24/04/2020
*Ciesco online Reading* ചെറു ലേഖനം *ആശങ്കയോടെ പ്രവാസികൾ*
-പുന്നയൂർക്കുളം സെയ്‌നുദ്ദീൻ.
(മൂന്ന് പതിറ്റാണ്ടിലേറെയായി ദുബായിൽ ജോലി ചെയ്യുന്നു. കഥാകൃത്ത്, പ്രകൃതി നിരീക്ഷകൻ, സാംസ്കാരിക പ്രവർത്തനകൻ )
*അന്യദേശങ്ങളിൽ* ജോലി ചെയ്‌ത് ജീവിക്കുന്ന പ്രവാസികളെ അവർക്ക് ഒരു അത്യാപത്ത് വരുമ്പോൾ കോവിഡ് ഭയത്തിന്റെ പേരിലാണെങ്കിൽ പോലും സ്വന്തം നാട്ടിലേയ്ക്ക് തിരിച്ചു കൊണ്ട് വരാൻ ഇപ്പോൾ കഴിയില്ല എന്ന നിലപാട് ശരിയല്ല. അത്തരം ഒരു നിലപാട് സ്വീകരിക്കാൻ കഴിയുകയുമില്ല.
എമിരേറ്റ്സ് എയർലൈൻസ്, ഇത്തിഹാദ് എയർലൈൻസ് തുടങ്ങി വിമാന കമ്പനികൾ ആളുകളെ നാട്ടിലെത്തിയ്ക്കാം എന്നുറപ്പ് നൽകിയെങ്കിയും അത് സാധ്യമല്ല എന്ന നിലപാടിലായിരുന്നു കേന്ദ്ര സർക്കാർ. പ്രഥമ ദൃഷ്ട്യാ അത് ശരിയാണ്, കാരണം കൂട്ടത്തോടെ ആളുകൾ എത്തുമ്പോൾ അതാത് സംസ്ഥാനങ്ങളിൽ രോഗികളെയും അല്ലാത്തവരെയും ക്വാറന്റൈനിൽ വെയ്ക്കാനുള്ള സംവിധാനം സജ്ജീകരിക്കേണ്ടതുണ്ട്. അതിനാകട്ടെ വിവിധ സാസ്‌കാരിക സംഘടനകളും മറ്റും അവരുടെ മദ്രസ്സകളടക്കം സ്ഥാപനങ്ങൾ വിട്ടു നൽകാനും വേണ്ട സഹായ സഹകരങ്ങൾ നൽകാനും തയ്യാറായി കഴിഞ്ഞു.
കേരള സർക്കാർ ഇതിനകം നോർക്ക, പ്രവാസി വെൽഫയർ ഫണ്ട് മുതലായ വഴി കഴിയാവുന്ന സഹായങ്ങളുമായി മുന്നോട്ട് വന്നിട്ടുണ്ട്.
ഏകദേശം 25 ലക്ഷം മലയാളികളാണ് യു എ ഇ യിൽ ഉള്ളത്. മുപ്പത്തി നാല് ലക്ഷത്തി ഇരുപത്തിനായിരത്തിലധികം ഇന്ത്യാക്കാർ. 9.543 ദശ ലക്ഷം മാത്രമാണ് സ്വദേശികൾ എന്ന് മനസ്സിലാക്കേണ്ടതുണ്ട്. 4,123 ആളുകൾക്കാണ് ഇവിടെ ബാധിച്ചിട്ടുള്ളത് (15.04.2020 ന്റെ കണക്കനുസരിച്ച്) രോഗം ഭേദമായവർ 1034, മരിച്ചവർ 33. മൊത്തം അസുഖ ബാധിതർ 5365. യഥാർത്ഥത്തിൽ യു എ ഇ യിൽ രോഗത്തിന്റെ വളർച്ചയല്ല നിയന്ത്രണമാണ് കാണിക്കുന്നത്. വലിയ തോതിൽ സർക്കാറിൻെറയും സ്വകാര്യ ആരോഗ്യ മേഖലയിൽ നിന്നുള്ള മെഡിയോർ ഹോസ്‌പിറ്റൽ (ഇവരുടെ ഡോക്ടർ രോഹിത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പോലീസിന്റെ സഹായത്തോടെ നായിഫിൽ കഴിഞ്ഞ ദിവസങ്ങളിൽ കോവിഡ് 19 ശ്രവ പരിശോധനകൾ നടത്തിയിരുന്നു), കൂടാതെ പ്രൈം ആശുപത്രി, ആസ്റ്റർ ആശുപത്രി തുടങ്ങി പ്രമുഖ സ്ഥാപനങ്ങളും പൊതു പ്രവർത്തകരും രംഗത്തുണ്ട്.
പരിശോധന ത്വരിത ഗതിയിലാക്കിയതിന്റെ ഫലമായുള്ള നേരിയ ഉയർച്ചയാണ് കാണിക്കുന്നത്. യഥാർത്ഥത്തിൽ രോഗം നിയന്ത്രണ വിധേയമാണ് എന്നാണ് മെഡിക്കൽ വിദഗ്‌ധർ വിലയിരുത്തുന്നത്.
കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ഇൻഡ്യാക്കാർക്കിടയിൽ രോഗം കൂടുതലായി കാണപ്പെടുന്നു എന്നത് വസ്തുതയാണ്. വ്യവസായ മേഖലയിലെ ലേബർ കാമ്പുകളിൽ - പ്രത്യേകിച്ചും ദുബായിൽ- കൂടുതൽ ആളുകൾതിങ്ങിപ്പാർക്കുന്ന അവസ്ഥയുണ്ട്. ഒരു മുറിയിൽ ഏഴ് ആളുകൾ വരെ താമസിക്കുന്ന ക്യാമ്പുകളുമുണ്ട്. ഇതിൽ ഏറ്റവും വലിയ പ്രശ്നം ഒരാൾക്ക് അസുഖം തെളിഞ്ഞാൽ മറ്റ് ആളുകൾക്ക് ആശങ്കയാണ്. അവരെ ഐസൊലേറ്റ് ചെയ്യാനുള്ള സാഹചര്യം പരിമിതമാണ്. പലരും രോഗം തെളിഞ്ഞിട്ടും ഇങ്ങനെ താമസിക്കേണ്ട ഗതികേട് ഉണ്ട് എന്നും ചില തൊഴിലാളികൾ ചൂണ്ടിക്കാട്ടി.
ദുബായിയിൽ മുഴുവൻ ദിവസ കർഫ്യു തുടരുകയാണ്. ഏപ്രിൽ നാലിന് തുടങ്ങിയ ഈ അണു നശീകരണ യജ്ഞവും കർഫ്യുവും ഏപ്രിൽ 18 വരെയാണ് തുടരുക. അതിന് ശേഷം തീരുമാനം എങ്ങിനെയാണെന്ന് വ്യക്തമല്ല.
ഇന്ത്യൻ കോൺസുലേറ്റ്, നോർക്ക, പോലുള്ള സർക്കാർ സംവിധാനങ്ങളും കെ എം സി സി പോലുള്ള സന്നദ്ധ സംഘടനകളും രംഗത്തുണ്ട്. കോൺസുലേറ്റിന്റെയും നോർക്കയുടെയും പ്രവർത്തനങ്ങൾ സാധാരണക്കാരിലേക്ക് വേണ്ടത്ര എത്തുന്നില്ല എന്ന പരാതിയും ഉണ്ട്.
പല കമ്പനികളും തങ്ങളുടെ തൊഴിലാളികളെ പുറത്തു വിടാതെ ക്യാമ്പുകളിൽ പാർപ്പിച്ചിരിക്കുകയാണ്. കാ മ്പിന്റെ ഗേറ്റ് അടച്ചു കവലിനായി സെക്യൂരിറ്റികളും. അവർക്ക് വേണ്ട ആഹാരങ്ങൾ കമ്പനി എത്തിച്ചു നൽകുന്നുണ്ട്. കഴിഞ്ഞ രണ്ടു ദിവസമായി ബ്രേക്ക് ഫാസ്റ്റ് എത്തിച്ചു നൽകുന്നില്ല എന്നും ഒരു മലയാളി ജോലിക്കാരൻ പറഞ്ഞു.
ചില ചെറുകിട സ്ഥാപനങ്ങളിലെ ജോലിക്കാരുടെ കാര്യവും കഷ്ടമാണ്. പല കമ്പനികളും ശമ്പളം കുറച്ചു. പല കമ്പനികളും ശമ്പളമില്ലാത്ത അവധി കൊടുത്തിരിക്കുകയാണ്. പലർക്കും ആഹാരം എത്തിച്ചു നൽകുന്നത് സന്നദ്ധ സംഘടനകളാണ്. പലപ്പോഴും ആളുകൾ ഭക്ഷണം കിട്ടാതെ കഴിയുന്ന അവസ്ഥയുമുണ്ട്.
ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി ഒരു ലക്ഷം ദിർഹം നൽകി. ഇതിൽ അൻപതിനായിരം കെ എം സി സി യ്ക്കും ഇരുപത്തയ്യായിരം അബുദാബി ഇസ്ലാമിക് സെന്ററിനും ബാക്കി മറ്റു സന്നദ്ധ പ്രവർത്തകർക്കും. സഫാരി മാൾ ചെയർമാൻ അബൂബക്കർ മടപ്പാട്ട് കെ എം സി സി യ്ക്ക് ഒരു ലക്ഷം ദിർഹം നൽകി.
യു എ ഇ പോലുള്ള ഒരു ചെറിയ രാജ്യത്തിന് അതിന്റെ പരിമിതികളുണ്ട്. പരിമിതികൾക്കുള്ളിൽ നിന്ന് കൊണ്ട് തന്നെ അവർ മഹത്തായ സേവനങ്ങളാണ് ചെയ്യുന്നത്. അന്താരാഷ്ട്ര തലത്തിൽ കോവിഡ് 19 ടെസ്റ്റിന്റെ റാങ്കിങ്ങിൽ ആറാം സ്ഥാനത്തുണ്ട് യു എ ഇ.
വിസ കാലാവുധി കഴിയുന്നവർക്ക് വിമാന സർവീസ് തുടങ്ങുന്നത് വരെ പിഴ കൂടാതെ രാജ്യത്ത് തങ്ങാം. തുടങ്ങിയാൽ ഉടൻ തിരികെ പോകണം. അല്ലാത്ത പക്ഷം പിഴയും നിയമ നടപടികളുമുണ്ടാകും.
വിസ കാലാവധി കഴിയുന്നവരുടെ കാര്യത്തിലും വളരെ മനുഷ്യത്വ പരമായ സമീപനമാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്. വിസിറ്റ് വിസ, ടൂറിസ്ററ് വിസ, തൊഴിൽ വിസ, താമസ വിസ തുടങ്ങി എല്ലാ തരം വിസയ്ക്കും പിഴ അടയ്‌ക്കേണ്ടതില്ല. വിമാന യാത്ര ആരംഭിയ്ക്കുന്ന മുറയ്ക്ക് ആളുകൾക്ക് പിഴ അടയ്ക്കാതെ തന്നെ നാട്ടിലേയ്ക്ക് പോകാം. അതല്ല ഇവിടെ തുടരാനാണ് ആഗ്രഹിക്കുന്നതാണെകിൽ വിസിറ്റ് വിസയ്‌ക്കാർക്കങ്കിൽ യു എ ഇ യിൽ നിന്ന് കൊണ്ട് തന്നെ പുതിയ വിസിറ്റ് വിസയെടുത്ത് അതിലേയ്ക്ക് മാറാനുള്ള സാഹചര്യമുണ്ട്. രാജ്യത്ത് നിന്ന് കൊണ്ട് തന്നെ വിസ എടുക്കാനുള്ള ചെറിയ അധിക തുക നൽകണം. വിസ ലഭിയ്ച്ച ശേഷം പുതിയ വിസയിലേയ്ക്ക് ചേഞ്ച് സ്റ്റാറ്റസ് ചെയ്യണം ഇതിനും ചെറിയ തുക അടയ്ക്ണം. ഇത്തരം കാര്യങ്ങളെല്ലാം. ഓൺലൈനിൽ ചെയ്യാവുന്നതാണ്.
ടൂറിസ്ററ്, വിസിറ്റ് വിസകൾ എടുക്കുന്ന ട്രാവൽ ഏജൻസികളെ ബന്ധപ്പെട്ടാൽ അവർ എല്ലാം തന്നെ ഓൺലൈൻ ആയി ചെയ്‌ത് കൊടുക്കും. പാസ്പോർട്ട് കോപ്പിയും ഫോട്ടോയും ഇമെയിലോ വാട്സാപ്പോ ആയി അയച്ചു കൊടുത്താൽ വിസയും ചേഞ്ച് സ്റ്റാറ്റസും അവർ ചെയ്ത ശേഷം രണ്ട് ഡോക്യൂമെൻറ്കളും തിരികെ മെയിലിൽ അയക്കും. ഫീസും സർവീസ് ചാർജും അവരുടെ അക്കൗണ്ടിലേക്ക് ട്രാൻഫർ ചെയ്താൽ മതിയാകും. വിസ എടുത്താൽ മാത്രം പോരാ അത് പുതിയതിലേയ്ക്ക് (പഴയ വിസയിൽ നിന്ന് ) മാറ്റാനുള്ള ചേഞ്ച് സ്റ്റാറ്റസ് ഉറപ്പ് വരുത്തേണ്ടതാണ്. എങ്കിൽ മാത്രമേ പുതിയ വിസയിലേയ്ക്ക് മാറുകയുള്ളൂ. ചേഞ്ച് സ്റ്റാറ്റസ് ചെയ്തില്ലെങ്കിൽ പിഴ വരാനുള്ള സാധ്യതയുമുണ്ട്.
തങ്ങളുടെ പൗരന്മാരുടെ ആശങ്ക കണക്കിലെടുത്ത് പല രാജ്യങ്ങളും അവരുടെ തിരികെ പോകാൻ താല്പര്യമുള്ള ആളുകളെ കൊണ്ടുപോകാനുള്ള നടപടി നേരത്തെ തുടങ്ങി. ജർമ്മനി ഇതിനകം തന്നെ ആളുകളെ ചാർട്ടേർഡ് ഫ്‌ളൈറ്റിൽ കൊണ്ട് പോയി. പല രാജ്യങ്ങളും അവരുടെ പോകാൻ താൽപര്യമുള്ളവരെ ഓൺലൈൻ രജിസ്റ്റർ ചെയ്യിക്കുന്ന തിരക്കിലാണ്. പാകിസ്‌ഥാൻ അടക്കം.
ഈ സമയത്താണ് നമ്മുടെ സർക്കാർ ഉണർന്ന് പ്രവർത്തിക്കാതിരുന്നത്. ഇന്ത്യയിലെ യു എ ഇ സ്ഥാനപതി ഡൽഹിയിൽ നമ്മുടെ സർക്കാരിനെ അറിയിക്കുകയുമുണ്ടായി, പ്രത്യേക വിമാനം ഏർപ്പാട് ചെയ്‌ത് തിരിച്ചു പോകാൻ താൽപര്യമുള്ളവരെ തിരിച്ചയക്കാമെന്ന്. ദൗർഭാഗ്യ വശാൽ ഇന്ത്യൻ ഭരണ കൂടം അതിനോട് വിയോജിക്കുകയും ഇപ്പോൾ കൊണ്ട് വരാൻ ഉദ്ദേശിക്കുന്നില്ല, സാഹചര്യം ശരിയല്ല എന്നുമാണ് പറഞ്ഞത്. അതെ സമയം യു എ ഇ പോലുള്ള ഒരു ചെറിയ രാജ്യത്തിനെ എങ്ങിനെയാണ് തങ്ങളുടെ രാജ്യത്തെ പൗരന്മാരുടെ ഉത്തരവാദിത്വം ഏൽപ്പിക്കുക എന്നതിനെ കുറിച്ച് അവർ ചിന്തിക്കേണ്ടതായിരുന്നു. സ്വന്തം പൗരന്മാരെ കൊണ്ടു വരാൻ അവർ പറയുന്നതിന് മുമ്പ് തന്നെ താല്പര്യമെടുക്കേണ്ടതായിരുന്നു.
ഒടുവിൽ യു എ ഇ അധികൃതർ പറയേണ്ട സാഹചര്യം ഉണ്ടായി അതായത് ഏതെങ്കിലും രാജ്യം തിരികെ പോകാൻ ആഗ്രഹിക്കുന്ന തങ്ങളുടെ പൗരന്മാരെ കൊണ്ട് പോകുന്നില്ലെങ്കിൽ തൊഴിൽ കരാർ പുതുകാത്തിരിക്കുക, പ്രസ്‌തുത രാജ്യങ്ങളിൽ നിന്നുള്ള ആളുകൾക്ക് വിസ നൽകുന്നത് പരിമിതപെടുത്തുക ഇത്യാദി കാര്യങ്ങൾ. ഇത് പ്രാവർത്തികമായാൽ പ്രവാസികൾ ഗുരുതരമായ പ്രശ്നത്തിലാകും.
നമ്മുടെ സർക്കാരിന്റെ ഈ നിലപാടുകൾ വിദേശത്തു താമസിക്കുന്ന പൗരന്മാരുടെ അന്തസ്സിന് കോട്ടം തട്ടിക്കുന്നതാണ്. തിരികെ വരാൻ താൽപര്യമുള്ളവരെ എത്രയും പെട്ടെന്ന് കൊണ്ട് വരണം. എന്ന് വെച്ചാൽ പ്രവാസികളായ എല്ലാ ആളുകളും തിരികെ വരും എന്നല്ല ഇതിനർത്ഥം. തിരികെ വരുന്നത് അസുഖ ബാധിതരുമല്ല. ആശങ്കയുള്ള കുറെ ആളുകളാണ്.
അതിൽ കൂടുതലും സൗദി അറേബ്യ, യു എ ഇ കുവൈറ്റ്, ഖത്തർ, ഒമാൻ തുടങ്ങി ഗൾഫ് രാജ്യങ്ങളിൽ നിന്നും യൂറോപ്പ് അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരുമാണ്. സാഹചര്യം മെച്ചപ്പെടുമ്പോൾ അവർ തിരികെ പോകുകയും ചെയ്യും.
എത്രയും വേഗത്തിൽ കേന്ദ്ര സർക്കാർ ഇതിനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് തെന്നെ പ്രത്യാശിക്കാം.
END