16/09/2025
കോഴിക്കോടിന്റെ തനത് രുചിയായ കോഴിക്കോടൻ ഹൽവ
കോഴിക്കോടൻ ഹൽവയുടെ ഉത്ഭവം അറബ് വ്യാപാരികളുമായി ബന്ധപ്പെട്ടതാണെന്ന് കരുതപ്പെടുന്നു. സുഗന്ധവ്യഞ്ജന വ്യാപാരത്തിനായി കോഴിക്കോട് എത്തിയ അറബികളാണ് സാമൂതിരിക്ക് ഈ വിഭവം പരിചയപ്പെടുത്തിയതത്രെ. ‘മധുരം’ എന്ന് അർത്ഥം വരുന്ന ‘ഹൽവ്’ എന്ന അറബി വാക്കിൽ നിന്നാണ് ഹൽവ എന്ന പേര് വന്നതെന്നാണ് പറയപ്പെടുന്നത്. കോഴിക്കോട് നഗരത്തിലെ മിഠായിത്തെരുവ് (S.M. Street) ഹൽവ വിൽക്കുന്ന കടകൾക്ക് പേരുകേട്ടതാണ്. യൂറോപ്യൻ വ്യാപാരികൾ ഈ ഹൽവയെ “സ്വീറ്റ് മീറ്റ്” എന്ന് വിളിച്ചിരുന്നു.
പ്രത്യേകതകൾ
• ചേരുവകൾ: പരമ്പരാഗതമായി മൈദയും പഞ്ചസാരയുമാണ് പ്രധാന ചേരുവകൾ. എന്നാൽ ഇന്ന് അരിമാവ്, ശർക്കര എന്നിവ ഉപയോഗിച്ചും ഹൽവ ഉണ്ടാക്കാറുണ്ട്.
• വൈവിധ്യം: കോഴിക്കോടൻ ഹൽവ പലതരം രുചികളിലും നിറങ്ങളിലും ലഭ്യമാണ്. കൊപ്ര, കശുവണ്ടി, ബദാം തുടങ്ങിയവ ചേർത്തും പൈനാപ്പിൾ, ഇളനീർ, മാങ്ങ, വത്തക്ക തുടങ്ങിയ പഴങ്ങളുടെ രുചികളിലും ഹൽവ ഉണ്ടാക്കാറുണ്ട്.പച്ചമുളക് ഉപയോഗിച്ച് പോലും ഇപ്പോൾ ഹൽവ ഉണ്ടാക്കുന്നുണ്ട്.
ഹൽവ ഉണ്ടാക്കുന്നത് വളരെ ശ്രമകരമായ ഒരു പ്രക്രിയയാണ,പണ്ട് കാലത്ത് മണിക്കൂറുകളോളം ചെറിയ തീയിൽ വലിയ ഓട്ടുരുളികളിൽ തുടർച്ചയായി ഇളക്കിയാണ് ഇത് തയ്യാറാക്കുന്നത്. ഇത് ഹൽവയ്ക്ക് അതിന്റെ തനത് ഘടനയും രുചിയും നൽകുന്നു.എന്നാലിപ്പോൾ കുറേ machines ഒക്കെ ആയിട്ടുണ്ട്. കൂടുതൽ കാഴ്ചകൾ നമ്മുടെ വീഡിയോയിൽ ഉണ്ട്.
കോഴിക്കോടൻ ഹൽവയ്ക്ക് അതിന്റെ തനതായ മൃദുത്വവും മധുരവും ഉണ്ട്. ഇത് കട്ടിയുള്ളതും എന്നാൽ വായിലിട്ടാൽ അലിഞ്ഞുപോകുന്നതുമാണ്.
മൈദ കുഴച്ച് വെള്ളത്തിൽ ലയിപ്പിച്ച് മണിക്കൂറുകളോളം മാറ്റിവെച്ച ശേഷമാണ് ഹൽവയുടെ പാചക പ്രക്രിയ തുടങ്ങുന്നത്. ഈ മിശ്രിതത്തിലെ വെള്ളം ഊറ്റിക്കളഞ്ഞ ശേഷം, പഞ്ചസാര ചേർത്ത് തിളപ്പിക്കുന്നു. തുടർന്ന് എണ്ണയും നെയ്യും ചേർത്ത്, ഹൽവ പാകമാകുന്നതുവരെ തുടർച്ചയായി ഇളക്കിക്കൊണ്ടിരിക്കും. ഈ പ്രക്രിയ ഹൽവയുടെ ഗുണമേന്മയിൽ പ്രധാന പങ്ക് വഹിക്കുന്നു. ഇതിലേക്ക് ആവശ്യമായ അണ്ടിപ്പരിപ്പ്, ഏലയ്ക്ക, കളറുകൾ എന്നിവ ചേർക്കുന്നു. പാകമായാൽ, നെയ് പുരട്ടിയ ട്രേകളിലേക്ക് മാറ്റി തണുപ്പിച്ച് മുറിച്ചെടുക്കുന്നു.