20/07/2025
#ഭാരത്, ഇന്ത്യഗാസ്, എച്ച്പി തുടങ്ങിയ സർക്കാർ നിയന്ത്രണത്തിലുള്ള കമ്പനികളിലൂടെ ഇന്ത്യയിലെ കോടിക്കണക്കിന് കുടുംബങ്ങൾ ഇന്ന് എൽപിജി ഉപയോഗിക്കുന്നു. ഇത്തരത്തിൽ ഗ്യാസ് കണക്ഷൻ ലഭിച്ച ഉപഭോക്താക്കൾക്കായി സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള ചില സുരക്ഷാനിർദേശങ്ങളും ബോധവൽക്കരണങ്ങളും നമുക്ക് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.
ഒരു ഉപഭോക്താവ് പുതിയ ഗ്യാസ് കണക്ഷൻ ലഭിച്ചതിനു ശേഷം ഏകദേശം അഞ്ചു വർഷത്തിനകം ഒരിക്കൽ അതിന്റെ സുരക്ഷാ പരിശോധന (Safety Inspection) നടത്തേണ്ടത് നിർബന്ധമാണ്. ഈ പരിശോധന OMC-കളായ ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം, എച്ച്പിസിഎൽ എന്നിവയുടെ കീഴിലുള്ള അംഗീകൃത ഏജൻസികൾ വഴിയാണ് സാധാരണ നടക്കുന്നത്. സർക്കാർ ഉദ്യോഗസ്ഥർ അല്ലാതെ അംഗീകൃത ടെക്നീഷ്യന്മാരാണ് ഈ ജോലി ചെയ്യുന്നത്.
ഇത്തരത്തിലുള്ള പരിശോധനയ്‌ക്ക് വേണ്ടി ഉപഭോക്താക്കളിൽ നിന്ന് ഈടാക്കാവുന്ന പരമാവധി തുക സാധാരണയായി 200 മുതൽ 500 രൂപ വരെയായിരിക്കും. സുരക്ഷാ പരിശോധനയുടെ പേരിൽ അമിതമായ തുക ആവശ്യപ്പെടുന്നവരുണ്ടെങ്കിൽ ആ കാര്യത്തിലുള്ള സംശയ ദൂരീകരണത്തിനായി അടുത്തുള്ള ഗ്യാസ് ഏജൻസിയുമായി ബന്ധപ്പെടുകയോ അല്ലെങ്കിൽ ജില്ലാതല ഓഫീസർമാരുമായി സംസാരിച്ച് വ്യക്തത വരുത്തേണ്ടതുമാണ്. പരിശോധനയ്‌ക്കെത്തുന്നവർ അതാത് ഏജൻസിയുടെ ഔദ്യോഗിക ഐഡി കാർഡും, യൂണിഫോമും ധരിച്ചിരിക്കണം. ഉപഭോക്താക്കൾ ആ വ്യക്തിയുടെ പേര്, ഐഡി നമ്പർ എന്നിവ പരിശോധിക്കുകയും അസന്തൃപ്തിയുണ്ടെങ്കിൽ ആ കാര്യവും നേരിട്ടുള്ള ഏജൻസിയിൽ അറിയിക്കുകയും ചെയ്യുക.
ഇതോടൊപ്പം, ഉപഭോക്താക്കൾക്ക് നേരിട്ട് സഹായം ആവശ്യപ്പെടാനായി ഓരോ കമ്പനിയും ടോൾ ഫ്രീ നമ്പറുകളും ജില്ലാ തലത്തിൽ ഉത്തരവാദിത്തമുള്ള ഉദ്യോഗസ്ഥരുടെ വിവരങ്ങളും നൽകി വയ്ക്കുന്നുണ്ട്. സുരക്ഷാ പരിശോധനയുടെ പേരിൽ പ്രതീക്ഷിക്കപ്പെടുന്നത് ഗ്യാസ് കടന്ന് പോകുന്ന (ഹോസ് )പൈപ്പിന്റെ നില, റെഗുലേറ്ററിന്റെ സ്ഥിതി, സ്റ്റൗവിന്റെ കണക്ഷൻ, സിലിണ്ടറിന്റെ ഉള്ളിലെ റബ്ബർ വാഷർ തുടങ്ങിയവയുടെ പരിശോധയും ആവശ്യാനുസൃത മാറ്റങ്ങളും മാത്രമാണ്, എന്നാൽ പല സ്ഥലങ്ങളിലും ഇങ്ങനെ പരിശോധനയ്ക്ക് എത്തുന്നവർ സ്റ്റൗവ്വിന്റെ ഉള്ളിൽ ഏതെങ്കിലും ഒക്കെ കേടുപാടുകൾ കണ്ടെത്തി അത് പരിഹരിക്കുന്ന ആവശ്യം പറഞ്ഞു പ്രത്യേകം പണം വാങ്ങുന്നതായി കണ്ടുവരുന്നു, ഇങ്ങനെ വരുന്നവരെ കൊണ്ട് സ്റ്റൗ ഒരു കാരണവശാലും പണിയിക്കേണ്ട കാര്യമില്ല, കാരണം അവർ അത് പണിയുവാനുള്ള പരിജ്ഞാനം ഉള്ളവർ ആയിരിക്കില്ല, മാത്രവുമല്ല ആ ജോലി അവർ ചെയ്യുവാനുള്ള ബാധ്യസ്ഥരും അല്ല, സ്റ്റൗവിന് ഏതെങ്കിലും കേടുപാടുകൾ സംഭവിച്ചാൽ അടുത്തുള്ള നല്ല ടെക്നീഷ്യന്മാരെ കൊണ്ട് മാത്രമേ അത് പരിഹരിപ്പിക്കാവൂ.
നമ്മുടെ വീട്ടിൽ എത്തുന്ന ഓരോ സിലിണ്ടറിനും നമ്മൾ അടയ്ക്കുന്ന പൈസ യോടൊപ്പം തന്നെ ചെറിയൊരു ഇൻഷുറൻസ് തുക ഈടാക്കുന്നുണ്ട് എന്നുള്ള കാര്യം പല ഉപഭോക്താക്കൾക്കും അറിവില്ലാത്ത ഒന്നാണ്, സാധാരണ ഈ തുക 15 രൂപ മുതൽ 30 രൂപ വരെയായിരിക്കും, ഇത് സിലിണ്ടറിന്റെ വിലയിൽ തന്നെ അടങ്ങിയിരിക്കും. ഇതൊരു ഗ്രൂപ്പ് ഇൻഷുറൻസ് ആണ്, ഈ ഇൻഷുറൻസിൽ നിന്നും ഉപഭോക്താവിന് വ്യക്തിഗതമായി ഇൻഷുറൻസ് വേണ്ട എന്ന് പറഞ്ഞ് ഒഴിവാക്കാനാവില്ല. ഓരോ സിലിണ്ടറിനൊപ്പം തന്നെ നമ്മൾ ഒരു ചെറിയ തുക ഇങ്ങനെ മുടക്കുന്നത് കൊണ്ട് ഉള്ള ഗുണം, ഗ്യാസ് ലീക്കിന്റെ പിറകിലുള്ള അപകടങ്ങൾ – സ്‌ഫോടനം, തീപിടിത്തം, സമ്പത്തികനാശം, ആളുകൾക്ക് പരിക്ക്, മരണങ്ങൾ എന്നിവയ്ക്ക് ഇൻഷുറൻസ് കവറേജ് ഉറപ്പാക്കുന്ന പദ്ധതിയാണ് ഇത്.
ഇതിന് പുറമെ ചില ഗ്യാസ്സ് ഏജൻസികളും ഡീലർമാരും അഡിഷണൽ ഇൻഷുറൻസ്’ എന്നു പറയുന്ന സേവനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതും കാണാം. ഉപഭോക്താക്കൾ ഇത്തരം സേവനങ്ങൾ തിരഞ്ഞെടുക്കുന്നതിന് മുമ്പ് അതിന്റെ പ്രസക്തി, ഔദ്യോഗികത, ലാഭസാദ്ധ്യത തുടങ്ങിയവ ശ്രദ്ധപൂർവ്വം വിലയിരുത്തേണ്ടതുണ്ട്.
നമുക്ക് ഗ്യാസ് ഉപയോഗം സുരക്ഷിതമാക്കാൻ ഈ പരിശോധനകളും ഇൻഷുറൻസുകളും സഹായകരമാണ്. എന്നാൽ അതിനോടൊപ്പം ഉപഭോക്താവ് ബോധവാനായിരിക്കണം എന്നതാണ് പ്രധാനം. സുരക്ഷയുടെ പേരിൽ ഉണ്ടാകാവുന്ന ചതികൾക്കും അമിതവില ഈടാക്കലിനുമെതിരെ ഒരുങ്ങി നിൽക്കാനും, ആവശ്യമെങ്കിൽ പരാതി നൽകാനും നിർഭയം മുന്നോട്ടുവരാൻ തക്ക അറിവ് ഓരോ ഉപഭോക്താവിനും ആവശ്യമുണ്ട്. അതിനായി ഈ പോസ്റ്റ് എല്ലാവരും ഷെയർ ചെയ്ത് മറ്റുള്ളവരിൽ എത്തിക്കുക.
✍️ Life Kerala