
25/09/2025
-malayalam
1️⃣
രാവിലെ ഹാളിൽ ഇരുന്ന് പത്രം വായിക്കുകയായിരുന്നു ജയചന്ദ്രൻ. അൻപത് വയസ്സ് കഴിഞ്ഞു ജയചന്ദ്രന്. അപ്പോൾ അവിടേക്ക് ചായയുമായി ജയചന്ദ്രന്റെ ഭാര്യ രേണുക വന്നു.
"അഞ്ജലി നിന്നെ വിളിച്ചിരുന്നോ? എപ്പോഴാണ് വരുന്നത് എന്ന് പറഞ്ഞോ?"
ചായ കപ്പ് രേണുകയുടെ കൈയ്യിൽ നിന്ന് വാങ്ങി കൊണ്ട് അയാൾ ചോദിച്ചു.
"നാളെ രാവിലത്തെ ഫ്ലൈറ്റിൽ വരാമെന്നാണ് അവൾ ഇന്നലെ രാത്രി എന്നെ വിളിച്ചപ്പോൾ പറഞ്ഞത്."
"നാളെ അരുണിന്റെ വീട്ടുകാരോട് വരാൻ പറഞ്ഞിട്ടുണ്ട്. എയർപോർട്ടിൽ നിന്ന് അഞ്ജലിയെയും കൂട്ടിക്കൊണ്ട് ഞാൻ വരുമ്പോഴേക്കും അവർ ചിലപ്പോൾ എത്തും. പറ്റിയാൽ നാളെ തന്നെ അവളും അരുണും ആയുള്ള വിവാഹം നിശ്ചയിക്കണം. അവളുടെ വിവാഹം കഴിഞ്ഞാൽ മാത്രമേ എനിക്ക് മനസ്സമാധാനം കിട്ടും."
"ഇത്രയ്ക്ക് ധൃതി പിടിക്കണോ? നാളെ അവൾ വരുന്നതല്ലേ ഉള്ളൂ? പിന്നെ ഒരു ദിവസം നടത്തിയാൽ പോരെ?"
രേണുക ഭർത്താവിനെ നോക്കിക്കൊണ്ട് അൽപം പതർച്ചയോടെ ചോദിച്ചു.
"വിവാഹം കൂടുതൽ വച്ചു നീട്ടിയിട്ട് വേണം അവളും അർച്ചനയെ പോലെ എന്നെ നാണംകെടുത്താൻ. ഞാൻ ഏറ്റവുമധികം വിശ്വാസിച്ചിരുന്നത് എൻ്റെ മൂത്ത മകളെ ആയിരുന്നു. അനുസരണ ശീലവും അടക്കവും ഒതുക്കവും ഉള്ളവൾ ആണെന്ന് കരുതിയവൾ നമ്മുടെ കുടുംബത്തിന്റെ അഭിമാനവും അന്തസ്സും കളഞ്ഞ് കുടിച്ചത്. ഇനി എനിക്ക് ആരെയും വിശ്വാസമില്ല. ഇനി ഒരിക്കൽ കൂടി ഒരു അപമാനം നേരിടേണ്ടി വന്നാൽ അതിന് കാരണക്കാരി സ്വന്തം മകൾ ആണെങ്കിൽ പോലും ഞാൻ ക്ഷമിക്കില്ല ഈ ഭൂമിക്ക് മുകളിൽ ജീവനോടെ വെച്ചേക്കില്ല ഞാൻ അവളെ."
അയാൾ രോക്ഷത്തോടെ പറഞ്ഞു നിർത്തിക്കൊണ്ട് രേണുകയെ നോക്കി.
ഭർത്താവിന്റെ ആ നേരത്തെ ഭാവം കണ്ട് ഇനി കൂടുതൽ ഒന്നും പറയാതെ ഇരിക്കുന്നതാണ് നല്ലതെന്ന് കരുതി രേണുക അകത്തേക്ക് പോയി.
ബിസിനസുകാരനായ ജയചന്ദ്രന്റെയും ഹൗസ് വൈഫ് ആയ രേണുകയുടെയും മക്കളാണ് അർച്ചനയും അഞ്ജലിയും. അഞ്ജലി ഹൈദരാബാദിൽ ഫാഷൻ ഡിസൈനിംഗിന് പഠിക്കുകയാണ്. പഠനം കഴിഞ്ഞ് അഞ്ജലി അടുത്ത ദിവസം നാട്ടിലേക്ക് വരികയാണ്.
വർഷങ്ങൾക്കു മുൻപ് ജയചന്ദ്രന്റെ മൂത്തമകൾ അർച്ചനയുടെയും അരുണിന്റെയും വിവാഹം ഉറപ്പിച്ചതാണ്. പക്ഷേ കല്യാണത്തിന്റെ തലേ ദിവസം ജയചന്ദ്രന്റെ സുഹൃത്ത് രാജീവിന്റെ മകൻ വിഷ്ണുവിന്റെ കൂടെ അവൾ ഒളിച്ചോടി പോയി. അതോടെ അവരുടെ സൗഹൃദവും അവസാനിച്ചു.
രാജീവും ജയചന്ദ്രനും ഉറ്റ സുഹൃത്തുക്കൾ ആയിരുന്നു. അവരുടെ കുടുംബങ്ങൾ തമ്മിലും നല്ല ബന്ധമായിരുന്നു. ആ ഒളിച്ചോട്ടം തീരെ പ്രതീക്ഷിക്കാത്തത് ആയിരുന്നു. അത് രണ്ടും കുടുംബങ്ങളെയും ഏറെ തകർത്തു. അവർ തമ്മിലുള്ള ബന്ധത്തിന് വിള്ളൽ വീഴ്ത്തി. ഇപ്പോൾ അവർ ബദ്ധ ശത്രുക്കൾ ആണ്. വർഷം നാല് കഴിഞ്ഞിട്ടും ശത്രുതയ്ക്ക് ഒരു കുറവുമില്ല.
അർച്ചനയെ കുറിച്ചോ വിഷ്ണുവിനെ കുറിച്ചോ പിന്നെ ആരും അന്വേഷിച്ചില്ല. അവരും വരികയോ സ്വന്തം വീട്ടുകാരെ വിളിക്കുകയോ ചെയ്തിട്ടില്ല.
അരുണിന്റെ വീട്ടുകാർ കല്യാണ തലേദിവസം പെൺകുട്ടി ഒളിച്ചോടിപ്പോയതിന്റെ പേരിൽ അവർക്കുണ്ടായ നാണക്കേടും അതിന്റെ പേരിൽ അവരുടെ മകനും മറ്റൊരു ബന്ധം വരുന്നില്ല എന്ന് പറഞ്ഞ് അർച്ചന ചെയ്ത തെറ്റിന്റെ പ്രായശ്ചിത്തമായി അഞ്ജലിയുമായി അവരുടെ മകൻ്റെ കല്യാണം നടത്തണമെന്ന് ആവശ്യപ്പെട്ടു.
വേറെ നിവൃത്തിയില്ലാത്തതുകൊണ്ട് ജയചന്ദ്രനും അത് സമ്മതിച്ചു. മൂത്ത മകളുടെ ഒളിച്ചോട്ടത്തിന്റെ നാണക്കേട് അവരെപ്പോലെ അയാളെയും ബാധിച്ചത് കൊണ്ട് അഞ്ജലിയ്ക്കും മറ്റൊരു നല്ല ബന്ധം വരാനുള്ള സാധ്യത കുറവായത് കൊണ്ടും ജയചന്ദ്രൻ ആ വിവാഹത്തിന് സമ്മതിച്ചത്.
വിവാഹം ഉറപ്പിച്ചിട്ട് വർഷം രണ്ട് ആയി. അഞ്ജലിയുടെ പഠനം കഴിയാൻ കാത്തിരിക്കുകയായിരുന്നു.
???? ???? ???? ???? ????
"അഞ്ജു എന്താണ് നിന്റെ തീരുമാനം?"
അഞ്ജലിയെ നോക്കി വിശാൽ ചോദിച്ചു.
ഇരുപത്തിയാറ് വയസ്സ് ഉണ്ട് വിശാലിന്. അതിസുന്ദരനായ ചെറുപ്പക്കാരൻ. അവൻ്റെ മുഖത്ത് ഗൗരവം നിറഞ്ഞുനിന്നു.
റസ്റ്റോറന്റിൽ ആയിരുന്നു അവർ. അവിടെ തിരക്ക് വളരെ കുറവായിരുന്നു. വിശാലിന്റെ അഭിമുഖമായി ഇരിക്കുകയായിരുന്നു അഞ്ജലി. പകുതി കുടിച്ചു തീർത്ത ജ്യൂസ് ഗ്ലാസ് രണ്ടുപേരെയും മുന്നിലുണ്ടായിരുന്നു.
വിശാലിന്റെ ചോദ്യത്തിന് ഉത്തരം നൽകാതെ ജ്യൂസ് കുടിക്കൽ നിർത്തി. സ്ട്രോ പിടിച്ചു കൊണ്ട് ആലോചനയിൽ ആണ്ട് അവൾ ഇരുന്നു. വല്ലാത്ത മരവിച്ച ഭാവം ആയിരുന്നു അവളുടെ മുഖത്ത്. ആ ഭാവത്തിലും അവൾ സുന്ദരിയായിരുന്നു. നീണ്ട മൂക്കും വിടർന്ന കണ്ണുകളും ആരെയും ആകർഷിക്കുന്നത് ആയിരുന്നു.
ഒരു നിമിഷം വിശാൽ അവളെ തന്നെ നോക്കിയിരുന്നു.
"ഏതായാലും നീ ജ്യൂസ് കുടിക്ക്."
അവൻ പറഞ്ഞു കൊണ്ട് അവൻ്റെ ജ്യൂസ് കുടിക്കാൻ തുടങ്ങി.
"എനിക്കറിയാം എന്റെ മൗനം നിന്നെ എത്രത്തോളം ദേഷ്യം പിടിപ്പിക്കുന്നുവെന്ന്. പക്ഷേ വിശാൽ നിനക്കറിയാമല്ലോ എൻ്റെ അവസ്ഥ? രണ്ടുവർഷം മുൻപ് പറഞ്ഞു ഉറപ്പിച്ചതാണ് എൻ്റെയും അരുണിന്റെയും വിവാഹം. പഠനത്തിന്റെ പേര് പറഞ്ഞാണ് രണ്ടുവർഷം നീട്ടി വെക്കാൻ പറ്റിയത്. ഇനി എന്താണ് ചെയ്യേണ്ടത് എനിക്കറിയില്ല. ഞാൻ എന്താണ് ചെയ്യേണ്ടത്? ഒരു പോം വഴി നീ തന്നെ എനിക്ക് പറഞ്ഞ് താ. നീ പറയുന്നത് ഞാൻ അനുസരിക്കാം."
അവൾ നിസ്സഹായതയോടെ അവനെ ഉറ്റു നോക്കിക്കൊണ്ട് പറഞ്ഞു. അവളുടെ സ്വരം ചിലമ്പിച്ചിരുന്നു.
അഞ്ജലിയുടെ മനോവേദന അവളുടെ കണ്ണുകളിൽ നിന്ന് വിശാലിന് വായിച്ച് എടുക്കാമായിരുന്നു. വിശാലിന് കുറച്ചു കുറ്റബോധം തോന്നി. ഇത്ര പരുഷമായി പറയേണ്ട ആയിരുന്നു എന്ന്.
"Sorry അഞ്ജു. നിന്റെ അവസ്ഥ എനിക്ക് അറിയാഞ്ഞിട്ടല്ല. നീന്നെ നഷ്ടപ്പെടുത്താൻ എനിക്ക് വയ്യ. നിന്നെ മറന്ന് മറ്റൊരുത്തിയെ വിവാഹം കഴിക്കാനും നീ മറ്റൊരാളുടെ ഭാര്യയായി ജീവിക്കുന്നതും കാണാനും രണ്ടിനും എനിക്ക് പറ്റില്ല. I can't do that ."
അവൻ്റെ വാക്കുകളിൽ വേദന നിഴലിച്ചിരുന്നു. എങ്കിലും ഉറച്ചതായിരുന്നു അവൻ്റെ വാക്കുകൾ. അഞ്ജലിയ്ക്കും അറിയാം അവൻ്റെ സ്നേഹം ആത്മാർത്ഥമായിരുന്നു എന്ന്. ഒരു നേരംപോക്കോ തമാശയോ അല്ലായിരുന്നു എന്ന്.
"എനിക്കറിയാം വിശാൽ നീ എന്നെ എത്രത്തോളം സ്നേഹിക്കുന്നുണ്ടെന്ന്. എന്നെ നീ സ്നേഹിക്കുന്ന അത്രയും തന്നെ ഞാൻ നിന്നെയും സ്നേഹിക്കുന്നുണ്ട്. നീന്നെ മറന്നു മറ്റൊരാളെ വിവാഹം കഴിക്കാൻ എനിക്കും കഴിയില്ല. അച്ഛൻ്റെ അടുത്തു പറഞ്ഞു ഒരു ഗുണവുമില്ല നിനക്കറിയാമല്ലോ? ഞാൻ എന്താണ് ചെയ്യേണ്ടത്?"
ടേബിളിന്റെ മീതെ വച്ചിരുന്ന അവൻ്റെ കൈപ്പത്തിയുടെ മീതെ അവളുടെ കൈ അമർത്തി കൊണ്ട് അഞ്ജലി ചോദിച്ചു.
"നമുക്കൊരു വഴി കണ്ടെത്താം. നിന്റെ മനസ്സ് മാറാതിരുന്നാൽ മതി."
"ഒരിക്കലുമില്ല വിശാൽ. നീന്നെ മറന്നു മറ്റൊരാളെ വിവാഹം കഴിച്ചു ജീവിക്കാൻ ഞാൻ തയ്യാറാവില്ല. അങ്ങനെ വേണ്ടി വന്നാൽ ഞാൻ എൻ്റെ ജീവൻ അവസാനിപ്പിക്കും."
"നീ അങ്ങനെ ചിന്തിക്കുക ഒന്നും വേണ്ട നിന്റെ ജീവൻ അവസാനിപ്പിക്കേണ്ട അവസ്ഥ ഞാൻ വരത്തില്ല. നമ്മൾ സ്നേഹിച്ചത് ഒരുമിച്ച് ജീവിക്കാനാണ് മരിക്കാൻ അല്ല. നിന്റെ കഴുത്തിൽ ഒരാൾ താലി കെട്ടുന്നുണ്ടെങ്കിൽ അത് ഈ വിശാൽ ആയിരിക്കും. അത് ഞാൻ നിനക്ക് തരുന്ന വാക്കാണ്."
അവളുടെ കൈകളിൽ മുറുകെപ്പിടിച്ചുകൊണ്ട് അവളുടെ മുഖത്തേക്ക് തന്നെ നോക്കി അവൻ പറഞ്ഞു.
"നാളെ നീ നാട്ടിലേക്ക് പോവുകയല്ലേ? അവിടെവച്ച് കാണാനും സംസാരിക്കാനും അധികം പറ്റില്ലെന്ന് അറിയാവുന്നതുകൊണ്ടാണ് ഞാൻ ഇന്ന് ഇങ്ങോട്ട് വന്നത്. വിവാഹത്തിന്റെ കാര്യത്തിൽ നീ എതിർപ്പ് ഒന്നും പ്രകടിപ്പിക്കേണ്ട. നിനക്ക് വിവാഹത്തിന് താല്പര്യമില്ലെന്ന് തോന്നിയാൽ നിന്റെ അച്ഛൻ പിന്നെ നിന്നെ വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ അനുവദിച്ചില്ലെന്ന് വരാം. വല്ലപ്പോഴും പോലും കാണാനും സംസാരിക്കാനുള്ള അവസരം പോലും ഇല്ലാതായെന്ന് വരാം."
"അച്ഛന് സംശയം വരാതെ ഞാൻ എല്ലാം ശ്രദ്ധിച്ചു കൊള്ളാം."
അവർ പോകാനായി എഴുന്നേറ്റു. പുറത്തേക്ക് പോകാനായി എഴുന്നേറ്റ് അഞ്ജലി തിരിഞ്ഞു നിന്നു.
"നമ്മുടെ വിവാഹത്തിന് നമ്മുടെ വീട്ടുകാർ സമ്മതിക്കുമെന്ന് നിനക്ക് തോന്നുന്നുണ്ടോ?"
അവൾ വിശാലിനെ നോക്കി കൊണ്ട് ഒരു പ്രതീക്ഷയുമില്ലാതെ ചോദിച്ചു.
"ഒരിക്കലുമില്ല. അത് വെറും പകൽ സ്വപ്നം മാത്രമാണ്. നമ്മുടെ രണ്ടു വീട്ടുകാരുടെയും അനുഗ്രഹാശിസ്സുകളോടെ നമ്മുടെ വിവാഹം നടക്കുമെന്ന് ഒരു പ്രതീക്ഷയും എനിക്കില്ല."
"എന്നാൽ പിന്നെ കൂടുതൽ വച്ചു നീട്ടാതെ. എവിടെയെങ്കിലും പോയി വിവാഹം കഴിച്ചു ഒരുമിച്ച് ജീവിച്ചു കൂടേ? ഇപ്പോഴാണെങ്കിൽ നമ്മൾ അവരുടെ കൺവെട്ടത്ത് അല്ല. നാളെ ഞാൻ വരുമെന്ന് പ്രതീക്ഷയിൽ ഇരിക്കുകയാണ് എൻ്റെ വീട്ടുകാർ. ഞാൻ നാളെ വരാതിരിക്കുമ്പോൾ മാത്രമേ അവർ എനിക്ക് വേണ്ടിയുള്ള അന്വേഷണം തുടങ്ങുകയുള്ളൂ. അതിനോടകം നമുക്ക് എവിടെയെങ്കിലും പോയി രക്ഷപ്പെടാം."
അഞ്ജലി പ്രതീക്ഷയോടെ വിശാലിനെ തന്നെ നോക്കി.
"ഒരു ഒളിച്ചോട്ടവും അതിന്റെ പേരിൽ അവർക്കുണ്ടായ നാണക്കേടും കൂടി സഹിക്കാൻ നിന്റെ വീട്ടുകാർക്ക് കഴിയുമെന്ന് നിനക്ക് തോന്നുന്നുണ്ടോ? നിന്റെ അച്ഛനും അമ്മയും വല്ല കടുംകൈയും ചെയ്താൽ അത് താങ്ങാൻ നിനക്ക് കഴിയുമോ? കഴിയുമെങ്കിൽ ഈ നിമിഷം നീ പറഞ്ഞ പോലെ നമുക്ക് എവിടെയെങ്കിലും പോയി ജീവിക്കാം."
വിശാൽ അവളുടെ അടുത്തേക്ക് വന്നു കൊണ്ട് പറഞ്ഞു. അവൾ തലതാഴ്ത്തി. അവൻ അവളുടെ തോളിൽ കൈവെച്ചു. അവൾ തലയുയർത്തി അവനെ നോക്കി അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.
"ഏയ് നീന്നെ കരയിപ്പിക്കാൻ പറഞ്ഞതല്ല ഞാൻ. ഒരിക്കൽ കൂടി ഒരു അപമാനവും നാണക്കേടും നമ്മുടെ കുടുംബത്തിന് ഉണ്ടാക്കാം എന്നല്ലാതെ ഒരിക്കലും നമ്മുടെ പ്രശ്നത്തിന് ഒരു പരിഹാരം ആകില്ല. വാ നമുക്ക് പോകാം."
അത്രയും പറഞ്ഞ് അവൻ മുന്നിൽ നടന്നു. പിന്നാലെ അവളും പുറത്തേക്ക് നടന്നു.
???? ???? ???? ???? ????
അടുത്ത ദിവസം രാവിലെ അഞ്ജലിയും കൂടി എയർപോർട്ടിൽ നിന്ന് ജയചന്ദ്രന്റെ വൈറ്റ് സ്കോഡ കാറിൽ വരികയായിരുന്നു ജയചന്ദ്രൻ.
ഡ്രൈവർ ആയിരുന്നു വണ്ടി ഓടിച്ചിരുന്നത്. അഞ്ജലിയും ജയചന്ദ്രനും ബാക്ക് സീറ്റിൽ ആയിരുന്നു ഇരുന്നത്. ജയചന്ദ്രൻ മകളെ ഒന്ന് നോക്കി.
വീട്ടിലേക്കുള്ള യാത്രയിൽ ഉടനീളം അവർ രണ്ടുപേരും ഒന്നും സംസാരിച്ചില്ല.
കാർ പാലാട്ട് എന്ന രണ്ടുനില വീടിന്റെ കാർ പോർച്ചിലേക്ക് കയറ്റി നിർത്തി. കാറിന്റെ ഡോർ തുറന്ന് ജയചന്ദ്രൻ പുറത്തിറങ്ങി.
"അഞ്ജലി.."
തന്റെ ട്രോളി ബാഗുമായി അകത്തേക്ക് കയറുമ്പോൾ ജയചന്ദ്രൻ അഞ്ജലിയെ വിളിച്ചു. അഞ്ജലി തിരിഞ്ഞുനിന്ന് ചോദ്യം ഭാവത്തിൽ അച്ഛനെ നോക്കി.
"ഇന്ന് അരുണിന്റെ വീട്ടുകാർ വരും. ഇന്ന് തന്നെ നിങ്ങളുടെ വിവാഹത്തിന്റെ തീയതി നിശ്ചയിക്കാൻ ആണ് എൻ്റെ തീരുമാനം. ജ്യോത്സ്യരോടും വരാൻ പറഞ്ഞിട്ടുണ്ട്."
അച്ഛൻ്റെ വാക്കുകൾ കേട്ട് അഞ്ജലി ഞെട്ടി. അവളുടെ മുഖത്തെ ഭാവമാറ്റം അയാൾ ശ്രദ്ധിച്ചു. അത് ശ്രദ്ധിച്ചുകൊണ്ട് അയാൾ തുടർന്നു.
"ഏറ്റവും അടുത്ത് തന്നെ നിങ്ങളുടെ വിവാഹത്തിന്റെ മുഹൂർത്തം കുറിക്കണം. പറ്റിയാൽ ഒരു മാസത്തിനകം നിങ്ങളുടെ വിവാഹം നടത്താനാണ് എൻ്റെ തീരുമാനം."
അവളുടെ മറുപടി പ്രതീക്ഷിച്ചു കൊണ്ട് അയാൾ അവളെ രൂക്ഷമായി ഒന്ന് കൂടി നോക്കി.
അച്ഛൻ്റെ വാക്കുകൾ കേട്ട് അഞ്ജലിയുടെ മനസ്സ് ആകെ കലുഷിതമായിരുന്നു. എങ്കിലും അവൾ അത് പുറത്ത് ഭാവിച്ചില്ല. അവൾ സിറ്റൗട്ടിലേക്ക് കയറി.
"
നിന്റെ മനസ്സിലിരിപ്പ് ഒന്നും നടക്കുമെന്ന് വിചാരിക്കേണ്ട. എന്നെ നാണംകെടുത്താൻ ഇനി ഒരുത്തിയെയും ഞാൻ അനുവദിക്കില്ല. ഞാൻ നിശ്ചയിച്ച വിവാഹമേ നടക്കും. അരുൺ തന്നെ നിന്റെ കഴുത്തിൽ താലികെട്ടും."
അവൾക്ക് പിന്നാലെ സിറ്റൗട്ടിലേക്ക് കയറിയ ജയചന്ദ്രൻ ഉറച്ച സ്വരത്തിൽ തന്നെ തൻ്റെ അഭിപ്രായം വ്യക്തമാക്കി.
അകത്തേക്ക് കയറാൻ തുടങ്ങിയ അഞ്ജലി അച്ഛൻ പറയുന്നത് കേട്ട് അവിടെ തന്നെ സ്തംഭിച്ചു നിന്നു. അവൾ പതർച്ചയോടെ അച്ഛനെ നോക്കി.
തുടരും.
1️⃣ രാവിലെ ഹാളിൽ ഇരുന്ന് പത്രം വായിക്കുകയായിരുന്നു ജയചന്ദ്രൻ. അൻപത് വയസ്സ് കഴിഞ്ഞു ജയചന്ദ്രന്. അപ്പോൾ അവിടേക്ക...