31/05/2023
ഒരിക്കൽ ഈ രാജ്യത്തിന്റെ അഭിമാനമായിരുന്നവർ, ഈ രാജ്യത്തിന്റെ പതാക ലോകത്തിന്റെ നെറുകയിൽ സ്ഥാപിച്ചവർ, ഇന്ന് ഇതേ രാജ്യത്തിന്റെ തെരുവിൽ കിടന്ന് നീതിക്കായി മർദ്ദനങ്ങൾ ഏറ്റുവാങ്ങുന്നത് കാണുന്നത് ഓരോ പൗരന്റെയും കണ്ണുനനയിക്കുന്നത് തന്നെയാണ്. പക്ഷേ, ഭീതിപ്പെടുത്തുന്ന യാഥാർഥ്യം എന്തെന്നാൽ ഒന്നര മാസത്തോളമായി ഇന്ത്യയുടെ ഗുസ്തി താരങ്ങൾ തെരുവിൽ സമരം ചെയ്യുന്നതും അടികൊള്ളുന്നതും എന്തിനാണെന്ന് പോലും പലർക്കും അറിയില്ല എന്നതാണ്. മഹാരാജാവിന്റെ ചെങ്കോലിന്റെ പിന്നാലെ ഓടിക്കൊണ്ടിരിക്കുന്ന ഇന്ത്യൻ മാധ്യമങ്ങൾ വളരെ സമർത്ഥമായിത്തന്നെ പൊതുജനങ്ങളിൽ നിന്നും മറച്ചുവെക്കാൻ ശ്രമിക്കുന്ന യാഥാർഥ്യം. കേരളത്തിലേതോ ഒരു സ്ഥലത്ത് ആന ചെരിഞ്ഞെന്നും പറഞ്ഞു ഹൃദയം വേദനിച്ച ക്രിക്കറ്റ് രാജാവും ബ്ലാക്ക് ലിവ്സ് മാറ്ററിന് പിന്തുണയർപ്പിച്ച് കൊണ്ട് മുട്ടുകുത്തി നിന്ന ക്രിക്കറ്റ് ലോകവും, എന്തിന്.. ഈ രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ പുറത്തുനിന്നുള്ളവർ ഇടപെടേണ്ട എന്ന് ലോക കായികതാരങ്ങളോട് രോഷംകൊണ്ട ക്രിക്കറ്റ് ദൈവവും സ്വന്തം രാജ്യത്തെ ഗുസ്തി താരങ്ങൾ നീതിക്ക് വേണ്ടി കെഞ്ചുന്നത് കണ്ട മട്ടില്ല. പ്രതിസ്ഥാനത്ത് നിൽക്കുന്നത് അവർ താണ് കുനിഞ്ഞു വണങ്ങുന്നവർ തന്നെയാണ് എന്നത് തന്നെ കാരണം.
ഇന്ത്യൻ റെസ്ലിംഗ് ഫെഡറേഷൻ പ്രസിഡന്റും സർവോപരി ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ ഏതാണ്ട് ഒരു ദശകത്തോളമായി ഫെഡറേഷന് കീഴിലുള്ള വനിതാറെസ്ലർമാരെ ലൈംഗികമായി പീഡിപ്പിച്ചു, അതും പ്രായപൂർത്തിയെത്താത്തവർ ഉൾപ്പെടെ എന്ന മാരകമായ ആരോപണമാണ് ഉയർന്നുവന്നിട്ടുള്ളത്. പോക്സോ വകുപ്പ് ഉൾപ്പെടെയുള്ള കേസുകളിൽ ആരോപണം നേരിടുന്ന ബ്രിജ് ഭൂഷണ് എതിരെ ഒരു ചെറുവിരൽ അനക്കാൻ പോലും ബിജെപിയുടെ കാലിന്റെ അടിയിൽ കുനിഞ്ഞു നിൽക്കുന്ന ഇന്ത്യൻ നീതിന്യായ വ്യവസ്ഥ തയ്യാറായിട്ടില്ല എന്നത് തന്നെയാണ് ഗുസ്തി താരങ്ങളുടെ സമരത്തിന്റെ കാരണവും. രാജ്യത്തിന് വേണ്ടി അവർ പോരാടി നേടിയ മെഡലുകൾ ഗംഗയിലൊഴുക്കി പ്രതിഷേധിക്കും എന്ന് പറഞ്ഞപ്പോൾ അവർക്ക് പിന്തുണയുമായി വന്നത് ഇന്ത്യൻ ജനാധിപത്യത്തിന്റെ പോരാട്ട ചരിത്രത്തിലെ നാഴികക്കല്ലുകളായ കർഷക സമര പോരാളികൾ മാത്രം. ഗുസ്തി താരങ്ങളുടെ പോരാട്ടത്തിന് നീതികരമായ ഒരു അന്ത്യം കുറിക്കാൻ കഴിഞ്ഞില്ലെങ്കിൽ ലോകത്തിന് മുൻപിൽ ഇന്ത്യയ്ക്കും സർവ്വ ഇന്ത്യക്കാർക്കും നാണംകെട്ടു തലകുനിച്ചു നിൽക്കേണ്ടി വരും.