06/07/2025
തൃശൂർ ചാലക്കുടി മേലൂർ പഞ്ചായത്ത് പ്രദേശത്ത് മിന്നൽച്ചുഴലിയിൽ കനത്ത നാശനഷ്ടം. കല്ലുകുത്തി, പന്തൽപ്പാടം, മുള്ളൻപാറ, പിണ്ടാണി, പാലപ്പിള്ളി ഭാഗങ്ങളിൽ അഞ്ചുമിനിറ്റ് ചുഴലി വീശിയടിച്ചു. ഞായറാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. കാറ്റിൽ പന്തൽപ്പാടം റോഡിൽ 11 കെവി ലൈനിലേക്ക് തേക്ക് മറിഞ്ഞുവീണതുമൂലം പോസ്റ്റുകൾ ഒടിഞ്ഞു. പിണ്ടാണിയിൽ പയ്യപ്പിള്ളി വർഗീസിന്റെ ഷെഡ്ഡിന്റെ മേൽക്കൂര പറന്ന് താഴെ വീണു. പറമ്പിലെ ജാതി, തേക്ക് എന്നിവ കടപുഴകി. ചാതേലി ബാബു, പോളി എന്നിവരുടെ പാകമാകാറായ അൻപതോളം ഏത്തവാഴകൾ ഒടിഞ്ഞുവീണു. പതപ്പള്ളി രാജന്റെ തൊഴുത്തിൽ മേൽക്കൂരയായി കെട്ടിയിരുന്ന ഷീറ്റ് കാറ്റിൽ പറന്നുപോയി. ജാതി കടപുഴകി. മാനാടൻ ബിജുവിന്റെ വീടിനു മുകളിൽ പ്ലാവ് ഒടിഞ്ഞുവീണു. വൈദ്യുതിക്കമ്പികൾ പൊട്ടിവീണു. കെഎസ്ഇബി ജീവനക്കാരെത്തി കമ്പികൾ അഴിച്ചുമാറ്റി. പാലപ്പിള്ളിയിൽ മേച്ചേരി മാർട്ടിന്റെ വീട്ടിലെ 15 ജാതി മരങ്ങൾ കടപുഴകിവീണു. തൊട്ടടുത്ത കൊരട്ടിക്കാരൻ ജോബിയുടെ പറമ്പിലെ ആറ് ജാതിമരങ്ങൾ കടപുഴകിവീണു. ആളുകളെല്ലാം വീടിനകത്ത് ആയിരുന്നതിനാൽ മറ്റ് അപകടങ്ങളുണ്ടായില്ല. പത്താം വാർഡിൽ ഷൈജു പട്ടത്തിന്റെ വീടിനു മുകളിൽ മാവ് വീണു. ഡോ. ജെഫ് ചാക്കോളയുടെ വീടിന്റെ ഓടുകൾ പറന്നുപോയി. കല്ലുകുത്തി നെറ്റിക്കാടൻ ജോർജിന്റെ വീടിന്റെ മേൽക്കൂരയിലെ ഷീറ്റ് പറന്നുപോയി. തോമസ് മാത്തൂക്കാരന്റെ പറമ്പിലെ വലിയ മാവ് കടപുഴകിവീണു. കല്ലുകുത്തി കണ്ണമ്പുഴ ജോയിയുടെ നൂറോളം വാഴകൾ ഒടിഞ്ഞുവീണു. കല്ലുകുത്തി ജങ്ഷനിലെ ആന്റു കച്ചിറക്കലിന്റെ കടയുടെ ഓടുകൾ പറന്നു. മിന്നൽച്ചുഴലിയിൽ പിണ്ടാണി കരിങ്ങാമ്പിള്ളി കിഴക്കിനിയേടത്ത് പൈലന്റെ 50 ജാതിമരങ്ങൾ മറിഞ്ഞുവീണു. ആകെയുണ്ടായിരുന്ന ഉപജീവനമാർഗം നഷ്ടപ്പെട്ടതോടെ പൈലൻ കരച്ചിലടക്കാനാകാതെ ഓടിനടന്നു. ജാതിമരത്തെ മാത്രം ആശ്രയിച്ചാണ് ജീവിതം മുന്നോട്ടുപോയിരുന്നത്. ഭാര്യയും മകനും അടങ്ങുന്നതാണ് കുടുംബം. സമീപവാസികളെത്തി പൈലനെ ആശ്വസിപ്പിച്ചു.