07/01/2026
വിദ്യ പകർന്നു നൽകേണ്ട കൈകൾ പിഞ്ചുമനസ്സിൽ കരിനിഴൽ വീഴ്ത്തുമ്പോൾ!
നമ്മുടെ കുട്ടികൾ എവിടെയാണ് സുരക്ഷിതർ? തിരുവനന്തപുരം കിളിമാനൂരിൽ നിന്നും പുറത്തുവരുന്ന വാർത്തകൾ ഞെട്ടിപ്പിക്കുന്നതാണ്. പരീക്ഷയുടെ തലേദിവസം സംശയങ്ങൾ ചോദിക്കാനായി അധ്യാപകനെ വിളിച്ച എട്ടാം ക്ലാസ്സുകാരി നേരിടേണ്ടി വന്നത് ക്രൂരമായ മാനസിക പീഡനമാണ്. വീഡിയോ കോളിലൂടെ നഗ്നത പ്രദർശിപ്പിക്കുകയും കുട്ടിയോട് അശ്ലീലമായി പെരുമാറുകയും ചെയ്ത ബയോളജി അധ്യാപകൻ എൻ. ശാലു ഇപ്പോൾ പോക്സോ കേസിൽ പിടിയിലായിരിക്കുകയാണ്.
എന്നാൽ ഈ സംഭവത്തേക്കാൾ ഭയാനകമാണ് ഇതിന് ശേഷം സ്കൂൾ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ നിലപാട്. കുറ്റവാളിയായ അധ്യാപകനെ സംരക്ഷിക്കാനും, ഇരയായ പെൺകുട്ടിയെ മോശക്കാരിയാക്കി ചിത്രീകരിക്കാനും സ്കൂൾ അധികൃതരും പിടിഎ പ്രസിഡന്റും ശ്രമിച്ചു എന്ന മാതാവിന്റെ വെളിപ്പെടുത്തൽ സഭ്യസമൂഹത്തിന് വൻ ഭീഷണിയാണ്. കുട്ടിയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയ നടപടി നിയമവിരുദ്ധവും അങ്ങേയറ്റം പ്രതിഷേധാർഹവുമാണ്.
നീതി നടപ്പിലാക്കാൻ കൂടെ നിൽക്കേണ്ടവർ തന്നെ വേട്ടക്കാരന് കുടപിടിക്കുന്നത് അംഗീകരിക്കാനാവില്ല. കുറ്റവാളിയായ അധ്യാപകനും അയാൾക്ക് ഒത്താശ ചെയ്തവർക്കുമെതിരെ മാതൃകാപരമായ നടപടി ഉണ്ടായേ തീരൂ. മൗനം പാലിക്കാതെ നമ്മുടെ മക്കളുടെ സുരക്ഷയ്ക്കായി നമുക്ക് പ്രതികരിക്കാം.