17/09/2025
*ആലുവ ആലങ്ങാട് റോഡ്: വിശദ വിലനിർണ്ണയ റിപ്പോർട്ട് ഒക്ടോബർ 20 ന് മുൻപ്: പി.രാജീവ്*
ആലുവ - ആലങ്ങാട് റോഡ് വീതി കൂട്ടി നിർമ്മിക്കുന്ന പദ്ധതിക്ക് വേണ്ടിയുള്ള വിശദ വിലനിർണ്ണയ റിപ്പോർട്ട് ഒക്ടോബർ 20 ന് മുൻപായി സമർപ്പിക്കും. അടിസ്ഥാന വില നിർണയ റിപ്പോർട്ടും പുനരധിവാസ പാക്കേജും ഈയാഴ്ച തന്നെ തയ്യാറാവുമെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു. പൊതുമരാമത്ത് വകുപ്പിൻ്റെ വില നിർണ്ണയം സെപ്തം 30 ന് പൂർത്തിയാക്കും. വ്യവസായ മന്ത്രി പി.രാജീവിൻ്റെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിൻ്റേതാണ് ഈ തീരുമാനങ്ങൾ.
റോഡ് നിർമ്മാണത്തിനായുള്ള സ്ഥല പരിശോധന പൂർത്തിയാക്കി. 230 വസ്തുവകകളുടെ വില നിർണയം ആണ് നടത്തേണ്ടത്. ഇതിൽ 190 ഓളം കെട്ടിടങ്ങളാണ്. ഡിസംബറിൽ 19 (1) വിജ്ഞാപനം പുറപ്പെടുവിക്കും. പുനരധിവാസ പാക്കേജ് തയ്യാറാക്കുന്നതിനായി മുഴുവൻ വീടുകളും സ്ഥാപനങ്ങളും സന്ദർശിച്ചുള്ള ഡാറ്റ ശേഖരണം നേരത്തെ പൂർത്തിയാക്കിയിരുന്നു.
പദ്ധതിക്കായി ആവശ്യമുള്ള 202 സെൻ്റ് ഭൂമി ഏറ്റെടുക്കുന്നതിൻ്റെ ഭാഗമായി 11(1) വിജ്ഞാപന പ്രകാരമുള്ള നടപടികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരമുള്ള സമയം നൽകി മാത്രമേ നടപടികൾ പൂർത്തിയാക്കാനാകൂ എന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. ഏറ്റെടുക്കൽ നിയമ പ്രകാരമുള്ള സാമൂഹ്യാഘാത പഠനം നേരത്തെ പൂർത്തിയാക്കുകയും വിദഗ്ധ സമിതി പരിശോധനാ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിരുന്നു. പൊതുതെളിവെടുപ്പ് നേരത്തെ പൂർത്തിയാക്കി.
12 മീറ്റർ വീതിയിലാണ് റോഡ് നിർമ്മിക്കുക. ഏഴ് മീറ്റർ വീതിയിലുള്ള ടാർ റോഡിനൊപ്പം സർവ്വീസ് റോഡ്, ഡ്രെയിൻ കം ഫുട്പാത്ത്, കേബിൾ ഡക്ട് എന്നിവ ഉൾപ്പെടെയാണ് 12 മീറ്റർ വീതിയിലുള്ള റോഡ് വിഭാവനം ചെയ്തിരിക്കുന്നത്. പൊതുമരാമത്ത് വകുപ്പ് ചീഫ് എഞ്ചിനീയറുടെ അംഗീകാരം പുതിയ അലൈൻമെന്റിന് നേരത്തെ ലഭിച്ചിരുന്നു. രൂക്ഷമായ ഗതാഗതക്കുരുക്ക് നേരിടുന്ന തോട്ടക്കാട്ടുകര - കിഴക്കേ കടുങ്ങല്ലൂർ ഭാഗത്ത് മതിയായ വീതി റോഡിന് ലഭിക്കുന്നതോടെ കൂടുതൽ സുരക്ഷിതമായ യാത്രാസൗകര്യം ലഭിക്കുമെന്നും മന്ത്രി പി.രാജീവ് പറഞ്ഞു.