17/10/2025
ഒന്നാം ലോകയുദ്ധത്തിനുമുമ്പ് പ്രവർത്തനമാരംഭിച്ച ഇന്ത്യയിലെ ദേശീയവിപ്ലവകാരികൾ 1920കളുടെ ആദ്യമായിരുന്നു കമ്മ്യൂണിസ്റ്റുകാരായി മാറിയത്. പരസ്പരം സമ്പർക്കം പുലർത്തിയിരുന്ന രണ്ടു ഘടകം അവരെ സ്വാധീനിച്ചിരുന്നു: ഒന്നാമത്, ദേശീയ പ്രസ്ഥാനത്തിനുള്ളിൽ ഒന്നാം ലോകയുദ്ധത്തിന്റെ കാലത്തും അതിന് തൊട്ടുമുമ്പും മിതവാദികളായ നേതാക്കളും വിപ്ലവകാരികളായ അണികളും തമ്മിൽ ഉയർന്നുവന്ന സമരത്തിന്റെ അനുഭവം.
രണ്ടാമത്, ലോകമാസകലമുള്ള വിപ്ലവകാരികളെ എന്നപോലെ ഇന്ത്യൻ വിപ്ലവകാരികളെയും 1917 നവംബറിലെ റഷ്യൻ തൊഴിലാളിവർഗവിപ്ലവം ആവേശം കൊള്ളിച്ചു. ഒട്ടേറെ ഇന്ത്യൻ വിപ്ലവകാരികൾ ലോകത്തിലെ ആദ്യത്തെ തൊഴിലാളിവർഗ വിപ്ലവത്തിന്റെ നാട്ടിലേക്ക് ഏറെക്കുറെ ഒരു തീർഥയാത്രതന്നെ നടത്തി. ബുദ്ധിമുട്ട് നിറഞ്ഞ ഇത്തരമൊരു സംരംഭം ഏറ്റെടുക്കാത്തവർ ബോംബെയിലും കൽക്കത്തയിലും മദ്രാസിലും യുപി, പഞ്ചാബ് മേഖലയിലും ചെറിയ കമ്മ്യൂണിസ്റ്റ് ഗ്രൂപ്പുകൾക്ക് രൂപം നൽകി.
നിരവധി യൂറോപ്യൻ രാജ്യങ്ങളിലും അമേരിക്കയിലും ക്യാനഡയിലും മറ്റും പോയി പ്രവാസികളായി കഴിഞ്ഞിരുന്ന ഇന്ത്യൻ വിപ്ലവകാരികളെയും റഷ്യൻ വിപ്ലവം സ്വാധീനിച്ചു. അവരിൽ ചിലർ താഷ്കന്റ് (ഇന്നത്തെ ഉസ്ബെക്കിസ്ഥാൻ തലസ്ഥാനം) എന്ന സോവിയറ്റ് നഗരത്തിൽ കമ്യൂണിസ്റ്റ് പാർടി ഓഫ് ഇന്ത്യ എന്ന പേരിൽ പാർടി സംഘടിപ്പിക്കുന്നതിന് മുൻകൈയടുത്തു. 1920 ഒക്ടോബർ 17 നായിരുന്നു ആദ്യ യോഗം ചേർന്നത്. എം എൻ റോയ്, അബനി മുഖർജി, (ഇരുവരുടെയും ഭാര്യമാരും) മുഹമ്മദ് അലി, മുഹമ്മദ് ഷഫീഖ്, എം പി ബി ടി ആചാര്യ എന്നിവർ ആ യോഗത്തിൽ പങ്കെടുത്തു. ഷഫീഖിനെയാണ് സെക്രട്ടറിയായി തെരഞ്ഞെടുത്തത്. ഇന്ത്യക്ക് പുറത്തുവച്ചാണ് രൂപീകരിക്കപ്പെട്ടതെങ്കിലും നാട്ടിലുള്ള നിരവധി യുവ ഇന്ത്യൻ കമ്യൂണിസ്റ്റുകാരെ വിദ്യാഭ്യാസം ചെയ്യിക്കുന്നതിൽ ഈ പുതിയ സംഘടന ഒരുപാട് കാര്യങ്ങൾ ചെയ്തു. സ്വന്തം നാട്ടിൽ ജീവിക്കുകയും പ്രവർത്തിക്കുകയും ചെയ്തിരുന്ന കമ്യൂണിസ്റ്റുകാരുടെ നിരവധി കൊച്ചുകൊച്ചു ഗ്രൂപ്പുകൾക്ക് മാർക്സിസം-ലെനിനിസത്തിൽ ആദ്യമായി സൈദ്ധാന്തികവും പ്രായോഗികവുമായ വിദ്യാഭ്യാസം നൽകിയത് ആ സംഘടനയായിരുന്നു. അതുകൊണ്ട് ‘‘കമ്യൂണിസ്റ്റ് പാർടി ഓഫ് ഇന്ത്യ ആയി മാറിയതിന്റെ ആദ്യ അടിത്തറയായി താഷ്കന്റ് കമ്മിറ്റിയെ കണക്കാക്കാവുന്നതാണ്.
എന്നാൽ, ഇതിന് ഒരു പ്രധാന പോരായ്മയുണ്ട്. താഷ്കന്റ് കമ്മിറ്റി സ്വയം കമ്യൂണിസ്റ്റ് പാർടി ഓഫ് ഇന്ത്യ എന്ന് വിളിക്കുന്നുണ്ടെങ്കിലും അത് പ്രവർത്തിച്ചിരുന്നത്, അതിന്റെ ഓഫീസ് രാജ്യത്തിനുപുറത്തായിരുന്നു. ഈ കാരണത്താൽ, ഇന്ത്യൻ കമ്യൂണിസ്റ്റുകാരിൽ ഒരു വിഭാഗം താഷ്കന്റിൽ രൂപീകരിക്കപ്പെട്ട സംഘടനയെ കമ്യൂണിസ്റ്റ് പാർടി ഓഫ് ഇന്ത്യയുടെ അടിത്തറയായി കണക്കാക്കിയിരുന്നില്ല.