17/06/2025
ചാലക്കുടി നഗരസഭ കൗൺസിൽ 17/6/2025.
ഇൻഡോർ സ്റ്റേഡിയം ജൂൺ 20 ന് പ്രവർത്തനമാരംഭിക്കും.
ആദ്യഘട്ടത്തിൽ
കായിക പരിശീലങ്ങളും വ്യായാമവും .
സ്റ്റേഡിയം മൈതാനത്ത്
പെ പാർക്കിംഗ് സൗകര്യം ഒരുക്കും.
പുതിയ
സ്കൂൾ മൈതാനത്തിന്
T.K ചാത്തുണ്ണിയുടെ പേര് നാമകരണം ചെയ്തു.
കലാഭവൻ മണി പാർക്കിൽ ക്യാൻ്റീൻ പ്രവർത്തനം തുടങ്ങാൻ തീരുമാനം.
മേപ്പിൾ വുഡ് ഫ്ലോറിംഗ് ഉൾപ്പെടെയുള്ള നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായ
നഗരസഭയിലെ ML ജേയ്ക്കബ് സ്മാരക ഇൻഡോർ സ്റ്റേഡിയം ജൂൺ 20 ന് പ്രവർത്തനമാരംഭിക്കും.നേരത്തേ നിർമ്മാണം പൂർത്തിയാക്കി ഉത്ഘാടനം ചെയ്തെങ്കിലും,ഫ്ലോറിംഗ് ഉൾപ്പെടെ പൂർത്തിയാകാത്തതിനാൽ പ്രവർത്തനമാരംഭിക്കാൻ കഴിഞ്ഞിരുന്നില്ല.ഇപ്പോൾ 1 കോടിയിലേറെ രൂപ ചിലവിലാണ് മേപ്പിൾ വുഡ് ഫ്ലോറിംഗും ഇലക്ട്രിക്കൽ,പെയിൻ്റിംഗ് പ്രവർത്തികളും പൂർത്തിയാക്കിയത്.ഇൻഡോർ സ്റ്റേഡിയത്തിൽ ബാസ്കറ്റ്ബോൾ,വോളിബോൾ,ഷട്ടിൽ പരിശീലനങ്ങൾ ആരംഭിക്കാനും,മറ്റ് സമയങ്ങളിൽ വ്യായാമത്തിനായ് ഉപയോഗിക്കാനും കൗൺസിൽ തീരുമാനിച്ചു.
നഗരസഭ കൗൺസിലിൻ്റെ നേതൃത്വത്തിൽ കായിക മേഖലയിലെ വിദഗ്ദരെ ഉൾപ്പെടുത്തി
പ്രവർത്തന സമിതി രൂപീകരിക്കാനും,സ്റ്റേഡിയം മാനേജർ,വാച്മാൻ,ശുചീകരണ ജീവനക്കാർ എന്നിവരെ നിയമിക്കാനും തീരുമാനിച്ചു.
മേപ്പിൾ വുഡ് ഫ്ലോറിംഗ് പൂർത്തിയായ
ഇൻഡോർ സ്റ്റേഡിയത്തിന്റെ പ്രവർത്തനോദ്ഘാടനവും,ഗവ: മോഡൽ ഹയർ സെക്കൻ്ററി സ്കൂളിൽ 5 കോടി രൂപ ചിലവിൽ നിർമ്മിക്കുന്ന ആധുനിക സ്കൂൾ മൈതാനത്തിൻ്റെ നിർമ്മാണോദ്ഘാടനവും മന്ത്രി നിർവ്വഹിക്കുമെന്ന് ചെയർപേഴ്സൻ കൗൺസിലിനെ അറിയിച്ചു.
ഈ മൈതാനത്തിന് മുൻ ദേശീയ ഫുട്ബോൾ കോച്ചും ദേശീയ താരവുമായിരുന്ന ടി.കെ ചാത്തുണ്ണിയുടെ പേര് നാമകരണം ചെയ്യാൻ കൗൺസിൽ തീരുമാനിച്ചു.
പവലിയനും,സിന്തറ്റിക് ട്രാക്കും,ടോയ്ലറ്റ് ബ്ലോക്കും ഉൾപ്പെടെയുള്ള ടർഫ് മൈതാനമാണ്
കായിക വകുപ്പ് നിർമ്മിക്കുന്നത്.കായിക വകുപ്പ് തന്നെയാണ് നിർമ്മാണ ചുമതല
കരാർ കമ്പനിയെ
ഏൽപ്പിച്ചിട്ടുള്ളത്.
ഇൻഡോർ സ്റ്റേഡിയം പ്രവർത്തനമാരംഭിക്കുന്നതോടെ,സ്റ്റേഡിയത്തോട് ചേർന്നുള്ള മൈതാനം പാർക്കിംഗ് സംവിധാനം ഒരുക്കാനും
ഇതിന് പാർക്കിംഗ് ഫീസ് ഈടാക്കാനും തീരുമാനിച്ചു.ഗ്രൗണ്ടിൽ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരിക്കിയ ശേഷം മാത്രം ഫീസ് ഏർപ്പെടുത്താവൂ എന്ന് പ്രതിപക്ഷ അംഗങ്ങൾ ആവശ്യപ്പെട്ടു.അടിയന്തിരമായി ചെയ്യേണ്ട സൗകര്യങ്ങൾ ഒരുക്കാനും സെക്യൂരിറ്റിയെ നിയമിക്കാനും തീരുമാനിച്ചു.
നഗരസഭയുടെ ടൗൺ ഹാൾ മൈതാനം,പരിപാടികൾക്ക് തടസ്സം ഇല്ലാത്ത വിധം പെ പാർക്കിംഗ് സൗകര്യം ഏപ്പെടുത്താനും,നഗരസഭ ഓഫീസിലെ പുതിയ അനക്സ് കെട്ടിടത്തിൽ ക്യാൻ്റീൻ പ്രവർത്തനമാരംഭിക്കാനും നടപടികൾ ആരംഭിച്ചതായും
ചെയർപേഴ്സൻ അറിയിച്ചു.
കലാഭവൻ മണി പാർക്കിലെ ക്യാൻ്റീൻ ( കഫറ്റ് ഏരിയ)
പ്രവർത്തനമാരംഭിക്കാൻ തീരുമാനിച്ചു.രാവിലെ മുതൽ വൈകിട്ട് പാർക്കിൻ്റെ പ്രവർത്തന സമയം വരെ ലഘു ഭക്ഷണശാലയായിട്ടാണ് പ്രവർത്തിക്കുക -
പൊതു ലേലത്തിലൂടെ ക്യാൻ്റീൻ നടത്തുന്നതിന് വാടകക്ക് നൽകും.
15000/- രൂപ അടിസ്ഥാന മാസ വാടക നിശ്ചയിച്ചു.അടുത്ത ദിവസങ്ങളിൽ തന്നെ ലേലനടപടികൾ പൂർത്തിയാക്കി ക്യാൻ്റീൻ പ്രവർത്തനമാരംഭിക്കും.
നഗരസഭ താലൂക്ക് ആശുപത്രി വഴി നടപ്പിലാക്കുന്ന സാന്ത്വനം പാലിയേറ്റീവ് പരിചരണ പദ്ധതിക്ക്,പുതിയ വാഹനം വാങ്ങി നൽകാമെന്ന വൈസ് ചെയർപേഴ്സൻ സി. ശ്രീദേവിയുടെ ഓഫർ കൗൺസിൽ അംഗീകരിച്ചു.ഇവരുടെ അന്തരിച്ച ഭർത്താവിൻ്റെ സ്മരണാർത്ഥമാണ് മാരുതി ഒമിനി കാർ നൽകാമെന്ന് അറിയിച്ചിട്ടുള്ളത്.
പാലിയേറ്റീവ് പ്രവർത്തനം ആരംഭിച്ച ഘട്ടത്തിൽ വാഹനം സൗജന്യമായി നൽകിയതും ശ്രീദേവിയായിരുന്നു.ഈ വാഹനം കാലപഴക്കം വന്നതിനെ തുടർന്നാണ് പുതിയ വാഹനം നൽകാൻ സന്നദ്ധത അറിയിച്ചത്.
നഗരസഭയുടെ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ കൗൺസിൽ അവലോകനം ചെയ്തു.എല്ലാ പ്രദേശങ്ങളിലും തോടുകളുടേയും കാനകളുടേയു ശുചീകരണ പ്രവർത്തനങ്ങൾ തൃപ്തികരമായി പൂർത്തിയായതായി കൗൺസിൽ വിലയിരുത്തി.വാർഡ് തലത്തിൽ
ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിന്,വാർഡ് തല സമിതിക്ക് 10000/- രൂപ വീതം എക്കൗണ്ടിലേക്ക് നൽകിയിട്ടുണ്ടെന്ന് ചെയർപേഴ്സൺ അറിയിച്ചു.
ഈ വർഷത്തെ SSLC,+2 വിജയികളെ അനുമോദിക്കുന്നതിന് വിജയോത്സവം പരിപാടി ജൂൺ 28 ന് ടൗൺഹാളിൽ നടത്താനും തീരുമാനിച്ചു.
അഹമദാബാദ് വിമാന ദുരന്തത്തിൽ മരണപ്പെട്ടവർക്ക് കൗൺസിൽ ആദരാഞ്ജലികൾ അർപ്പിച്ചു.
നഗരസഭയിലെ അസി. എഞ്ചിനീയറുടെ പ്രവർത്തനത്തിൽ
കൗൺസിൽ
അസംതൃപ്തി രേഖപ്പെടുത്തി.
അസി. എഞ്ചിനീയറുടെ
നിസഹകരണവും
അനാവശ്യ നടപടികളും മൂലം വികസന പദ്ധതികൾ തടസ്സപ്പെടുന്നതായും,ജനങ്ങൾക്ക് സേവനങ്ങൾ സമയബന്ധിതമായ് ലഭിക്കുന്നില്ലെന്നും കൗൺസിലർമാർ അഭിപ്രായപ്പെട്ടു.
എഞ്ചിനീയറിംഗ് വിഭാഗത്തിലെ ഉദ്യോഗസ്ഥയുടെ
പ്രവർത്തന ശൈലി
ഓഫിസ് പ്രവർത്തനത്തേയും സാധാരണക്കാരയ ജനങ്ങളുടെ ആവശ്യങ്ങളേയും സാരമായി ബാധിക്കുന്നതായി കൗൺസിലർമാരായ
K.S സുനോജ്,വൽസൻ ചമ്പക്കര,എന്നിവർ ചൂണ്ടിക്കാട്ടി.
ഇവരുടെ പ്രവർത്തനം നഗരസഭയുടെ വികസന ഫണ്ട് നഷ്ടപ്പെടാനും
പ്രവർത്തനങ്ങൾ തടസപ്പെടാനും ഇടയാക്കിയെന്ന് UDF ലീഡർ ബിജു S ചിറയത്ത്,മുൻ ചെയർമാൻ
വി.ഒ. പൈലപ്പൻ,കൗൺസിലർ
സൂസി സുനിൽ എന്നിവർ അഭിപ്രായപ്പെട്ടു.
നഗരസഭയുടെ വികസന പ്രവർത്തനങ്ങൾക്കും പൊതുജനങ്ങൾക്ക് ലഭിക്കേണ്ട സേവനങ്ങൾക്കും ഇവരുടെ പ്രവർത്തനം ഏറെ തടസമുണ്ടാക്കുന്നു എന്ന് ചെയർപേഴ്സൻ പറഞ്ഞു.
അസി. എഞ്ചിനീയറുടെ അനാവശ്യമായ പിടിവാശികളും നിലപാടുകളും
പൊതുമരാമത്ത് പ്രവർത്തികൾ ഏറ്റെടുക്കുന്നതിനും പൂർത്തിയാക്കുന്നതിനും തടസ്സമാകുന്നു എന്നും,വർക്കുകൾ ഏറ്റെടുക്കാൻ പോലും കരാറുക്കാരെ കിട്ടാത്ത സാഹചര്യമുണ്ടായെന്നും ചെയർപേഴ്സൻ പറഞ്ഞു.
കൗൺസിലിനോട് സഹകരിക്കാത്ത ഉദ്യോഗസ്ഥയെ
നിലക്ക് നിർത്താൻ ഭരണകക്ഷിക്ക് സാധിക്കില്ലെ എന്ന് LDF ലീഡർ സി.എസ് സുരേഷ് ചോദിച്ചു.
ആവശ്യമെങ്കിൽ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അസി. എഞ്ചിനീയറുടെ
അനാവശ്യമായ
നടപടികളിലൂടെ
നഗരസഭയുടെ വികസന ഫണ്ട് നഷ്ടപ്പെടാൻ ഇടയായെന്നും
ഇവരുടെ പ്രവർത്തനം
ഈ രീതിയിൽ പോകാൻ അനുവദിക്കില്ലെന്നും,തുടർ നടപടികൾ ഉണ്ടാകുമെന്നും
ചെയർപേഴ്സൻ ഷിബു വാലപ്പൻ കൗൺസിലിനെ അറിയിച്ചു.