18/11/2022
ഒരു വിഭാഗം വളരെ മനപ്പൂർവ്വം അപകീർത്തിപ്പെടുത്താൻ നിരന്തരം ശ്രമിച്ചു കൊണ്ടിരിക്കുന്ന പണ്ഡിതനാണ് മാദിഹു റസൂൽ ശൈഖുനാ പകര മുഹമ്മദ് അഹ്സനി ഉസ്താദ്. അദ്ദേഹത്തിൻ്റെ പ്രഭാഷണങ്ങളിൽ നിന്നും "കറാമത്ത്" പറയുന്ന ഭാഗങ്ങളുടെ മാത്രം ക്ലിപ്പുകൾ മുറിച്ചുണ്ടാക്കി വായിൽ തോന്നിയത് കോതക്ക് പാടുന്ന ആളായി പകര ഉസ്താദിനെ മുദ്രകുത്താൻ ചിലർ നിതാന്ത ശ്രമം നടത്തി.
സലഫികളും ജമാഅത്തെ ഇസ്ലാമിയും തുടങ്ങിയ ഈ വ്യക്തിഹത്യ അഹ്ലുസ്സുന്നയിൽ നിന്ന് ഉള്ളു കൊണ്ട് വ്യതിചലിച്ച ചില നിഷ്പക്ഷ മുഖം മൂടിയണിഞ്ഞ ഉമ്മത്തിയൻ സിദ്ധാന്തക്കാരും ഏറ്റെടുത്തു. പകര ഉസ്താദ് എന്ന മഹാ പണ്ഡിതൻ്റെ വിലമതിക്കാനാവാത്ത നിരവധി സംഭാവനകളെ കണ്ടില്ലെന്ന് നടിക്കുന്നതായിരുന്നു അവരുടെ ചില അജണ്ടകളോടെയുള്ള ക്യാമ്പയിനുകൾ.
ആരാണ് ഈ പകര ഉസ്താദ്? ഇമാം ഗസ്സാലി, ശൈഖ് മുഹിയുദ്ദീൻ അബ്ദുല് ഖാദർ ജീലാനി, ഇബ്നു അറബി, ഷാഹ് വലിയുല്ലാഹി ദഹ് ലവി, ഇമാം അബ്ദുൽ വഹാബ് ശഅറാനി, ഇമാം അബ്ദുൽ ഗനി നാബൽസി തുടങ്ങിയ നൂറു കണക്കിന് ഇമാമീങ്ങളുടെ കിതാബുകൾ ഉദ്ധരിച്ചു അദ്ദേഹം നടത്തുന്ന വയളുകൾ ആരും തന്നെ കേട്ടിരുന്നു പോവും. അപാര കവിതാ പ്രേമിയായ അദ്ദേഹം ഓരോ വയളിലും പാടുന്ന അറബിയിലും മലയാളത്തിലുമുള്ള ബൈത്തുകൾ ശ്രോതാക്കളെ അത്ഭുതപെടുത്തും.
മോയിൻ കുട്ടി വൈദ്യരുടെ ബദർ പടപ്പാട്ട് മുഴുവനും പാടി വയള് പറയുന്ന പണ്ഡിതരെ നമ്മുടെ തലമുറ കണ്ടത് ബഹുമാന്യരായ പകര ഉസ്താദിലാണ്. കേരളത്തിലെ സൂഫി കവികളായ ഇച്ച അബ്ദുൽ ഖാദർ മസ്താൻ, കടായിക്കൽ പുലവർ മൊയ്തീൻ കുട്ടി ഹാജി, കെ വി അബൂബക്കർ മസ്താൻ തുടങ്ങിയവരുടെ വരികൾ വ്യാഖ്യാനിച്ചു പാടി പറയുന്ന പകര ഉസ്താദിനെ നമ്മളിൽ എത്ര പേർക്കറിയാം. കേരളത്തിലെ ഉലമ /സൂഫി ചരിത്രം ഇത്ര മനോഹരമായി അവതരിപ്പിക്കാൻ ഉസ്താദിനെ പോലെ ഇവിടെ വേറെ ആരാണുള്ളത്.
ഖുർആൻ തഫ്സീർ ആവട്ടെ, ഉസൂലുൽ ഫിഖ്ഹ് ആവട്ടെ, ഹദീസ് നിദാന ശാസ്ത്രമാകട്ടെ, താരീഖ് ആവട്ടെ, മൻതിഖ് ആകട്ടെ, അറബി ഭാഷാ ശാസ്ത്രമാവട്ടെ ഏത് വൈജ്ഞാനിക ശാഖയിലും അഗ്രഗണ്യനാണ് പകര അഹ്സനി ഉസ്താദ്. അദ്ദേഹത്തിൻ്റെ മുമ്പിൽ പോയി ഇരുന്നൊന്ന് സംസാരിച്ചാൽ അവിടുത്തെ ഇൽമിന്റെ ആഴവും പരപ്പും മനസ്സിലാവും. അത് മനസ്സിലാക്കാൻ നമുക്ക് കുറച്ച് അടിസ്ഥാന ഇൽമ് എങ്കിലും വേണം എന്നു മാത്രം.
ബഹുമുഖ വിഷയങ്ങൾ ആഴത്തിലിറങ്ങി സംസാരിക്കാൻ കഴിയുന്ന സ്കോളേഴ്സ് ആയ പ്രഭാഷകർ ഇന്ന് വളരെ കുറവാണ്. മിക്ക പ്രഭാഷകരും ശരാശരി പണ്ഡിതർ മാത്രമായിരിക്കും. പകര ഉസ്താദിനെ പോലെ തികഞ്ഞ ആലിമായ പ്രഭാഷകർ ഇന്ന് അത്യപൂർവം ആണ്. കറാമതുകൾ അദ്ദേഹത്തിൻ്റെ പ്രഭാഷണങ്ങളുടെ വളരെ ചെറിയൊരു ഭാഗം മാത്രമാണ്. അതിനെ മുറിച്ച് ക്ലിപ്പ് ആക്കി ട്രോളാൻ ഉറക്കൊഴിച്ച ചിലരുള്ളത് കൊണ്ട് ചിലർക്ക് അറിയുന്ന പകര ഉസ്താദ് കറാമത്ത് പ്രഭാഷകൻ മാത്രമാണ്.
പകര ഉസ്താദിന്റെ വയളുകൾ ഒന്ന് ഇരുത്തി കേട്ടു നോക്കിയാൽ മനസിലാവും അദ്ധേഹം എന്താണ് എന്ന്. പകര ഉസ്താദിൽ ആക്ഷേപിക്കപ്പെടുന്നത് സുന്നി വിശ്വാസങ്ങൾക്ക് എതിരെയുള്ള ആക്ഷേപങ്ങൾ ആണ്. കറാമത്ത് പറയാത്ത പ്രഭാഷണങ്ങൾ ആഗ്രഹിക്കുന്നത് ആരാണ് എന്നറിയില്ലെ? അല്ലെങ്കിൽ ശംസുൽ ഉലമ വന്ന് ഓപ്പറേഷൻ ചെയ്ത കഥ പറയുന്ന സിംസാറുൽ ഹഖ് ഹുദവി ഉസ്താദിൽ കാണാത്ത എന്ത് അതിശയോക്തിയാണ് നിങ്ങൾക്ക് പകര ഉസ്താദിൽ മാത്രം കാണാൻ കഴിയുന്നത്?
പകര ഉസ്താദിനെ ആക്ഷേപിക്കുന്നവർക്ക് മുഹിയുദ്ദീൻ മാലയും വെറും "പകര മാലയാണ്". സലഫി ഐഡിയോളജി പേറിയവർക്കല്ലാതെ പകര ഉസ്താദിൻ്റെ പ്രസംഗങ്ങളിൽ അസ്വസ്ഥതകൾ അനുഭവപ്പെടില്ല. ഉസ്താദ് പറയുന്ന കറാമതുകൾ അസംഭവ്യമായി തോന്നാതിരിക്കാൻ മാത്രം ആദർശ ദാരിദ്രം സംഭവിച്ചരെ കരുതിയിരിക്കാനുള്ള ജാഗ്രതയാണ് സുന്നി വിശ്വാസികൾ കാണിക്കേണ്ടത്.
കറാമത്തുകൾ പറഞ്ഞാൽ ട്രോളപ്പെടുമെന്ന് അറിയാത്ത ആളൊന്നുമല്ല പകര ഉസ്താദ്. അത്തരം കാര്യങ്ങൾ മാറ്റിവെച്ച് പൊതുവാകാൻ തരത്തിൽ പ്രസംഗിക്കാൻ അദ്ദേഹത്തിന് നല്ല അറിവും കഴിവും ഉണ്ട്. പക്ഷേ അങ്ങനെ പൊതുവാകുന്നതിനപ്പുറം താൻ അനുഭവിക്കുന്ന അമൂല്യമായ ആത്മീയ മാധുര്യം തൻറെ അനുവാചകർക്ക് പ്രസരണം ചെയ്യണം എന്നതാണ് ഉസ്താദിൻ്റെ താൽപര്യം. ദീനിൻ്റെ അകക്കാമ്പിൽ നിന്ന് നവ യുക്തിവാദികൾക്ക് വടിവൊപ്പിച്ച് തെരഞ്ഞെടുപ്പ് നടത്തി കൊണ്ട് പൊതു കയ്യടി നേടാനുള്ള കൊതി ഉസ്താദിന് ലവലേശം ഇല്ല തന്നെ.
തിരുനബിക്ക് നുബുവ്വത് ലഭിച്ചപ്പോൾ മുതൽ ഇസ്റാഅ് മഅ്റാജ് കഴിഞ്ഞ് വന്നപ്പോൾ വരെയും "തള്ള്" എന്ന് പറഞ്ഞ് പരിഹസിച്ച ഒരു കൗമ് ഉണ്ടായിരുന്നു. അവരുടെ പിന്തുടർച്ചക്കാരുടെ പ്രയോഗം മാത്രമായെ "പകര തള്ളും" സുന്നി വിശ്വാസികൾ കാണുന്നുള്ളൂ. മഹാന്മാരിലൂടെ അല്ലാഹുവിനെ അനുഭവിച്ച് കൊണ്ടല്ലാതെ യുക്തിയുടെ അടിമത്വത്തിൽ നിന്നും ഒരാൾക്കും മോചിതനാകാൻ കഴിയില്ല. അനുഭവിക്കാത്ത അബൂജഹലുമാർക്ക് മരണം വരെ എല്ലാം ട്രോളായിരിക്കും. പൊതുവാകാൻ ഉള്ള നമ്മുടെ അകത്തെ ത്വര ഈമാനില്ലാത്തവരുടെ ഒരു തരം അപകർഷത ബോധത്തിൽ നിന്നുണ്ടാകുന്നതാണ്.
ക്ലിപ്പുകൾക്കപ്പുറം പകര ഉസ്താദിൻ്റെ പ്രസംഗങ്ങൾ വിമർശിക്കാൻ വേണ്ടിയെങ്കിലും ഒന്ന് കേട്ട് നോക്കൂ. പരിഹാസ ജീവി എന്നതിനപ്പുറം തലക്കകത്ത് ലേശം ഓളം ഉള്ളവരും, വൈജ്ഞാനിക താല്പര്യമുള്ളവരുമാണെങ്കിൽ ഒരു കാര്യം ഉറപ്പ്, നിങ്ങളൊരു പകര ഉസ്താദ് ഫാനായി മാറിയിക്കും! അദ്ദേഹത്തിൻ്റെ ചില പ്രഭാഷണ ലിങ്കുകൾ കമന്റ് ബോക്സിൽ ഇടുന്നു. താല്പര്മുള്ളവർക് കേൾകാം
Jawad Mustafawy