29/08/2025
2018 ആഗസ്റ്റ് 15, രാത്രി 8.15
തൃശ്ശൂർ അത്തിക്കാട് പൊലീസ് സ്റ്റേഷന്‍
അഡീഷണല്‍ സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ എന്ന ബോര്‍ഡിന് താഴെയുള്ള വാതിലിലെ ഹാഫ് ഡോറില്‍ ബലിഷ്ടമായ രണ്ട് കൈകള്‍ അമര്‍ന്നു.
ശബ്ദം കേട്ടിട്ടെന്നപോലെ അഡീഷണല്‍ സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ മുഹമ്മദ് അനസ്, വാർത്ത കണ്ടുകൊണ്ടിരുന്ന മൊബൈല്‍ ഫോണ്‍ മേശമേല്‍വെച്ച് മുറിയിലേക്ക് അനുവാദം കൂടാതെ കടന്നുവന്ന ആറടി ഉയരമുള്ള ആളെ നോക്കി. മൊബൈലില്‍ നിന്ന് ചാനല്‍ വാര്‍ത്ത കേള്‍ക്കുന്നു... 'തുറന്നിട്ടും മുല്ലപ്പെരിയാര്‍ ഡാമില്‍ ജലനിരപ്പ് ഉയരുന്നു...നൂറ്റി നാല്‍പ്പത്തിയൊന്നടി പിന്നിട്ടു...ഇടുക്കി ഡാമില്‍ നിന്നുള്ളവെള്ളത്തിന്റെ അളവ് കൂട്ടി ആയിരം ക്യൂബിക്‌സ് തുറന്നുവിടുന്നു... തുറന്നിരിക്കുന്നത് മുപ്പത്തിമൂന്ന് ഡാമുകള്‍...'
മുറിയിലേക്ക് കടന്നുവന്നയാള്‍ സ്പീക്കറിലിട്ട് ഫോണ്‍ മുഹമ്മദ് അനസിന് നേരെ നീട്ടി. "സ്റ്റേഷൻ ഹൗസ് ഓഫീസർ സുരേന്ദ്രൻ സാറാണ് ലൈനിൽ " ഫോൺ സ്പീക്കറിൽ നിന്നുള്ള പരുക്കന്‍ ശബ്ദം...'ആഹാ വാര്‍ത്തയും കണ്ടിരിക്കയാണോ... എസ് ഐ മുഹമ്മദ് അനസ്സേ...'
'സാര്‍...' മുഹമ്മദ് അനസ് അറിയാതെ എണീറ്റ് സല്യൂട്ട് ചെയ്തു പോയി.
'താനാദ്യം ആ വാര്‍ത്തയുടെ സൗണ്ട് കുറയ്ക്ക് ... കേരളം കണ്ടിട്ടില്ലാത്ത മഴയാ ചെയ്യുന്നത് അതുകൊണ്ട് ഡാമിൽ വെള്ളം നിറയും , വെള്ളം നിറഞ്ഞാല്‍ ഡാം തുറക്കേണ്ടിവരും... സ്വാഭാവികം. പക്ഷേ തന്റെ സ്റ്റേഷന്‍ പരിധിയിലൊന്നും ഡാമുകളില്ലാത്തത് കൊണ്ട് സാരമില്ല... പിന്നേ... ആ വന്നിരിക്കുന്നത് എന്റെ സ്‌ക്വാഡിലെ പോലീസുകാരാ... അതീവരഹസ്യമായി ഒരുത്തനെ നമ്മുടെ സ്‌റ്റേഷന്‍ പരിധിയില്‍ നിന്ന് പൊക്കാനുണ്ട്. ഡ്രൈവറെ അവരുടെ കൂടൊന്ന് വിടണം. താന്‍ പോകണ്ട...'
'സര്‍... നമ്മുടെ ഡ്രൈവറിന് വീട്ടില്‍ നിന്ന് തിരികെയെത്താന്‍ കഴിഞ്ഞിട്ടില്ല സര്‍... ട്രാക്കിൽ വെള്ളം കയറിയതു കൊണ്ട് എറണാകുളത്തു നിന്നുള്ള ട്രെയിനെല്ലാം റദ്ദാക്കിയിരിക്കയാ സർ " മുഹമ്മദ് അനസ് തലചൊറിഞ്ഞു.
'ഓ... നാശം... ശരി എന്നാൽ താന്‍ പോവണ്ടാ... വേറെ ആരൊക്കെയുണ്ട് ഡ്യൂട്ടിയില്‍...''
''സിപിഒ മഹേഷും ജോജിയും ഉണ്ട് സര്‍...'
'വനിതകളാരുമില്ലേ...'
'ഉണ്ട് സാര്‍... സിപിഒ രമ്യയുണ്ട്...' മുഹമ്മദ് അനസ് വന്നയാളുടെ കയ്യില്‍ നിന്ന് ഫോണ്‍ വാങ്ങി സ്പീക്കറില്‍ തന്നെ സംസാരിച്ച് മുറിക്ക് പുറത്തേക്കിറങ്ങി വരാന്തയിലെത്തി.
'എങ്കിലാ മഹേഷിനോടും രമ്യയോടും സ്‌ക്വാഡിനൊപ്പം ജീപ്പില്‍ പോകാന്‍ പറ... വന്നവരില്‍ സൗലാഷ് എന്നൊരു പോലീസുകാരനുണ്ട്. ഈ ഓപ്പറേഷന്റെ ഡീറ്റെയില്‍സ് ഫുള്‍ അയാളുടെ കയ്യിലുണ്ട്, താനും മഹേഷും രമ്യയും സൗലാഷും മാത്രമുള്ള ഒരു എമര്‍ജന്‍സി മീറ്റിംഗ് ഉടന്‍ നടത്തുക... അതീവ രഹസ്യമായ ഒരു ഓപ്പറേഷനാണ്... പിന്നെ... ഞാന്‍ പറയും വരെ ഈ സ്റ്റേഷനില്‍ നിന്ന് മറ്റൊരു ഉദ്യോഗസ്ഥനും പുറത്ത് പോവാനോ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാനോ പാടില്ല, തനിക്കും ബാധകമാ കേട്ടോ മുഹമ്മദ് അനസേ...' സിഐ സുരേന്ദ്രന്‍ കടുപ്പിച്ച് പറഞ്ഞ് ഫോണ്‍ കട്ടാക്കി.
മുഹമ്മദ് അനസിന്റെ മൊബൈല്‍ ഫോണില്‍ നിന്ന് അപ്പോഴും വാര്‍ത്ത വന്നുകൊണ്ടിരുന്നു... 'മഴക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവരുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായി സ്വാതന്ത്ര്യ ദിന സന്ദേശത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, ഇന്ന് സ്വാതന്ത്ര്യത്തിന്റെ എഴുപത്തിരണ്ടാം വാര്‍ഷിക നാള്‍...'
മഴചാറ്റലിന് രൗദ്രഭാവം കൂടി വന്നു. ഭയപ്പെടുത്തുന്ന ശബ്ദത്തില്‍ കാറ്റുവീശാന്‍ തുടങ്ങി. രാത്രി ഒന്‍പത് മണിയോട് അടുത്ത സമയം. അത്തിക്കാട് ടൗണിലെ കടകളുടെ ഷട്ടറുകള്‍ വീഴുന്ന സമയം.
'ആഹ് മഴയായോണ്ടാണോ റിനൂ... നേരത്തേ അടച്ചത്...' മുകളിലത്തെ നിലയിലെ ഡിസൈനിംഗ് സ്ഥാപനത്തിന്റെ ഉടമയോട് കാറിന്റെ ഡോര്‍ തുറക്കുന്നതിനിടയില്‍, തൻ്റെ ജ്യുവലറിയുടെ ഷട്ടര്‍ താഴ്ത്തുകയായിരുന്ന ഉടമ ഗിരീഷ് ചോദിച്ചു.
'ഇത് സാധാരണ മഴയൊന്നുമല്ല... ദാ വാര്‍ത്തവന്നിട്ടുണ്ട് നാളെ എല്ലാ ജില്ലയിലും റെഡ് അലേര്‍ട്ടാണെന്ന്... കോഴിക്കോട് അഞ്ചിടത്ത് ഉരുള്‍പൊട്ടിയെന്ന് പറയുന്നു.' റിനു കാറിൻ്റെ ഡോർ തുറന്നു.
റോഡില്‍ നിറഞ്ഞുകിടന്ന മഴവെള്ളത്തെ തെറുപ്പിച്ചുകൊണ്ട് രണ്ട് പോലീസ് ജീപ്പുകള്‍ അലാറാം മുഴക്കി ചീറിപ്പാഞ്ഞുപോയി.
'വേഗം വീടെത്താം... ഇവിടെ അടുത്തെങ്ങാണ്ട് പ്രശ്‌നമുണ്ടായെന്നാ തോന്നുന്നെ...' ഗിരീഷ് ഷട്ടർ പൂട്ടി എണീറ്റു.
ഇരുട്ടില്‍ പാഞ്ഞുപോകുന്ന പോലീസ് ജീപ്പിന്റെ ചുവന്ന ലൈറ്റ് മഴയെ ചുവപ്പിച്ചു.
സീരിയല്‍ കണ്ടിരിക്കുകയായിരുന്നു ലീലാമ്മ. പെട്ടെന്നാണ് കരണ്ട് പോയത്. കോട്ടയത്ത് പരസ്യസ്ഥാപനത്തിലെ ഡിസൈനറായ മകന്‍ രതീഷ് കുളി കഴിഞ്ഞ് മുറിയിലേക്ക് വന്നിട്ടേയുണ്ടായിരുന്നുള്ള.
'ഹോ... സമാധാനമായി കറണ്ട് പോയാലും സാരമില്ല ആ സീരിയലൊന്ന് നിന്നല്ലോ... എനിക്ക് ഇരുപത്തിയാറ് വയസ്സായി, ഞാന്‍ കോളേജില്‍ പഠിച്ചകാലത്ത് തുടങ്ങിയ സീരിയലാ... ഈ കഥ വലിച്ചുനീട്ടി ഇവന്മാരിതെങ്ങോട്ടാ കൊണ്ടുപോണെ... ആ പറഞ്ഞിട്ട് കാര്യമില്ല അമ്മയെ പോലുള്ള പ്രേക്ഷകലക്ഷങ്ങളാണല്ലോ ഇതൊക്കെ വളര്‍ത്തുന്നത്...'
'ആ മൊബൈലൊന്ന് കത്തിച്ചേ മോനേ... മെഴുകുതുകിരി രണ്ടെണ്ണേയുണ്ടായിരുന്നുള്ളു എവിടായിരിക്കുന്നേന്ന് നോക്കട്ടെ...' ലീലാമ്മ മകന്റെ മുറിയുടെ വാതിതില്‍ ഇരുട്ടില്‍ തപ്പി തടഞ്ഞ് എത്തി.
ഈ സമയം രതീഷിന്റെ ഫോണ്‍ റിങ്ങ് ചെയ്തു.
'ശ്രീക്കുട്ടി' കോള്‍ അറ്റന്‍ഡ് ചെയ്ത് രതീഷ് പെട്ടെന്ന് പറഞ്ഞു... ' മോളേ ഡീ... ഫോണിപ്പോ ഓഫാകും...ഇവിടെ കറന്റില്ല... ഹലോ... ഹലോ... ബുള്‍ഷിറ്റ് ഓഫായി...'
'ആ വെട്ടമൊന്ന് കാട്ട് മോനേ...'
'ഫോണ്‍ ഓഫായമ്മേ... അപ്പഴാ ഒരു വെട്ടം...' രതീഷ് ദേഷ്യപ്പെട്ടു.
മുറ്റത്ത് ഏതോ വണ്ടി വന്ന് നിന്ന ശബ്ദം. എഞ്ചിന്‍ ഇരപ്പിക്കുന്നു.
'ആരാ...മോനേ...മുറ്റത്ത്...' ലീലാമ്മ പുറത്തു നിന്ന് ജനാല ചില്ലിലൂടെ വീടിനുള്ളിലേക്ക് കയറിയ വെളിച്ചത്തില്‍ മുന്‍വാതിലിലേക്ക് നോക്കി. കതക് ലോക്കാണ്.
'ആരാമ്മേ...' രതീഷ് മുറിയില്‍ നിന്ന് വീടിന്റെ ഹാളിലേക്കിറങ്ങി.
അവര്‍ രണ്ടുപേരും പരസ്പരം തെല്ലൊരു പേടിയോടെ നോക്കി. ഈ സമയം കതകില്‍ ശക്തിയായി മുട്ടുന്ന ശബ്ദം കേട്ടു.
'ആരാ...' ലീലാമ്മ ചോദിച്ചു... വീണ്ടും കതകില്‍ തട്ടല്‍. 'ആരാന്ന്...' രതീഷന്റെ ശബ്ദം ഉയര്‍ന്നു. അപ്പോള്‍ പുറത്തു നിന്ന് മഴയ്‌ക്കൊപ്പം ആ പുരുഷസ്വരം അവര്‍ കേട്ടു... ' രതീഷേ... രതീഷേ...വാതില്‍ തുറക്ക് ഞാന്‍ അത്തിക്കാട് സ്‌റ്റേഷനിലെ സിപിഒ മഹേഷാണ്... വാതില്‍തുറക്ക്...'
'പോലീസോ... എന്താണ് സാര്‍...' രതീഷിന്റെ ചോദ്യം ഇടറിപ്പോയി. ലീലാമ്മ ഭയന്ന് മകനെ ചേര്‍ത്തു പിടിച്ചു.
(തുടരും...)
© 2025 Ajus Kallumala. All rights reserved.
This literary work is protected under the Copyright Act, 1957 (India).
No part of this publication may be reproduced, stored in a retrieval system, or transmitted, in any form or by any means, without prior written permission of the author.
അടുത്ത എപ്പിസോഡ് ചൊവ്വാഴ്ച (12.08.2025) രാത്രി 8 മണിക്ക്. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ കമൻ്റ് ചെയ്യാൻ മറക്കല്ലേ. ഫോളോ ചെയ്ത് ഷെയർ ചെയ്ത് സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.