07/11/2025
അസമിലെ മുസ്ലിംകൾക്ക് സംഭവിച്ചതും കേരളത്തിൽ സംഭവിക്കാനിരിക്കുന്നതും…
വെള്ളാപ്പള്ളിക്ക് നമ്മൾ മറുപടി പറയണോ?
നമ്മളും ബിഷപ്പുമാരെപ്പോലെ തരംതാഴണോ?
മാർക്സിസ്റ്റുകാർ മലപ്പുറത്തിനെതിരെ നടത്തുന്ന ആക്ഷേപമൊക്കെ തിരിച്ചറിയാനുള്ള ശേഷി മലയാളികൾക്കുണ്ട്….
നമ്മൾ സ്ഥിരം കേൾക്കുന്ന വർത്തമാനങ്ങളാണിത്.
ഇതേ ശബ്ദം മുമ്പ് കേട്ടത് അസമിലാണ്. ആദ്യം തീവ്ര ഹിന്ദു നേതാക്കൾ, പിന്നെ സംഘിയല്ല പക്ഷേകൾ. നുഴഞ്ഞു കയറ്റക്കാരെന്ന്, പെറ്റ് കൂട്ടുന്നവരെന്ന്, കള്ളപ്പണക്കാരെന്ന്, ലവ് ജിഹാദികളെന്ന് നിരന്തരം ആരോപിക്കപ്പെട്ടപ്പോൾ അവിടത്തെ സാഹിബ്മാരും പറഞ്ഞു “അതിനൊന്നും മറുപടി പറയാൻ പോകണ്ട, നമ്മൾ എന്താണ് ഇന്ന് ഈ നാട്ടിലെ മനുഷ്യർക്ക് അറിയാം”
ഇപ്പോൾ എന്തായി? 40 ശതമാനം മുസ്ലിംകളുള്ള, മുസ്ലിം മുഖ്യമന്ത്രിയുണ്ടായിരുന്ന അസമിൽ ഓരോ മുസ്ലിമും നുഴഞ്ഞു കയറ്റക്കാരനാണ്, മറ്റു സമുദായങ്ങൾക്ക് മുമ്പിൽ കുറ്റവാളികളുടെ മുഖമാണ് മുസ്‌ലിമിന്. അധികാരത്തിൻ്റെ പരിസരത്തെവിടെയും മുസ്‌ലിംകളില്ല. പള്ളികളും വീടുകളും ബുൾഡോസ് ചെയ്യപ്പെടുമ്പോൾ നമ്മൾ എന്താണെന്ന് ഇവർക്കറിയാമല്ലോ എന്നാശ്വസിച്ച ഒരാളും മിണ്ടുന്നില്ല. ആ സമുദായം പൂർണ്ണമായും അരികുവൽകരിക്കപ്പെട്ട് കഴിഞ്ഞു.
കേരളത്തിലും കൃത്യമായി ആസൂത്രണം ചെയ്ത പദ്ധതികളാണ് നടക്കുന്നത്. മറ്റു സമുദായങ്ങൾ ഇതൊന്നും വിശ്വസിക്കില്ല എന്നാശ്വസിക്കുന്നവർ അറിയണം. അവർ ഇതല്ല ഇതിലപ്പുറവും വിശ്വസിക്കും.
മദ്യവും മയക്കുമരുന്നും മുസ്ലിംകൾക്ക് നിഷിദ്ധമാണ് എന്ന് ആർക്കാണ് അറിയാത്തത്? പക്ഷേ മയക്ക് മരുന്ന് നൽകി മതം മാറ്റി ഇസ്ലാമിൽ ചേർത്താൽ മുസ്ലിംകൾക്ക് സ്വർഗ്ഗം കിട്ടും എന്ന് വിശ്വസിക്കുന്നത് സാധാരണക്കാരൻ മാത്രമല്ല, ബിഷപ്പ്മാർ മുതൽ റിട്ടയേഡ് ഐഎസ്എസ്കാർ വരെയാണ്. ലവ് ജിഹാദ് നുണയാണ് എന്ന് സകല അന്വേഷണ ഏജൻസികളും കോടതിയും പറഞ്ഞ ശേഷവും ലവ് ജിഹാദ് ഉണ്ട് എന്ന് വിശ്വസിക്കുന്ന ലക്ഷക്കണക്കിന് മനുഷ്യരുള്ള നാടാണ് കേരളം.
മുസ്ലിംകൾ ഖജനാവ് വാരിക്കൊണ്ട് പോകുന്നു എന്ന് വെള്ളാപ്പള്ളി പറയുന്നത് നിങ്ങൾ ചോദ്യം ചെയ്തില്ലെങ്കിൽ കുറെ പേരെങ്കിലും അത് വിശ്വസിക്കും, ശരിയായിരിക്കും അത് കൊണ്ടല്ലേ മറ്റവൻമാർ മിണ്ടാത്തത് എന്ന് നിഷ്പക്ഷർ ധരിക്കും, പതുക്കെ അവരും വിശ്വസിക്കും.
ലീഗ് ഭരിച്ചാൽ നമ്മൾ നാട് വിടേണ്ടിവരും എന്ന് പറയുമ്പോൾ ഹിന്ദുവും ക്രിസ്ത്യാനിയും ഭരിക്കുമ്പോൾ ഇല്ലാത്ത എന്ത് പ്രശ്നമാണ് മുസ്ലിം ഭരിക്കുമ്പോൾ ഇവിടെ ഉണ്ടായത് എന്ന് ആരും ചോദിച്ചില്ലെങ്കിൽ ചിലർ ലീഗിനെ ഭയപ്പെട്ട് തുടങ്ങും. അസമിൽ കണ്ട കാഴ്ചയാണ്.
മലപ്പുറത്ത് മുസ്ലിംകൾക്കിടയിൽ ഹിന്ദുക്കൾക്ക് ജീവിക്കാൻ പ്രയാസമാണ് എന്ന് പറയുമ്പോൾ, മലപ്പുറത്ത് കോപ്പിയടിച്ചാണ് വിജയിക്കുന്നത്, മലപ്പുറത്ത് പെറ്റ് പെരുകുന്നു എന്ന് ചിലർ പറയുമ്പോൾ അതിനെ നേരിട്ടില്ലെങ്കിൽ, മുസ്ലിംകളുടെ ആഘോഷങ്ങൾ നടക്കുമ്പോൾ മറ്റുള്ളവർക്ക് പച്ചവെള്ളം കിട്ടില്ല എന്ന് പറയുമ്പോൾ മലപ്പുറം കാണാത്തവരും മുസ്ലിംകളുമായി ഇടപഴകാത്തവരും അത് വിശ്വസിക്കും. ഹിന്ദു വർഗീയ സംഘടനയിൽ പെട്ടവർ പറയുന്നപോലെയല്ല മതേതര പൊന്നാട അണിയിക്കപ്പെടുന്നവർ പറയുന്നത്. അവർ വിശ്വസിക്കപ്പെടും.
ഈ പറഞ്ഞത് മനസ്സിലാകാതെ ഇതിന് താഴെയും സുഡാപ്പി മൗദൂദി വിളികളുകയായി വരുന്നവരിൽ ലീഗ്കാരും മാപ്ലാവുകളുമുണ്ടാകും. അവരോട് പരിഭവമില്ല. പടച്ചോൻ മനുഷ്യരെ പല കോലത്തിലാണല്ലോ സൃഷ്ടിക്കുന്നത്. പക്ഷേ ഒന്ന് നിങ്ങൾ ഉറപ്പിച്ചോ, അടുത്ത 20 വർഷം കഴിയുമ്പോൾ ഇന്ന് നിങ്ങളുടെ നേതാക്കൾ എടുത്ത നിലപാടുകളെ തള്ളിപ്പറഞ്ഞു കൊണ്ട് നിങ്ങളുടെ മക്കൾ വരും, അവർ അനുഭവിക്കേണ്ടി വരുന്ന നിന്ദ്യതയുടെ പേരിൽ ദുനിയാവിനെ സ്നേഹിച്ച് ആത്മാഭിനം നഷ്ടപ്പെട്ടു പോയ ഇന്നത്തെ നേതാക്കളെയും സ്വന്തം പിതാക്കന്മാരെയും അവർ ശപിക്കും.
ആവർത്തിച്ചു പറയട്ടെ, മുസ്ലിംകൾക്ക് എതിരെ നടക്കുന്ന വിദ്വേഷ പ്രചരണങ്ങളും ചാപ്പ കുത്തലുകളും ആസൂത്രിതമാണ്. വരുന്ന നിയമസഭാ തെരെഞ്ഞെടുപ്പിൽ ഹിന്ദു-ക്രിസ്ത്യൻ കൺസോളിഡേഷൻ ഉണ്ടാക്കി ഭരണം തുടരുക എന്ന പദ്ധതിക്കും അപ്പുറം അസാം മോഡലിൽ മുസ്ലിംകളെ അദൃശ്യവൽക്കരിക്കുക എന്ന വ്യക്തമായ പദ്ധതിയാണത്. ഇഞ്ചോടിഞ്ച് പൊരുതി നിന്നാൽ സത്യം എന്തെന്ന് നിരന്തരം പറഞ്ഞു കൊണ്ടിരുന്നാൽ, ആക്ഷേപകരെ തുറന്ന് കാണിച്ചു കൊണ്ടേയിരുന്നാൽ നിങ്ങളെ മനസ്സിലാക്കുന്ന ഒരു മതേതര സമൂഹം ഇവിടെ ബാക്കിയാകും, അവർ കൂടെ നിൽക്കും. ന്യൂയോർക്കിൽ സൊഹ്റാൻ മംദാനിക്കൊപ്പം നിന്നപോലെ. നമ്മൾ പിന്നോട്ട് വലിഞ്ഞാൽ നുണകളെ താണ്ഡവമാടാൻ വിട്ടാൽ അസം ഇവിടെ ആവർത്തിക്കുക തന്നെ ചെയ്യും.
കണ്ണ് തുറക്കാനും വേണമല്ലോ പടച്ചോന്റെ കൃപ.
-ആബിദ് അടിവാരം