
29/05/2025
അപ്രതീക്ഷിത മഴക്കെടുതി :
വയനാടൻ കർഷകർക്ക്
വറ്റാത്ത കണ്ണീര്
🛑🛑🛑🛑🛑🛑🛑🛑🛑🛑
(ജിത്തു തമ്പുരാൻ)
കൽപ്പറ്റ / വയനാട് / കേരളം :
വന്യമൃഗ ആക്രമണം കൊണ്ടും അമിതമായ ഉത്പാദന ചെലവുകൊണ്ടും കടംകയറി പൊറുതിമുട്ടി ഒരുതരി ജീവശ്വാസത്തിന് വേണ്ടി ചക്രശ്വാസം വലിക്കുന്ന വയനാടൻ കർഷകർക്ക് കാലം തെറ്റി എത്തിയ മഴക്കെടുതി സമ്മാനിച്ചത് കണ്ണീരിന്റെ മഹാസമുദ്രം . കാർഷിക വയനാട് ദുരവസ്ഥയുടെ കൊടുമുടിയിൽ . കർഷകന്റെ ജീവിത വ്യഥകളെ അധികൃതർ അവഗണിക്കുന്നു എന്ന് പരാതി . പ്രധാനമായും നേന്ത്ര വാഴ കർഷകരാണ് കാലാവസ്ഥയുടെ തിരിച്ചടിയേറ്റ് ഉപജീവനം നിലച്ച് ട്രോമയിൽ എത്തിച്ചേർന്നിരിക്കുന്നത് .
🔥 അതൊരു ഭീകരമായ കാറ്റായിരുന്നു !!!
🌐🌐🌐🌐🌐🌐🌐🌐🌐🌐
25/05/2025 എന്ന ഫാൻസി തീയതിയിൽ പ്രധാനമായും പുലർച്ചെ 3 : 30 മുതൽ മധ്യാഹ്നം 12: 30 വരെ അപ്രതീക്ഷിത ആംഗിളുകളിൽ നിന്ന് പലതവണയായി വീശിയടിച്ച കൊടുങ്കാറ്റാണ് വയനാട്ടിലെ പാരമ്പര്യ കർഷകർക്ക് കണ്ണീരിന്റെ ഉൾക്കടൽ സമ്മാനിച്ചത് . നുറുകണക്കിന് കിലോമീറ്റർ വേഗതയിൽ തലങ്ങും വിലങ്ങും വീശിയടിച്ച കാറ്റ് ഒരിക്കലും പൊട്ടി വീഴാൻ സാധ്യതയില്ല എന്ന് കരുതിയ കരുത്തേറിയ മരക്കൊമ്പുകൾ പോലും ചീന്തി എറിഞ്ഞ് നാശനഷ്ടം വിതയ്ക്കുകയായിരുന്നു . ഭവനരഹിതരായ കർഷകരും ഗോത്രവർഗ്ഗക്കാരും തോട്ടം തൊഴിലാളികളും താമസിക്കുന്ന താൽക്കാലിക ഷെഡുകളുടെ ടാർപോളിൻ ഷീറ്റ് മേൽക്കൂരകൾ എല്ലാം കയർ പൊട്ടിച്ച് നൂറുകണക്കിന് മീറ്ററുകൾ തന്നെ അപ്പുറമാണ് കാറ്റ് പറത്തിക്കൊണ്ടിട്ടത് .
🔥 നേന്ത്രവാഴ കൃഷി
എന്ന ജീവന്മരണ പോരാട്ടം
🌐🌐🌐🌐🌐🌐🌐🌐🌐🌐🌐🌐
നേന്ത്രവാഴ കൃഷി വയനാടൻ കർഷകർക്ക് പലപ്പോഴും ചതിക്കുഴിയായിട്ടാണ് അനുഭവപ്പെടാറുള്ളത് . വളരെ അപൂർവമായി മാത്രം ലഭിക്കാറുള്ള ഒരു മോഹവിലയെ മുന്നിൽ കണ്ടാണ് ലോട്ടറി ടിക്കറ്റ് എടുക്കുന്നതുപോലെ കൺമുന്നിൽ കണ്ട് വീട്ടിലെ സ്വർണ്ണം പണയം വെച്ചും സന്നദ്ധ സംഘടനകളിൽ നിന്നും ബാങ്കുകളിൽ നിന്നും മറ്റും ലോണെടുത്തും ലക്ഷങ്ങൾ മണ്ണിൽ മുടക്കുന്നത് . തൊണ്ടർ നാട് ഗ്രാമപഞ്ചായത്തിലെ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയും പ്രദേശത്തെ വാഴ കർഷകരിൽ ഒരാളുമായി പാരമ്പര്യ കർഷകർ കെ വി ഗണേഷ് സാക്ഷ്യപ്പെടുത്തുന്നു : ഞാൻ ഒരു പാരമ്പര്യ കർഷക തൊഴിലാളി കൂടിയാണ് . ഞാൻ കൂടി കൃഷിപ്പണി എടുക്കുന്നതുകൊണ്ട് മാത്രം ഒരു വാഴയ്ക്ക് ഏകദേശം 200 രൂപ എന്ന കൃഷിച്ചെലവിൽ ഒതുങ്ങി കിട്ടുന്നുണ്ട് . കയ്യിൽ നിന്ന് പണം മുടക്കി കൂലിക്കാരെ ഏർപ്പാട് ചെയ്യുന്നവർക്ക് ഈ തുകയിൽ കൃഷി ചെലവ് ഒതുക്കാൻ സാധിക്കുകയില്ല .
ഇത്തവണ അപ്രതീക്ഷിതമായി കാറ്റ് വീശുമ്പോൾ എൻറെയും മറ്റു പ്രദേശവാസികളുടെയും വാഴകൾ കുലച്ചു തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ . മൂന്ന് ക്വാളിറ്റികൾ ആയിട്ടാണ് വ്യാപാരികൾ വാഴക്കുല ശേഖരിക്കുന്നത് . ഫസ്റ്റ്, സെക്കൻഡ് / പിന്നെ തേർഡ് അഥവാ ചാട്ട് . ഇത്തവണ ചാട്ട് ക്വാളിറ്റിയിലേക്ക് പോലും വിളഞ്ഞ് മൂപ്പ് എത്തിയ ഒരു വാഴക്കുല പോലും ഉണ്ടായിരുന്നില്ല . ഇത്തവണ എന്റെ ഗ്രാമത്തിലും ചുറ്റുവട്ടത്തുള്ള ഗ്രാമപ്രദേശങ്ങളിലും വാഴകൃഷി ചെയ്ത എല്ലാവരുടെയും 80 ശതമാനം വാഴകളും കാറ്റിൽ നശിച്ചു പോയിരിക്കുന്നു. വീഴാതെ ബാക്കി നിൽക്കുന്ന വാഴകളെ കാറ്റ് വട്ടം ചുഴറ്റി ഇലകളെല്ലാം നശിപ്പിച്ച് പകുതി പിഴുത അവസ്ഥയിലാണ് ബാക്കി വെച്ചിട്ടുള്ളത് . ആ വാഴക്കുലകൾ ഇനി മൂത്ത പാകമാകുമോ എന്ന കാര്യത്തിൽ ഒരു ഉറപ്പും പറയാൻ സാധിക്കുകയില്ല .
ഇതുവരെ ഞങ്ങൾ അനുഷ്ഠിച്ചു വന്ന കൃഷി രീതികൾ പ്രകാരം സാധാരണയായി ജൂലൈ മാസം പകുതി ഒക്കെ ആകുമ്പോഴേക്കും നട്ടിട്ടുള്ള നേന്ത്രവാഴകളിൽ 50 ശതമാനത്തോളം കായ്കൾ വിളഞ്ഞ് പാകമായി കുലവെട്ടി ചിപ്സ് പോലുള്ള കാര്യങ്ങൾക്കും കറി ഇനങ്ങൾക്കും ആയി കയറ്റി പോകാറുണ്ട് . അതിനുശേഷം ജൂലൈ മാസത്തിൽ സാധാരണ മൺസൂൺ അനുബന്ധിച്ചുള്ള കാറ്റും പെരുമഴയും വരികയും പ്രതീക്ഷിക്കുന്ന നാശനഷ്ടങ്ങൾ മാത്രം സംഭവിക്കുകയും അതിന് അനുസരിച്ചുള്ള മുൻകരുതൽ സ്വീകരിക്കാൻ സാധിക്കുകയും ചെയ്യാറുണ്ട് . പക്ഷേ ഇത്തവണത്തെ കൊടുങ്കാറ്റ് എല്ലാ പ്രതീക്ഷകളും തകർത്തു കളഞ്ഞു . എന്തു ചെയ്യും എന്ന ആശങ്കയിലാണ് ഞങ്ങൾ ഉള്ളത് .
🔥 വയനാടൻ വാഴക്കർഷകന് ഇനി അനിശ്ചിതത്വത്തിന്റെ നാളുകൾ ?!
🌐🌐🌐🌐🌐🌐🌐🌐🌐🌐🌐
മറ്റ് ഗതിയും ഗത്യന്തരവും ഇല്ലാതെയാകുമ്പോഴാണ് വയനാട് പോലെയുള്ള പ്രദേശങ്ങളിൽ ലഭ്യമാകുന്ന ഏറ്റവും അവസാനത്തെ ഉപജീവനമാർഗമായി കൃഷിയെ സ്വീകരിക്കുന്നത് . കുരങ്ങ്, പന്നി , കാട്ടാന തുടങ്ങിയ വന്യമൃഗങ്ങളുടെ ആക്രമണ ശേഷം ബാക്കി കിട്ടുന്ന കാർഷിക വിളവുകൾ വിപണനം ചെയ്തിട്ടാണ് മിക്ക വയനാടൻ കർഷകരുടെയും ഉപജീവനം മുന്നോട്ടു പോകേണ്ടത് . ജൂൺ ജൂലൈ മാസമായാൽ വയനാട്ടിൽ കൃഷിപ്പണി ചെയ്യുന്ന 90 ശതമാനം യുവാക്കളുടെയും വീടുകളിൽ കുട്ടികളുടെ വിദ്യാഭ്യാസത്തിൻറെ അധ്യയന വർഷത്തെ പ്രാരംഭ ചെലവായി തന്നെ ആയിരങ്ങൾ വേണ്ടിവരും . പഠന ഉപകരണങ്ങളുടെ ചെലവ് പിടിച്ചാൽ കിട്ടാത്ത രീതിയിലേക്ക് എത്തിക്കഴിഞ്ഞു . കൂടാതെ ചെറുതും വലുതുമായ സാംക്രമിക രോഗങ്ങൾ ഒക്കെ ബാധിച്ച് ആശുപത്രികളിൽ പോയാൽ ഏറ്റവും കുറഞ്ഞത് ആയിരം രൂപ കയ്യിൽ കരുതേണ്ടിവരും. ഗവൺമെന്റ് ആശുപത്രികളിലെ മെഡിക്കൽ സ്റ്റോറുകളും മറ്റും ഒന്നോ രണ്ടോ ഐറ്റം മാത്രം കുത്തിനിറച്ചിട്ടുള്ള ഒരു മെലോ ഡ്രാമയാണ് എന്ന് കർഷകർ പരാതിപ്പെടുന്നു. കൂടാതെ വീടിൻറെ അടുക്കളയിലേക്കുള്ള നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം പിടുത്തം വിട്ട രീതിയിലേക്കാണ് കുതിക്കുന്നത് . ഏറ്റവും അത്യാവശ്യം സാധനമായ വെളിച്ചെണ്ണ പോലും 350 രൂപയിൽ വട്ടം കളിക്കുന്നു. വയനാടൻ കർഷകനെ സംബന്ധിച്ച് സമൃദ്ധി എന്ന് പറയുന്നത് കടലാസിൽ കുട്ടികൾക്ക് എഴുതി പഠിക്കാനുള്ള ഒരു വാക്കു മാത്രമായി അവശേഷിച്ചിരിക്കുന്നു .
🔥 പാക്കേജുകൾ ഉറക്കത്തിലാണ് :
വാഗ്ദാനങ്ങൾ ചരമ ശയ്യയിലും
കൃഷിഭവൻ ഒരു കോമഡിയും
🌐🌐🌐🌐🌐🌐🌐🌐🌐🌐🌐
ഓരോ തെരഞ്ഞെടുപ്പ് കാലം വരുമ്പോഴും പ്രകടനപത്രികയിൽ കാണുന്ന ഏറ്റവും വലിയ വാഗ്ദാനങ്ങളിൽ ഒന്ന് കർഷകരെ സഹായിക്കാനുള്ള അക്ഷരഖണ്ഡികൾ ആയിരിക്കും . പക്ഷേ, പിന്നീട് തോൽവിയിൽ നിന്ന് തോൽവിയിലേക്ക് പോകുന്ന പടുതോൽവി ജന്മങ്ങളായി വയനാട്ടിലെ കർഷകർ പതുക്കെപ്പതുക്കെ രൂപാന്തരപ്പെട്ട് വരികയും ചെയ്യുകയാണ് എന്ന് സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിൽ വയനാടൻ കർഷകർ സാക്ഷ്യപ്പെടുത്തുന്നു . എമർജിങ് വയനാടും എക്സ്പ്ലോറിങ് അഗ്രികൾച്ചറൽ വയനാടുമെല്ലാം അതാത് കക്ഷി രാഷ്ട്രീയ കാലഘട്ടങ്ങളിലെ പ്രസംഗത്തിന് ഇടയിൽ പഞ്ചിങ് കൊടുക്കുന്ന ഡയലോഗുകൾ മാത്രമായി അവശേഷിക്കുന്നു . 2000 ആണ്ട് മുതൽ ഒരു പതിറ്റാണ്ട് കർഷക ആത്മഹത്യകളുടെ തുടർക്കഥകൾ മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കപ്പെടുകയും ചില പത്രങ്ങളിൽ അതിനുവേണ്ടി കോളങ്ങൾ അളന്നു മാറ്റിവെക്കുകയും ചെയ്തിട്ടുണ്ടായിരുന്നു . അത്തരം അവസ്ഥകൾ വരാതിരിക്കട്ടെ എന്ന് പ്രത്യാശിക്കാം . ബേങ്കുകളും കഴുകൻ കണ്ണുകളുമായി തീപ്പൊള്ളിയവൻറെ അണ്ണാക്കിൽ വെടിമരുന്ന് ഒഴിച്ച് തീക്കൊടുക്കാൻ ജപ്തി നോട്ടീസുകളും വാണിംഗ് നോട്ടീസുകളും ആയി കാത്തിരിക്കുന്നുണ്ട് . കർഷകരുടെ അഭിപ്രായപ്രകാരം ഇനിയങ്ങോട്ട് ഗ്രാമത്തിൽ ജോലിയുള്ളത് ജപ്തി കത്ത് കൊണ്ടു കൊടുക്കുന്ന പോസ്റ്റുമാന് മാത്രമായിരിക്കും . എത്രയും പെട്ടെന്ന് കാർഷിക വയനാടിനെ കൈപിടിച്ചു കയറ്റാൻ അധികൃതർ തയ്യാറായില്ലെങ്കിൽ ആവർത്തിക്കാൻ പോകുന്ന ദുരന്തങ്ങൾ കൈയും കണക്കും ഇല്ലാത്തതായിരിക്കും . അങ്ങനെ സംഭവിക്കാതിരിക്കട്ടെ
🌐🌐🌐🌐🌐🌐🌐🌐🌐🌐🌐🌐
(കമൻ്റുകൾ വ്യക്ത്യാധിഷ്ഠിതം)