24/12/2025
സാമ്പത്തിക പ്രതിസന്ധിയും ഭക്ഷ്യക്ഷാമവും: ബംഗ്ലാദേശ് വീണ്ടും ഇന്ത്യയുടെ സഹായം തേടുന്നു; 50,000 ടൺ അരി ആവശ്യപ്പെട്ടു
ധാക്ക: കടുത്ത സാമ്പത്തിക പ്രതിസന്ധിക്കും ഭക്ഷ്യധാന്യങ്ങളുടെ കരുതൽ ശേഖരത്തിലുണ്ടായ കുറവിനുമിടയിൽ ബംഗ്ലാദേശ് ഇടക്കാല സർക്കാർ വീണ്ടും ഇന്ത്യയുടെ സഹായം തേടി. 50,000 ടൺ അരി കുറഞ്ഞ നിരക്കിൽ നൽകണമെന്നാണ് ബംഗ്ലാദേശിന്റെ ആവശ്യം. അന്താരാഷ്ട്ര വിപണിയിലെ നിലവിലെ നിരക്കിനേക്കാൾ കുറഞ്ഞ വിലയ്ക്കാണ് ബംഗ്ലാദേശ് അരി ആവശ്യപ്പെട്ടിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ.
ഇന്ത്യൻ കമ്പനിയായ മെസേഴ്സ് ബഗദിയ ബ്രദേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് വഴി ടണ്ണിന് 456.67 ഡോളർ (ഏകദേശം 38,000 രൂപ) നിരക്കിലാണ് അരി ഇറക്കുമതി ചെയ്യാൻ ഉദ്ദേശിക്കുന്നത്. നവംബറിൽ മറ്റ് ഇന്ത്യൻ വിതരണക്കാർ കുറഞ്ഞ നിരക്കായി 477 ഡോളർ ആയിരുന്നു മുന്നോട്ടുവച്ചിരുന്നത്.
2024-ലും 2025-ന്റെ തുടക്കത്തിലും ബംഗ്ലാദേശ് സമാനമായ രീതിയിൽ ഇന്ത്യയോട് അരി ചോദിച്ചിരുന്നു. ഈ വർഷം ആദ്യം ഉണ്ടായ വൻ പ്രളയത്തിൽ ഏകദേശം 11 ലക്ഷം ടൺ അരി നശിച്ചതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്.
ഡിസംബർ പകുതിയോടെ ബംഗ്ലാദേശിലെ ഭക്ഷ്യധാന്യ ശേഖരം 11.48 ലക്ഷം ടണ്ണായി ചുരുങ്ങിയിരുന്നു. ഇതിൽ അരിയുടെ അളവ് 7.42 ലക്ഷം ടൺ മാത്രമാണ്.
സർക്കാർ സ്പോൺസർ ചെയ്യുന്ന ഭക്ഷ്യപദ്ധതികളിലൂടെ ഈ അരി വിതരണം ചെയ്യാനാണ് ലക്ഷ്യമിടുന്നത്. പണപ്പെരുപ്പം മൂലം വലയുന്ന സാധാരണക്കാർക്ക് ആശ്വാസം നൽകാനും വിപണിയിൽ അരിവില പിടിച്ചുനിർത്താനും ഇത് സഹായിക്കുമെന്ന് കരുതുന്നു.
ന്യൂനപക്ഷങ്ങളുടെ സുരക്ഷ, അതിർത്തി തർക്കങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ബന്ധം അല്പം അസ്വാരസ്യത്തിലാണെങ്കിലും, വ്യാപാര ബന്ധങ്ങളെ ഇത് ബാധിക്കില്ലെന്ന് ബംഗ്ലാദേശ് ധനകാര്യ ഉപദേഷ്ടാവ് ഡോ. സലാഹുദ്ദീൻ അഹമ്മദ് പറഞ്ഞു. വില കുറവാണെങ്കിൽ ഇന്ത്യയിൽ നിന്ന് തന്നെ ഇറക്കുമതി തുടരുമെന്നും അദ്ദേഹം പറഞ്ഞു.
സ്വകാര്യ വ്യാപാരികൾക്ക് നികുതിയില്ലാതെ അരി ഇറക്കുമതി ചെയ്യാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ട്. ഇന്ത്യയിൽ നിന്ന് 1.6 ദശലക്ഷം ടൺ അരി ഇറക്കുമതി ചെയ്യാനാണ് അനുമതി. കൂടാതെ മ്യാൻമർ, വിയറ്റ്നാം, പാകിസ്താൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും അരി എത്തിക്കാൻ ആലോചനയുണ്ട്.
അതേസമയം, ഇന്ത്യ ഈ ആവശ്യത്തോട് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. .