24/01/2026
പ്രവാസികൾ ഭാരതത്തിന്റെ രാഷ്ട്രദൂതന്മാർ : കേന്ദ്രമന്ത്രി സുരേഷ് ഗോപി,വേൾഡ് മലയാളി ഫെഡറേഷൻ അഞ്ചാമത് ഗ്ലോബൽ കൺവെൻഷൻ ദുബായിൽ സമാപിച്ചു.
ദുബായ്: ആഗോള പ്രവാസി മലയാളി സംഘടനയായ World Malayalee Federation (WMF)യുടെ അഞ്ചാമത് ദ്വിവത്സര ഗ്ലോബൽ കൺവെൻഷൻ പ്രൗഢഗംഭീരമായ ചടങ്ങുകളോടെ ദുബായിൽ സമാപിച്ചു. മൂന്ന് ദിവസങ്ങളിലായി നടന്ന കൺവെൻഷനിൽ ലോകത്തിന്റെ 167 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു.
സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത കേന്ദ്ര ടൂറിസം–പെട്രോളിയം സഹമന്ത്രി ശ്രീ. സുരേഷ് ഗോപി, ഭാരതത്തിന്റെ വികസന കുതിപ്പിൽ പ്രവാസികൾ വഹിക്കുന്ന നിർണായക പങ്ക് എടുത്തുപറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി വിശേഷിപ്പിക്കുന്നതുപോലെ, ഓരോ പ്രവാസിയും ഭാരതത്തിന്റെ ‘രാഷ്ട്രദൂതന്മാരാണെന്നും’ അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ ടൂറിസം സാധ്യതകൾ ലോകത്തിനു മുന്നിൽ തുറന്നുകാട്ടാൻ പ്രവാസികളെക്കാൾ മികച്ച ബ്രാൻഡ് അംബാസഡർമാർ ഇല്ലെന്നും, ആയുർവേദം മുതൽ ഉത്തരവാദിത്ത ടൂറിസം വരെ കേരളത്തെ ലോകത്തിന്റെ നെറുകയിലെത്തിക്കാൻ കേന്ദ്രസർക്കാരിന്റെ എല്ലാ പിന്തുണയും ഉറപ്പാക്കാൻ താൻ വ്യക്തിപരമായി ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സമാപന ചടങ്ങിൽ സംസ്ഥാന കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ്, ഡീൻ കുര്യാക്കോസ് എം.പി., ബ്രിസ്റ്റോൾ ബ്രാഡ്‌ലി സ്റ്റോക്ക് മേയർ ടോം ആദിത്യ, നടി ആശ ശരത്ത്, പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ, ഡോ. സിദ്ധീഖ് അഹമ്മദ്, മുരളി തുമ്മാരുകുടി, ഡോ. വർഗീസ് മൂലൻ, മിഥുൻ രമേശ്, WMF ഫൗണ്ടർ ചെയർമാൻ ഡോ. പ്രിൻസ് പള്ളിക്കുന്നേൽ, ഗ്ലോബൽ ചെയർമാൻ ഡോ. ജെ. രത്നകുമാർ, ഗ്ലോബൽ പ്രസിഡന്റ് ഡോ. ആനി ലിബു തുടങ്ങിയവർ പങ്കെടുത്തു.
മൂന്ന് ദിവസങ്ങളിലായി നടന്ന കൺവെൻഷനിൽ ബിസിനസ് സമ്മിറ്റ്, വനിതാ സമ്മിറ്റ്, പ്രവാസി സമ്മിറ്റ്, വിദ്യാർത്ഥികളുടെ കുടിയേറ്റ വിഷയത്തിൽ മുരളി തുമ്മാരുകുടി നയിച്ച പ്രത്യേക സെഷൻ എന്നിവ സംഘടിപ്പിച്ചു. വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്കായി WMF നിർമ്മിച്ചു നൽകുന്ന വീടുകളുടെ താക്കോൽ കൈമാറ്റം ചടങ്ങിൽ നടന്നു. കേന്ദ്രമന്ത്രി സുരേഷ് ഗോപിയും ഡീൻ കുര്യാക്കോസ് എം.പിയും ചേർന്ന് കേരള സ്റ്റേറ്റ് കൗൺസിലിന് താക്കോൽ കൈമാറി. സ്ത്രീശാക്തീകരണത്തിന്റെ ഭാഗമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ‘കരുതൽ’ ഹെൽപ് ഡെസ്കിന്റെ ഉദ്ഘാടനവും കേന്ദ്രമന്ത്രി നിർവഹിച്ചു.
കൺവെൻഷനോടനുബന്ധിച്ച് തയ്യാറാക്കിയ സുവനീർ “ലോകജാലകം” സയ്യിദ് മുനവറലി ശിഹാബ് തങ്ങൾ പ്രകാശനം ചെയ്തു.
സംസ്ഥാന കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്ത ബിസിനസ് സമ്മിറ്റിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു. നെറ്റ്‌വർക്കിങ് സെഷനുകളും പാനൽ ചർച്ചകളും വഴി പുതിയ വ്യവസായ സാധ്യതകൾ സമ്മിറ്റ് മുന്നോട്ടുവച്ചു. പ്രമുഖ പ്രവാസി മലയാളികളെ ഉൾപ്പെടുത്തി തയ്യാറാക്കിയ “ഗ്ലോബൽ ഐക്കൺസ്” എന്ന പ്രീമിയം ഡയറക്ടറി ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ മാർക്കറ്റിംഗ് & കമ്മ്യൂണിക്കേഷൻ ഡയറക്ടർ വി. നന്ദകുമാർ ഉദ്ഘാടനം ചെയ്തു. മീഡിയ കൺസൾട്ടന്റും ഗ്ലോബൽ പി.ആർ.ഒയുമായ നോവിൻ വാസുദേവാണ് ഡയറക്ടറിയുടെ ചീഫ് എഡിറ്റർ.
പ്രവാസി സമൂഹത്തിൽ നടത്തിയ ജീവകാരുണ്യ പ്രവർത്തനങ്ങളെ മുൻനിർത്തി അഷ്‌റഫ് താമരശ്ശേരിയെയും ശിഹാബ് കൊട്ടുകാടിനെയും പ്രവാസി സമ്മിറ്റിൽ ആദരിച്ചു. 2026–27 കാലഘട്ടത്തിലേക്കുള്ള ഗ്ലോബൽ കാബിനറ്റ് അംഗങ്ങളുടെ പ്രഖ്യാപനവും സത്യപ്രതിജ്ഞയും കൺവെൻഷനിൽ നടന്നു. തുടർച്ചയായി രണ്ടാം തവണയും ഡോ. ജെ. രത്നകുമാർ ഗ്ലോബൽ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടു.
ആഫ്രിക്കൻ മലയാളികളുടെ ദീർഘകാല ആവശ്യമായ എത്യോപ്യൻ എയർലൈൻസിന് കേരളത്തിലേക്ക് ലാൻഡിംഗ് പെർമിഷൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ആഫ്രിക്കൻ റീജിയൻ കൗൺസിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് നിവേദനം നൽകി. മികച്ച സംഘടനാ പ്രവർത്തനങ്ങൾക്ക് വിവിധ കൗൺസിലുകൾക്കും ഫോറങ്ങൾക്കും അവാർഡുകൾ സമ്മാനിച്ചപ്പോൾ, ബിസിനസ് രംഗത്തെ മികവിന് വ്യവസായികൾക്ക് സുരേഷ് ഗോപി പുരസ്‌കാരങ്ങൾ നൽകി. ആശാ ശരത് ഒരുക്കിയ നൃത്തവിരുന്നും വിവിധ കലാപരിപാടികളും കൺവെൻഷന് മാറ്റുകൂട്ടി. കൺവെൻഷൻ കൺവീനർ വർഗീസ് പെരുമ്പാവൂർ നന്ദി രേഖപ്പെടുത്തി.