This vakya is quoted profusely by those who swear by advaitha philosophy. തത്ത്വമസി എന്ന് പറഞ്ഞാല്‍ എന്താണ്..? ഈ പവിത്രമായ വാക്ക് എവിടുന്നു വന്നു ..? "തത്ത്വമസി" എന്ന വാക്ക് കേള്‍ക്കാത്തവര്‍ വളരെക്കുറച്ചേ ഉണ്ടാവുകയുള്ളൂ. സാമവേദത്തിലും പിന്നെ ഛന്ദോഗ്യോപനിഷത്തിലും പരാമര്‍ശിച്ചിട്ടുള്ള വാക്കാണ് തത്വമസി. കലിയുഗവരദനായ ശ്രീ അയ്യപ്പന്റെ സന്നിധാനത്തിലെത്തുന്ന ഏതൊരു ഭക്തനും ആദ്യം കാണുക ഈ സാമവേദവാക്യമാണ്. "
തത്ത്വമസി - അതു നീ തന്നെയാകുന്നു".എത്ര വലിയ ആശയം ഉള്‍ക്കൊള്ളുന്ന ഒരു ചെറിയ വാക്യം!.
ഒരിക്കല്‍ ഉദ്ദാലകന്‍ തന്റെ പുത്രനായ ശ്വേതകേതുവിനോട് പറഞ്ഞു."മകനേ നീ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി മടങ്ങിവന്നിരിക്കുന്നു. എന്നാല്‍ ഒരു കാര്യം കൂടി നീ മനസ്സിലാക്കേണ്ടതുണ്ട്.അതു ഇതാണ്. ഈ ലോകത്തിലെ സകലചരാചരങ്ങളും ബ്രഹ്മത്തില്‍ നിന്ന് ഉത്ഭവിക്കുന്നതും ബ്രഹ്മത്താല്‍ ജീവിക്കുന്ന്തും ബ്രഹ്മത്തില്‍ത്തന്നെ ലയിക്കുന്നതുമാണ്.എല്ലാ ജീവികളിലും വസിക്കുന്ന ആത്മാവ് ഒരേ രൂപത്തിലുള്ളതാണ്. അത് നി തന്നെയാണ്."
ഇതു കേട്ട ശ്വേതകേതു പിതാവിനോട് ചോദിച്ചു." അല്ലയോ, പിതാവേ അത്മാവ് എന്നു പറയുന്ന ഒരു വസ്തു ഉണ്ടോ? ഉണ്ടെന്കില്‍ എന്തുകൊണ്ടാണ് ഈ ആത്മാവിനെ നമുക്ക് പ്രത്യക്ഷരൂപത്തില്‍ കാണാന്‍ സാധിക്കാത്തത്.?"
ഉദ്ദാലകന്‍ ശ്വേതകേതുവിനോട് ഒരു പാത്രത്തില്‍ കുറച്ച് വെള്ളം കൊണ്ടു വരാന്‍ പറഞ്ഞു. എന്നിട്ട് അതില്‍ കുറച്ച് ഉപ്പു പരലുകള്‍ ഇട്ടു ശ്വേതകേതുവിന്റെ കൈയില്‍ കൊടുത്തിട്ടു പറഞ്ഞു. ഇന്നു രാത്രി ഇതു നിന്റെ കൈവശം വയ്ക്കുക.
അടുത്തദിവസം രാവിലെ ശ്വേതകേതു പാത്രവുമായി പിതാവിന്റെ മുന്‍പില്‍ ചെന്നു. ഉപ്പുപരലുകള്‍ ആ ജലത്തില്‍ ലയിച്ചു ചേര്‍ന്നിരുന്നു.ഉദ്ദാലകന്‍ പറഞ്ഞു മകനെ നീ ആ പാത്രത്തില്‍ നിന്നു അല്പം വെള്ളമെടുത്ത് രുചിച്ചു നോകൂ. ശ്വേതകേതു അപ്രകാരം ചെയ്തു. ഉദ്ദാലകന്‍ ചോദിച്ചു നിനക്ക് എന്താണ് അനുഭവപ്പെട്ടത്. ശ്വേതകേതു പറഞ്ഞു. ഈ ജലത്തിനു ഉപ്പുരസമാണ്.
ഉദ്ദാലകന്‍ ചോദിച്ചു " നീ ഉപ്പ് പരലുകള്‍ കാണുന്നുണ്ടോ?"
ശ്വേതകേതു പറഞ്ഞു." ഇല്ല"
ഉദ്ദാലകന്‍ " ഇതു പോലെ തന്നെയാണ് ആത്മാവും.അത് എപ്പോഴും നമ്മുടെ ശരീരത്തില്‍ വസിക്കുന്നു.എന്നാല്‍ നമുക്ക് അതിനെ കാണാന്‍ കഴിയുന്നില്ല.അതുപോലെ എല്ലാ ജീവികളിലും വസിക്കുന്ന ആത്മാവ് ഒരേ രൂപത്തിലുള്ളതാണ്. അത്യന്തികമായി അത് നി തന്നെയാണ്.തത്ത്വമസി"
(കടപ്പാട് : ഭാരതീയ ഋഷിമാര്‍ക്ക് )