13/03/2019
ളാഹ എസ്റ്റേറ്റ് എയർപോർട്ടിന് അനുയോജ്യം; ചെറുവള്ളി എസ്റ്റേറ്റ് ഒഴിവാക്കണം.
ന്യൂഡൽഹിഃ ചെറുവള്ളി എസ്റ്റേറ്റ് മാത്രമാണ് വിമാനത്താവളത്തിന് യോഗ്യമെന്ന് പ്രചാരണം നടത്തി, ബിഷപ്പ് കെ.പി.യോഹന്നാനെ വഴിവിട്ട് സഹായിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ നിഗൂഢ നീക്കങ്ങളെ മധ്യതിരുവിതാംകൂറിലെ പൊതുജനങ്ങളും പ്രവാസികളും ചെറുത്തു തോൽപ്പിക്കണമെന്ന്, മധ്യതിരുവിതാംകൂറിൽ ജനകീയ എയർപോർട്ട് പദ്ധതിക്ക് തുടക്കം കുറിച്ച പ്രവാസി സംഘടനയായ ഗ്ലോബൽ ഇന്ത്യൻ അസ്സോസിയേഷൻ ആവശ്യപ്പെട്ടു. ചെറുവള്ളി എസ്റ്റേറ്റിന് പകരം, ളാഹ എസ്റ്റേറ്റിൽ വിമാനത്താവളം പണിയുവാനുള്ള "ഇൻ -പ്രിൻസിപ്പൽ അപ്പ്രൂവൽ" സംസ്ഥാന സർക്കാർ നൽകണമെന്നും ഗ്ലോബൽ ഇന്ത്യൻ അസ്സോസ്സിയേഷൻ ആവശ്യപ്പെട്ടു.
ആറന്മുള എയർപോർട്ട് പദ്ധതി നടക്കാതെ വന്നപ്പോൾ, പുതിയ സ്ഥലത്ത് പുതിയ എയർപോർട്ട് എന്ന ആശയവുമായി പ്രവാസികളുടെ നേതൃത്വത്തിൽ മധ്യതിരുവിതാംകൂറിൽ നടത്തിയ സർവ്വേയിലാണ് ചെറുവള്ളി എസ്റ്റേറ്റ് ഒന്നാം സ്ഥാനത്ത് എത്തിയിരുന്നത്. എന്നാൽ, ചെറുവള്ളി എസ്റ്റേറ്റിന് എന്തെങ്കിലും നിയമപ്രശ്നങ്ങൾ ഉണ്ടെങ്കിൽ, ളാഹ എസ്റ്റേറ്റ് പരിഗണിക്കാനാവുമെന്ന്, ലോകത്തിലേക്കും വെച്ച് ഏറ്റവും വലിയ എയർപോർട്ട് കൺസൾട്ടൻസികളിൽ ഒന്നായ AECOM വ്യക്തമാക്കിയിരുന്നു. ളാഹ എസ്റ്റേറ്റിനും എന്തെങ്കിലും നിയമതടസ്സങ്ങൾ ഉണ്ടായാൽ, മൂന്നാമതായി പരിഗണിക്കാവുന്ന സ്ഥലം കുമ്പഴ എസ്റ്റേറ്റാണെന്നും AECOM -ന്റെ പഠന റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടുണ്ട്. ഡെൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്ലോബൽ ഇന്ത്യൻ അസ്സോസിയേഷന്റെ നേതൃത്വത്തിൽ ആരംഭിച്ച ജനകീയ വിമാനത്താവളക്കമ്പനിയായ "ഇൻഡോ ഹെറിറ്റേജ് ഇന്റർനാഷണൽ ഏറോപോളിസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പ്രവാസി സംരംഭമാണ്, AECOM-നേക്കൊണ്ട് സർവ്വേ നടത്തി, പഠന റിപ്പോർട്ട് സംസ്ഥാന സർക്കാരിന് ആദ്യമായി സമർപ്പിച്ചത്. ഈ പഠന റിപ്പോർട്ട് പൂഴ്ത്തി വെച്ചുകൊണ്ടാണ് മറ്റൊരു എയർപോർട്ട് പദ്ധതിയുമായി അവസാന നിമിഷം സർക്കാർ രംഗത്തെത്തിയത്.
മധ്യതിരുവിതാംകൂറിലെ സാധാരണക്കാരായ ലക്ഷക്കണക്കിന് ജനങ്ങളുടേയും ലോകമെമ്പാടുമുള്ള പ്രവാസികളുടേയും നേതൃത്തത്തിൽ ആരംഭിച്ച "ജനകീയ വിമാനത്താവള പദ്ധതിയെ" അട്ടിമറിച്ച്, കെ.പി യോഹന്നാന്റെയും ചില കോർപ്പറേറ്റുകളുടേയും സമ്മർദ്ദത്തിന് വഴങ്ങി, ചെറുവള്ളിയിൽ തന്നെ വിമാനത്താവളം പണിയുവാൻ ശ്രമിക്കുന്നത് വൻ അഴിമതിയാണെന്ന് ഗ്ലോബൽ ഇന്ത്യൻ അസ്സോസ്സിയേഷൻ പ്രസിഡണ്ട് രാജീവ് ജോസഫ് ആരോപിച്ചു. എയർപോർട്ട് വിഷയത്തിൽ സർക്കാരും കെ.പി യോഹന്നാനും തമ്മിലുണ്ടാക്കിയ രഹസ്യക്കച്ചവടം പൊതുജനങ്ങളുടെ മുന്നിൽ തുറന്നുകാണിക്കുമെന്നും രാജീവ് ജോസഫ് പറഞ്ഞു.
ആറന്മുള എയർപോർട്ട് പദ്ധതി പരാജയപ്പെട്ട സാഹചര്യത്തിൽ, ഗ്ലോബൽ ഇന്ത്യൻ അസ്സോസിയേഷന്റെ നേതൃത്വത്തിൽ 2015 മെയ് മാസത്തിലാണ് , പുതിയൊരു സ്ഥലത്ത് പുതിയൊരു ജനകീയ എയർപോർട്ട് പദ്ധതിക്കായി ലോകമെമ്പാടുമുള്ള പ്രവാസികൾ ശ്രമം ആരംഭിച്ചത്. തുടക്കത്തിൽ തന്നെ ഈ ജനകീയ എയർപോർട്ട് പദ്ധതി പൊളിച്ചടുക്കുവാൻ സോഷ്യൽ മീഡിയകളിലൂടെ ചില കോർപ്പറേറ്റുകൾ നടത്തിയ ശ്രമങ്ങളെയെല്ലാം അതിസാഹസികമായി പരാജയപ്പെടുത്തിയാണ് പത്തനംതിട്ട കേന്ദ്രമാക്കി പ്രവാസികൾ പ്രവർത്തനം ആരംഭിച്ചത്. ഈ ജനകീയ പദ്ധതിയുടെ നേട്ടങ്ങൾ ജനങ്ങളിലേക്കും സർക്കാരിലേക്കും എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളിലേക്കും എത്തിക്കുവാൻ വേണ്ടി 3 വർഷത്തിനുള്ളിൽ പ്രവാസികൾ ചെലവാക്കിയത് നാലരക്കോടിയോളം രൂപയാണ്. ഇതിൽ ഒന്നരക്കോടിയോളം ഇപ്പോഴും കടത്തിലാണ്. എയർപോർട്ട് പദ്ധതിക്ക് തുടക്കം കുറിക്കുന്നതിനായി "ഇൻഡോ ഹെറിറ്റേജ് ഇന്റർനാഷണൽ ഏറോപോളിസ് പ്രൈവറ്റ് ലിമിറ്റഡ്" എന്ന പേരിൽ പത്തനംതിട്ട കളക്ടറേറ്റിന് മുന്നിൽ 2015 ഒക്ടോബർ 19 ന് എയർപോർട്ട് കമ്പനി പ്രവർത്തനം ആരംഭിച്ചു. 50 ലക്ഷത്തിലധികം രൂപാ ചെലവഴിച്ചാണ് അന്താരാഷ്ട്ര നിലവാരം പുലർത്തുന്ന ഓഫീസ് പ്രവർത്തന സജ്ജമായത്. ഈ ജനകീയ പദ്ധതി തകർക്കുവാൻ, പലരും പല വിധത്തിലും ശ്രമിച്ചെങ്കിലും, അതിനെയെല്ലാം പരാജയപ്പെടുത്തിയത് ഇച്ഛാശക്തിയുള്ള കുറച്ചു പ്രവാസികളുടെ കഠിന പ്രയത്നം കൊണ്ടുമാത്രമാണ്. 2015 ജൂൺ മുതൽ 2017 ജൂൺ വരെ ഗ്ലോബൽ ഇന്ത്യൻ അസ്സോസിയേഷനും ഇൻഡോ -ഹെറിറ്റേജ് എയർപോർട്ട് കമ്പനിയും നടത്തിയ പ്രവർത്തനങ്ങളുടെ ആകെത്തുകയാണ് ഇടതുപക്ഷ സർക്കാർ ഇപ്പോൾ അടിച്ചുകൊണ്ടുപോയിരിക്കുന്നത്. ഈ അവകാശവാദം തെറ്റാണെന്ന്, നെഞ്ചത്ത് കൈവെച്ചുകൊണ്ട് കേരളത്തിലെ ഏതെങ്കിലും സി.പി.എം നേതാവിനോ, എം.എൽ.എ മാർക്കോ, മന്ത്രിമാർക്കോ, മുഖ്യമന്ത്രിക്കോ പറയുവാൻ സാധിക്കില്ല. അത്രമാത്രം ഈ പദ്ധതിക്കുവേണ്ടി രാവും പകലും പ്രവാസികൾ അദ്ധ്വാനിച്ചതാണ്. ഈ ജനകീയ പദ്ധതിക്കെതിരെ കേരളത്തിലെ ഒരു രാഷ്ട്രീയ പ്രസ്ഥാനങ്ങളും എതിർത്തിരുന്നില്ല. രാഷ്ട്രീയ കക്ഷിഭേദമന്യേ കേരളത്തിലെ നിരവധി രാഷ്ട്രീയ നേതാക്കളും, എല്ലാ മുഖ്യധാരാ മാധ്യമങ്ങളും പരിപൂർണ പിന്തുണ നൽകിയിരുന്നു. ഈ പദ്ധതിക്കായി, രണ്ടുവർഷത്തിനകം രണ്ടായിരത്തിലധികം പ്രമുഖ വ്യക്തികളുമായി, ഇൻഡോ ഹെറിറ്റേജ് എയർപോർട്ട് കമ്പനി ചർച്ചകൾ നടത്തിയുരുന്നു. നിരവധി രാജ്യങ്ങൾ സന്ദർശിച്ച് പ്രാഥമിക പഠനം നടത്തിയശേഷമാണ്, ഇങ്ങനെയൊരു എയർപോർട്ട് പദ്ധതിക്കായി പ്രവാസികൾ ഇറങ്ങിത്തിരിച്ചത്.
AICOM എന്ന അമേരിക്കൻ കമ്പനിയുമായി മാസങ്ങളോളം ചർച്ച നടത്തിയ ശേഷമാണ്, പരിസ്ഥിതിക്ക് പ്രശ്‍നങ്ങളില്ലാത്ത സ്ഥലം കണ്ടെത്തുന്നതിനായി മധ്യതിരുവിതാംകൂറിൽ "Pre-Feasibility Study" ആരംഭിച്ചത്. ഇതേ AICOM കമ്പനി തന്നെയാണ് കണ്ണൂർ എയർപോർട്ട് ഇപ്പോൾ യാഥാർഥ്യമാക്കിയിരിക്കുന്നത്. 2016-ൽ നടത്തിയ "Pre-Feasibility Study" മുതൽ, 2021 -ൽ എയർപോർട്ട് കമ്മീഷൻ ചെയ്യുന്നതുവരെയുള്ള പ്രവർത്തനങ്ങൾക്കായി 85 കോടി രൂപക്കാണ് AICOM -ഉം ആയുള്ള കരാറിൽ ഇൻഡോ-ഹെറിറ്റേജ് എയർപോർട്ട് കമ്പനി ഒപ്പിട്ടത്. ലക്ഷക്കണക്കിന് രൂപാ ചിലവാക്കിയശേഷമാണ്, "Pre-Feasibility Study" ക്കായി AICOM അധികാരികളും എൻജിനീയർമാരും അടങ്ങുന്ന സംഘം മധ്യതിരുവിതാംകൂറിലെ സ്ഥലങ്ങൾ സന്ദർശിച്ചത്. 2 മാസത്തോളം നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ AICOM തയ്യാറാക്കിയ "PRE-FEASIBILITY STUDY REPORT" സംസ്ഥാന മുഖ്യമന്ത്രിക്ക് സമർപ്പിക്കുകയും ചെയ്തു. ഇൻഡോ-ഹെറിറ്റേജ് തയ്യാറാക്കിയ ഈ പഠന റിപ്പോർട്ടാണ് പി.സി.ജോർജ്ജ് എം.എൽ.എ നിയമസഭയിൽ ആദ്യമായി ഹാജരാക്കിയത്. ചുരുക്കം പറഞ്ഞാൽ, കേരള മുഖ്യമന്ത്രിയും എം.എൽ.എ മാരുമൊക്കെ എയർപോർട്ടിനുവേണ്ടി സംസാരിക്കുവാൻ തുടങ്ങിയത്, പ്രവാസികളുടെ ജനകീയ എയർപോർട്ട് പദ്ധതി നടപ്പിലാകുമെന്ന് ഉറപ്പായപ്പോഴാണ്.
ആറന്മുള എയർപോർട്ടിന്റെ പേരിൽ 10 കൊല്ലത്തോളം മധ്യതിരുവിതാംകൂറിലെ ജാതി-മത-രാഷ്ട്രീയ പ്രസ്ഥാനങ്ങൾ പരസ്പരം ഏറ്റുമുട്ടിയപ്പോൾ, ആറന്മുളയെ കൂടാതെ നിരവധി മറ്റു സ്ഥലങ്ങളും മധ്യതിരുവിതാംകൂറിൽ ഉണ്ടായിരുന്നു...! ഈ പത്തുവർഷവും കേരളത്തിൽ സർക്കാരുമുണ്ടായിരുന്നു...! അപ്പോഴൊന്നും, ആറന്മുളക്ക് പകരം മറ്റൊരു സ്ഥലം കണ്ടെത്തി എയർപോർട്ട് നിർമ്മിക്കാൻ ആരുമില്ലായിരുന്നു..! മറ്റൊരു എയർപോർട്ട് ഉണ്ടാക്കുന്നതിനായി ഒരു രാഷ്ട്രീയ നേതാവും സംസാരിക്കാൻ പോലുമില്ലായിരുന്നു...! ആറന്മുള വിട്ട് മറ്റൊരു സ്ഥലത്ത് എയർപോർട്ട് കൊണ്ടുവരുവാൻ ആറമുള എയർപോർട്ട് അധികൃതരും തയ്യാറായില്ല. 3 ദശാബ്ദങ്ങളായി മധ്യതിരുവിതാംകൂറിലെ പ്രവാസികൾ ആവശ്യപ്പെട്ടുകൊണ്ടിരുന്ന എയർപോർട്ട് പദ്ധതി യാഥാർഥ്യമാകാതെ വന്നപ്പോൾ, അവസാനം ഗതികെട്ട്, പാവങ്ങളായ കുറേ പ്രവാസികൾ ഒത്തുചേർന്ന്, രണ്ട് വർഷത്തിലധികം രാവും പകലും കഷ്ടപ്പെട്ട്, നാലരക്കോടിയോളം രൂപയും ചിലവഴിച്ച്, പുതിയ സ്ഥലത്ത് പുതിയ എയർപ്പോർട്ട് പദ്ധതിയെന്ന ആശയം സാക്ഷാത്ക്കരിക്കുവാൻ തയ്യാറായിവന്നപ്പോൾ, അതിനെ തല്ലിത്തകർക്കുന്ന സമീപനമാണ് ഇപ്പോൾ സംസ്ഥാന സർക്കാർ സ്വീകരിച്ചിരിക്കുന്നത്..!
ആറന്മുളക്ക് പകരം മറ്റൊരു എയർപോർട്ട് സർക്കാർ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചപ്പോൾ, ഗ്ലോബൽ ഇന്ത്യൻ അസ്സോസിയേഷൻ സമർപ്പിച്ച പഠന റിപ്പോർട്ടല്ലാതെ മറ്റൊരു കടലാസുപോലും മുഖ്യമന്ത്രിയുടെ കയ്യിൽ ഉണ്ടായിരുന്നില്ലെന്നതാണ് പരമാർത്ഥം. പുതിയ എയർപോർട്ട് പദ്ധതിക്കായി ഒരു രൂപാ പോലും അതുവരെ സർക്കാർ ചിലവഴിച്ചിട്ടില്ല. എന്നാൽ, പുതിയ "സർക്കാർ പദ്ധതി"യെക്കുറിച്ച് മുഖ്യമന്ത്രി പറയുന്നതിനുമുമ്പേ, സാധാരണക്കാരായ പ്രവാസികൾ നാലരക്കോടിയോളം രൂപാ ചെലവഴിച്ചിരുന്നു. കുടുംബം പുലർത്തുവാനായി അന്യ രാജ്യങ്ങളിലേക്ക് കുടിയേറിയ പ്രവാസികൾ, പത്തും പതിനഞ്ചും മണിക്കൂറുകൾ പണിയെടുത്ത് കഷ്ട്ടപ്പെട്ടുണ്ടാക്കിയ സമ്പാദ്യത്തിന്റെ നല്ലൊരു ഭാഗവും, മധ്യതിരുവിതാംകൂറിന്റെ സമഗ്ര പുരോഗതിയെ ലക്ഷ്യമാക്കി ചിലവഴിച്ചപ്പോൾ, മനഃസാക്ഷിയുള്ള ഒരു മുഖ്യമന്ത്രിയും പ്രവാസികളെ ഇതുപോലെ ചവിട്ടി താഴ്ത്തുകയില്ലായിരുന്നു.
പ്രവാസികളുടെ നേതൃത്വത്തിൽ ഗ്ലോബൽ ഇന്ത്യൻ അസ്സോസിയേഷൻ മുഖ്യമന്ത്രിക്ക് സമർപ്പിച്ച പഠന റിപ്പോർട്ട്, എന്തുകാരണത്താലാണ് മാറ്റി വെച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ഒരു ചർച്ചക്കുപോലും വിളിക്കാതെ, ഏകപക്ഷീയമായി മറ്റൊരു എയർപോർട്ട് പദ്ധതി പ്രഖ്യാപിക്കുവാൻ മുഖ്യമന്ത്രി തയ്യാറായത് പ്രവാസികളെ അവഹേളിക്കുന്നതിന് തുല്യമാണ്. കേരളത്തിൽ വൻ ബിസിനസ്സ് സംരംഭങ്ങൾ കൊണ്ടുവരണമെന്ന് നിരന്തരം പ്രവാസികളോട് ആവശ്യപ്പെടുന്ന മുഖ്യമന്ത്രി, എന്തുകാരണത്താലാണ് പ്രവാസികളുടെ ഈ ജനകീയ എയർപോർട്ട് പദ്ധതി അട്ടിമറിക്കുവാൻ ശ്രമിക്കുന്നത് ?
പ്രവാസികളുടെ ഈ ജനകീയ പദ്ധതിയോട് ഇടതുപക്ഷ സർക്കാരിന് താത്പര്യം ഇല്ലെങ്കിൽ, സി.പിഎമ്മിന്റെ ടെലിവിഷൻ ചാനലുകളിൽ "ഇൻഡോ -ഹെറിറ്റേജ് എയർപോർട്ട്" പദ്ധതിയുടെ പരസ്യങ്ങളും നിരന്തര വാർത്തകളും സംപ്രേക്ഷണം ചെയ്തത് എന്തുകൊണ്ട് ? സംസ്ഥാന സർക്കാരിന്റെ സഹകരണം ഉറപ്പാക്കാമെന്ന് സി.പി.എം ചാനൽ മേധാവികൾ ഉറപ്പ് കൊടുത്തതിന്റെ അടിസ്ഥാനത്തിലാണ്, പല ചാനൽ പരിപാടികളുടെ പേരിൽ 50 ലക്ഷത്തിലധികം രൂപാ കൈരളി ടിവിക്ക് മാത്രം നൽകിയത്. എല്ലുമുറിയെ പണിയെടുത്ത് പ്രവാസികൾ കഷ്ട്ടപ്പെട്ടുണ്ടാക്കിയ പണമാണ് ഇതൊക്കെയെന്ന് ബഹുമാനപ്പെട്ട മുഖ്യമന്ത്രി മനസ്സിലാക്കണം.
കെ.പി.യോഹന്നാൻ കൈവശം വെച്ചിരിക്കുന്ന ചെറുവള്ളി എസ്റ്റേറ്റിൽ തന്നെ വിമാനത്താവളം പണിയണമെന്ന് ആർക്കും നിർബന്ധം ഇല്ല. സർക്കാരിനും കെ.പി യോഹന്നാനും മറ്റുചില കോർപ്പറേറ്റുകൾക്കും മാത്രമാണ് ഇക്കാര്യത്തിൽ നിർബന്ധം. ജനകീയ എയർപോർട്ട് പദ്ധതിക്കായി ഇറങ്ങിത്തിരിച്ച പ്രവാസികളെ കടക്കെണിയിൽ താഴ്ത്തിക്കൊണ്ട്, മറ്റൊരു കോർപ്പറേറ്റ് പദ്ധതിയുമായി മുന്നോട്ടുപോകാമെന്ന് കെ.പി യോഹന്നാനും സർക്കാരും സ്വപ്നം കാണേണ്ടന്നും ഗ്ലോബൽ ഇന്ത്യൻ അസ്സോസിയേഷൻ പ്രസിഡന്റ് രാജീവ് ജോസഫ് വ്യക്തമാക്കി.