15/09/2025
കണ്ണൂർ എയർപോർട്ടിലേക്ക് വിദേശ രാജ്യങ്ങളുടെ വിമാനങ്ങൾക്ക് സർവ്വീസ് നടത്തുന്നതിനാവശ്യമായ POINT OF CALL പദവി കേന്ദ്ര സർക്കാർ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്, കണ്ണൂർ വിമാനത്താവളത്തിന് സമീപം മട്ടന്നൂരിൽ, 2024-ലെ തിരുവോണദിനമായ സെപ്റ്റംബർ 15 മുതൽ 10 ദിവസം ഞാൻ നടത്തിയ അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം, ഇന്ന് (15-09-2025 ന്) ഒരു വർഷം പൂർത്തിയായിരിക്കുകയാണ്. നിരാഹാര സത്യാഗ്രഹത്തിന്റെ ആദ്യ ദിനങ്ങളിൽ, സത്യാഗ്രഹത്തിന്റെ ചില ചിത്രങ്ങളും വാർത്തകളും ഫേസ്ബുക്കിൽ ഞാൻ പങ്കുവെച്ചിരുന്നെങ്കിലും, ആരോഗ്യസ്ഥിതി മോശമായി വന്നപ്പോൾ പിന്നീടൊന്നും പോസ്റ്റ് ചെയ്യുവാൻ സാധിച്ചില്ല. കണ്ണൂർ ജില്ലയിലെ ചില പ്രാദേശിക യൂട്യൂബ് ചാനലുകളും പത്രങ്ങളും മാത്രമാണ് 10 ദിവസം ഞാൻ നടത്തിയ സമര പോരാട്ടം റിപ്പോർട്ട് ചെയ്തത്. ചില ഉന്നത രാഷ്ട്രീയ നേതാക്കളുടേയും കോർപ്പറേറ്റുകളുടേയും ഇടപെടലുകൾ കാരണം, കേരളത്തിലെ മുഴുവൻ ദൃശ്യമാധ്യമങ്ങളും എന്റെ സത്യാഗ്രഹ സമരം മൂടിവെക്കുവാനാണ് ശ്രമിച്ചത്.
കക്ഷി-രാഷ്ട്രീയ-ജാതി-മത ഭേദമന്യേ, കണ്ണൂർ, കാസർഗോഡ്, വയനാട്, കോഴിക്കോട് ജില്ലകളിലെ പതിനായിരത്തോളം പ്രവാസികളുടെയും പ്രദേശവാസികളുടേയും നേതൃത്വത്തിൽ ആരംഭിച്ച 'കണ്ണൂർ എയർപോർട്ട് ആക്‌ഷൻ കൗൺസിലിന്റെ' ചെയർമാൻ എന്ന നിലയിലാണ് എയർപോർട്ടിന് സമീപം പത്ത് ദിവസം ഞാൻ നിരാഹാര സമരം നടത്തിയത്. മൂവായിരത്തോളം പ്രവാസികൾ വോട്ട് ചെയ്താണ് ആക്‌ഷൻ കൗൺസിലിന്റെ ചെയർമാനായി എന്നെ തിരഞ്ഞെടുത്തത്.
'കണ്ണൂർ എയർപോർട്ട് ആക്‌ഷൻ കൗൺസിലിന്റെ' സമര പരിപാടികളുടെ ആദ്യഘട്ടമെന്ന നിലയിൽ, 2024 ഓഗസ്റ്റ് 14 ന് മട്ടന്നൂർ ടൗണിൽ 'സമര വിളംബര ജാഥയും, സമര പ്രഖ്യാപന കൺവെൻഷനും' നടത്തുകയുണ്ടായി. കണ്ണൂർ എയർപോർട്ടിന് POINT OF CALL പദവി ലഭിക്കുന്നതുവരെ, അഞ്ചു ഘട്ടങ്ങളിലായി സമര പോരാട്ടങ്ങൾ നടത്തുമെന്ന് 'സമര പ്രഖ്യാപന കൺവെൻഷനിൽ' വെച്ച് ഞാൻ പ്രഖ്യാപിച്ചിരുന്നു. അതനുസരിച്ച്, സമര പരിപാടികളുടെ രണ്ടാം ഘട്ടം എന്ന നിലയിലാണ്, 2024-ലെ തിരുവോണ ദിവസമായ സെപ്റ്റംബർ 15 ന് 'അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം' ഞാൻ ആരംഭിച്ചത്.
കേരളത്തിലെ എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടേയും നിരവധി നേതാക്കളും, ജനപ്രതിധികളും, പ്രവർത്തകരും പല ദിവസങ്ങളിലായി സമരപ്പന്തലിൽ എത്തി എനിക്ക് പിന്തുണ പ്രഖ്യാപിച്ചു. എന്നാൽ, കേരളത്തിലെ ഒരു ദൃശ്യ മാധ്യമവും അതൊന്നും റിപ്പോർട്ട് ചെയ്തില്ല !!. പത്ര വാർത്തകളെല്ലാം കണ്ണൂർ ജില്ലാ പേജിൽ മാത്രം ഒതുക്കി !!.
ലോകമെമ്പാടുമുള്ള ഇരുന്നൂറോളം പ്രവാസി സംഘടനകൾ സമര വേദിയിലെത്തി സത്യാഗ്രഹ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു. എന്നാൽ, കേരളത്തിലെ ഒരു ദൃശ്യ മാധ്യമവും അതൊന്നും റിപ്പോർട്ട് ചെയ്തില്ല !!. പത്ര വാർത്തകളെല്ലാം കണ്ണൂർ ജില്ലാ പേജിൽ മാത്രം ഒതുക്കി !!.
വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളും, നിരവധി പ്രാദേശിക സംഘടനകളും, സാമുദായിക സംഘടനകളും, കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതിയും സത്യാഗ്രഹ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സമര വേദിയിലേക്ക് പ്രകടനമായെത്തി. എന്നാൽ, കേരളത്തിലെ ഒരു ദൃശ്യ മാധ്യമവും അതൊന്നും റിപ്പോർട്ട് ചെയ്തില്ല !!. പത്ര വാർത്തകളെല്ലാം കണ്ണൂർ ജില്ലാ പേജിൽ മാത്രം ഒതുക്കി !!
നിരാഹാര സത്യാഗ്രഹ സമരത്തിന്റെ പത്താം ദിവസം, ഒരു പഴയ ആർ.എസ്സ്.എസ്സ് പ്രവർത്തകൻ സമരപ്പന്തലിൽ കയറിവന്ന് വാക്കത്തികൊണ്ട് എന്നെ വെട്ടിക്കൊല്ലാൻ ശ്രമിച്ചു. വർഷങ്ങൾക്കുമുൻപ് ഒരു സ്‌കൂളിലെ ക്ലാസ്സ് മുറിയിൽ വെച്ച് കൊല ചെയ്യപ്പെട്ട ആർ.എസ്സ്.എസ്സ് നേതാവ് ജയകൃഷ്ണൻ മാസ്റ്ററുടെ ബോഡി ഗാർഡായി പ്രവർത്തിച്ച ഗുണ്ടാ നേതാവാണ് എന്നെ ആക്രമിച്ചതെന്ന് നാട്ടുകാർ പറയുന്നു. ജിംനാംസ്റ്റിക്കുകാരനായ അദ്ദേഹം ഏഴു പ്രാവശ്യത്തോളം എന്റെ കഴുത്തിനുനേരെ തുരു തുരാ വെട്ടി. ദൈവം അനുഗ്രഹിച്ച്, വാക്കത്തികൊണ്ടുള്ള എല്ലാ വെട്ടുകളും ഇടതുകൈകൊണ്ട് തടയുവാൻ എനിക്ക് സാധിച്ചു. ഒരു സെക്കന്റ് മനസ്സ് തളർന്നുപോയാൽ മരണം ഉറപ്പാകുമെന്ന് ബോധ്യപ്പെട്ടപ്പോൾ, സട കുടഞ്ഞെഴുന്നേറ്റ് സർവ്വശക്തിയും ഉപയോഗിച്ച് പ്രതിയെ ഞാൻ തിരിച്ച് ആക്രമിച്ചു. പത്ത് ദിവസം പട്ടിണി കിടന്ന് തളർന്നിരിക്കുമ്പോഴാണ്, ആരോഗ്യ ദൃഢഗാത്രനായ ഒരു അക്രമിയുമായി ഞാൻ ഏറ്റുമുട്ടിയത്. അക്രമിയുമായുള്ള മൽപ്പിടുത്തത്തിനിടയിൽ കസേര തട്ടി ഞാൻ നിലത്തുവീണു. ജീവിതം അവിടെ അവസാനിച്ചുവെന്ന് ഞാൻ കരുതി. നിലത്തുകിടന്ന എന്നെ വീണ്ടും വീണ്ടും അക്രമി വെട്ടി. കാലുകൾ കൊണ്ടും, നിലത്തു വീണുകിടന്ന കസേരകൊണ്ടും ഞാൻ ചെറുത്തുനിന്നു. ജീവൻ തിരിച്ചുകിട്ടിയാൽ, ഇനിയുള്ള ജീവിതകാലം മുഴുവൻ സത്യത്തിനും നീതിക്കും ജന നന്മക്കുവേണ്ടിയുമുള്ള പോരാട്ടങ്ങൾ നടത്തുമെന്ന്, മരണം മുന്നിൽ കണ്ട ആ നിമിഷങ്ങളിൽ ദൈവത്തിന് ഞാൻ വാക്ക് കൊടുത്തു. മരണ വെപ്രാളത്തിലെ എന്റെ പ്രാർത്ഥന ദൈവം കേട്ടു. നിമിഷങ്ങൾക്കൊണ്ട് എന്റെ മനസ്സിനും ശരീരത്തിനും അത്ഭുതകരമായ ഊർജ്ജം ലഭിച്ചു. ഒരു സിംഹത്തെപ്പോലെ ഗർജ്ജിച്ചുകൊണ്ട് നിലത്തുനിന്നും ചാടിയെണീറ്റ്, കസേരകൊണ്ട് ആക്രമിയെ ശക്തമായി തിരിച്ചടിച്ചു. എന്റെ ഭാഗത്തുനിന്നും അതിശക്തമായ പ്രത്യാക്രമണം നേരിട്ടപ്പോൾ അക്രമിക്ക് പിടിച്ചു നിൽക്കാനായില്ല. ഗത്യന്തരമില്ലാതെ സമരപ്പന്തലിൽ നിന്നും അദ്ദേഹം ഇറങ്ങിയോടി. അക്രമിയുമായുണ്ടായ ഈ പോരാട്ടങ്ങൾക്ക് എന്നോടൊപ്പം മറ്റൊരാൾ കൂടിയുണ്ടായിരുന്നു. സാക്ഷാൽ ദൈവത്തിന്റെ പ്രതിനിധി...എന്റെ ജീവൻ രക്ഷിക്കുവാൻ ദൈവം അയച്ച കാവൽ മാലാഖ....അദ്ദേഹത്തിന്റെ പേരാണ് നസീർ ആമേരി !!
മട്ടന്നൂർ സ്വദേശിയായ ശ്രീ നസീർ ആമേരി മിക്കവാറും എല്ലാ ദിവസങ്ങളിലും സത്യാഗ്രഹ പന്തലിൽ വന്നിരുന്നു. സത്യാഗ്രഹത്തിന്റെ പത്താം ദിവസമായ സെപ്റ്റബർ 24 ന് രാവിലെ 10 മണിയോടെ നസീർ ആമേരി സമരപ്പന്തലിൽ എത്തി. ഞാൻ ഇരുന്നിരുന്ന കട്ടിലിന് പുറകിൽ കസേരയിലാണ് നസീർ ഇരുന്നത്. പത്തരയോടെ അക്രമി വാക്കത്തിയുമായി സമരപ്പന്തലിലേക്ക് കയറിവരുന്നത് നസീർ ശ്രദ്ധിച്ചു. കട്ടിലിൽ കുനിഞ്ഞിരുന്ന് മൊബൈലിൽ നോക്കിയിരുന്ന ഞാൻ അക്രമിയെ കണ്ടിരുന്നില്ല. എന്റെ അടുത്തേക്ക് പെട്ടെന്ന് കുതിച്ചെത്തിയ അക്രമി, വാക്കത്തിയെടുത്ത് എന്റെ കഴുത്തിനുനേരെ ആഞ്ഞുവെട്ടിയപ്പോൾ, നസീർ ചാടിയെഴുന്നേറ്റ് കസേരയെടുത്ത് ആക്രമിയെ എറിയുകയുണ്ടായി. അവസരോചിതമായ നസീറിന്റെ കൃത്യമായ ഇടപെടൽ കൊണ്ടാണ് അക്രമിയുടെ ആദ്യ വെട്ട് പാളിപ്പോയത്. അക്രമിക്കെതിരെ നസീർ എറിഞ്ഞ കസേര എന്റെ മുന്നിൽ വീണപ്പോഴാണ് കട്ടിലിൽ നിന്നും ഞാൻ ചാടിയെഴുന്നേറ്റത്. കാവൽ മാലാഖയെപ്പോലെ നസീർ നടത്തിയ ആ പ്രത്യാക്രമണം അവിടെ നടന്നില്ലായിരുന്നുവെങ്കിൽ, ആ നിമിഷം തന്നെ ഞാൻ വധിക്കപ്പെടുമായിരുന്നു.
ആക്രമണ സമയത്ത് സമരപ്പന്തലിൽ മറ്റൊരാൾക്കൂടി ഉണ്ടായിരുന്നു. ആദ്യ വെട്ട് നടന്ന സമയത്തുതന്നെ അയാൾ സമരപ്പന്തലിൽ നിന്നും ഓടിപ്പോയി. മൂന്ന് മിനിറ്റോളം അക്രമിയുമായി ഞാൻ ഏറ്റുമുട്ടിയപ്പോൾ നിരവധിയാൾക്കാർ റോഡിൽ നോക്കിനിൽക്കുകയായിരുന്നു. ഇവരാരും എന്നെ രക്ഷിക്കുവാൻ അങ്ങോട്ട് വന്നില്ല. സംഭവം അറിഞ്ഞു വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രാദേശിക നേതാക്കളും പോലീസും മിനിട്ടുകൾക്കുള്ളിൽ പാഞ്ഞെത്തി. ഉടൻതന്നെ അക്രമിയുടെ വീട്ടിൽ പോലീസെത്തി അക്രമിയെ അറസ്റ്റുചെയ്തു. പിന്നെ കേൾക്കുന്നതെല്ലാം പതിവ് കഥകളാണ്. അക്രമിക്ക് മാനസിക വൈകല്യം ഉണ്ടുപോലും !!. അതുകൊണ്ട് പ്രതിയെ കോഴിക്കോടുള്ള മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് പോലീസ് പറഞ്ഞു. രണ്ട് മാസത്തോളം അക്രമി കുതിരവട്ടത്തായിരുന്നുവെന്നും, ഇപ്പോൾ നാട്ടിൽ ഉണ്ടെന്നും കേൾക്കുന്നു. കേസ് എന്തായെന്ന് ഒരു പിടിയുമില്ല !
എനിക്കെതിരെ നടന്ന ആക്രമണം വളരെ ആസൂത്രിതമായിരുന്നുവെന്ന് സാഹചര്യത്തെളിവുകൾ വ്യക്തമാക്കുന്നുണ്ട്. ആക്രമിക്ക് പിന്നിൽ ആരുടെയൊക്കെയോ കറുത്ത കൈകൾ പ്രവർത്തിച്ചിട്ടുണ്ട്. അതേക്കുറിച്ചൊന്നും പോലീസ് അന്വേഷിക്കുന്നില്ല. കഴിഞ്ഞ ഒരു വർഷത്തോളം വ്യക്തിപരമായി ഞാൻ നടത്തിയ അന്വേഷണത്തിൽ നിന്നും മനസ്സിലാക്കുവാൻ സാധിച്ചത്, ആരൊക്കെയോ നൽകിയ 'ക്വട്ടേഷൻ' അനുസരിച്ചരിച്ചാണ് എനിക്കെതിരെ ആക്രമണം നടത്തിയത് എന്നാണ്. മാനസിക വൈകല്യമുണ്ടെന്ന സർട്ടിഫിക്കറ്റ് സമ്പാദിച്ചാൽ, ആർക്കും ആരേയും കൊല്ലുവാൻ സാധിക്കുമെന്നതാണ് നമ്മുടെ രാജ്യത്തെ ദയനീയ അവസ്ഥ. ഈ സാഹചര്യം നില നിൽക്കുന്നതുകൊണ്ട്, ചെറിയ മാനസിക വൈകല്യമുള്ള ആർക്കെങ്കിലും 'ക്വട്ടേഷൻ ' കൊടുത്താൽ, ഈ കുറ്റവാളികളാരും ശിക്ഷിക്കപ്പെടത്തില്ല. ഇതുപോലുള്ള എത്രയോ സംഭവങ്ങൾ കേരളത്തിൽ നടക്കുന്നു. കുറ്റവാളികളെ സംരക്ഷിക്കുന്ന തെറ്റായ നിയമ വ്യവസ്ഥകൾക്കെതിരെ ശബ്ദിക്കുവാൻ ജനപ്രതിനിധികൾക്കും മാധ്യമങ്ങൾക്കും സാധിക്കുന്നില്ലെങ്കിൽ, ജനങ്ങൾ തെരുവിൽ ഇറങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു !!.
ഒരു പക്ഷെ ലോക ചരിത്രത്തിൽ ആദ്യമായിരിക്കും, നിരാഹാര സത്യാഗ്രഹം നടത്തുന്ന ഒരാളെ സമരപ്പന്തലിൽ കയറി വെട്ടിക്കൊല്ലാൻ ശ്രമിക്കുന്നത്. ഇത്രയും വലിയൊരു ഭീകര ആക്രമണം ഒരു സത്യാഗ്രഹിക്കെതിരെ നടന്നിട്ടും, കേരളത്തിലെ ഒരു ദൃശ്യ മാധ്യമവും അത് റിപ്പോർട്ട് ചെയ്തില്ല !! പത്ര വാർത്തകളെല്ലാം കണ്ണൂർ ജില്ലാ പേജിൽ മാത്രം ഒതുക്കി !!
എന്തായാലും എന്റെ സമര പോരാട്ടങ്ങൾ ഞാൻ അവസാനിപ്പിക്കുന്നില്ല !!
എന്നെ വധിക്കുവാൻ 'ക്വട്ടേഷൻ' നൽകിയവരെ കണ്ടെത്തുവാൻ ഒരു വർഷമായിട്ടും കേരളാ പോലീസിന് കഴിയുന്നില്ലെങ്കിൽ, അതിശക്തമായ സമര പോരാട്ടങ്ങളും നിയമ പോരാട്ടങ്ങളുമായി വീണ്ടും ഞാൻ കണ്ണൂരിലെത്തും !!
സത്യാഗ്രഹപ്പന്തലിൽ എനിക്കെതിരെ നടന്ന ആക്രമണം ഞാൻ തന്നെ സൃഷ്ടിച്ചതാണെന്ന്, ആക്രമണം നടന്ന് മീറ്റുകൾക്കുള്ളിൽ സോഷ്യൽ മീഡിയകളിൽ പ്രചാരണം നടത്തുവാൻ ചിലർ ശ്രമിക്കുകയുണ്ടായി. ഈ ആക്രമണത്തിന്റെ പിന്നിൽ പ്രവർത്തിച്ചവർ പിടിക്കപ്പെടാതിരിക്കുവാൻവേണ്ടിയും, മാധ്യമങ്ങളിൽ ചർച്ച ചെയ്യപ്പെടാതിരിക്കുവാൻവേണ്ടിയും, പോലീസ് അന്വേഷണം ഊർജ്ജിതമാകാതിരിക്കുവാൻ വേണ്ടിയും, 'ക്വട്ടേഷൻ' നൽകിയവർ ബോധപൂർവ്വം നടത്തിയ കുപ്രചാരണമായിരുന്നു അത്. ഇവരുടെ തന്ത്രപരമായ ഈ പ്രചാരണം കൊണ്ട് ആക്രമണത്തിന്റെ തീവ്രതയും ഭീകരതയും നഷ്ടപ്പെടുകയുണ്ടായി.
എല്ലാവിധ പ്രതിസന്ധികളേയും വെല്ലുവിളികളേയും പാരകളേയും മറി കടന്നുകൊണ്ട്, കക്ഷി-രാഷ്ട്രീയ-ജാതി-മത ഭേദമന്യേ, എന്റെ നിരാഹാര സത്യാഗ്രഹത്തിന് പിന്തുണയുമായി സ്ത്രീകളടക്കം നിരവധിയാൾക്കാർ രാവിലെ മുതൽ പാതിരാവരെ എന്നോടൊപ്പം പത്തുദിവസവും നിരാഹാരപ്പന്തലിൽ ഉണ്ടായിരുന്നു. അവരോടുള്ള നന്ദിയും കടപ്പാടും എങ്ങനെ അറിയിക്കണമെന്ന് എനിക്കറിയില്ല. അവർക്കുവേണ്ടി ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. എല്ലാവരേയും ദൈവം അനുഗ്രഹിക്കട്ടെ🙏.
Rajeev Joseph
Chairman
Kannur Airport Action Council
Whatsapp: 0090727 95547