
05/08/2025
ലയണൽ മെസ്സി ഉൾപ്പെടുന്ന അർജന്റീന ഫുട്ബോൾ ടീമിനെ കേരളത്തിലെത്തിക്കാനായി അർജന്റീന ഫുട്ബോൾ അസോസിയേഷന് (എഎഫ്എ) 130 കോടി രൂപ നൽകിയിരുന്നുവെന്ന് സ്പോൺസർമാരായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് എംഡി ആന്റോ അഗസ്റ്റിൻ. ഈ വർഷം കേരളത്തിൽ കളിക്കാമെന്നാണ് എഎഫ്എ തങ്ങളുമായി ഒപ്പിട്ട കരാർ എങ്കിലും അടുത്ത വർഷം സെപ്റ്റംബറിൽ കളിക്കാൻ എത്താമെന്നാണ് അവരുടെ ഇപ്പോഴത്തെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി. ഈ വർഷം കളിക്കാൻ എത്തുമെങ്കിൽ മാത്രമേ മത്സരം സംഘടിപ്പിക്കാൻ തങ്ങൾക്ക് താത്പര്യമുള്ളൂ എന്ന് വ്യക്തമാക്കിയ ആന്റോ അഗസ്റ്റിൻ, കരാർ റദ്ദായാൽ അത് വലിയ സാമ്പത്തിക നഷ്ടത്തിന് കാരണമാകുമെന്നും കരാർ ലംഘിച്ചാൽ നിയമനടപടി സ്വീകരിക്കുമെന്നും കൂട്ടിച്ചേർത്തു. കൊച്ചിയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.