04/04/2023
ഉമ്മ....
ജീവിത പാന്ഥാവിലെ കെടാവിളക്ക്........
അന്ത്യനിമിഷങ്ങളില്‍ ഉമ്മയോടൊപ്പം കൂട്ടിരുന്ന് ആവശ്യമായ ശുശ്രൂഷാകര്‍മങ്ങളും മതപരമായ ഉത്തരവാദിത്തങ്ങളും നിര്‍വഹിക്കാന്‍ കഴിയുക എന്നത് മക്കളെ സംബന്ധിച്ചിടത്തോളം ഒരു വലിയ ആശ്വാസമാണ്.
മാത്രമല്ല ഏതൊരു ഉമ്മയും ആഗഹിക്കുന്നതും അതായിരിക്കും.
ഇക്കഴിഞ്ഞ പുണ്യ റമദാൻ്റെ വെള്ളിയാഴ്ച രാവിൽ (മാർച്ച് 31) പന്ത്രണ്ട് മണിയോടടുത്ത് പ്രാര്‍ഥനകളുടെയും കലിമത്തുശ്ശഹാദയുടെയും സാന്നിധ്യത്തില്‍ പൊടുന്നനേ ഒരു ഉറക്കത്തിലേക്ക് എന്ന പോലെ ഉമ്മ നമ്മളെല്ലാവരുടെയും മുഖത്ത് നോക്കിക്കൊണ്ട് സങ്കടത്തോടെ വിരുമ്പിക്കൊണ്ട് ചെറു പുഞ്ചിരിയോടെ അല്ലാഹുവിന്റെ റഹ്മത്തിലേക്ക് യാത്രയായി.
ശാശ്വതമെന്നോണം നാം കരുതിപ്പോന്ന ഉമ്മ എന്ന വന്‍മരത്തിന്റെ തണല്‍ നീങ്ങുകയാണെന്നറിയാതെ കുടുംബാംഗങ്ങളെ കാര്യത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തുക എന്നത് വികാരനിര്‍ഭരമായ പ്രയത്‌നമായിരുന്നു.
നമ്മളെല്ലാം അല്ലാഹുവില്‍ നിന്നാണ്. അവങ്കലേക്ക് തന്നെയാണ് നമ്മുടെ മടക്കം. നിരന്തര സാന്നിധ്യത്തിന്റെയും പ്രാര്‍ഥനയുടെയും ഫലമെന്നോണം വളരെ ആയാസരഹിതമായ ഒരു യാത്രയായിട്ടാണ് ഞങ്ങള്‍ക്കതിനെ കാണാന്‍ കഴിഞ്ഞത്.
ഉമ്മയുടെ രോഗവും മരണവുമെല്ലാം മക്കള്‍ക്കും ബന്ധുക്കള്‍ക്കും പ്രത്യേകിച്ചും പേരമക്കള്‍ക്ക് വലിയ പാഠം തന്നെയാണ്.
രോഗം കടുത്ത അവസ്ഥയില്‍ ചിലപ്പോഴൊക്കെ ആലോചിച്ചുപോവും, റബ്ബേ, എന്തിനാണീ പരീക്ഷണം!
മരത്തില്‍ നിന്ന് ഇലകള്‍ കൊഴിഞ്ഞുപോവും പോലെ രോഗങ്ങള്‍ വഴി പാപങ്ങള്‍ നീങ്ങിപ്പോവും, ചൂളയിലെ ഇരുമ്പില്‍ നിന്ന് മാലിന്യം നീക്കപ്പെടുന്നപോലെ രോഗം പാപത്തെ നീക്കിക്കളയും, ഒരു മുള്ളു തറയ്ക്കുന്നതുപോലും നമ്മുടെ പാപങ്ങള്‍ കഴുകിക്കളയാന്‍ സഹായിക്കും എന്നിങ്ങനെയുള്ള പ്രവാചക വചനങ്ങള്‍ ഏറെ ആശ്വാസം നല്‍കുകയാണ്.
അവര്‍ക്ക് നല്‍കുന്ന സ്‌നേഹശുശ്രൂഷകള്‍ക്ക് ജിഹാദിന്റെ പ്രതിഫലമാണെന്നും പഠിപ്പിക്കപ്പെട്ടിട്ടുണ്ട്.
കൂടാതെ, ശയ്യാവലംബികളായ നമ്മുടെ മാതാപിതാക്കളോട് അവരുടെ പേരമക്കള്‍ കാണിക്കുന്ന സഹാനുഭൂതി ശുശ്രൂഷകള്‍ വളരെ ആശാവഹം തന്നെയാണെന്നും മനസ്സിലാക്കിയ ഒരു സന്ദര്‍ഭമായിരുന്നു ഇത്.
മിക്കവാറും ചെറുപ്പത്തില്‍ തന്നെ നമ്മുടെ കുട്ടികള്‍ രോഗീപരിചരണവും രോഗശാന്തി ശുശ്രൂഷകളും അറപ്പും മടിയുമില്ലാതെ പരിചയിക്കുകയും കണ്ടും കേട്ടും നിര്‍വഹിക്കുകയും ചെയ്യാനുള്ള പരിശീലനവും മനക്കരുത്തും നേടുന്നത് ഇത്തരം സാഹചര്യങ്ങളിലാണ്. നാളെ നമ്മള്‍ അവരുടെ ശുശ്രൂഷയില്‍ ഇതേ കിടക്കകളില്‍ കാലം കഴിച്ചുകൂട്ടേണ്ടിവരില്ലെന്നാര്‍ക്കറിയാം!
സ്വന്തം മക്കളേക്കാള്‍ സ്‌നേഹത്തിലാണ് നമ്മുടെ മാതാക്കള്‍ അവരുടെ പേരക്കുട്ടികളെ സംരക്ഷിച്ചുവരുന്നത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ അത് അവര്‍ തിരിച്ചുകൊടുക്കുന്നത് കാണുമ്പോള്‍ ഹൃദയം നിറയും എന്നതാണെന്റെ അനുഭവം.
എൻ്റെ മകൾ സലാമയും അനിയൻ്റെ മകൾ അൻഹയും അവരോട് മത്സരിച്ച് ഒരു പാട് സംശയങ്ങളോടെ സ്വയം ഉൾക്കൊള്ളാൻ മനസ്സിനെ പരുവപ്പെടുത്തി കൊച്ചു മകൾ സമീഹയും വല്ലിമ്മയെ നോക്കി വിജയിച്ചവരാണ്
അങ്ങനെ ചിന്തിക്കുമ്പോള്‍ രോഗവും കിടപ്പുമെല്ലാം നമ്മുടെ ജീവിതത്തിലും പ്രതിഫല നാളിലും നമുക്ക് അനുഗ്രഹമായി വര്‍ത്തിച്ചേക്കും.
രോഗവും മരണവുമെല്ലാം അനിവാര്യമാണെന്നു നാം വിശ്വസിക്കുമ്പോള്‍ പോലും അത് ഉമ്മമാരുടേതാവുമ്പോള്‍ ആ യാഥാര്‍ഥ്യം ഉള്‍ക്കൊള്ളാന്‍ എളുപ്പം കഴിയില്ല.
ഉമ്മ ഭാഗികമായി ശയ്യാവലംബിയാവുകയും ഓര്‍മകള്‍ മങ്ങിത്തുടങ്ങുകയും ചെയ്യുമ്പോള്‍ ഞാന്‍ മനസ്സിലാക്കി, കരുത്തോടെ ഉമ്മയുടെയും ഉപ്പയുടെയും റോളുകള്‍ ഒരുമിച്ച് നിര്‍വഹിച്ച, മിക്കവാറും ഒറ്റയ്ക്ക് കുടുംബം പുലര്‍ത്തിയ ഉമ്മയുടെ ജീവിതദൗത്യം പൂര്‍ത്തിയാവുകയാണെന്ന്. ഉമ്മ ഏറെ സ്‌നേഹിച്ച മക്കളും മരുമക്കളും പേരമക്കളും മാത്രമായി ഉമ്മയുടെ ഓര്‍മയുടെ ലോകം ചുരുങ്ങിക്കൊണ്ടിരുന്നപ്പോഴാണ് ഏത് ഇരുമ്പിന്റെ കരുത്തും ചോര്‍ന്നുപോവുന്ന മനുഷ്യാവസ്ഥകളെ നമ്മള്‍ അനുഭവിച്ചറിയുന്നത്.
ഉമ്മയെപ്പോലെ നമുക്കായി മാത്രം ജീവിച്ചുതീര്‍ത്ത ഉത്തമരായ നമ്മുടെ മാതാക്കള്‍ പലരും ഇന്നില്ല.
അങ്ങനെ ഒരു ലോകവും ഒരു ജീവിതവും ഉണ്ടാവുമെന്ന് നമ്മിലാരും നിനച്ചതല്ല. സ്‌നേഹത്തിന്റെ മാത്രമല്ല, ത്യാഗത്തിന്റെയും സഹനത്തിന്റെയും മനുഷ്യായുസ്സായിരുന്നു നമ്മുടെ ഉമ്മമാരുടെ ജീവിതമെന്ന് നാം തിരിച്ചറിയുക.
പ്രതിസന്ധികളെ എങ്ങനെ തരണം ചെയ്യാം, കുടുംബ ബന്ധങ്ങള്‍ എങ്ങനെ നിലനിര്‍ത്താം, ജീവിതത്തിലെ എളിമയും ലാളിത്യവും, എന്നിങ്ങനെ എല്ലാം പഠിപ്പിച്ചാണ് ഉമ്മ പോയത്. പ്രത്യേകിച്ച് പഴയ തലമുറയിലെ ഉമ്മമാര്‍. സദഖകളും ആരാധനകളും വായനയും പാരായണവുമായി ധന്യമായിരുന്നു ഉമ്മയുടെ ജീവിതം.
മാതാവ് എന്ന വിളക്കുമാടം അണഞ്ഞുപോവുമ്പോഴാണ് ഒരര്‍ഥത്തില്‍ നാം അനാഥരാവുന്നത് എന്ന്തോന്നുകയാണ്.
ജീവിതത്തിലെ വിശുദ്ധി പോലെയായിരുന്നു ഉമ്മയുടെ മരണം..! ഒരു വിശ്വാസിയുടെ അന്ത്യ സാക്ഷാത്കാരം....!!