27/06/2025
രണ്ട് മാസം കൊണ്ട്, ആഫ്രിക്കൻ ഭൂഖണ്ഡം കറങ്ങി, യു.കെ യുടെ കടലതിർത്തി വരെ മീൻ പിടിക്കാൻ പോകുന്ന കേരളത്തിലെ മത്സ്യബന്ധനതൊഴിലാളികൾ. എന്തിനിത്ര റിസ്കെടുക്കുന്നു എന്ന ചോദ്യത്തിന്, 'ആരും പോകാത്ത വഴികളിലൂടെ പോയാലേ മീൻ സുലഭമായി ലഭിക്കൂ' എന്നുത്തരം!
Read Here:-
കടലിലൊരു തുള്ളി ജലം;
Part - 01
ഒറ്റക്കൊരു യാത്ര!
11-02-2025
പതിവുപോലെ ഉപ്പയുടെ ആകുലതകളോടെയാണ് ഈ യാത്രയും തുടങ്ങുന്നത്. ഇത്തവണ പക്ഷേ മനസ്സില്ലാമനസ്സോടെയാണ് മൂപ്പര് എന്നെ യാത്രയാക്കുന്നത്. കാരണം മറ്റൊന്നുമല്ല. ഇതുവരെ ആരെങ്കിലുമൊക്കെ സഹയാത്രികരായി കൂടെയുണ്ടാവുമായിരുന്നു. ഇത്തവണ അതില്ല. ഞാനൊറ്റക്കാണ്. എന്തിനാണ് ഞാനിങ്ങനെയൊരു സാഹസത്തിന് മുതിരുന്നതെന്ന് പലരും ചോദിച്ചിട്ടുണ്ട്. കാരണം എനിക്കുമറിയില്ല! ഉൾവിളി വന്നാൽ പിന്നെ പോകാതിരിക്കാൻ പറ്റില്ലല്ലോ!?
"ഭക്ഷണം കഴിക്കണം, വെള്ളം നന്നായി കുടിക്കണം, നല്ല ശ്രദ്ധ വേണം, സുരക്ഷിതമല്ലാത്തിടത്ത് കിടന്നുറങ്ങരുത്," തുടങ്ങിയ ഓർമ്മപ്പെടുത്തലുകൾ. ഞാൻ വീട്ടിൽ നിന്നിറങ്ങുന്നതിന് മുന്നേ ഉപ്പ മദ്രസയിലേക്ക് ഇറങ്ങിപ്പോയി. ആ മനസ്സിന്റെ ഭാരം ഞാനറിയുന്നുണ്ട്!
ഉമ്മ രാവിലെ തന്നെ എണീറ്റുണ്ടാക്കിയ പത്തിരിയും, തക്കാളിക്കറിയും തിന്ന് ഞാനിറങ്ങി. ഇന്നതിന് ഭയങ്കര രസം! ഉമ്മയും കെട്ടിപ്പിടിച്ച് തൊണ്ടയിടറി യാത്രയാക്കി. "എല്ലാം ഖൈറാവട്ടെ!"
അക്ബർ രാവിലെ തന്നെ എന്നെയെടുത്ത് കോഴിക്കോട് റെയിൽവേ സ്റ്റേഷനിലിറക്കി, ടിക്കറ്റെടുത്ത്, രാവിലെ 8.35-ന്റെ എറണാകുളം പൂനെ എക്സ്പ്രസിൽ കയറ്റിവിട്ടു. സെക്കന്റ് ക്ലാസ്സിന്റെ ബെർത്തിൽ 340 രൂപയുടെ പൻവേൽ ടിക്കറ്റുമായി ഞാനള്ളിപ്പിടിച്ചിരുന്നു. ട്രെയിനിൽ ആവശ്യത്തിന് തിരക്കുണ്ട്.
തലശ്ശേരിയെത്തിയപ്പോൾ, ബെർത്തിൽ നിന്നും സീറ്റിലേക്കും, കണ്ണൂരെത്തിയപ്പോൾ സൈഡ് സീറ്റിലേക്കും പ്രൊമോഷൻ കിട്ടി. സഹയാത്രികരായി കുറച്ച് അന്യസംസ്ഥാന തൊഴിലാളികളാണ് കൂടെയുള്ളത്. ഗോവയിലെ മഡ്ഗോണിലേക്ക് പോകുന്നവർ. നാട്ടിൽ എകരൂലിൽ പണിയെടുക്കുന്നവർ. ഇടക്ക് പല സ്റ്റേഷനുകളിലായി കയറിയിറങ്ങുന്ന പലർ.
കഴിഞ്ഞ KLF-ന് വാങ്ങിയ 'അഗർത്ത' കൂടെയുണ്ട്. ഒരു തവണ വായിച്ചു തീർത്തതാണെങ്കിലും, ഒന്നുകൂടെ വായിക്കണമെന്ന് അതിയായി ആഗ്രഹിച്ച പുസ്തകമാണ്. വായിച്ചും, മിണ്ടിയും ആൾകൂട്ടത്തിൽ തനിയെയെന്നപോലെ എന്നെയും പേറി ട്രെയിൻ മുന്നോട്ട് പാഞ്ഞു.
ഉച്ചഭക്ഷണം വീട്ടിൽ നിന്നും പൊതിഞ്ഞെടുത്തിരുന്നു. വാഴയിലയിൽ ചോറും, ചെറുപയർ ഉപ്പേരിയും, ചമ്മന്തിയും, മുട്ട പൊരിച്ചതും തന്നുവിട്ടാണ് ഉമ്മ യാത്രയാക്കിയത്. ഇനിയീ കൈപ്പുണ്യമറിയണമെങ്കിൽ ദിവസമെത്ര കഴിയണം? അറിയില്ല! കഴിക്കുമ്പോൾ വെറുതെ കണ്ണൊന്നു നനഞ്ഞു.
ഇടക്ക് മംഗലാപുരത്ത് നിന്നും ഒരു മത്സ്യത്തൊഴിലാളി കയറി. വിഴിഞ്ഞം സ്വദേശിയാണ്. നാട്ടിൽ ചന്ദ്രന് ഏറ്റവും കൂടുതൽ വെളിച്ചമുള്ള പതിനാല് ദിവസം മീൻ കിട്ടാൻ പാടാണ്. അതിനാൽ ജോലി തേടി ഗോവയ്ക്ക് പോകുകയാണ് കക്ഷി. അവിടെ ചെളി കൂടുതലുള്ള പ്രശ്നമായതിനാൽ എല്ലായ്പ്പോഴും മീൻ കിട്ടുമത്രേ...
മത്സ്യത്തൊഴിലാളികളുടെ ജീവിതവും, മീൻ പിടിക്കാൻ ഉൾക്കടലിലൂടെ, കോസ്റ്റ് ഗാർഡിന്റെ കണ്ണുവെട്ടിച്ച് യു.കെ-യുടെ അതിർത്തി വരെ പോകുന്ന മുക്കുവന്മാരെക്കുറിച്ചൊക്കെ അയാൾ വാചാലനായി.
"പിടിച്ചാലെന്താവും അവസ്ഥ?" എന്റെ സംശയം ഞാൻ മറച്ചുവെച്ചില്ല.
"പിടിച്ചാൽ ജയിലിലാവും, അനധികൃതമായി യാത്ര ചെയ്തതിന് ആ നാട്ടിലെ നിയമനടപടി നേരിടേണ്ടിവരും!" അയാളുടെ വാക്കുകൾക്ക് ഒരു നിർവ്വികാരതയായിരുന്നു.
മീൻ വെട്ടി വിഴുങ്ങിയ പരിചയമല്ലാതെ, മത്സ്യബന്ധനവുമായി പുലബന്ധം പോലുമില്ലാത്ത എനിക്ക് ഇതെല്ലാം പുതിയ അറിവുകളായിരുന്നു. രണ്ട് മാസം കൊണ്ട്, ആഫ്രിക്കൻ ഭൂഖണ്ഡം കറങ്ങി യു.കെയുടെ കടലതിർത്തി വരെ മീൻ പിടിക്കാൻ വേണ്ടി മാത്രം പോകുന്ന കേരളത്തിലെ മത്സ്യബന്ധനതൊഴിലാളികൾ, എന്തിനിത്ര റിസ്കെടുക്കുന്നു എന്ന ചോദ്യത്തിന്, ''ആരും പോകാത്ത വഴികളിലൂടെ പോയാലേ മീൻ സുലഭമായി ലഭിക്കൂ'' എന്നായിരുന്നു അയാളുടെ ഉത്തരം!
മഡ്ഗോൺ കഴിഞ്ഞും ട്രെയിൻ മുന്നോട്ട് പാഞ്ഞുകൊണ്ടിരിക്കുന്നു. നേരമിരുട്ടിയിട്ടും ഇതുവരെ തിരക്ക് തീരെ കുറവാണ്. ചെറുതായി വിശന്നപ്പോൾ കൈയ്യിൽ കരുതിയിരുന്ന ബ്രഡും, പീനട്ബട്ടറും ചേർത്തൊരു പിടി പിടിച്ച ശേഷം വീണ്ടും കൈയ്യിലെ 'അഗർത്ത'യിലേക്ക് ഊളിയിട്ടു!
ട്രെയിനിൽ തിരക്കേറുന്നതിന് മുൻപ് ഞാനൊരു ബെർത്തിൽ കയറി കിടന്നു. പുസ്തകം വായിച്ച് തീർത്ത് ചെറുതായൊന്ന് മയങ്ങിപ്പോയി. വലിയ ബഹളം കേട്ടാണ് പിന്നീട് എഴുന്നേൽക്കുന്നത്. ട്രെയിനിൽ ആളുകൂടിയിരിക്കുന്നു. രത്നഗിരി സ്റ്റേഷനിലാണ് നിലവിൽ ട്രെയിനുള്ളത്. ഇനി രണ്ടു സ്റ്റേഷനപ്പുറം യാത്രയിലെ ആദ്യ ലക്ഷ്യസ്ഥാനമെത്തുകയാണ്. പൻവേൽ റെയിൽവേ സ്റ്റേഷൻ!
(തുടരും)
| Suhail Amina Muhammed