30/06/2025
ഗുരുവായൂർ ക്ഷേത്രം പഴമയുടെ പെരുമയിൽ: 57 വർഷം മുമ്പ് ആലോചനയിൽവന്ന തന്ത്രവിദ്യാപീഠവും ഗുരുവായൂരപ്പന്റെ വേദപാഠശാലയും !
___________________________
രാമയ്യർപരമേശ്വരൻ
___________________________
ഗുരുവായൂർ ക്ഷേത്രം ട്രസ്റ്റിമാർക്ക് ഗുരുവായൂരപ്പന്റെ തന്ത്രി പുഴക്കരചേന്ദമംഗലത്ത് മന പരമേശ്വരൻ നമ്പൂതിരിപ്പാടിന്റെ 1968 ആഗസ്റ്റ് 2 ലെ കത്ത്
___________________________
1969 ൽ ക്ഷേത്രം തെക്കെ പത്തായപ്പുരയിൽ വേദപാഠശാല ആരംഭിക്കാൻ തന്ത്രി ചേന്ദമംഗലത്ത് പരമേശ്വരൻ നമ്പൂതിരിപ്പാടിന്റെ അശ്രാന്ത പരിശ്രമം! 12 വിദ്യാർത്ഥികൾ,3 അദ്ധ്യാപകർ,120/_ ക.വീതം പ്രതിഫലം!
__________________________
ആവശ്യം അംഗീകരിച്ച് കൊ.ട്രസ്റ്റി മല്ലിശ്ശേരി കൃഷ്ണൻ നമ്പൂതിരിയും, സാമൂതിരിരാജയും!
___________________________
8000/_ രൂപ പ്രാഥമികചെലവുകൾക്ക് അനുമതിയും അംഗീകാരവും നൽകി സാമൂതിരിരാജയും HR&CE ഡെ.കമ്മീഷണർ ഭരത് ഭൂഷണനും
___________________________
1986 ൽ ദേവസ്വം വക സംസ്കൃത പഠനകേന്ദ്രം ആരംഭിക്കാൻ തീരുമാനം
___________________________
1996 നവംബർ 16 ക്ഷേത്രം കൂത്തമ്പലത്തിൽ നിത്യവും വേദ പാരായണം ഭദ്രദീപം കൊളുത്തി ചേന്നാസ് ദിവാകരൻ നമ്പൂതിരിപ്പാട്
___________________________
1997 ൽ ദേവസ്വം വേദ പാഠശാലയിലെ വിദ്യാർത്ഥി
കക്കാട് കിരൺ ആനന്ദ് 2022 ൽ ഗുരുവായൂരപ്പന്റെ മേശ്ശാന്തി !
___________________________
2007 ൽ കാവീട് ഗോശാല കെട്ടിടത്തിൽ വേദ പാഠശാല ഉദ്ഘാടനം ചെയ്ത് ദേവസ്വം മന്ത്രി ജി.സുധാകരൻ!
___________________________
2013 ജൂലൈ 14 വേദ പാഠശാല പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് കാഞ്ചി കാമകോടിപീഠം ജഗദ്ഗുരു ശ്രീ.ശ്രീ.ജയേന്ദ്രസരസ്വതിസ്വാമികൾ
___________________________
2017 ഏപ്രിൽ 28 അക്ഷയതൃതീയ സുദിനത്തിൽ തന്ത്രി ചേന്നാസ് നാരായണൻ നമ്പൂതിരിപ്പാടിന്റെ സാന്നിധ്യത്തിൽ കാഞ്ചി മഠാധിപതി ജയേന്ദ്രസരസ്വതി സ്വാമികൾ വേദപഠനക്ളാസ്സ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.
___________________________
ഗുരുവായൂരപ്പന്റെ സന്നിധിയിൽ ഇന്ന് ദേവസ്വം വക വേദപാഠശാല യാഥാർത്ഥ്യമാക്കിക്കൊണ്ട് തുടർച്ചയായ വേദപഠത്തിനുള്ള സംവിധാനമൊരുക്കി ക്ഷേത്രം ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിയുടെ അദ്ധ്യക്ഷതയിൽ ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ ഭദ്രദീപം തെളിയിച്ച് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യപ്പെട്ടു.55 വർഷം മുമ്പ് ആശയങ്ങളും,നടപടികളുമായി മുന്നോട്ട് നീങ്ങിയ,എന്നാൽ പല പല കാരണങ്ങൾകൊണ്ട് യാഥാർത്ഥ്യമാകാതെ നീണ്ടുപോയ ഗുരുവായൂരപ്പന്റെ വേദപാഠശാല ദേവസ്വം ഭരണസമിതി അംഗം സി.മനോജ് , ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഒ.ബി.അരുൺകുമാർ , ഗുരുവായൂർ ദേവസ്വം വേദിക് & കൾച്ചറൽ ഡയറക്ടർ ഡോ.നാരായണൻനമ്പൂതിരി,വേദജ്ഞൻ നാറാസ് രവീന്ദ്രൻ നമ്പൂതിരിപ്പാട് എന്നിവരുടെ സാന്നിധ്യത്തിൽ മുമ്പ് വേദ പാഠശാല യുടെ പ്രവർത്തനത്തിന് ഉണ്ടായ പല ഘട്ടങ്ങളും തരണം ചെയ്ത് തുടർച്ചയായ വേദപഠനത്തിന്നായിട്ടുള്ള പ്രവേശനോത്സവം സമാരംഭിച്ചിരിക്കുന്നു. 1968 ൽ നിന്നും 2025 ലേക്കെത്തിയപ്പോൾ ഗുരുവായൂർ ദേവസ്വത്തിന്റെ കീഴിൽ ഒരു സരസ്വതി ക്ഷേത്രം കൂടി പ്രാവർത്തികമായിരിക്കുന്നു. യഥാർത്ഥത്തിൽ 57 വർഷം മുമ്പ് 1968 ൽ ഒരു തന്ത്രവിദ്യാപീഠം സ്ഥാപിക്കാൻ അമ്പലപ്പുഴ തന്ത്രി പുതുമന ദാമോദരൻ നമ്പൂതിരിയും,തന്ത്ര വിശാരദൻ അണ്ടലാടിമനയ്ക്കൽ ദിവാകരൻ നമ്പൂതിരിപ്പാടും, ഗുരുവായൂർ ക്ഷേത്രം തന്ത്രി ചേന്ദമംഗലത്ത്മന പരമേശ്വരൻ നമ്പൂതിരി പ്പാടും മുൻകൈയ്യെടുത്ത് ഗുരുവായൂരിൽ വെച്ച് ഒരു ശാസ്ത്രസദസ്സ് നടത്തുവാൻ ആലോചനയോഗം ചേർന്നു. 1968 ആഗസ്റ്റ് 21,22,23 തിയ്യതികളിൽ നടത്തുന്ന സദസ്സിൽ ചർച്ചചെയ്യപ്പെടെണ്ടകാര്യങ്ങളും ധാരണയാക്കി. കേരളത്തിലെ ക്ഷേത്രങ്ങളിലെ ദേവചൈതന്യത്തിന് ദോഷം വരാതെ പരിപോഷിപ്പിക്കേണ്ടതിന് പൂജാ, ക്രിയാദികളെ ശുദ്ധീകരിക്കാനും,മറ്റുമായി എന്തെല്ലാമാണ് ചെയ്യേണ്ടത് എന്നും,മറ്റും ആലോചിക്കാനാണ് ശാസ്ത്രസദസ്സ്കൊണ്ട് ഉദ്ദേശിക്കുന്നത് എന്നും 60 തോളം തന്ത്രി മാർ പങ്കെടുക്കുന്ന ശാസ്ത്ര സദസ് നടത്തുന്ന ഇക്കാര്യത്തിൽ ഗുരുവായൂർ ദേവസ്വംമുൻകൈഎടുക്കുന്നതാണ് അഭികാമ്യം എന്നും ആവശ്യമായ സഹായങ്ങൾ ചെയ്യണം എന്നും ചേന്ദമംഗലത്ത് പരമേശ്വരൻ നമ്പൂതിരി ട്രസ്റ്റി മാരെ അറിയിച്ചു.ക്ഷേത്രം കൊ.ട്രസ്റ്റി മല്ലിശ്ശേരി കൃഷ്ണൻ നമ്പൂതിരിപ്പാടും, മാനേജിങ് ട്രസ്റ്റി കോഴിക്കോട് സാമൂതിരി രാജയും ശാസ്ത്രസദസ്സിന് വരുന്നവർക്ക് ആവശ്യമായ താമസസൗകര്യവും,ഭക്ഷണം സൗകര്യവും നൽകാൻ ദേവസ്വം മാനേജർക്ക് തിട്ടൂരം നൽകി. കേരളത്തിലെ പ്രസിദ്ധരായ തന്ത്രിമാർ പണ്ഡിത ശ്രേഷ്ഠർ എന്നിവർ ഗുരുവായൂർ പൂതേരി ബംഗ്ലാവിൽ വെച്ച് പങ്കെടുത്തയോഗത്തിൽ ഒരു തന്ത്രവിദ്യാപീഠം സ്ഥാപിക്കാൻ ധാരണയായി.പല തലങ്ങളിലുമുള്ള ചർച്ചകളും ആലോചനകളും വീണ്ടും നടന്നു. തീരുമാനങ്ങൾ വഴിമാറി . പിന്നീട് ഗുരുവായൂർ ക്ഷേത്രം വക ഒരു വേദപാഠശാല ആരംഭിക്കാനുള്ള നടപടിയിലൊതുങ്ങി.അതെ,ഗുരുവായൂരപ്പന്റെ വേദപാഠശാലക്കുമുണ്ടൊരു ചരിത്ര പശ്ചാത്തലം.....പഴമയുടെ പെരുമയിലെ സാമൂതിരി രേഖകളിൽ
ഗുരുവായൂരപ്പന്റെ സന്നിധിയിൽ ദേവസ്വം വകയായി ഒരുവേദപാഠശാല ആരംഭിക്കാൻ ശ്രമം ആരംഭിച്ചിട്ട് യഥാർത്ഥത്തിൽ അരനൂറ്റാണ്ടിലധികം കാലം കഴിഞ്ഞു. എങ്കിലും. 1997 ൽ ഗുരുവായൂരപ്പന്റെ അന്നത്തെ തന്ത്രി ചേന്നാസ് ദിവാകരൻ നമ്പൂതിരിപ്പാടിന്റെ ഇച്ഛാശക്തിയും നിശ്ചയദാർഢ്യവും മൂലം ചെറിയതോതിൽ ഒരു വേദ പാഠശാല പ്രവർത്തനമാരംഭിച്ചിരുന്നു.
ഗുരുവായൂരപ്പന്റെ സ്വന്തം ചെലവിൽ ദേവസ്വം വകയായി നടത്തിവന്ന വേദപാഠശാലയിൽനിന്നും വേദപഠനം നടത്തിയ ഒരേ ഒരു വിദ്യാർത്ഥി...... കക്കാട് ഓതിക്കൻ കിരൺ ആനന്ദ് നമ്പൂതിരി......1198 കന്നി 1 ന്(2022 സെപ്റ്റംബർ 17) ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജയ്ക്ക് ശേഷം ഭക്തജനം തിങ്ങിനിറഞ്ഞ അന്തരീക്ഷത്തിൽ ദേവസ്വം അധികൃതരുടെ സാന്നിദ്ധ്യത്തിൽ നമസ്കാര മണ്ഡപത്തിൽ വെച്ച് നടന്ന നറുക്കെടുപ്പിലൂടെ ഗുരുവായൂരപ്പന്റെ മേൽശാന്തിയായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ അതൊരു ചരിത്രസംഭവമായി !
1968 ൽ നടന്ന തന്ത്രിമാരുടെ ശാസ്ത്രസദസ്സിൽ ഉരുത്തിരിഞ്ഞ നടപടികളുടെ ഭാഗമായി 1969 ൽ തന്നെ ഗുരുവായൂർ ദേവസ്വം വകയായി ഒരു വേദപാഠശാല ആരംഭിക്കാൻ ശ്രമമാരഭിച്ചിരുന്നു.തെക്കെ ഊട്ടുപുരയിൽ വെച്ച് വേദപഠനം ക്ലാസ് ആരംഭിക്കാനായിരുന്നു ആലോചന.മങ്കടകോവിലകത്ത് കാശി വിശ്വനാഥ വർമ്മ രാജയുടെ ഉത്സാഹവും,അഖിലകേരള തന്ത്രി സമാജം സെക്രട്ടറി പുല്ലാംവഴി ദേവൻ നാരായണൻ നമ്പൂതിരിപ്പാടും അന്നത്തെ ക്ഷേത്രം തന്ത്രി ചേന്നാസ് പരമേശ്വരൻ നമ്പൂതിരിപ്പാട്,മല്ലിശ്ശേരി കൃഷ്ണൻ നമ്പൂതിരി, അമ്പലപ്പുഴ തന്ത്രി പുതുമന ദാമോദരൻ നമ്പൂതിരി,അണ്ടലാടി ദിവാകരൻ നമ്പൂതിരിപ്പാട്, പുലിയന്നൂർ നാരായണൻ നമ്പൂതിരിപ്പാട്, പൂമുള്ളി മനയ്ക്കൽ നീലകണ്ഠൻ നമ്പൂതിരിപ്പാട്,തന്ത്രി താഴമൺ മഠത്തിൽ നീലകണ്ഠരര്, ചെങ്ങന്നൂർ,എം.സി.കെ.രാജ, രാധാകൃഷ്ണൻ ഏറാടി, കോഴിക്കോട്,എന്നിങ്ങനെ യുള്ള പ്രഗൽഭമതികളുടെ ഉത്സാഹത്തിൽ നടപടി ക്രമങ്ങൾ പുരോഗമിച്ചു.അന്നത്തെ എച്ച്.ആർ.&സി. ഇ.ഡെപ്യൂട്ടി കമീഷണർ ഭരത് ഭൂഷൺ അവർകളുടെ അനുമതി കൂടി ലഭിച്ചതോടെ വേദ പാഠശാല ആരംഭിക്കാനുള്ള നടപടികൾ ദ്രുതഗതിയിൽ ആക്കാൻ അന്നത്തെ ദേവസ്വം മാനേജർ കെ.വേലായുധൻനായരും ബദ്ധശ്രദ്ധനായി. എന്നാൽ1970 നവംബർ 29 അർദ്ധരാത്രി.....ഗുരുവായൂരിനെ അഗാധദു:ഖത്തിലാഴ്ത്തിയ, ഭക്തജനങ്ങളെയെല്ലാം സങ്കടത്തിലാക്കിയ ഒരു അശനിപാതം.....! ഗുരുവായൂർ ക്ഷേത്രത്തിൽ അവിചാരിതമായി ഉണ്ടായ അഗ്നിബാധയും മറ്റു സംഭവവികാസങ്ങളും വേദപാഠശാലയുടെ തുടർനടപടികളെ മന്ദീഭവിപ്പിച്ചു..... നിശ്ചലമാക്കി എന്ന് തന്നെ പറയാം.കാലം കടന്നുപോയി.ക്ഷേത്രപുനർ നിർമ്മാണപ്രവർത്തനങ്ങൾക്കായി കൂടുതൽ ശ്രദ്ധ.1974 ൽ ക്ഷേത്രപുനർനിർമ്മാണം സഫലീകൃതമായി.മാത്രമോ 1978 ആയപ്പോഴേക്കും ഗുരുവായൂർ ക്ഷേത്രം പൊന്നമ്പലമായി മാറി.പി.ടി.മോഹനകൃഷ്ണൻ ചെയർമാനായി ഗുരുവായൂർദേവസ്വം ഭരണസമിതി നിലവിൽ വന്നു.തന്ത്രി ചേന്നാസ് പരമേശ്വരൻ നമ്പൂതിരിപ്പാടിന്റെ പ്രത്യേകം നിർദ്ദേശങ്ങൾ പരിഗണിച്ച് ദേവസ്വത്തിന്റെ ആഭിമുഖ്യത്തിൽ തന്ത്രം, ഉപനിഷത്തുകൾ വേദം, വ്യാഖ്യാനം, തർക്കം തുടങ്ങിയ വിവിധവിഭാഗങ്ങൾ ഉൾപ്പെടുത്തി ഒരു ഗവേഷണകേന്ദ്രം കൂടി മുന്നിൽകണ്ട് ഒരു സംസ്കൃത പഠനകേന്ദ്രം ആരംഭിക്കാൻ തീരുമാനിച്ചു.എന്നാൽ1989 മാർച്ച് 24 ...വേദപാഠശാലക്കും, സംസ്കൃത പഠനകേന്ദ്രത്തിനും വേണ്ടി കയ്യും മെയ്യും മറന്ന് പ്രവർത്തിച്ച ക്ഷേത്രം തന്ത്രി ചേന്ദമംഗലത്ത് മന പരമേശ്വരൻ നമ്പൂതിരിപ്പാട് അപ്രതീക്ഷിതമായി ദിവംഗതനായി.തുടർന്ന് ഗുരുവായൂരപ്പന്റെ തന്ത്രിയായി ചുമതലയേറ്റ ചേന്നാസ് ദിവാകരൻ നമ്പൂതിരിപ്പാടിന്റെ നിഷ്കർഷയും ജ്യേഷ്ഠൻ തുടങ്ങിവെച്ച വേദ പാഠശാല പദ്ധതിയെങ്കിലും ഉടനെ പുനരാരംഭിക്കണമെന്ന ദൃഢനിശ്ചയവും ഗുരുവായൂർ ദേവസ്വത്തിന്റെ കീഴിൽ വേദപാഠശാലയുടെ പ്രവർത്തനം വീണ്ടും ആരംഭിക്കാൻ കാരണമായി. അതിനു മുമ്പായി ഗുരുവായൂർ ക്ഷേത്രത്തിൽ കൂത്തമ്പലത്തിൽ വെച്ച് നിത്യവും വേദ പാരായണം ആരംഭിച്ചു. അന്നത്തെ അഡ്മിനിസ്ട്രേറ്റർ എസ്സ്.അയ്യപ്പൻനായർ ഐഎഎസ് സാന്നിധ്യം വഹിച്ച ചടങ്ങിൽ ചേന്നാസ് ദിവാകരൻ നമ്പൂതിരിപ്പാട് ഭദ്രദീപം കൊളുത്തി.1996 നവംബർ 16(വൃശ്ചികം 1) മുതൽക്കാണ് വേദ പാരായണം ആരംഭിച്ചത്.കക്കാട് ഓതിക്കൻ നാരായണൻ നമ്പൂതിരിയും സന്നിഹിതനായി. പലതീരുമാനങ്ങളും മാറി മറിഞ്ഞെങ്കിലും ഗുരുവായൂരപ്പന്റെ നിശ്ചയമെന്നോണം1997 ൽ വേദപാഠശാലയുടെ പ്രാരംഭനടപടികളിൽ പ്രവർത്തനമാരംഭിച്ചു.കേരളത്തിലെ പ്രസിദ്ധ വേദപണ്ഡിതനായ നാറാസ് നമ്പൂതിരി എന്നപേരിൽ അറിയപ്പെട്ട നാരായണ മംഗലത്ത് അഗ്നിശർമ്മൻ നമ്പൂതിരിപ്പാടിനെ ചേന്നാസ് ദിവാകരൻ നമ്പൂതിരിപ്പാടിന്റെ പ്രത്യേക നിർദ്ദേശപ്രകാരം വേദാദ്ധ്യാപകനായി ഗുരുവായൂർ ദേവസ്വം നിശ്ചയിച്ചു.അദ്ദേഹത്തിന് താമസസൗകര്യവും,ഭക്ഷണസൗകര്യവും ദേവസ്വം ഏർപ്പെടുത്തി.കാഞ്ചിമഠാധിപതി ജയേന്ദ്രസരസ്വതി സ്വാമികളുടെ വകയായി ദേവസ്വം സ്ഥലത്ത് നിർമ്മിച്ച് നൽകിയ ഇപ്പോഴത്തെ ദേവസ്വംവക വേദപാഠശാലയിലെ പഴയ കെട്ടിടത്തിൽ ഒരു താൽകാലികസംവിധാനമെന്ന നിലയിൽ വേദപഠന ക്ലാസ് ആരംഭിച്ചു.അങ്ങനെ ആദ്യമായി ഒരദ്ധ്യാപകനും ഒരേ ഒരു വിദ്യാർത്ഥി കക്കാട് മനയിലെ കിരൺ ആനന്ദും !! 2005 വരെ കിരൺ ആനന്ദ് നമ്പൂതിരി വേദപഠനം തുടർന്നു.ഭാഗികമായെങ്കിലും പഠനം പൂർത്തിയാക്കി.കടവല്ലൂരിലെ വിദ്വൽ സദസ്സിലുംപങ്കെടുക്കാൻ കഴിഞ്ഞു.എല്ലാം ഗുരുവായൂരപ്പന്റെ അനുഗ്രഹം. 1997 ഏപ്രിൽ മാസത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ നാലമ്പലത്തിലാണ് വേദപഠനത്തിന് പ്രാരംഭംകുറിച്ചത്.കക്കാട് മനയിലെ മനു നമ്പൂതിരി, വിനീത് നമ്പൂതിരിയും കിരൺ നമ്പൂതിരിയുടെ കൂടെ വേദപഠനക്ളാസ്സിൽ പിന്നീട് ചേരുകയുണ്ടായി.1997 ഏപ്രിൽ മാസത്തിൽ വേദപഠനം ആരംഭിക്കുമ്പോൾ ഗുരുവായൂരപ്പന്റെ തന്ത്രി ചേന്നാസ് ദിവാകരൻ നമ്പൂതിരിപ്പാടിന്റെയും,മേശ്ശാന്തി കുത്തുള്ളി നമ്പൂതിരിയുടേയും സാന്നിദ്ധ്യത്തിൽ വേദപണ്ഡിതനായ നാറാസ് നമ്പൂതിരി നിവേദ്യത്തറയിൽവെച്ച് തന്റെ ശിരസ്സിൽ കൈവെച്ച് അനുഗ്രഹിച്ച അതേ സ്ഥലത്ത് നിന്നു തന്നെ മേശ്ശാന്തി നറുക്കെടുപ്പിലൂടെ.. ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ അവർകൾ ഗുരുവായൂരപ്പന്റെ "മേശ്ശാന്തി കക്കാട് കിരൺ ആനന്ദ് "എന്ന നാമധേയം ഉറക്കെ പറഞ്ഞപ്പോൾ സ്ഥലത്തുണ്ടായിരുന്ന കിരൺ ആനന്ദിന് ഗദ്ഗദത്തോടെ ശബ്ദമിടറി...ഒരു നിമിഷം ...ന്റെ ഗുരുവായൂരപ്പാ.....ഉടനെ പരിഭ്രമവും എല്ലാം ആ മുഖത്ത് കാണാമായിരുന്നു. സന്തോഷഭരിതനായ കിരൺ തെല്ലൊന്ന് പതറി....കൂടി നിന്നവരെ ല്ലാം കിരൺ ആനന്ദിനെ ആശ്ലേഷിച്ചു. അഭിനന്ദിച്ചു. വേദപഠനം ആരംഭിച്ച സുദിനത്തിൽ ഗുരുവായൂരപ്പന്റെ തന്ത്രി ചേന്നാസ് ദിവാകരൻ നമ്പൂതിരിപ്പാട് ആയിരുന്നു വെങ്കിൽ ഇന്നിതാ താൻ മേശ്ശാന്തി പദത്തിലേക്ക് എത്തുമ്പോൾ അന്നത്തെ തന്ത്രിയുടെ മകൻ ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് തന്ത്രിസ്ഥാനത്ത് മണ്ഡപത്തിൽ ഉണ്ട്.ആചാര്യനായ തന്ത്രി ദിനേശൻ നമ്പൂതിരിപ്പാടിനെ വണങ്ങി മണ്ഡപത്തിൽ കയറി ഗദ്ഗദത്തോടെ ഗുരുവായൂരപ്പനെ സാഷ്ടാംഗം നമസ്കരിച്ചു.ഗുരുനാഥനായ നാറാസ് നമ്പൂതിരിയെ മനസ്സിൽ ധ്യാനിച്ചു. ഗുരുവായൂരപ്പനും ഒന്ന് കരുതിയൊ...തന്റെ സ്വന്തം വേദപാഠശാലയിൽ 20 വർഷങ്ങൾക്കുമുമ്പ് വേദസൂക്തങ്ങളും,മന്ത്രങ്ങളും പൂർണ്ണമായല്ലെങ്കിലും ആദ്യമായി അഭ്യസിച്ച പ്രഥമ വിദ്യാർത്ഥി കിരൺ ആനന്ദ് തന്നെ പൂജിക്കാൻ അനുവാദംചോദിച്ച് ആദ്യമായി തന്റെ തിരുമുമ്പിൽ അപേക്ഷിച്ച ഈ സന്ദർഭം.... ഒഴിവാക്കാനാകുമോ......ഇതൊരു ചരിത്രനിയോഗമാകട്ടെയെന്ന്......ഗുരുവായൂരപ്പൻ നിശ്ചയിച്ചതല്ലെ.
ഒട്ടും ഉപേക്ഷവരുത്താതെ മേൽശാന്തി പദം കിരണിന് ഗുരുവായൂരപ്പൻ അനുഗ്രിച്ചുനൽകിയതല്ലെ.......എന്തായാലും...അത് കിരൺ ആനന്ദും,ഗുരുവായൂരപ്പനും തീരുമാനിക്കട്ടെ. ഗുരുവായൂരപ്പന്റെ വേദപാഠശാലയിലെ ആദ്യ വിദ്യാർത്ഥി ഇതാ ആദ്യമായി മേശ്ശാന്തിപ്രവർത്തിക്ക് അപേക്ഷിച്ച് ആദ്യ നറുക്കെടുപ്പിലൂടെ ഗുരുവായൂരപ്പന്റെ മേശ്ശാന്തിയായി തെരഞ്ഞെടുക്കപ്പെട്ടു എന്നത് ഗുരുവായൂർ ദേവസ്വം വേദപാഠശാലക്ക് ഒരു പൊൻതൂവലായി.ഇന്ന് വേദപാഠശാലയിൽ അദ്ധ്യയനത്തിന് എത്തിച്ചേർന്ന വിദ്യാർത്ഥികളും,രക്ഷിതാക്കളും, ഭക്തജനങ്ങളും, ദേവസ്വം അധികൃതരും വേദജ്ഞരും സന്നിഹിതരായ വേദപാഠശാലയിൽ പ്രവേശനോത്സവത്തിന് ദീപപ്രോജ്ജ്വലനം നടന്നപ്പോൾ വേദമന്ത്രങ്ങൾകൊണ്ട് അന്തരീക്ഷം ഭക്തിസാന്ദ്രമായി.2007 ൽ സ്ഥലസൗകര്യം ഇല്ലാത്ത ഒരവസ്ഥയിൽ കാവീട് ഗോശാല കെട്ടിടത്തിൽദേവസ്വത്തിന്റെ വേദ പാഠശാല ദേവസ്വം മന്ത്രി ജി.സുധാകരൻ ഔപചാരികമായി ഉദ്ഘാടനം ചെയ്തിരുന്നു. വേദ പണ്ഡിതനായ നാറാസ് നമ്പൂതിരിയുടെ നേതൃത്വത്തിലാണ് പാഠശാല ആരംഭിച്ചത്.പിന്നീട് ഗുരുവായൂർ ക്ഷേത്രപരിസരത്ത് ദേവസ്വം സ്ഥലം നൽകിയതോടെ 12 വർഷം മുമ്പ് 2013 ജൂലൈ 14 ന് കാഞ്ചി കാമകോടിപീഠം ജഗദ്ഗുരു ശ്രീ.ശ്രീ.ജയേന്ദ്രസരസ്വതി സ്വാമികളാണ് വേദ പാഠശാലക്ക്പുതിയ ഒരു കോടിയിലധികം രൂപ ചെലവ് ചെയ്ത് ഒരു കെട്ടിടം നിർമിച്ച് സമർപ്പിച്ചത്. ദേവസ്വം ചെയർമാൻ ടി.വി.ചന്ദ്രമോഹൻ എക്സ്.എം.എൽ., തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് എന്നിവരുടെ സാന്നിധ്യത്തിൽ ആയിരുന്നു സമർപ്പണചടങ്ങ്.അന്നദ്ദേഹം അനുഗ്രഹപ്രഭാഷണവും നടത്തി........"ധർമ്മത്തെ രക്ഷിക്കാൻ ഉത്തരവാദപ്പെട്ട സ്ഥാപനങ്ങൾ വേദങ്ങളുടെ സംരക്ഷണത്തിനും,പരിപാലനത്തിനും മുൻകൈ എടുക്കണമെന്നും,വേദങ്ങൾ നിലനിൽക്കേണ്ടത് സമൂഹ നന്മക്ക് അത്യന്താപേക്ഷിതമാണെന്നും,ഈ പൗരാണിക സംസ്കാരത്തെ സംരക്ഷിക്കേണ്ടത് ഏവരുടേയും ഉത്തരവാദിത്വബോധമാണെന്നും "ഉദ്ബോധിപ്പിച്ചു കൊണ്ടാണ് പുതിയ വേദ പാഠശാല കെട്ടിടം ഗുരുവായൂരപ്പന് സമർപ്പിച്ചത്.പിന്നീട് 2016 ഏപ്രിൽ 28 ന് അക്ഷയതൃതീയ സുദിനത്തിൽ ഗുരുവായൂരപ്പനെ ദർശിക്കാൻ എത്തിയ സ്വാമികൾ തന്ത്രി ചേന്നാസ് നാരായണൻ നമ്പൂതിരിപ്പാടിന്റെ സാന്നിധ്യത്തിൽ പ്രാഥമിക വേദാരംഭചടങ്ങുകൾ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.ശങ്കരാചാര്യസ്വാമികളുടെ ആഗ്രഹം പോലെ ഗുരുവായൂർ ദേവസ്വം വക വേദ പാഠശാല ഗുരുവായൂരപ്പന്റെ അനുഗ്രഹം കൊണ്ട് സമൂഹനനൻമയ്ക്കായി എക്കാലവും നിലകൊള്ളാൻ പ്രാർത്ഥിക്കാം...