21/07/2012
വിശാലിന്റെ കൊല ആസൂത്രിതം: കുമ്മനം
ചെങ്ങന്നൂര്‍: വിശാല്‍ കൊല്ലപ്പെട്ടത് യാദൃച്ഛികമായുണ്ടായ ഏറ്റുമുട്ടലിലല്ലെന്നും ആസൂത്രിതമായി നടത്തിയ തീവ്രവാദി ആക്രമണത്തിലാണെന്നും ഹിന്ദു ഐക്യവേദി ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍ പ്രസ്താവിച്ചു. ഗൂഢാലോചന, തീവ്രവാദ പങ്ക്, ഉപയോഗിച്ച പണം, തയ്യാറെടുപ്പുകള്‍, മാരകായുധങ്ങള്‍ തുടങ്ങിയവയെക്കുറിച്ചുള്ള വിശദവും വിദഗ്ധവുമായ അന്വേഷണം നടത്തുവാന്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കണം.
കേവലം വാക്കു തര്‍ക്കത്തിനിടയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ വിശാല്‍ മരണപ്പെട്ടതാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമം അപലപനീയമാണ്. ആര്‍എസ്‌എസിന്റെയും എബിവിപിയുടെയും പ്രാദേശികനേതാവും ഉജ്വല സംഘാടകനുമായ യുവനേതാവിനെ വധിക്കണമെന്ന് മനപൂര്‍വ്വമായ ഉദ്ദേശ്യത്തോടെ മുന്‍കൂട്ടി കരുക്കള്‍ നീക്കിയിരുന്നു. ദിവസങ്ങളോളം വേണ്ട തയ്യാറെടുപ്പും ആയുധ ശേഖരവും നടത്തുകയുണ്ടായി.
കോളേജ് കവാടത്തില്‍ തീവ്രവാദി അക്രമിസംഘം കാത്തുനിന്ന് വടിവാള്‍, കത്തി, കരാട്ടെ പരിശീലനത്തിന് ഉപയോഗിക്കുന്ന ആയുധങ്ങള്‍ തുടങ്ങിയവയുമായി ഏകപക്ഷീയമായി ആക്രമിക്കുകയായിരുന്നു. നിരായുധനായി നിന്നിരുന്ന വിശാലിനെ തിരഞ്ഞുപിടിച്ച് അടിവയറ്റില്‍ കുത്തുകയായിരുന്നു. കൊലയ്ക്ക് വേണ്ടി മാത്രം നിര്‍മ്മിച്ച പ്രത്യേകതരം കത്തി ഉപയോഗിച്ച് അതിവിദഗ്ധമായാണ് ആഴത്തില്‍ കുത്തി മുറിവേല്‍പ്പിച്ചിട്ടുള്ളതെന്ന് മുറിവിന്റെ സ്വഭാവത്തില്‍ നിന്നും വ്യക്തമായിട്ടുണ്ട്. പ്രത്യേക പരിശീലനം നേടിയിട്ടുള്ള കൊലയാളികളെ മതതീവ്രവാദികളായി കണ്ട് അവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണം. വര്‍ഗീയകലാപം ഉണ്ടാക്കി നാടിന്റെ സ്വൈര്യജീവിതം തകര്‍ക്കുക എന്ന ഗൂഢലക്ഷ്യമാണ് അക്രമത്തിന് പിന്നില്‍. അക്രമസംഭവത്തെ ഒറ്റപ്പെട്ടതും നിസാരവുമായി കാണരുത്. രാഷ്ട്രത്തിന്റെ സുരക്ഷിതത്വത്തിന് ഭീഷണിയായി ഉയര്‍ന്നു വന്നിട്ടുള്ള മതതീവ്രവാദികളുടെ ദേശദ്രോഹപ്രവര്‍ത്തനമായും പട്ടാപ്പകല്‍ പരസ്യമായി നടത്തിയ ഭീകരാക്രമണമായും കണ്ട് ഗൗരവപൂര്‍വ്വം കേസന്വേഷണം നടത്തണമെന്ന് കുമ്മനം ആവശ്യപ്പെട്ടു.
കൊലയ്ക്ക് പിന്നില്‍ ചില നിഗൂഢ ശക്തികളുടെ മസ്തിഷ്ക്കം പ്രവര്‍ത്തിച്ചിട്ടുണ്ട്. ദിവസങ്ങളോളം ഗൂഢാലോചനയും കരുനീക്കങ്ങളും നടത്തി വിശാലിനെ കൊലക്കത്തിക്ക് ഇരയാക്കിയതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെയും സംഘടനകളെയും പുറത്തുകൊണ്ടുവരണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.