01/09/2026
തണ്ണീർമുക്കം ബണ്ട് ഭാഗത്ത് തകർന്നു കിടക്കുന്ന റോഡ് നവീകരിക്കാൻ അടിയന്തിര നടപടി സ്വീകരിച്ചതായി മന്ത്രി മോൻസ് ജോസഫ്
ചേർത്തല: കോട്ടയം - ആലപ്പുഴ ജില്ലകളെ ബന്ധിപ്പിക്കുന്ന തണ്ണീർമുക്കം ബണ്ടിനോട് ചേർന്നുള്ള മെയിൻ റോഡ് നാളുകളായി തകർന്നുകിടക്കുന്നത് മൂലം ജനങ്ങൾ അനുഭവിച്ചുവന്ന യാത്രാദുരിതത്തിന് ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫിൻ്റെ അടിയന്തിര ഇടപെടലിനെത്തുടർന്ന് പരിഹാരനടപടികൾക്ക് സാഹചര്യമുണ്ടായിരിക്കുകയാണ് .
കുടവെച്ചൂർ പള്ളിയിൽ നടക്കുന്ന ചരിത്രപ്രസിദ്ധമായ പരിശുദ്ധ കന്യകാമറിയത്തിൻ്റെ പിറവിതിരുനാളിനോടനുബന്ധിച്ച് സർക്കാർ വകുപ്പുകളുടെ പ്രവർത്തനം ഏകോപിപ്പിക്കുന്നതിന് വേണ്ടി ജലവിഭവ വകുപ്പ് മന്ത്രി നടത്തിയ സന്ദർശനവും ഉന്നത തല യോഗത്തോടനുബന്ധിച്ചാണ് റോഡ് വികസന പ്രതിസന്ധി പരിഹരിക്കുന്ന കാര്യത്തിലും ഇടപെടലുണ്ടായത്. കോട്ടയം - ആലപ്പുഴ ജില്ലാതിർത്തിയിലുള്ള തണ്ണീർമുക്കം ബണ്ടിനോട് ചേർന്നുള്ള മെയിൻ റോഡിൽ കുഴികളിൽ വീഴുന്നതുമൂലമുള്ള ദുർഘടാവസ്ഥ മന്ത്രിയും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും നേരിട്ട് റോഡിലിറങ്ങി പരിശോധിച്ച് ബോധ്യപ്പെട്ടു. ഇക്കാര്യത്തിൽ ജനങ്ങൾ ഉന്നയിച്ച പരാതികൾ മന്ത്രി മോൻസ് ജോസഫ് കേൾക്കാൻ തയ്യാറായി. ബന്ധപ്പെട്ട പ്രധാന ഉദ്യോഗസ്ഥരുമായി കൂടിയാലോചിച്ച ശേഷം നടപ്പാക്കാൻ കഴിയുന്ന തീരുമാനങ്ങൾ മന്ത്രി വ്യക്തമാക്കി. ഇറിഗേഷൻ ഡിപ്പാർട്ടുമെൻ്റിന് കീഴിലുള്ള ഇൻലാൻഡ് വാട്ടർ ഡിപ്പാർട്ട്മെൻ്റിൽ നിന്നും 1 കോടി 41 ലക്ഷം രൂപ റോഡ് നവീകരണത്തിനുവേണ്ടി അനുവദിച്ചതായി ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ് വ്യക്തമാക്കി.
അടിയന്തിരമായി റോഡ് സഞ്ചാരയോഗ്യമാക്കി മാറ്റുന്നതിന് വേണ്ടി സെപ്റ്റംബർ 3,4,5 തീയതികളിൽ റോഡിലെ കുഴികൾ അടച്ച് അറ്റകുറ്റപണികൾ നടപ്പിലാക്കാനും പരമാവധി പെട്ടന്ന് റോഡ് സഞ്ചാരയോഗ്യമാക്കി മാറ്റാനുമാണ് പ്രഥമ നടപടി സ്വീകരിച്ചിട്ടുള്ളത്.
ഇക്കാര്യങ്ങൾ സംബന്ധിച്ച് നടന്ന യോഗത്തിലും സന്ദർശനത്തിലും അഡ്വ.കെ ഫ്രാൻസിസ് ജോർജ് എം.പി കെ. ബിനിമോൻ എം.എൽ.എ പഞ്ചായത്ത് ജനപ്രതിനിധികൾ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ വിവിധ വകുപ്പധികൃതർ എന്നിവരും മന്ത്രിയോടൊപ്പം പങ്കെടുത്തു