21/07/2025
ജനനായകൻ വി.എസ്. അച്യുതാനന്ദന് പ്രണാമം.....
കേരള രാഷ്ട്രീയത്തിലെ അതുല്യനായ നേതാവ്, സാധാരണക്കാരുടെ ശബ്ദം, മുൻ മുഖ്യമന്ത്രി സഖാവ് വി.എസ്. അച്യുതാനന്ദന്റെ നിര്യാണത്തിൽ കേരള പ്രവാസി സംഘം അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.
കേരളത്തിന്റെ സാമൂഹിക-രാഷ്ട്രീയ മേഖലകളിൽ മായാത്ത വ്യക്തിമുദ്ര പതിപ്പിച്ച വി.എസ്. എന്ന അതുല്യ വ്യക്തിത്വം, മനുഷ്യസ്നേഹത്തിൻ്റെയും , അർപ്പണബോധത്തിന്റെയും പ്രതീകമായിരുന്നു.
അദ്ദേഹത്തിന്റെ ജീവിതം തൊഴിലാളിവർഗ പോരാട്ടങ്ങൾക്കും ജനകീയ വിഷയങ്ങൾക്കും വേണ്ടിയുള്ള നിരന്തരമായ പോരാട്ടങ്ങൾക്ക് ഉഴിഞ്ഞുവെച്ചതായിരുന്നു. പരിസ്ഥിതി സംരക്ഷണം, അഴിമതിക്കെതിരായ നിലപാടുകൾ, സാധാരണ ജനങ്ങളുടെ പ്രശ്നങ്ങളിലുള്ള അടിയുറച്ച ഇടപെടലുകൾ എന്നിവയെല്ലാം അദ്ദേഹത്തെ കേരള ജനതയുടെ പ്രിയങ്കരനാക്കി മാറ്റി.
പ്രവാസി സമൂഹത്തിന്റെ ക്ഷേമത്തിലും വി.എസ്. എന്നും ശ്രദ്ധ പുലർത്തിയിരുന്നു. അവരുടെ പ്രശ്നങ്ങളെ അടുത്തറിഞ്ഞ് പരിഹാരങ്ങൾ കണ്ടെത്താൻ അദ്ദേഹം എന്നും മുന്നിട്ടിറങ്ങി.2009 ൽ പ്രവാസികൾക്ക് ക്ഷേമനിധിയും പെൻഷനും പ്രഖ്യാപിച്ചത് വി.എസ്.ഗവൺമെന്റായിരുന്നു.കേരള പ്രവാസി സംഘത്തിന്റെ ഒന്നാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തത് വി.എസ് ആയിരുന്നു..
ഒരു രാഷ്ട്രീയ നേതാവ് എന്നതിലുപരി, കേരളത്തിന്റെ മനസാക്ഷിയായി അദ്ദേഹം എന്നും നിലകൊണ്ടു.
വി.എസിന്റെ വിയോഗം കേരളത്തിന്, പ്രത്യേകിച്ച് ഇടതുപക്ഷ പ്രസ്ഥാനത്തിന്, നികത്താനാവാത്ത നഷ്ടമാണ്. അദ്ദേഹത്തിന്റെ ഓർമ്മകളും പോരാട്ടവീര്യവും വരും തലമുറയ്ക്ക് എന്നും പ്രചോദനമായിരിക്കും.
ഈ ദുഃഖത്തിൽ കുടുംബാംഗങ്ങളോടും അദ്ദേഹത്തെ സ്നേഹിക്കുന്ന ലക്ഷക്കണക്കിന് ജനങ്ങളോടും കേരള പ്രവാസി സംഘം ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു.
വി.എസിന്റെ ഓർമ്മകൾക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു.
എന്ന്
അഡ്വ: ഗഫൂർ പി ലില്ലീസ്
പ്രസിഡണ്ട്
ബാദുഷ കടലുണ്ടി
ജനറൽ സെക്രട്ടറി
കേരള പ്രവാസി സംഘം
സംസ്ഥാന കമ്മിറ്റി