28/06/2026
ദൈവത്തിന്റെ സ്വർണ്ണവും മനുഷ്യന്റെ പട്ടിണിയും: ഒരു പുഴയിൽ ഒടുങ്ങിയ നാല് ജീവനുകൾ
അവസാന ശ്വാസമെടുക്കും മുൻപ് അവർ ഒരുപക്ഷേ പല ദൈവങ്ങളുടെയും മുന്നിൽ കൈകൂപ്പി നിന്നിട്ടുണ്ടാകാം. പക്ഷേ, ഒരു ദൈവവും കണ്ണ് തുറന്നില്ല. കോടിക്കണക്കിന് രൂപയുടെ സ്വർണ്ണവും പണവും സുരക്ഷിതമായി പൂട്ടി വെച്ചിരിക്കുന്ന ദേവാലയങ്ങളുള്ള നാട്ടിലാണ് ഈ പട്ടിണിമരണങ്ങൾ നടക്കുന്നത്. കൊടിമരങ്ങളും ചവിട്ടുപടികളും സ്വർണ്ണം പൊതിഞ്ഞ് സംരക്ഷിക്കുന്നതിലൂടെ ദൈവത്തിന് എന്ത് പ്രയോജനമാണുള്ളത്? ദൈവത്തിന് എന്തിനാണ് ഇത്രയേറെ സ്വർണ്ണവും പണവും? ദുരിതമനുഭവിക്കുന്ന പാവങ്ങൾക്ക് ഈ സമ്പത്ത് വീതിച്ചു നൽകിയിരുന്നെങ്കിൽ ഇങ്ങനെയൊരു ദുരന്തം കേരളത്തിൽ ഉണ്ടാകുമായിരുന്നില്ല. ഒരോ പിഞ്ചുകുഞ്ഞിന്റെയും വിലാപത്തിൽ ദൈവത്തിന്റെ തന്നെ വിലാപമാണ് നാം കേൾക്കുന്നത്.
പിറവത്ത് മൂവാറ്റുപുഴയാറ്റിൽ ഒരു കുടുംബത്തിലെ നാലുപേർ ഒന്നിച്ച് ജീവനൊടുക്കിയ സംഭവം കേരളത്തിന്റെ മനസ്സാക്ഷിയെ ചുട്ടുപൊള്ളിക്കുകയാണ്. മരണത്തിന് തൊട്ടുമുമ്പ് കുട്ടികൾ ഹോട്ടലിൽ സന്തോഷത്തോടെ ഓടിനടക്കുന്ന സിസിടിവി ദൃശ്യങ്ങൾ നൊമ്പരത്തോടെയേ കാണാനാകൂ. പാലക്കാട് സ്വദേശി നാരായണൻ, കാഴ്ചപരിമിതിയുള്ള ഭാര്യ വിജി, ഇവരുടെ രണ്ടു വയസ്സുള്ള മകൻ, രണ്ടാം ക്ലാസുകാരിയായ മകൾ എന്നിവരടങ്ങുന്ന കുടുംബമാണ് ദാരിദ്ര്യം താങ്ങാനാവാതെ ജീവിതം അവസാനിപ്പിച്ചത്. വിജിയുടെയും ഇളയ കുഞ്ഞിന്റെയും നാരായണന്റെയും മൃതദേഹങ്ങൾ പുഴയിൽ നിന്ന് കണ്ടെത്തിക്കഴിഞ്ഞു. മൂത്ത മകൾക്കായുള്ള തിരച്ചിൽ പുഴയിൽ തുടരുകയാണ്. പോസ്റ്റ്‌മോർട്ടം നടപടികളിൽ മറ്റ് പരിക്കുകളോ സംശയങ്ങളോ ഇല്ലാത്തതിനാൽ ഇതൊരു ദാരിദ്ര്യ ആത്മഹത്യ തന്നെയെന്നാണ് പോലീസ് ഉറപ്പിക്കുന്നത്.
പിറവത്തെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച് ഇറങ്ങുന്ന ഇവരുടെ ദൃശ്യങ്ങൾ ഹൃദയഭേദകമാണ്. കുഞ്ഞിനെ തോളിലിരുത്തി, മകളുടെ കൈപിടിച്ച് നടക്കുന്ന നാരായണനും, മകളുടെ തോളിൽ പിടിച്ച് നടക്കുന്ന കാഴ്ചയില്ലാത്ത ഭാര്യ വിജിയും ആ സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. സ്ഥിരവരുമാനമില്ലാത്ത നാരായണൻ പലയിടങ്ങളിൽ നിന്നും കിട്ടുന്ന സഹായം കൊണ്ടാണ് കുടുംബം പുലർത്തിയിരുന്നത്. വാടക കൊടുക്കാനില്ലാതെ വന്നപ്പോൾ ഒരാഴ്ച മുൻപ് ഇവർക്ക് വീടൊഴിയേണ്ടി വന്നു. അങ്ങനെയാണ് ഇവർ കോതമംഗലം പോലീസ് സ്റ്റേഷനിൽ സഹായം തേടിയെത്തുന്നത്.
അവിടുത്തെ സ്റ്റേഷൻ ഹൗസ് ഓഫീസറും പോലീസുകാരും സ്വന്തം കൈയിൽ നിന്ന് പണമെടുത്ത് ഇവർക്ക് വസ്ത്രങ്ങളും ലോഡ്ജ് താമസവും ഒരുക്കി നൽകി. അതുകൊണ്ടും നിർത്താതെ നെല്ലിക്കുഴിയിൽ ഇവർക്കായി പുതിയൊരു വാടകവീടും കണ്ടെത്തി നൽകി. പോലീസുകാർ സ്നേഹത്തോടെ കണ്ടെത്തി നൽകിയ ആ പുതിയ വീട്ടിലേക്ക് താമസിക്കാൻ പോകേണ്ടിയിരുന്ന അതേ ദിവസമാണ്, എല്ലാ പ്രതീക്ഷകളും അവസാനിപ്പിച്ച് അവർ പുഴയുടെ ആഴങ്ങളിലേക്ക് നടന്നുപോയത്. ആ യാഥാർത്ഥ്യം ഈ ദുരന്തത്തിന്റെ വേദനയുടെ ആഴം കൂട്ടുന്നു.
ജീവിതത്തോട് പൊരുതിത്തോറ്റ് പുഴയുടെ ആഴങ്ങളിലേക്ക് മാഞ്ഞുപോയ ഈ നിർധന കുടുംബത്തിന് കണ്ണീരണിഞ്ഞ ആദരാഞ്ജലികൾ