26/09/2025
"ഒരു വെണ്‍പിറാവു കുറുകുന്നപോല്‍..." ന്യൂസ് പേപ്പര്‍ ബോയ് സിനിമയിലെ സീത, ഇഷ്ടദാനം സിനിമയിലെ അനിത.
മലയാളി ആയിരുന്നെങ്കിലും തിളങ്ങിയത് ഏറെയും തെലുങ്ക് സിനിമകളില്‍. ഇന്ന് മികച്ച അവതാരകയും
അന്യഭാഷ സിനിമകളില്‍ തിളങ്ങിയ നമ്മുടെ നാട്ടിലെ അഭിനേതാക്കള്‍ അനവധിയാണ്. പ്രത്യേകിച്ചും മലയാളത്തില്‍ തുടക്കം കുറിച്ച നായികമാര്‍. നയന്‍താരയും അസിനും എല്ലാം അതിന് മകുടോദാഹരണങ്ങളാണ്. അക്കൂട്ടത്തില്‍ ഉള്‍പ്പെടുത്താന്‍ കഴിയുന്ന ഒരു നടിയാണ് സുമ കനകല. പാലക്കാടുകാരിയായ സുമ വളരെ കുറച്ച് മലയാള സിനിമകളില്‍ മാത്രമാണ് അഭിനയിച്ചിട്ടുള്ളത്. അതും വളരെ വര്‍ഷങ്ങള്‍ക്ക് മുന്‍പ്. തന്റെ കരിയറിന്റെ തുടക്കകാലത്ത് മാത്രമായിരുന്നു നടി മലയാളത്തില്‍ അഭിനയിച്ചത്. പിന്നീട് സുമ അഭിനയിച്ചതിലേറെയും തെലുങ്ക് സിനിമകളായിരുന്നു. ഇന്നും തെലുങ്ക് സിനിമ ഇന്‍ഡസ്ട്രിയില്‍ സജീവമാണ് സുമ കനകല. ഒരു പക്ഷെ മലയാളികള്‍ പലരും ഈ പേര് മറന്നിട്ടുണ്ടാകും. സുമ മേനോന്‍ എന്ന പേരിലാണ് നടി മലയാളത്തില്‍ തുടക്കം കുറിച്ചത്.
മുകേഷ് നായകനായി എത്തിയ ന്യൂസ് പേപ്പര്‍ ബോയ് എന്ന സിനിമയിലാണ് സുമ നായികയായി മലയാളത്തില്‍ അരങ്ങേറുന്നത്. നിസ്സാര്‍ സംവിധാനം ചെയ്ത സിനിമ 1996ല്‍ ആണ് തീയേറ്ററുകളിലെത്തിയത്. സീത എന്ന കഥാപാത്രത്തെയായിരുന്നു സുമ സിനിമയില്‍ അവതരിപ്പിച്ചത്. സിനിമ പലരുടേയും ഓര്‍മ്മയില്‍ ഇല്ല എങ്കിലും അതിലെ മനോഹരമായ ഗാനം മലയാളികള്‍ മറക്കാന്‍ ഇടയില്ല. സിനിമയിലെ ഒരു വെണ്‍പിറാവു കുറുകുന്നപോല്‍ കരളില്‍ മൊഴിഞ്ഞ കളിവാക്കുകള്‍ എന്ന് തുടങ്ങുന്ന സൂപ്പര്‍ഹിറ്റായ ഗാന രംഗത്ത് അഭിനയിച്ചിരിക്കുന്നത് സുമ കനകല ആണ്. ആ ഒരു ഗാനം മാത്രം മതി സുമ എന്ന അഭിനേതാവിന്റെ മുഖം എന്നും മലയാളികള്‍ ഓര്‍ത്തിരിക്കുവാന്‍. നിരവധി നായികമാര്‍ മലയാളത്തില്‍ എത്തിയ കാലം കൂടിയായിരുന്നു തൊണ്ണൂറുകള്‍.
ന്യൂസ് പേപ്പര്‍ ബോയ് സിനിമയ്ക്ക് ശേഷം രണ്ട് സിനിമകളില്‍ കൂടി അഭിനയിച്ച് സുമയ്ക്ക് മലയാളം വിടേണ്ടി വരികയും ചെയ്തു. ഇഷ്ടദാനം എന്ന സിനിമയിലാണ് നടി പിന്നീട് മലയാളത്തില്‍ അഭിനയിച്ചത്. ജഗദീഷ്, നെടുമുടി വേണു, തിലകന്‍ തുടങ്ങിയവര്‍ അഭിനയിച്ച സിനിമയല്‍ നായിക കഥാപാത്രമായ അനിത വര്‍മ്മയായിട്ടാണ് സുമ എത്തിയത്. പ്രേക്ഷക ശ്രദ്ധ നേടിയ കഥാപാത്രമായിരുന്നു അത്. വിഎം വിനു സംവിധാനം ചെയ്ത ഓരോ വിളിയും കാതോര്‍ത്ത് എന്ന സിനിമയിലും പിന്നീട് സുമ നായികയായി തിളങ്ങി. സുഭദ്ര എന്നായിരുന്നു നടി അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര്. മുകേഷ്, ബിജു മേനോന്‍, കലാഭവന്‍ മണി തുടങ്ങിയവരായിരുന്നു സിനിമയിലെ പ്രധാന താരങ്ങള്‍. പിന്നീട് ഒരു സിനിമയിലും നടി മലയാളത്തില്‍ അഭിനയിച്ചിട്ടില്ല. അഭിനയിച്ച സിനിമകളിലെല്ലാം നായിക വേഷമാണ് നടിയെ തേടിയെത്തിയത്. പവിത്ര പ്രേമ എന്ന തെലുങ്ക് സിനിമയിലാണ് സുമ പിന്നീട് അഭിനയിക്കുന്നത്.
സ്വപ്‌ന എന്ന സിനിമയിലെ കഥാപാത്രം പ്രേക്ഷക ശ്രദ്ധ നേടുകയും നടിയ്ക്ക് നിരവധി അവസരങ്ങള്‍ പിന്നീട് തെലുങ്കില്‍ ഉണ്ടാവുകയും ചെയ്തു. ചാല ബഗുണ്ടി, വര്‍ഷം, ദീ, ബാദ്ഷാ തുടങ്ങി നിരവധി തെലുങ്ക് സിനിമകളില്‍ നടി അഭിനയിച്ചു. ഈ വര്‍ഷം റിലീസ് ചെയ്ത ജയമ്മ പഞ്ചായത്തി എന്ന സിനിമയിലും നായികയായി തിളങ്ങിയതും സുമ കനകല ആയിരുന്നു. ജയമ്മ എന്ന റ്റൈറ്റില്‍ കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചത്. തെലുങ്ക് നടനായ രാജീവ് കനകലയാണ് നടിയുടെ ഭര്‍ത്താവ്. മിനിസ്‌ക്രീന്‍ രംഗത്തും സജീവമാണ് നടി. അവതാരകയായും നടി തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ലോക സിനിമയുടെ പ്രൊമോഷന്‍ ചടങ്ങില്‍ അവതാരികയായി തിളങ്ങിയത് സുമ ആയിരുന്നു. സുമ മലയാളം സംസാരിക്കുന്ന വീഡിയോ വൈറലാവുകയും ചെയ്തിരുന്നു.
© ഫിലിം പ്രാന്തൻ