
12/10/2024
വിദ്യ, കലകള്‍, ജ്ഞാനം, വാഗ്വിലാസം, ബുദ്ധി തുടങ്ങിയവയുടെ അധിപതിയായ സരസ്വതി ദേവിയെയാണ് പത്താം ദിനമായ വിജയദശമി നാളില്‍ ആരാധിക്കുന്നത്.
അജ്ഞതയുടെ ഇരുള്‍ നീക്കി അറിവിന്റെ പ്രകാശം ചൊരിയുന്ന വിജയദശമി. നവരാത്രി ആഘോഷങ്ങളുടെ പരിസമാപ്തി കുറിക്കപ്പെടുന്നത് വിജയ ദശമി നാളിലെ വിദ്യാരംഭത്തോടു കൂടിയാണ്. ഒന്‍പത് രാത്രിയും പത്ത് പകലും നീണ്ടു നില്‍ക്കുന്ന ഈ ഉത്സവത്തില്‍ ആദിപരാശക്തിയുടെ ഒന്‍പത് രൂപങ്ങളെയാണ് ആരാധിച്ചു പോരുന്നത്.
നവരാത്രിയുടെ ആദ്യ മൂന്ന് ദിവസങ്ങളില്‍ സംഹാര ശക്തിയായ ദുര്‍ഗയേയും, തൊട്ടടുത്ത മൂന്ന് ദിവസങ്ങളില്‍ അഷ്ട ഐശ്വര്യവും നല്‍കുന്ന ലക്ഷ്മിയേയും, അവസാന മൂന്ന് ദിനങ്ങളില്‍ അക്ഷരാഗ്നിയുടെ ദേവതയായ സരസ്വതിയേയുമാണ് പൂജിക്കുക.
വിദ്യ, കലകള്‍, ജ്ഞാനം, വാഗ്വിലാസം, ബുദ്ധി തുടങ്ങിയവയുടെ അധിപതിയായ സരസ്വതി ദേവിയെയാണ് പത്താം ദിനമായ വിജയദശമി നാളില്‍ ആരാധിക്കുന്നത്. വിദ്യ അഭ്യസിക്കുന്നവരുടേയും വിദ്യ പകര്‍ന്നു നല്‍കുന്നവരുടേയും ആരാധ്യദേവതയാണ് സരസ്വതി ദേവി.
സര്‍വ്വവും പവിത്രീകരിക്കുന്ന യജ്ഞമാണ് നവരാത്രി. നവരാത്രി ആഘോഷങ്ങളില്‍ ജ്ഞാനത്തിന്റെ പ്രാധാന്യത്തെ പ്രതീകാത്മകമായി അവതരിപ്പിക്കുന്ന വിദ്യാരംഭം എന്ന ചടങ്ങ് കേരളത്തിന്റെ മാത്രം സവിശേഷതയാണ്.