24/04/2026
ഒരു വർഷം കൂടി കഴിയും കാരൃം നടക്കുവാൻ.
എല്ലാറ്റിനും ഒരു സമയമുണ്ട്. വിശുദ്ധ വേദപുസ്തകം പോലും ആരംഭിക്കുന്നത് ആദിയിൽ (in the beginning) എന്നു പറഞ്ഞു കൊണ്ടാണ്. അത് സമയത്തെയാണ് സൂചിപ്പിക്കുന്നത്. ജ്ഞാന കേസരിയായ സോളമൻ രാജാവ് എല്ലാറ്റിനും ഒരു സമയം ഉണ്ടെന്ന് പറഞ്ഞിരിക്കുന്നു. സമയത്തിന് മുന്പുള്ള ദണ്ഡനമുറകളെ കുറിച്ച് ഒരിക്കൽ സാത്താൻ കർത്താവിനോടും ചോദിച്ചിരുന്നു. കാത്തിരിപ്പിന്റെ ദൈർഘൃം പ്രതീക്ഷകൾക്ക് മങ്ങൽ ഏൽപ്പിക്കുന്നത് മനുഷ സഹജമാണ്. എന്നാൽ ദൈവത്തിൽ ആഴമായി വിശ്വസിക്കുന്ന ഒരുവന്റെ കാത്തിരിപ്പ് നിഷ്ഫലമാകയില്ല. അബ്രഹാമിനോട് ദൈവം: ഒരാണ്ട് കഴിഞ്ഞിട്ട് ഞാൻ മടങ്ങി നിന്റെ അടുക്കൽ വരും. ഇവിടെ കാത്തിരിപ്പിന്റെ സമയ പരിധി ദൈവം നിശ്ചയിച്ചിരിക്കുന്നു. ലഭിച്ച വാഗ്ദത്തത്തിന്റെ നിവൃത്തിക്കായി ദീർഘ നാളുകൾ കാത്തിരിക്കുന്നവന്റെ മനസ്സിൽ കോൾമയിർ കൊള്ളിച്ച സന്ദേശം. അടുത്ത കൊല്ലം ദൈവം വീണ്ടും വരുമെന്ന് ! അടുത്ത കൊല്ലം മകൻ ജനിക്കുമെണ് !! വൃക്ഷ കൊന്പുകൾ അത് തലയാട്ടി സ്വീകരിച്ചു. പക്ഷികളും മൃഗങ്ങളും ആ സന്ദേശം കൈ മാറി. ആകാശ വിതാനങ്ങളിൽ ആ സന്ദേശം പറന്നെത്തി. വാക്കുകൾ ഇല്ല, ഭാഷയില്ല, ശബ്ദം കേൾക്കാനുമില്ല. എങ്കിലും സർവ്വ സൃഷ്ടികളും സർവ്വേശ്വരന്റെ സന്ദേശത്തെ ഏറ്റുപാടി. ലോകം മുഴുവനും മാറ്റൊലിക്കൊണ്ട വാർത്ത. അബ്രഹാമിന്റെ കാത്തിരിപ്പിന് ഇനിയും ഒരു കൊല്ലം മാത്രം. വാഗ്ദത്ത സന്തതി പിറക്കുന്പോൾ ആ ദാനത്തെ അബ്രഹാമിന് നൽകുവാൻ ദൈവം ഇറങ്ങി വരുമെന്ന്. അബ്രഹാമിന് ഇത് വിശ്വസിച്ചാൽ മാത്രം മതി. ഇതിനായിട്ടല്ലയോ അദ്ദേഹം ഇതുവരെ കാത്തിരുന്നത്. പ്രീയമുള്ളവരേ, നാളുകളായി പ്രാർത്ഥിക്കുന്ന വിഷയത്തിന് മറുപടി ഉണ്ടെന്നും മറുപടിയുമായി നിന്റെ ദൈവം ഇറങ്ങി വരുമെന്നും വിശ്വസിക്കുക. സെഖർയ്യാവിന്റെ പ്രാർത്ഥനയ്ക് മറുപടിയുമായി ദൈവം അയച്ച ദൂതൻ വന്നപ്പോൾ സെഖർയ്യാവിന് അത് വിശ്വസിക്കുവാൻ കഴിഞ്ഞില്ല. തൻനിമിത്തം ദൈവം പറഞ്ഞത് നിവർത്തി ആകുന്നത് വരെയും അദ്ദേഹം ഊമനായി ഇരിക്കേണ്ടി വന്നതു പോലെ നമ്മുടെ ജീവിതത്തിൽ ഉണ്ടാകരുത്. അബ്രഹാമിനോട് എപ്പോഴാണ് ഈ സന്ദേശം ദൈവം പറഞ്ഞത്. വെയിൽ ഉറച്ചപ്പോൾ !! അബ്രഹാം കൂടാര വാതിൽക്കൽ ഇരിക്കുന്പോൾ !! സൂരൃൻ അതിന്റെ ഉഗ്രതയിൽ കത്തി ജ്വലിക്കുകയാണ്. അബ്രഹാമിന്റെ വിശ്വാസവും തിളച്ചു മറിയുകയാണ്. രക്ഷയ്കായി കാംഷിക്കുന്നവരെ അതിൽ ആക്കുന്ന ദൈവം വാഗ്തത്ത നിവർത്തിക്ക് സമയം കുറിച്ചിരിക്കുന്നു. (ഉല്പ 18:14 ) വെയിലുറച്ചപ്പോഴും മടുപ്പില്ലാതെ കാത്തിരിക്കുന്ന അബ്രഹാം. ജ്വലിക്കുന്ന സൂരൂന് അബ്രഹാമിനെ തളർത്തുവാൻ കഴിഞ്ഞില്ല. കൂടാരത്തിന് അകത്തു നടക്കുന്ന അപസ്വരങ്ങൾ അബ്രഹാമിനെ മടുപ്പിച്ചില്ല. സാറായും ഹാഗാറും യിസ്മായേലും തമ്മിലുള്ള പോരാട്ടങ്ങൾ അബ്രഹാമിന്റെ തിളയ്കുന്ന വിശ്വാസത്തിന് മങ്ങൽ ഏൽപ്പിച്ചില്ല. കാത്തിരിപ്പിന്റെ കാലപരിധി അറിഞ്ഞതോടെ അത് ഇരട്ടിയായി വർദ്ധിക്കുകയും ചെയ്തു. ദൈവത്തോടുള്ള തീവ്രമായ സ്നേഹം കൊണ്ട് 'അവൻ എന്നെ കൊന്നാലും ഞാൻ അവനായി കാത്തിരിക്കും' എന്ന് ഇയ്യോബ് പറയുന്പോൾ കാത്തിരിപ്പിന്റെ സമയത്തെ തെല്ലും പരിഗണിക്കുന്നില്ല. ദർശനത്തിന് അവധി നിശ്ഛയിക്കുന്നത് ദൈവം ആകയാൽ ലഭിക്കുവോളവും അതിനായി കാത്തിരിക്കുക.