
24/07/2025
ഇന്നാണ് കർക്കടക വാവ് .
സാധാരണ ദിവസങ്ങളില്‍ കാക്കയെ കണ്ടാല്‍ ഓടിച്ചുവിടുന്നവർ ഇന്നത്തെ ദിവസം കാക്കയെ കൈകൊട്ടി വിളിക്കും . അവരുടെ മരിച്ചുപോയ പൂർവ്വികർ ഇന്നത്തെ ദിവസം കാക്കയാണ്. തങ്ങളുടെ അപ്പൂപ്പൻ തന്നെയാണോ അയലത്തെ അമ്മൂമ്മയാണോ എന്നതൊന്നും ഇന്ന് വിഷയമല്ല .
വന്നത് കാക്കയാണെങ്കിൽ അത് നമ്മുടെ ആൾ തന്നെ . അച്ഛന്റെ ബലിച്ചോർ പാതി തിന്നിട്ടു അയലത്തെ വീട്ടിൽ പോയി തിന്നാലും കുടുംബപ്രശ്‌നമൊന്നും ഉണ്ടായതായി അറിയില്ല .
ജീവിച്ചിരിക്കുന്നവർ തങ്ങളുടെ മൺമറഞ്ഞ പൂർവ്വികർക്ക് മോക്ഷഭാഗ്യത്തിനായി നല്കുന്ന ബലി.എള്ള്, അരി, തുളസിപ്പൂവ്, ചെറൂള, പവിത്ര മോതിരം, കുറുമ്പുല്ല്, ചന്ദനം, കിണ്ടിയിൽ വെള്ളം, വാഴയില വിളക്ക്, കര്‍പ്പൂരം, ദര്‍ഭപ്പുല്ല് എന്നിവ ഉപയോഗിച്ച് പിതൃതർപ്പണം നടത്തി സായൂജ്യം അടയുന്നവരുണ്ട് . വടക്കേ മലബാറിൽ തെയ്യങ്ങളുടെ നാട്ടിൽ മരിച്ചവർക്കു നൽകാൻ ഇറച്ചിയും മദ്യവുമാണ് ഉത്തമം എന്ന് വിചാരിക്കുന്നവരുമുണ്ട് . സർക്കാർ പ്രഖ്യാപിച്ച അവധി ദിനം കുടുംബ- സുഹൃത്തുക്കളോടൊപ്പം രണ്ടെണ്ണം വീശി കുട്ടികൾക്കും പ്രായമായവരോടോപ്പവും സന്തോഷമായി ഒരു ദിവസം കൊണ്ടാടുക . ജീവിച്ചിരിക്കുന്നവരും മരിച്ചുപോയവരും ഒപ്പമിരുന്നു കോഴിക്കറിയും കൂട്ടി റാക്ക് കുടിച്ചു പഞ്ഞമാസത്തിൽ വാവുണ്ണുക . എത്ര നല്ല ആചാരം !. ജീവിച്ചിരിക്കുന്നവരും ഹാപ്പി. മരിച്ചുപോയവരും ഹാപ്പി .