
10/07/2025
ഇത് രാമകൃഷ്ണൻ ചേട്ടൻ....
ഗുരുവായൂർ കിഴക്കെ നടയിലെ മഞ്ചുളാൽ പരിസരത്ത് ചെറിയ കച്ചവടം നടത്തി വരികയാണ്....
മുൻപ് ടാക്സി ഡ്രൈവർ ആയിരുന്നു....
മേൽപ്പാലം ഇറങ്ങി വരുന്ന ആളുകൾക്ക് ഗുരുവായൂരിന്റെ ആദ്യ കാഴ്ച മഞ്ചുളാലും ഗരുഢനും ഒക്കെയാണ് അതിനിടയിൽ ആദ്യം കാണുന്ന കട ഇതാണ്.....
കട നിൽക്കുന്ന അര സെന്റ് സ്വന്തമാണ്....
കുറെ വർഷങ്ങൾക്ക് മുൻപ് ഒരു നിയോഗമെന്നോണം രാമകൃഷ്ണൻ ചേട്ടൻ തുടങ്ങി വെച്ച ഒരു ദൗത്യത്തിന്റെ കഥയാണ് ഇവിടെ പങ്കു വെക്കുന്നത്....
മുൻപ് വാർത്തയൊക്കെ വന്നിട്ടുണ്ടെങ്കിലും അധികമാരും അറിയാത്ത ഗുരുവായൂർ വിശേഷങ്ങളെ കുറിച്ചുളള എന്റെ എഴുത്തിൽ ഇത് ഒഴിവാക്കാൻ പറ്റാത്ത എപ്പിസോഡാണ് എന്നതിനാൽ ഉൾപ്പെടുത്തുന്നു....
ഗുരുവായൂർ ക്ഷേത്രത്തിന് വിശ്വാസികൾ നൽകുന്ന അത്രയും തന്നെ പവിത്രതയും ഹൃദയബന്ധവും മഞ്ചുളാലിനും ഗരുഢ വിഗ്രഹത്തിനും നൽകി വരുന്നുണ്ട്.....
പ്രകൃതിയോടുള്ള മനുഷ്യന്റെ ബന്ധമായിട്ടാണ് ഞാൻ അതിനെ വിലയിരുത്തിയിട്ടുള്ളത്.....
ഈ മഞ്ചുളാലിന്റെ തറ വർഷങ്ങളായി വൃത്തിയാക്കി അതിന് വെള്ളം ഒഴിച്ച് നൽകുന്നത് രാമകൃഷ്ണൻ ചേട്ടനാണ്.....
ആരും ചുമതലപ്പെടുത്തിയത് ഒന്നുമല്ല ആത്മനിർവൃതി എന്നതിനപ്പുറം യാതൊരുവിധ പ്രതിഫലവും ആഗ്രഹിച്ചുമല്ല ഇത് നിർവ്വഹിക്കുന്നത്.....
ഉത്തരവദിത്വപ്പെട്ട വേദികളിൽ ആ ദൗത്യത്തിന് ആദരവൊക്കെ ലഭിച്ചു എന്നത് അത് തുടരാനുള്ള ഊർജ്ജം എന്ന നിലയിൽ സ്നേഹത്തോടെ സ്വീകരിച്ചിട്ടുണ്ട്.....
തൊട്ടപ്പുറത്ത് നഗരസഭയുടെ കോമ്പൗണ്ടിൽ നിന്ന് വെള്ളം എടുക്കും....
ഇത്രേം വലിയ ആൽമരത്തിന് അഞ്ചോ പത്തോ ബക്കറ്റ് വെള്ളം മതിയാകുമോ എന്ന് ചോദിച്ചാൽ കൊടുംവേനലിലും തളിർക്കുന്ന ആലിലകളിലേക്ക് നോക്കിയാൽ അത് മതി എന്ന് പറയും പോലെ തോന്നും.....
ആൽമരത്തിന് ചെറിയ ഉണക്കം സംഭവിച്ച കാലത്ത് അതിന്റെ സംരക്ഷിക്കാൻ തന്നാലാകുന്നത് എന്ന നിലയിൽ ചെയ്ത് വന്നതാണ്....
പത്രവാർത്തകൾ ഒക്കെ കടയിൽ ഒരിടത്ത് ഒട്ടിച്ച് വെച്ചിട്ടുണ്ട്....
കാലം ചിലരെ ചിലതിനൊക്കെ നിയോഗിക്കും എന്ന് കേട്ടിട്ടില്ലേ അതിങ്ങനൊക്കെ തന്നെയാണ് യാഥാർത്ഥ്യമാകുന്നത്....
ദേവസ്വം പ്രതിനിധികൾ കഴിഞ്ഞാൽ മഞ്ചുളാൽ തറയിൽ കയറാൻ അനുവാദമുളള ഏക വ്യക്തി രാമകൃഷ്ണൻ ചേട്ടൻ മാത്രമാണ്.....
ക്ഷേത്ര കുളത്തിൽ കുളിയൊക്കെ കഴിഞ്ഞ് വന്നാണ് ഇതൊക്കെ ചെയ്യുന്നത്....
കൂടാതെ അതിന്റെ പ്രധാന ഭാഗത്ത് വിളക്ക് വെക്കുന്നതും രാമകൃഷ്ണൻ ചേട്ടനാണ്.....
അതെ ദൈവത്തെ ഉപാസിക്കാൻ ഓരോരുത്തർ ഓരോ വ്യത്യസ്ത വഴികൾ തേടും....
അതൊരു നിയോഗമായി സ്വയമങ്ങ് ഏറ്റെടുക്കും...
അവിടെ മനുഷ്യനും ദൈവവും പ്രകൃതിയും ഒന്നാകും....
അതൊരു സമൂഹിക സൗന്ദര്യമായി മാറും....
കിഷോർ ഗുരുവായൂർ