങ്ങാതികളായിമാറിയപ്പോഴും ഒരു പരിഭവവാക്കുപോലും പറഞ്ഞുകേട്ടിട്ടില്ല. പലവട്ടം പരാതികളുമായി ഞാന്‍ അച്ചനെ കാണാന്‍ ചെന്നപ്പോഴും ഒരു അപ്പനെപ്പോലെ ചേര്‍ത്തിരുത്തി ശക്തിപ്പെടുത്തിയിട്ടേയുള്ളൂ. തന്റെ വേദനകള്‍ മറന്ന, വേദനിക്കുന്നവരുടെ വേദനകള്‍ ഏറ്റെടുത്ത കരുണയുടെ മനുഷ്യന്‍. ശരിയാണ്, ആ മനുഷ്യന് ക്രിസ്തുവിന്റെ ഗന്ധമുണ്ടായിരുന്നു. ആ ഗന്ധത്തിന് പലരുടെയും മുറിവുണക്കാനുള്ള ശക്തിയുമുണ്ടായിരുന്നു.
എന്നും ചൊവ്വര ആശ്രമത്തില്‍പോകുമ്പോള്‍ തിരയുന്ന മുഖം ബിജു അച്ചന്റേതായിരുന്നു. സെമിനാരിയില്‍ ചേര്‍ന്നകാലം മുതല്‍ ഉള്ളില്‍ സ്വപ്നംപോലെ സൂക്ഷിച്ച രൂപമായിരുന്നു ബിജു അച്ചന്റേത്. നീണ്ട മുടി, ഫുള്‍സ്ലീവ് ഷര്‍ട്ട്, ഹാഫ് ഷൂ, തലയെടുപ്പോടെയുള്ള നടത്തം, പുഞ്ചിരി നിറഞ്ഞ മുഖം, ബോധ്യങ്ങളില്‍നിന്നുമുള്ള സംസാരം. എന്തോ ഞങ്ങള്‍ ചെറുപ്പക്കാര്‍ക്ക് ലഹരിയായിരുന്നു അച്ചന്‍. അച്ചന്റെ കൂടെ ധ്യാനിപ്പിക്കാന്‍ പോകാന്‍ ഞങ്ങള്‍ക്ക് കൊതിയായിരുന്നു. അച്ചന്റെ കൂടെ ചിലവഴിക്കാന്‍ കഴിയുന്ന ഓരോ നിമിഷവും ജീവിതത്തിന്റെ ഭാഗ്യമായി ഞങ്ങള്‍ കരുതി. കാരണം അത്രമേല്‍ കരുതലോടെയാണ് അച്ചന്‍ ഞങ്ങളെ പരിഗണിക്കുക. മറ്റു സാന്നിധ്യങ്ങള്‍ക്കൊന്നും ഇല്ലാത്ത ഒരു സവിശേഷത അച്ചനുണ്ടായിരുന്നു. മക്കള്‍ക്കുവേണ്ടി ഉറക്കമൊഴിച്ച ഒരു അമ്മയുടെ പനിച്ചൂട് അച്ചന്റെ സാന്നിധ്യത്തിനുണ്ടായിരുന്നു. ഇനി അതായിരിക്കുമോ നസ്രായന്റെ ചൂട്? ആകാതിരിക്കാന്‍ വഴിയില്ല. കാരണം മണിക്കൂറുകള്‍ ഉടയോന്റെ മുമ്പില്‍ ചിലവഴിക്കുന്നവന് ഉടയോന്റെ ചൂടുണ്ടാകാതെ വയ്യല്ലോ!
നോവിഷ്യേറ്റിലായിരുന്ന സമയത്താണ് ബിജു അച്ചനോട് ആദ്യമായി ഞാന്‍ സംസാരിക്കുന്നത്. അന്ന് വലിയ ആവേശത്തോടെ എനിക്ക് അച്ചനെപ്പോലെയാകാനാണ് ആഗ്രഹമെന്ന് പറഞ്ഞപ്പോള്‍ അച്ചന്‍ പറഞ്ഞു നിന്നെ വിളിച്ചിരിക്കുന്നത് ഞാനാകാന്‍ വേണ്ടിയല്ല മറിച്ച്, ക്രിസ്തുവാകാന്‍ വേണ്ടിയാണ്. ജീവിതനിയോഗങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്ന ഒരു പുണ്യപുരോഹിതന്‍... ഓര്‍ത്തെടുക്കുമ്പോള്‍ എന്തോ ഉള്ളില്‍ ഇന്നും ഒരു വിറയല്‍... ജീവിതത്തില്‍ വല്ലാതെ തനിച്ചായപോലെ ഒരു തോന്നല്‍...
അധികാരികള്‍, ഉപരി പഠനത്തിനായി ആവശ്യപ്പെട്ടസമയത്ത്, ഞാന്‍ ബിജു അച്ചനോടുപറഞ്ഞു 'അച്ചാ എനിക്കുപോകാന്‍ താല്പര്യം ഇല്ല.' അന്ന് അച്ചന്‍ പറഞ്ഞു. 'നീ പോകണം. പഠിക്കണം.' അച്ചന്‍ പറഞ്ഞാല്‍ അതൊരു ഉറപ്പുത്തന്നെയായിരുന്നു. വാക്കുകളെ ദൈവീകതയുടെ പുറങ്കുപ്പായംകൊണ്ടു മറച്ച ഒരു അനുഭവം അച്ചന്റെ വാക്കുകള്‍ക്കുണ്ടായിരുന്നു. ദൂരത്തായിരുന്നുവെങ്കിലും എന്നും കരുതലിന്റെ രണ്ടുകരങ്ങള്‍ എവിടെയോ കാത്തിരിക്കുന്നുണ്ടെന്ന ബോധ്യം ഇന്നോളമുണ്ടായിരുന്നു. ഇനി അതില്ലായെന്നോര്‍ക്കുമ്പോള്‍... ബിജു അച്ചാ മരണത്തിന്റെ ആ തണുത്ത കാറ്റ് ഞങ്ങളുടെ ജീവിതത്തെ വല്ലാതെ ഭയപ്പെടുത്തുന്നു.
ഒരു കടം മനസ്സിനെ വല്ലാതങ്ങ് ഭാരപ്പെടുത്തുന്നു. മരിക്കുന്നതിനു രണ്ടുദിവസംമുമ്പ്, ആശ്രമത്തില്‍ മറ്റുവൈദീകരില്ലാത്തതിനാല്‍, ബിജു അച്ചന്റെകൂടെ നില്‍ക്കാന്‍ ചെല്ലാമോ എന്ന് സഹോദര വൈദീകന്‍ ചോദിച്ചതാണ്. തിരക്കുപിടിച്ച കുറച്ച് യാത്രകളുണ്ടായിരുന്നതുകൊണ്ട് അന്ന് അതിന് സാധിച്ചില്ല. ആ കടം ഒരു വീട്ടാകടമായി ഹൃദയത്തെ ഭാരപ്പെടുത്തുന്നു.
അച്ചാ, ഇനി ശാന്തമായി ഉറങ്ങുക... സംസ്‌ക്കാരവേളയില്‍ പ്രൊവിന്‍ഷ്യല്‍ അച്ചന്‍ പറഞ്ഞതുപോലെ ഓട്ടമായിരുന്നുവല്ലോ അച്ചന്റെ ജീവിതം. ദൈവത്തിനുവേണ്ടിയും ദൈവത്തെ തേടിയുമുള്ള ഓട്ടം... അച്ചന്‍ ഉറങ്ങിക്കിടക്കുമ്പോഴും അച്ചന്‍ ജീവിക്കും, ഞങ്ങളിലൂടെ... അച്ചന്‍ പറയാറുള്ളതുപോലെ അച്ചന്റെ കൊച്ചുങ്ങളിലൂടെ... ബിജു അച്ചാ, അച്ചന് മരണമില്ല, അച്ചനാകുന്ന വിളക്ക് കെടുകയുമില്ല. ഞങ്ങളുള്ള കാലത്തോളം അച്ചന്‍ ജീവിക്കും. കാലങ്ങള്‍ക്കും കാലഘട്ടങ്ങള്‍ക്കും അപ്പുറത്തേക്ക്... പുനർജ്ജനിയുടെ നക്ഷത്രങ്ങളെപ്പോലെ... ശ്രീകോവിലിലെ കെടാവിളക്കുപോല... പുണ്യപുരോഹിതാ, ഇനി നീ ശാന്തമായി ഉറങ്ങുക... നിനക്കായി ഞങ്ങള്‍ ഉണര്‍ന്നിരിക്കാം...
ജിൻ്റോ തേയ്ക്കാനത്ത്... ✍️