06/07/2025
70 വയസ്സുള്ള കമൽ ഹാസ്സൻ 42 വയസ്സുള്ള തൃഷയെ റൊമാൻസ് ചെയ്യുന്നത് പ്രശ്നം ആയി തോന്നിയവർക്ക്, തൃഷയുടെ 2 മാസം ഇളയത് ആയ അതേ 42 വയസ്സുള്ള അഭിരാമി ഭാര്യ ആയി വരുമ്പോഴും അഭിരാമിയെ റൊമാൻസ് ചെയ്യുന്നതിലും കുഴപ്പമില്ല എന്നത് ഒരു വി രോധാഭാസം അല്ലേ?
തഗ് ലൈഫ് ഒരു മോശം സിനിമ ആയത് കൊണ്ട് അല്ലെങ്കിൽ അതിലെ റൊമാൻസ് സീനുകൾ സെറ്റ് ചെയ്തിരിക്കുന്നതിലുള്ള പോരായ്മ കൊണ്ട് കമൽ ഹസ്സൻ തൃഷ റൊമാൻസ് വിമർശിക്കുന്നതിൽ കാര്യമുണ്ട്, പക്ഷെ ഒരു സിനിമയിൽ അഭിനയിക്കുമ്പോൾ കഥക്കോ തിരക്കഥക്കോ ആവശ്യപ്പെടുന്ന രീതിയിൽ ഓൺ സ്‌ക്രീനിൽ ആക്ടർസ് തമ്മിൽ റൊമാൻസ് ചെയ്യുന്നതിന് പ്രായവ്യത്യാസം ഒരു തടസമാകേണ്ടതുണ്ടോ?? നടി മീന ബാല താരമായി രജനിയുടെ കൂടെ അഭിനയിച്ചിട്ടുണ്ട്, മമ്മൂട്ടിയുടെ കൂടെ അഭിനയിച്ചിട്ടുണ്ട്, മോഹൻലാലിന്റെ കൂടെയും ഉണ്ടെന്ന് ആണ് ഓർമ (തെ റ്റായിരിക്കാം ), പിന്നീട് ഇവർ മൂന്ന് പേരുടെയും കൂടെ നായിക ആയും അഭിനയിച്ചിട്ടുണ്ട്...
മീന മാത്രമല്ല ഒരുപാട് നടികൾ ഇത് പോലെ ബാല താരമായി വന്നു പിന്നീട് അതേ നടന്മാരോടൊപ്പം നായികയായി അഭിനയിക്കേണ്ടി വന്നിട്ടുണ്ട്... അതിലെ ശരി തെറ്റുകൾ നോക്കുന്നത് എത്രത്തോളം പ്രാക്ടിക്കൽ ആണെന്ന് അറിയില്ല, കാരണം ഈ പ്രായ വ്യത്യാസം ഏറ്റവും ബാധിക്കേണ്ട നടിമാരുടെ കയ്യിൽ തന്നെയാണ് ഇവരുടെയൊക്കെ നായിക ആകണമോ ഇല്ലയോ എന്നുള്ളതിന്റെ അവസാന വാക്കും... ഇത് ഒരു പ്രൊഫഷൻ ആണ്, അവർ ആക്ടർസും ആണ് എന്ന ബോധമുള്ളിടത്തോളം കാലം പ്രായം ഒരു പ്രശ്നമല്ല എന്ന് തന്നെയാണ് എന്റെ പക്ഷം...
ഇനി വീണ്ടും തൃഷയുടെ കാര്യമെടുത്താൽ തൃഷയുടെ സിനിമാ ജീവിതം തുടങ്ങുന്നത് 1999 ൽ സഹനടി ആയാണ്... അന്ന് തൃഷക്ക് വയസ്സ് വെറും 16 ആണ്... അതായത് 16 വയസ്സിൽ സിനിമാ ഫീൽഡിൽ വന്ന തൃഷക്ക് ഇന്ന് 26 വർഷത്തെ സിനിമാ ജീവിതം മാത്രമുണ്ട്... ഇതിനിടയിൽ തൃഷ നായിക ആവുന്നത് 1999 കഴിഞ്ഞ് പിന്നെയും 3 വർഷം കഴിഞ്ഞ് 2002 ലാണ്, അതായത് ഒരു സഹനടി ആയി തുടങ്ങി നായക നടിയിലേക്ക് എത്തിപെടാൻ തന്നെ തൃഷക്ക് 3 വർഷം കാത്തിരിക്കേണ്ടി വന്നു. ഒരു നായിക നടിയെ സംബന്ധിച്ചിടത്തോളം മിക്കവരുടെയും ക്യാരിയർ 10 വർഷത്തിൽ കൂടുതൽ നീണ്ടു നിൽക്കാറില്ല, പ്രായം ആവുമ്പോൾ നായിക കഥാപാത്രങ്ങൾ കുറയുകയും ചിലർ സിനിമാ ജീവിതം നിർത്തുകയും ആണ് പതിവ്, ചിലർ സഹ നടി, അമ്മ റോളുകളിലേക്ക് മാറുകയും ചെയ്യും, തൃഷയെ പോലെ ചുരുക്കം ചില നടികൾ മാത്രമാണ് നീണ്ട കാലം നായിക നടി ആയി തുടരാറുള്ളത്.
നായക നടന്മാർക്ക് ഈ കാര്യത്തിൽ കിട്ടുന്ന പ്രിവിലേജ് നായിക നടിമാർക്ക് കിട്ടാറില്ല എന്നത് തന്നെയാണ് സത്യം. ഇത്രയും പുരുഷാധിപത്യമുള്ള സിനിമാ ഫീൽഡിൽ തൃഷയെ പോലെയൊരു നടി 26 വർഷകാലമായി പിടിച്ചു നിൽക്കുന്നത് തന്നെ അത്ഭുതം ആണെന്ന് ഇരിക്കെ ഇത് വരെ ചെയ്ത കഥാപാത്രങ്ങൾ എല്ലാം നായിക /തുല്യ കഥാപാത്രങ്ങൾ ആണ് എന്നുള്ളത് തന്നെയാണ് തൃഷയുടെ റേഞ്ച്. ആളുകൾ ഇപ്പോഴും തൃഷയെ കാണുന്നത് ഒരു യൂത്ത് ഐക്കൺ ആയാണ്, യുവതത്തിന്റെ സൗന്ദര്യവും, ശരീര ഭാഷയും അതേ പോലെ സൂക്ഷിക്കുന്നു എന്ന പക്ഷമുള്ളത് കൊണ്ടാണ് തൃഷ കമലിനെ റൊമാൻസ് ചെയ്യുന്നതും, അഭിരാമി കമലിനെ റൊമാൻസ് ചെയ്യുന്നതും ചിലർ രണ്ട് തട്ടുകളിൽ ആയി കാണുന്നത്... തൃഷയോടുള്ള സമീപനം എത്ര നടിമാർക്ക് കിട്ടുമെന്ന് ചോദിച്ചാൽ വളരെ കുറവായിരിക്കും, എന്തിനേറെ പറയുന്നു ഒരുപക്ഷെ തൃഷയുടെ പകരം തഗ് ലൈഫിൽ നയൻതാരയോ, ആൻഡ്രിയയോ ആയിരുന്നെവെങ്കിൽ കൂടിയും ഇപ്പോഴുണ്ടായ ശബ്ദങ്ങൾ ഉണ്ടാവണമെന്നില്ല, അഥവാ ഉണ്ടായാലും അതിന്റെ വോളിയം കുറവായിരിക്കും എന്നാണ് തോന്നുന്നത്...
ആൻഡ്രിയയും കമലും റൊമാൻസ് ചെയ്തത് നമ്മൾ കണ്ടതും ആണ്... ആൻഡ്രിയക്ക് വയസ്സ് 39 ഉം, നയൻതാരക്ക് 40 ഉം ആണ്... തൃഷയേക്കാൾ 3 ഉം, 2 ഉം വയസ്സ് ഇളയത് ആണെന്ന് കൂടെ ഓർമപ്പെടുത്തുന്നു...
©Vaisakh Sudevan