04/11/2024
ആലത്തൂരിൽ മത്സരിക്കാൻ എത്തിയ ആദ്യ നാളുകൾ മുതൽ തന്നെ വല്ലാത്തൊരു ആത്മ ബന്ധമുള്ള നാടാണ് ചേലക്കര. സ്നേഹ സമ്പന്നരായ ഒരുപാട് മാതാപിതാക്കളെയും സഹോദരങ്ങളെയും എനിക്ക് സമ്മാനിച്ച നാട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ചേലക്കര മണ്ഡലത്തിലുടനീളം പ്രചാരണ പരിപാടികളുമായി സഞ്ചരിക്കുകയായിരുന്നു. എവിടെ ചെന്നാലും കാണുന്നവർക്കും മിണ്ടുന്നവർക്കും പറയാനുള്ള സുപ്രധാനമായ വിഷയം അവരുടെ റോഡുകളെ പറ്റിയാണ്. പറയാതെ വയ്യല്ലോ, ചേലക്കരയിലെ റോഡുകളുടെ അവസ്ഥ അതി ദയനീയമാണ്.മുഖ്യധാരാ മാധ്യമങ്ങളിലൂടെ ലോകം മുഴുവൻ കണ്ടതാണ് ആ വസ്തുത.
മായന്നൂർ - ഒറ്റപ്പാലം കനാൽ റോഡ്, പള്ളം ചെറുതുരുത്തി റോഡ്, ചേലക്കരയെ ദേശീയ പാതയുമായി ബന്ധിപ്പിക്കുന്ന വാണിയമ്പാറ റോഡ്, തുടങ്ങി ചേലക്കര നിയോജക മണ്ഡലത്തിലെ 50 ൽ അധികം റോഡുകൾ പൂർണമായും ഭാഗീകമായും തകർന്നു കിടക്കുന്ന അവസ്ഥയാണ്.
കഴിഞ്ഞ 28 വർഷമായി ഇടത്പക്ഷ പ്രതിനിധികൾ പ്രതിനിധീകരിച്ച ചേലക്കരയിൽ ഇപ്പോഴും പത്തിൽ അധികം സ്ഥലങ്ങളിലാണ് റോഡിനു വേണ്ടിയുള്ള സമരങ്ങൾ നടക്കുന്നത്.
സഞ്ചാര സ്വാതന്ത്ര്യം എന്ന അവകാശത്തിന് വേണ്ടി യുവാക്കൾ റോഡിലിറങ്ങി യാചന സമരം നടത്തിയത് രാഷ്ട്രീയ ചിന്തകൾക്കുമപ്പുറം വേദന ഉളവാക്കിയ ഒന്നാണ്. തൊഴുപ്പാടത്തെ ഗ്രാമ വാസികൾ രാഷ്ട്രീയഭേദമന്യേ അവരുടെ ആവശ്യങ്ങൾക്കായി തെരുവിലിറങ്ങിയതും ഈ അടുത്താണ്. അവർ ചോദിക്കുന്നത് ഔദാര്യമല്ല. അവർക്ക് ലഭിക്കേണ്ട അവകാശമാണ്. അവരോടൊപ്പം മുന്നിൽ തന്നെ ഉണ്ടാകും എന്ന പാഴാവാത്ത ഉറപ്പ് മാത്രമാണ് ഈ അവസരത്തിൽ നൽകാനുള്ളത്. വേണ്ട രീതിയിൽ മുൻ കരുതലുകളോ ദീർഘ വീക്ഷണമോ ഇല്ലാതെയുള്ള നിർമാണ പ്രവർത്തികളും, അഴിമതിയും, അശാസ്ത്രീയ നിർമാണങ്ങളുമാണ് റോഡുകളുടെ ഇന്നത്തെ ശോചനീയാവസ്ഥക്ക് കാരണം.
കോവിഡ് കാലത്ത് പ്രാദേശിക വികസന ഫണ്ടുകൾ വെട്ടികുറച്ചിട്ടും രണ്ട് ജില്ലകളിലായി ഏഴ് നിയമസഭ മണ്ഡലങ്ങൾ ഉൾകൊള്ളുന്ന വലിയ മണ്ഡലമായിരുന്നിട്ടും ആലത്തൂർ ലോകസഭ അംഗമായിരുന്ന കാലയളവിൽ വിവിധ പദ്ധതികളിലായി, ഒന്നാം3 കല്ല് - പാറമേൽപ്പടി റോഡ് നവീകരണത്തിന് 7 കോടി 80,ലക്ഷം, ചേലക്കര - എളനാട് റോഡിനു 12 കോടി ,പുഞ്ചപ്പാടം-കുമ്പ3ളക്കാട് റോഡിന് 2 കോടി 80 ലക്ഷം രൂപ അനുവദിക്കുന്നതുമുൾപ്പെടെ പരിമിതമായ ഫണ്ട് വിനിയോഗത്തിനുള്ളിൽ നിന്ന് കൊണ്ട് പരമാവധി ഈ നാടിന്റെ സഞ്ചാര സ്വാതന്ത്ര്യത്തിന് വേണ്ടി ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്. നിങ്ങളിൽ ഒരാളായി ഞാൻ തെരെഞ്ഞെടുക്കപ്പെടുകയാണെങ്കിൽ ആദ്യം പ്രാധാന്യം നൽകുക ഈ റോഡുകളുടെ പുനർ നിർമാണത്തിന് തന്നെയാകും. നമുക്ക് വീണ്ടെടുക്കണം ചേലുള്ള കരയായി നമ്മുടെ ചേലക്കരയെ..