15/09/2026
ആനവണ്ടിയിൽ ഇലവീഴാപ്പൂഞ്ചിറ മുതൽ വാഗമൺ വരെ
ഒരു സ്വപ്നയാത്ര!!
ചില യാത്രകൾ നമ്മൾ പോകുന്ന സ്ഥലങ്ങളുടെ പേരുകൾ കൊണ്ട് മാത്രം ഓർമ്മിക്കപ്പെടാറില്ല. വഴിയിൽ കണ്ട കാഴ്ചകൾ കൊണ്ടും, ഒപ്പമുണ്ടായിരുന്ന മനുഷ്യരാലും, അറിയാതെ മനസ്സിൽ പിറന്ന ചില സൗഹൃദങ്ങൾ കൊണ്ടുമൊക്കെയാകും അവ പിന്നീട് ഓർമ്മകളുടെ പുസ്തകത്തിലെ ഏറ്റവും മനോഹരമായ ഏടുകളായി മാറുന്നത്.
ഇലവീഴാപ്പൂഞ്ചിറ മുതൽ വാഗമൺ വരെ ആനവണ്ടിയിൽ നടത്തിയ ഈ യാത്രയും അത്തരത്തിലൊന്നായിരുന്നു.
കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്ന് കേൾക്കുമ്പോൾ നമ്മുടെ മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്നത് പച്ചപുതച്ച മലനിരകളും വെള്ളച്ചാട്ടങ്ങളും കായലുകളും കടൽത്തീരങ്ങളുമൊക്കെയാണ്. എന്നാൽ ഇവയിൽ നിന്നെല്ലാം അൽപം വ്യത്യസ്തമായ, വാക്കുകൾക്ക് അതീതമായൊരു അനുഭവമാണ് ഇലവീഴാപ്പൂഞ്ചിറ സമ്മാനിക്കുന്നത്.
മലകൾക്കിടയിൽ പരന്നുകിടക്കുന്ന വിശാലമായ പുൽമേടുകൾ, തലയ്ക്കു മുകളിലൂടെ ഓടിയെത്തുന്ന മേഘങ്ങൾ, മുഖത്തേക്ക് ആഞ്ഞുവീശുന്ന തണുത്ത കാറ്റ്, ആകാശത്തോളം ഉയർന്നുനിൽക്കുന്ന മലനിരകൾ...
ഇതെല്ലാം ചേരുമ്പോൾ ഇലവീഴാപ്പൂഞ്ചിറ ഒരു കേവല വിനോദസഞ്ചാര കേന്ദ്രമല്ലാതാകുന്നു. അനുഭവിച്ചറിയേണ്ട ഒരു പ്രകൃതിയുടെ കവിതയായി അത് മനസ്സിൽ അലിഞ്ഞുചേരുന്നു.
എന്നാൽ ഇത്തവണ ആ പ്രകൃതിയുടെ കവിതയിലേക്കുള്ള ഞങ്ങളുടെ യാത്ര കുറച്ചുകൂടി പ്രത്യേകതയുള്ളതായിരുന്നു.
ആനവണ്ടിയിലായിരുന്നു യാത്ര.
രാത്രിയുടെ ചിറകിലേറി...
കോഴിക്കോട് ഡിപ്പോയിൽ നിന്ന് 'ഉല്ലാസയാത്ര' എന്ന ബോർഡും വച്ച് കെ.എസ്.ആർ.ടി.സിയുടെ ആനവണ്ടി പതുക്കെ മുന്നോട്ട് നീങ്ങി.
കൂട്ടിന് എന്റെ പ്രിയസുഹൃത്ത് അനിലുമുണ്ട്. ഞങ്ങളെ സുരക്ഷിതമായി ലക്ഷ്യസ്ഥാനങ്ങളിലേക്ക് നയിക്കാനുള്ള സാരഥികളായി ശ്രീജിത്തേട്ടനും ഷംസുദ്ധീൻ ഇക്കയും.
ബസ് നഗരവെളിച്ചങ്ങളെ പിന്നിലാക്കി പതുക്കെ മുന്നോട്ട് നീങ്ങിയപ്പോൾ, യാത്രയുടെ ആവേശം ഓരോ മുഖത്തും തെളിഞ്ഞുനിന്നു. അധികം വൈകാതെ ശ്രീജിത്തേട്ടൻ മൈക്ക് കൈയിലെടുത്തു.
പരസ്പരം അപരിചിതരായിരുന്ന യാത്രക്കാരെ പരിചയപ്പെടുത്തിക്കൊണ്ടായിരുന്നു തുടക്കം.
അത് വെറും പരിചയപ്പെടൽ ചടങ്ങായിരുന്നില്ല.
അപരിചിതർ പതുക്കെ പരിചിതരാകുന്ന, പരിചിതർ ഒടുവിൽ സ്വന്തം ആളുകളായി മാറുന്ന ഒരു യാത്രയുടെ തുടക്കമായിരുന്നു അത്.
പിന്നെയങ്ങോട്ട് ബസ്സിനുള്ളിൽ പാട്ടിന്റെയും ചിരിയുടെയും വസന്തമായിരുന്നു.
വഴിയോരത്തെ ഒരു ചെറിയ ഹോട്ടലിന് മുന്നിൽ ബസ് നിർത്തിയപ്പോൾ, രാത്രിയുടെ തണുപ്പിനൊപ്പം ഞങ്ങളെ വരവേറ്റത് ഒരു ചൂടുള്ള കട്ടൻ കാപ്പി.
ആ കാപ്പിയുടെ ചൂട് ശരീരത്തിലേക്കു മാത്രമല്ല, യാത്രയുടെ ആവേശത്തിലേക്കും പടർന്നു.
വീണ്ടും വണ്ടി മുന്നോട്ട്...
ആനവണ്ടിയുടെ ആടിയുലഞ്ഞുള്ള താളത്തിനൊപ്പം എപ്പോഴോ കണ്ണുകൾ അടഞ്ഞുപോയി.
പുലർച്ചെ ഉണർത്തിയ രാമപുരം..
ഉറക്കത്തിന്റെ പാതിവഴിയിൽ നിന്ന് ഞാൻ കണ്ണുതുറന്നപ്പോൾ ബസ് കോട്ടയത്തെ രാമപുരത്ത് എത്തിയിരുന്നു.
കെ.എസ്.ആർ.ടി.സി ഏൽപ്പിച്ച സുരക്ഷിതമായ ഒരു ഹോട്ടലിലാണ് താമസം. സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം വിശാലമായ ഡോർമിറ്ററികൾ.
"രാവിലെ ആറേ പതിനഞ്ചിന് എല്ലാവരും കുളിച്ച് റെഡിയാകണം..."
ശ്രീജിത്തേട്ടന്റെ അറിയിപ്പ് എത്തിയതോടെ ഞാനും അനിലും പിന്നെ ഉറങ്ങാൻ തുനിഞ്ഞില്ല.
കുളിച്ച് റെഡിയായി അതിരാവിലത്തെ തണുപ്പും നിശ്ശബ്ദതയും ആസ്വദിച്ച് ബസ്സിൽ തന്നെ വന്നിരുന്നു.
കൃത്യസമയത്ത് എല്ലാവരും വണ്ടിക്കരികിലെത്തി.
അതിരാവിലത്തെ പ്രാതൽ അടുത്തുള്ള ചരിത്രപ്രസിദ്ധമായ രാമപുരം സെന്റ് അഗസ്റ്റിൻ സീറോ മലബാർ പള്ളിക്ക് സമീപമുള്ള ഒരു ഹോട്ടലിലായിരുന്നു.
ചൂടുള്ള ഭക്ഷണം.
വിശപ്പ് തീർന്നു.
മനസ്സും നിറഞ്ഞു.
പ്രാർത്ഥനയുടെ ശാന്തത നിറഞ്ഞ പള്ളിയിലൂടെ ഒരു ചെറിയ സന്ദർശനം കൂടി നടത്തി, ഞങ്ങളുടെ ആദ്യ ലക്ഷ്യസ്ഥാനമായ ഇലവീഴാപ്പൂഞ്ചിറയിലേക്കുള്ള യാത്ര വീണ്ടും തുടങ്ങി.
മല കയറുന്ന വഴികളിൽ...
വളഞ്ഞും പുളഞ്ഞും നീങ്ങുന്ന പാതകളിലൂടെ ആനവണ്ടി പതുക്കെ മല കയറാൻ തുടങ്ങി.
വഴിയരികിലെ ഓരോ കാഴ്ചയ്ക്കും ഒരു കഥയുണ്ടെന്ന് തോന്നുന്ന സമയം.
അങ്ങനെ പോകുന്നതിനിടെയാണ് മമ്മൂട്ടി അതിഥി വേഷത്തിൽ എത്തിയ 2007-ലെ “കഥ പറയുമ്പോൾ” എന്ന സിനിമയുടെ ഓർമ്മകൾ ഉണർത്തുന്ന മേലുകാവ് പ്രദേശത്തെത്തിയത്. 'ബാർബർ ബാലൻ' എന്ന ശ്രീനിവാസന്റെ കഥാപാത്രത്തെ ഓർമ്മിപ്പിക്കുന്ന ആ ശാന്തമായ അങ്ങാടി — കുറച്ച് ചെറിയ കടകൾ മാത്രം, വലിയ തിരക്കുകളൊന്നുമില്ല.
നഗരങ്ങളിൽ നിന്ന് അകലെയുള്ള ഇത്തരം ഇടങ്ങളിലാണ് കേരളത്തിന്റെ മറ്റൊരു മുഖം ഒളിഞ്ഞിരിക്കുന്നത്.
കുറച്ച് മുന്നോട്ടുപോയതോടെ കയറ്റം കൂടുതൽ കുത്തനെയായി.
മലകൾ അടുത്തേക്ക്.
കാറ്റിന് തണുപ്പ് കൂടി.
ഇനിയങ്ങോട്ട് ആനവണ്ടിയുടെ വഴിയല്ല.
മുന്നോട്ടുപോകുന്തോറും റോഡിന്റെ സ്വഭാവം മാറിത്തുടങ്ങി.
കാഞ്ഞാറിലെത്തിയതോടെ ആനവണ്ടിയുടെ യാത്രയ്ക്ക് താൽക്കാലിക വിരാമം.
സമുദ്രനിരപ്പിൽ നിന്ന് ഏതാണ്ട് 3200 അടി ഉയരത്തിൽ, കോട്ടയം ജില്ലയുടെ മകുടമുടി എന്ന് വിളിക്കാവുന്ന ഇലവീഴാപ്പൂഞ്ചിറ ഞങ്ങളെ കാത്തിരിക്കുകയായിരുന്നു.
ഒരു ചിറ മാത്രമല്ല അത്.
മണക്കുന്നും മല, കടയത്തൂർ മല, തോണിപ്പാറ എന്നീ പടുകൂറ്റൻ മലനിരകൾ ചേർന്ന് തീർത്ത പ്രകൃതിയുടെ ഒരു കൂറ്റൻ കോട്ട.
ഇനിയങ്ങോട്ട്...
അഡ്വഞ്ചർ നിറഞ്ഞ ജീപ്പ് യാത്ര!
പാറക്കെട്ടുകൾക്കിടയിലൂടെ ഒരു ജീപ്പ് യാത്ര
ഞങ്ങൾക്കായി ജീപ്പുകൾ കാത്തുനിൽപ്പുണ്ടായിരുന്നു.
എട്ട് പേർ വീതം ഓരോ ജീപ്പിലും.
പാറക്കെട്ടുകൾ നിറഞ്ഞ ഓഫ് റോഡിലൂടെ ജീപ്പ് ആടിയുലഞ്ഞ് മുന്നോട്ട് നീങ്ങി.
ഓരോ കുലുക്കത്തിലും ചിരി.
ഓരോ വളവിലും ആവേശം.
മലകയറുന്ന ജീപ്പിന്റെ ശബ്ദത്തിനൊപ്പം യാത്രികരുടെ അഡ്രിനാലിനും ഉയർന്നുകൊണ്ടിരുന്നു.
ആ യാത്ര ഞങ്ങളെ ആദ്യം എത്തിച്ചത് മുനിയറ എന്ന ചെറുഗുഹയ്ക്കരികിലേക്ക്.
നൂറ്റാണ്ടുകളുടെ തണുപ്പുള്ള മുനിയറ
നട്ടുച്ചയ്ക്കുപോലും വെളിച്ചം കടന്നുവരാത്ത ഇരുണ്ട ഗുഹ.
മൊബൈൽ ഫോൺ ടോർച്ചിന്റെ നേരിയ വെളിച്ചത്തിൽ ഞങ്ങൾ പതുക്കെ അതിനുള്ളിലേക്ക് നൂണ്ടുകയറി.
ഗുഹയ്ക്കുള്ളിലെ വെള്ളത്തിൽ കാലുകൾ മുക്കിയപ്പോൾ...
ഐസുപോലെ തണുത്ത വെള്ളം ശരീരത്തിലാകെ ഒരു കുളിർ പടർത്തി.
നൂറ്റാണ്ടുകളുടെ പഴക്കം പേറുന്ന ഈ ഗുഹ പണ്ടുകാലത്ത് സന്യാസിമാർ തപസ്സിനായി ഉപയോഗിച്ചിരുന്ന ഇടമാണെന്നാണ് ഐതിഹ്യം.
ചരിത്രവും ഐതിഹ്യവും പ്രകൃതിയും ചേർന്ന ആ ഇരുണ്ട ഗുഹയിൽ നിന്ന് പുറത്തേക്കിറങ്ങുമ്പോൾ, ഒരു പഴയ കാലത്തിന്റെ വാതിൽ തുറന്ന് വീണ്ടും ഇന്നിലേക്ക് തിരിച്ചെത്തിയതുപോലെ തോന്നി. പുറത്തെ വെളിച്ചം പോലും കുറച്ച് നേരത്തേക്ക് അപരിചിതമായി തോന്നി.
ഇലവീഴാപ്പൂഞ്ചിറയുടെ ഐതിഹ്യങ്ങൾക്കിടയിൽ
വീണ്ടും ജീപ്പിൽ കയറി കുന്നിൻമുകളിലേക്ക്.
വഴിയിലുടനീളം പൂഞ്ചിറയുടെ ഐതിഹ്യങ്ങളെക്കുറിച്ചുള്ള ചിന്തകൾ.
പാണ്ഡവരുടെ ഓർമ്മകളിൽ ഇലവീഴാപ്പൂഞ്ചിറ..
മഹാഭാരതത്തിലെ പാണ്ഡവരുടെ വനവാസകാലത്ത് പാഞ്ചാലി നീരാട്ടിനിറങ്ങിയ തടാകമായിരുന്നു ഇതെന്നും, ദ്രൗപതിയുടെ സ്വകാര്യത സംരക്ഷിക്കാനായി ദേവേന്ദ്രൻ തടാകത്തിന് ചുറ്റും തീർത്ത സ്വാഭാവിക കവചമാണ് ഈ മൂന്ന് പടുകൂറ്റൻ മലകളെന്നുമൊക്കെയാണ് പ്രാദേശിക ഐതിഹ്യങ്ങൾ പറയുന്നത്.
ചരിത്രം എവിടെ അവസാനിക്കുന്നു, ഐതിഹ്യം എവിടെ തുടങ്ങുന്നു എന്നറിയാത്ത ഇത്തരം കഥകളാണ് പല യാത്രകളെയും കൂടുതൽ രസകരമാക്കുന്നത്.
'ഇല വീഴാത്ത' പൂഞ്ചിറ..
'ഇല വീഴാത്ത പൂഞ്ചിറ' — പേര് തന്നെ ഒരു കൗതുകമാണ്.
ചുറ്റുമുള്ള ഉയർന്ന മലനിരകളുടെ പ്രത്യേക ഭൂപ്രകൃതിയും ഇവിടെ വീശിയടിക്കുന്ന ശക്തമായ കാറ്റും കാരണം വലിയ മരങ്ങൾ അധികമായി വളരാറില്ല.
അങ്ങനെ മരങ്ങളിൽ നിന്ന് ഇലകൾ വീഴാത്ത ഇടം എന്ന അർത്ഥത്തിലാണ് ഇലവീഴാപ്പൂഞ്ചിറ എന്ന പേര് വന്നതെന്നാണ് പ്രാദേശിക വിശ്വാസം.
പേരിന് പിന്നിലെ കഥ എന്തായാലും, ആ പേര് ഈ പ്രദേശത്തിന് അത്രമേൽ യോജിച്ചിരിക്കുന്നു.
തുറന്ന മലഞ്ചെരിവുകൾ.
വിശാലമായ പുൽമേടുകൾ.
അതിരുകളില്ലാത്ത ആകാശം.
മേഘങ്ങളെ തൊട്ടോടുന്ന കാറ്റ്.
ഇലവീഴാപ്പൂഞ്ചിറ ശരിക്കും പ്രകൃതിയുടെ തുറന്ന പുസ്തകം തന്നെയാണ്.
ഉദയവും അസ്തമയവും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന അപൂർവ മലനിരകളിലൊന്നുകൂടിയാണ് ഇത്.
മഞ്ഞിന്റെ പുതപ്പിനുള്ളിൽ ഒരു പ്രഭാതം
ചിറ സന്ദർശിച്ചതിനുശേഷം വീണ്ടും കുന്നിൻമുകളിലേക്ക്.
ജീപ്പ് പാതിവഴി വരെ മാത്രം.
അവിടെനിന്ന് ബാക്കി ദൂരം നടന്നുകയറണം.
അപ്പോഴാണ് ഇലവീഴാപ്പൂഞ്ചിറയുടെ യഥാർത്ഥ ഭംഗി പൂർണമായി തുറന്നുകാട്ടിയത്.
ചുറ്റും പച്ചപ്പിന്റെ മയക്കുന്ന സൗന്ദര്യം.
താഴെ താഴ്വാരം മഞ്ഞിന്റെ വെള്ളപ്പുതപ്പിനുള്ളിൽ ആലസ്യത്തിൽ നിന്നുണരാതെ കിടക്കുന്നു.
"എന്തൊരു മോണിംഗ് വൈബ്!"
മനസ്സ് അറിയാതെ പറഞ്ഞു.
മലമുകളിൽ നിന്ന് നോക്കിയാൽ ദൂരെ മലങ്കര ഡാം സൈറ്റും മുട്ടം ടൗണുമൊക്കെ തെളിഞ്ഞുകാണാം.
അവിടെ നിൽക്കുമ്പോൾ നഗരത്തിലെ തിരക്കും ബഹളവുമെല്ലാം എത്രയോ ദൂരെയായിപോയതുപോലെ തോന്നി.
നമ്മുടെ പ്രശ്നങ്ങളും, തിരക്കുകളും, നഗരത്തിന്റെ ശബ്ദങ്ങളും എല്ലാം താഴെ എവിടെയോ ഉപേക്ഷിച്ചുവന്നതുപോലെ
മലമുകളിലെ ഒരു കൗതുകം — പോലീസ് ട്രാൻസ്മിറ്റർ സെന്റർ..
ഇലവീഴാപ്പൂഞ്ചിറയിലെ പ്രകൃതിഭംഗിക്കിടയിൽ തികച്ചും വ്യത്യസ്തമായൊരു കാഴ്ചയാണ് പോലീസ് ട്രാൻസ്മിറ്റർ സെന്റർ.
മലമുകളിലെ ഉയർന്ന പ്രദേശത്ത് സ്ഥാപിച്ചിരിക്കുന്ന ഈ ആശയവിനിമയ കേന്ദ്രം ഈ പ്രദേശത്തിന്റെ മറ്റൊരു മുഖം നമ്മെ പരിചയപ്പെടുത്തുന്നു.
വയർലെസ് ആശയവിനിമയ സംവിധാനങ്ങൾക്ക് ഉയർന്ന പ്രദേശങ്ങൾ നൽകുന്ന സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി പോലീസ് സംവിധാനത്തിന്റെ ആശയവിനിമയം സുഗമമാക്കുന്ന കേന്ദ്രമാണിത്.
ഒരു വശത്ത് മേഘങ്ങളും മഞ്ഞും പുൽമേടുകളും.
മറുവശത്ത് മനുഷ്യന്റെ സാങ്കേതികവിദ്യ.
പ്രകൃതിയും സാങ്കേതികവിദ്യയും ഒരേ മലമുകളിൽ കൈകോർക്കുന്ന കൗതുകകരമായ കാഴ്ച.
ഈ പ്രദേശം മലയാള സിനിമാപ്രേമികൾക്കും പരിചിതമാണ്. 'ഇലവീഴാപ്പൂഞ്ചിറ' എന്ന സിനിമയുടെ ചിത്രീകരണവുമായി ഈ മലനാട് ബന്ധപ്പെട്ടുകിടക്കുന്നു.
ഇവിടെ നിൽക്കുമ്പോൾ സിനിമയിൽ കണ്ട ചില ദൃശ്യങ്ങൾ മനസ്സിലേക്ക് പതുക്കെ തിരിച്ചെത്തും.
ഇവിടെ നിന്ന് മടങ്ങാൻ മനസ്സ് സമ്മതിച്ചില്ല
ഇലവീഴാപ്പൂഞ്ചിറയിൽ പോയി കുറച്ച് ഫോട്ടോകൾ എടുത്ത് മടങ്ങുന്നതിലും അപ്പുറമാണ് ഈ യാത്രയുടെ ഭംഗി.
മലമുകളിൽ കുറച്ചുനേരം നിശ്ശബ്ദമായി ഇരിക്കുക.
മുകളിൽ മേഘങ്ങൾ വന്ന് മൂടുന്നതും പിന്നെ പതുക്കെ മാറിപ്പോകുന്നതും നോക്കിനിൽക്കുക.
കാറ്റിന്റെ തണുപ്പ് ആവോളം ആസ്വദിക്കുക.
താഴ്വാരങ്ങളിലേക്ക് വെറുതെ നോക്കിയിരിക്കുക.
അപ്പോൾ മനസ്സിലാകും...
ചില സ്ഥലങ്ങൾ നമ്മൾ കാണുകയല്ല; അവ നമ്മളെ അനുഭവിപ്പിക്കുകയാണ്.
നഗരത്തിന്റെ തിരക്കിൽ നിന്ന്, ഫോണിന്റെ സ്ക്രീനിൽ നിന്ന്, ദിവസേനയുള്ള ഓട്ടപ്പാച്ചിലിൽ നിന്ന് — ആ കുറച്ചുനേരത്തേക്കെങ്കിലും ഇലവീഴാപ്പൂഞ്ചിറ നമ്മളെ മോചിപ്പിച്ചു.
നഗരത്തിന്റെ തിരക്കിൽ നമ്മൾ നഷ്ടപ്പെടുത്തിയ എന്തോ ഒന്ന് ഇവിടെ എത്തുമ്പോൾ വീണ്ടും കൈവരുന്നതുപോലെ തോന്നും.
പക്ഷേ യാത്രയ്ക്ക് ഇനിയും വഴിയുണ്ട്.
കാഴ്ചകൾക്ക് അവസാനമായിട്ടില്ല.
മീനച്ചിലിന്റെ എവറസ്റ്റ്' — ഇല്ലിക്കൽ കല്ല്..
കാഴ്ചകളെല്ലാം കണ്ട് കുന്നിറങ്ങി.
അടുത്ത ലക്ഷ്യം ഇല്ലിക്കൽ കല്ല്.
ഇല്ലിക്കൽ കല്ലിന്റെ അടിവാരത്ത് ആനവണ്ടി കിതച്ചുനിന്നു.
ഇവിടെയും പത്തുപേർക്ക് കയറാവുന്ന ജീപ്പുകൾ ഞങ്ങളെ കാത്തുനിന്നിരുന്നു.
ജീപ്പിൽ മല കയറി ഒരിടത്ത് ഇറങ്ങി.
ഇനിയുള്ള യാത്ര കാൽനടയായി.
'മീനച്ചിലിന്റെ എവറസ്റ്റ്' എന്നറിയപ്പെടുന്ന ഇല്ലിക്കൽ കല്ല് സമുദ്രനിരപ്പിൽ നിന്ന് നാലായിരം അടിയിലേറെ ഉയരത്തിൽ ആകാശത്തെ തൊട്ടുനിൽക്കുന്ന മൂന്ന് കൂറ്റൻ പാറക്കൂട്ടങ്ങളുടെ വിസ്മയമാണ്.
ഓരോ പാറയ്ക്കും അതിന്റെ രൂപവുമായി ബന്ധപ്പെട്ട പേരുകൾ.
കൂണിനോട് സാമ്യമുള്ള ആദ്യത്തേത് — കുടക്കല്ല്.
രണ്ടാമത്തേത് — കൂനുകല്ല്.
ഇവയ്ക്കിടയിൽ ഭീതിയും കൗതുകവും ഒരുപോലെ ഉണർത്തുന്ന നരകപ്പാലം.
ആകാശത്തിനും ഭൂമിക്കുമിടയിൽ നരകത്തിലേക്ക് വാ പിളർന്നുനിൽക്കുന്നതുപോലെ തോന്നിക്കുന്ന ആ ഇടുങ്ങിയ കൽപ്പാലം പണ്ട് സഞ്ചാരികൾ കടന്നുപോയിരുന്നുവെങ്കിലും സുരക്ഷാ കാരണങ്ങളാൽ ഇപ്പോൾ പ്രവേശനം വിലക്കിയിരിക്കുകയാണ്.
ആകാശത്തെ വെല്ലുവിളിച്ച് ഇല്ലിക്കൽ കല്ല്
ഞങ്ങൾ പതുക്കെ മുകളിലേക്ക് നടന്നു.
വൻമരങ്ങളൊന്നുമില്ലാത്ത ആ മലമുകളിൽ സദാസമയവും കുളിർക്കാറ്റ് വീശിയടിക്കുന്നു.
ഇവിടെ നീലക്കോടുവേലി എന്ന അപൂർവ ഔഷധസസ്യം വളരുന്നുണ്ടെന്നൊരു വിശ്വാസവും നിലനിൽക്കുന്നു.
മുന്നിൽ, ഇത്തിരി ദൂരെ...
ആകാശത്തെ വെല്ലുവിളിച്ചുകൊണ്ട് മുഷ്ടിചുരുട്ടിപ്പിടിച്ച ഒരു ഭീമാകാരനെപ്പോലെ ഇല്ലിക്കൽ കല്ല് ഉയർന്നുനിൽക്കുന്നു.
ഉരുളൻ കല്ലുകൾ നിറഞ്ഞ ചെങ്കുത്തായ മലമ്പാത.
വശങ്ങളിൽ സ്ഥാപിച്ച സുരക്ഷാ കമ്പികളിൽ മുറുകെ പിടിച്ച്, ഓരോ ചുവടും ശ്രദ്ധിച്ച് വേണം നടക്കാൻ.
അടി തെറ്റിയാൽ പെട്ടതുതന്നെ!
ഇല്ലിക്കൽ കല്ലിന് അഭിമുഖമായി നിൽക്കുമ്പോഴുള്ള അനുഭൂതി വാക്കുകളിൽ വർണ്ണിക്കാനാവില്ല.
പ്രകൃതിയുടെ വലുപ്പത്തിനു മുന്നിൽ മനുഷ്യൻ എത്ര ചെറുതാണെന്ന് ഓർമ്മിപ്പിക്കുന്നൊരു നിമിഷം.
ഇവിടെനിന്ന് ഉത്ഭവിച്ച് മലയിറങ്ങിയൊഴുകുന്ന കാട്ടരുവികളിലൊന്നാണ് പിന്നീട് ഉമ്മൻചാണ്ടിയുടെയും വൈക്കം മുഹമ്മദ് ബഷീറിന്റെയുമൊക്കെ നാടുകളെ തൊട്ടൊഴുകുന്ന പ്രശസ്തമായ മീനച്ചിലാർ ആയി മാറുന്നത്.
ഒരു മലയുടെ മുകളിൽ നിൽക്കുമ്പോൾ, അതിന്റെ താഴ്വാരങ്ങളിൽ ജനിക്കുന്ന ഒരു നദിയുടെ കഥ മനസ്സിലാക്കുന്നത് തന്നെ മറ്റൊരു അനുഭവമായിരുന്നു.
ഇനി വാഗമണ്ണിന്റെ കുളിർമഴയിലേക്ക്.....
ഉച്ചയ്ക്ക് രുചികരമായ ഊണും കഴിച്ച് ഞങ്ങൾ അടുത്ത ലക്ഷ്യത്തിലേക്ക്.
ഇടുക്കിയുടെ കുളിർമയിലേക്ക് — വാഗമൺ.
ദിവസത്തിന്റെ ചൂട് പതുക്കെ കുറഞ്ഞുകൊണ്ടിരുന്നു.
കുന്നുകൾക്കിടയിലൂടെ കാറ്റ് വീണ്ടും തണുത്തുതുടങ്ങി.
ആദ്യം കണ്ടത് വാഗമൺ മെഡോസ് — മൊട്ടക്കുന്നുകൾ.
പച്ചപ്പുതച്ച വിശാലമായ കുന്നുകൾ.
കാറ്റിൽ പറക്കുന്ന പട്ടങ്ങൾ.
ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന സഞ്ചാരികൾ.
ചെറിയ തടാകവും ബോട്ടിങ് സൗകര്യവും.
രാവിലെ കണ്ട മലനിരകളുടെ വന്യമായ സൗന്ദര്യത്തിൽ നിന്ന് വ്യത്യസ്തമായിരുന്നു വാഗമണിന്റെ ഈ മുഖം.
ഇവിടെ പ്രകൃതി കൂടുതൽ സൗഹൃദപരമായി ചിരിച്ചുനിൽക്കുന്നതുപോലെ തോന്നി.
പ്രകൃതിയുടെ വിശാലമായ കാൻവാസിൽ മനുഷ്യരുടെ ചെറിയ സന്തോഷങ്ങൾ നിറഞ്ഞുനിൽക്കുന്ന ഒരു കാഴ്ച.
പൈൻ മരങ്ങൾക്കിടയിലെ മറ്റൊരു ലോകം..
അവിടെനിന്ന് നേരെ വാഗമൺ പൈൻ ഫോറസ്റ്റിലേക്ക്.
ആകാശത്തേക്ക് മുട്ടിനിൽക്കുന്ന പൈൻ മരങ്ങൾ നിരനിരയായി.
മരങ്ങൾക്കിടയിലൂടെ അരിച്ചിറങ്ങുന്ന വെയിൽനാളങ്ങൾ.
തണുത്ത കാറ്റ്.
ഉണങ്ങിയ പൈൻ ഇലകളുടെ മണം.
ഒട്ടേറെ സിനിമകൾക്ക് പശ്ചാത്തലമായ ഈ പ്രദേശം ഇപ്പോൾ സോഷ്യൽ മീഡിയ റീലുകളുടെയും ഫോട്ടോഷൂട്ടുകളുടെയും പ്രിയപ്പെട്ട ഇടം കൂടിയാണ്.
ഞങ്ങൾ ചെല്ലുമ്പോഴും നിരവധി ചെറുപ്പക്കാർ ഇൻസ്റ്റഗ്രാം റീലുകളുടെ തിരക്കിലായിരുന്നു.
പൈൻ മരങ്ങൾക്കിടയിലൂടെ പതുക്കെ നടക്കുമ്പോൾ തോന്നി...
ഇത് കേരളത്തിലാണോ, അതോ മറ്റേതോ സംസ്ഥാനത്തിലാണോ?
സംഗീതത്തിനൊപ്പം നൃത്തം ചെയ്യുന്ന ജലധാര...
യാത്രയുടെ അവസാനഘട്ടം — വാഗമൺ അഡ്വഞ്ചർ പാർക്ക്.
സന്ധ്യമയങ്ങി തുടങ്ങിയിരുന്നു.
അവിടെ പൂന്തോപ്പും സംഗീതത്തിനൊത്ത് നൃത്തം ചെയ്യുന്ന ജലധാരയും ഞങ്ങളെ കാത്തിരുന്നു.
കുന്നിൻമുകളിൽ വെട്ടിയൊരുക്കിയ ചെടികളിൽ പലവിധ വർണങ്ങളിലുള്ള പൂക്കൾ.
അലങ്കാരദീപങ്ങളുടെ പ്രകാശത്തിൽ പൂന്തോപ്പിന് രാത്രിയിൽ മറ്റൊരു ഭംഗി.
പിന്നെ സംഗീതം തുടങ്ങി.
അതിന്റെ താളത്തിനൊത്ത് ഉയർന്നും താഴ്ന്നും നൃത്തം ചെയ്യുന്ന ജലധാര.
പകൽ കണ്ട മലകളും പുൽമേടുകളും മേഘങ്ങളും പിന്നിട്ട്, യാത്ര രാത്രിയുടെ വെളിച്ചത്തിലേക്ക് കടന്നിരുന്നു.
വെള്ളം, വെളിച്ചം, സംഗീതം...
മുഴുവൻ ദിവസവും പ്രകൃതിയോടൊപ്പം നടന്ന യാത്ര അവസാനിച്ചത് മനുഷ്യന്റെ സൃഷ്ടിപരമായ ഒരു മനോഹര കാഴ്ചയ്ക്കു മുന്നിൽ.
മടങ്ങുമ്പോൾ...
മടങ്ങുമ്പോൾ ബാക്കിയായത് കുറേ മനുഷ്യരും കുറേ ഓർമ്മകളും
രാത്രിയായി.
ഇനി തിരിച്ചു നാട്ടിലേക്ക്.
ആനവണ്ടി കോഴിക്കോട്ടേക്ക് തിരിച്ചോടുമ്പോൾ, ജനാലയ്ക്കപ്പുറം ഇരുട്ട് മാത്രം.
പക്ഷേ മനസ്സിനുള്ളിൽ പകൽ മുഴുവൻ കണ്ട കാഴ്ചകൾ തെളിഞ്ഞുനിന്നു.
മലകൾ.
മേഘങ്ങൾ.
മഞ്ഞ്.
കാറ്റ്.
പാറകൾ.
പൈൻ മരങ്ങൾ.
പാട്ടുകൾ.
ചിരികൾ.
അതിലുപരി...
ഒരിക്കൽ പോലും പരിചയമില്ലാതിരുന്ന കുറേ മനുഷ്യർ.
ബസ്സിൽവച്ച് ശ്രീജിത്തേട്ടൻ എല്ലാവരോടുമായി യാത്രയുടെ അനുഭവം ചോദിച്ചപ്പോൾ എനിക്ക് പറയാനുണ്ടായിരുന്നത് മൂന്നു വാക്കുകൾ മാത്രം:
"Safe, Secure, Wonderful!"
അത്ര മാത്രം.
കാരണം ചില യാത്രകളെ വിശേഷിപ്പിക്കാൻ വാക്കുകൾ കുറവാകും.
ആനവണ്ടി തന്ന സമ്മാനം
ഇത്രയും മനോഹരവും സുരക്ഷിതവുമായ ഒരു യാത്ര, അതും കുറഞ്ഞ ചെലവിൽ ഒരുക്കിത്തന്ന നമ്മുടെ കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസത്തെ അഭിനന്ദിക്കാതിരിക്കാൻ വയ്യ.
ഒപ്പം ഈ യാത്രയുടെ സാരഥികളായ ശ്രീജിത്തേട്ടനെയും ഷംസുദ്ധീൻ ഇക്കയെയും പ്രത്യേകം ഓർക്കുന്നു.
ഓരോ സ്ഥലത്തെക്കുറിച്ചും ശ്രീജിത്തേട്ടൻ നൽകിയ വിവരണങ്ങൾ കേൾക്കുമ്പോൾ, നമ്മൾ ആ സ്ഥലങ്ങൾ കാണുകയായിരുന്നോ അതോ അദ്ദേഹം പറഞ്ഞ വാക്കുകളിലൂടെ നേരത്തെ തന്നെ അവിടെയെത്തിയിരുന്നോ എന്ന് തോന്നിപ്പോകും.
അദ്ദേഹം ഒരു ഗൈഡ് മാത്രമല്ല, യാത്രയെ കഥയാക്കുന്ന ഒരു കഥാകാരൻ കൂടിയാണെന്ന് തോന്നിപ്പോയി.
യാത്ര അവസാനിച്ച് മടങ്ങുമ്പോഴേക്കും, ബസ്സിലുണ്ടായിരുന്ന തികച്ചും അപരിചിതരായ മനുഷ്യരുമായി എപ്പോഴോ ഒരു ആത്മബന്ധം വളർന്നതുപോലെ തോന്നി.
വണ്ടിയിറങ്ങുമ്പോൾ മനസ്സിൽ ഒരു ചെറിയ സങ്കടമുണ്ടായിരുന്നു.
യാത്ര അവസാനിച്ചല്ലോ...
പക്ഷേ അതേ നിമിഷം തന്നെ മറ്റൊരു ചിന്തയും മനസ്സിൽ മുളച്ചിരുന്നു.
അടുത്തൊരു ആനവണ്ടി യാത്രയ്ക്കായുള്ള കാത്തിരിപ്പ്.
യാത്രകൾ നമ്മെ പഠിപ്പിക്കുന്നത്
ലക്ഷ്യസ്ഥാനങ്ങളേക്കാൾ പ്രധാനം യാത്രകളും അതിൽ കൂടെയുള്ള മനുഷ്യരുമാണെന്ന് ഈ ഉല്ലാസയാത്ര ഒരിക്കൽകൂടി ഓർമ്മിപ്പിക്കുന്നു.
ആ യാത്രയിൽ നമ്മോടൊപ്പം ചിരിച്ച മനുഷ്യർ.
വഴിയിൽ പങ്കിട്ട ഒരു കട്ടൻകാപ്പി.
പാട്ടിനൊപ്പം കൈയടിച്ച നിമിഷങ്ങൾ.
അറിയാതെ വളർന്ന സൗഹൃദങ്ങൾ.
ഒരുമിച്ച് ഭക്ഷണം കഴിച്ചവർ.
ഒരുമിച്ച് കാഴ്ചകൾ കണ്ടവർ.
ഒരുമിച്ച് ക്ഷീണിച്ചവർ.
മടങ്ങുമ്പോൾ മനസ്സിൽ ബാക്കിയാകുന്ന ആ ചെറുചെറു ഓർമ്മകളാണ് വീണ്ടും വീണ്ടും ഇതേപോലുള്ള യാത്രകൾ പോകാൻ പ്രേരിപ്പിക്കുന്നത്.
ഇലവീഴാപ്പൂഞ്ചിറയിൽ നിന്ന് വാഗമൺ വരെ ആനവണ്ടിയിൽ നടത്തിയ ഈ യാത്ര ഒരിക്കൽക്കൂടി എന്നെ പഠിപ്പിച്ചത് അതാണ് —
അതിനാൽ, ഈ കുറിപ്പ് വായിക്കുന്ന നിങ്ങൾ
കുടുംബസമേതമോ, സുഹൃത്തുക്കളോടൊപ്പമോ, ഒറ്റയ്ക്കോ ഒരു യാത്ര പ്ലാൻ ചെയ്യുന്നുണ്ടെങ്കിൽ...
വലിയ ആഡംബരങ്ങൾ ഒന്നും വേണ്ട.
കുറച്ച് സമയം മാറ്റിവെക്കൂ.
ഒരു ആനവണ്ടിയുടെ ടിക്കറ്റ് എടുക്കൂ.
പിന്നെ യാത്രയ്ക്ക് നിങ്ങളെ തന്നെ സമർപ്പിക്കൂ..
ഒരുപക്ഷേ, മടങ്ങിയെത്തുമ്പോൾ നിങ്ങളോടൊപ്പം വീട്ടിലെത്തുന്നത് വെറുമൊരു യാത്രയുടെ ഓർമ്മയായിരിക്കില്ല; ജീവിതത്തിന്റെ തിരക്കുകൾക്കിടയിൽ എന്നും പ്രകാശിച്ചുനിൽക്കുന്ന ഒരു മനോഹര അധ്യായമായിരിക്കും.
കാരണം ചില യാത്രകൾ അവസാനിക്കുന്നത് വീട്ടിലെത്തുമ്പോഴല്ല.
അവ നമ്മുടെ ഓർമ്മകളിൽ തുടരുമ്പോഴാണ്..
✍️ ezhuthupencil ©️