26/03/2023
മലയാളത്തിന്റെ നിഷ്കളങ്കമായ ചിരി ഇനിയില്ല ; ഇന്നസെന്റ് വിട പറഞ്ഞു
അഭിനയകലയുടെ കൊടുമുടികൾ കീഴടക്കിയ മലയാളത്തിന്റെ പ്രിയ നടൻ ഇന്നസെന്റ് (78) അന്തരിച്ചു.
കഴിഞ്ഞ കുറച്ചു കാലമായി അലട്ടുന്ന അർബ്ബുദത്തെ തുടർന്നുള്ള ശാരീരിക അസ്വസ്ഥതകളെ തുടർന്ന് കഴിഞ്ഞ കുറച്ചു ദിവസമായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു അദ്ദേഹം.
നേരത്തെ രണ്ടു തവണ അർബ്ബുദത്തെ തന്റെ ഇച്ഛാശക്തി കൊണ്ട് പോരാടിയാണ് ജീവിതത്തിലേക്ക് അദ്ദേഹം തിരിച്ചു വരവ് നടത്തിയത്.
തെക്കേത്തല വറീതിന്റെയും മാർഗരറ്റിന്റെയും മൂന്നാമത്തെ മകനായി 1945 ഫെബ്രുവരി 28-ന് ഇരിങ്ങാലക്കുടയിൽ ജനിച്ച ഇന്നസെന്റ് ലിറ്റിൽ ഫ്ലവർ കോൺവെന്റ് ഹൈസ്‌കൂൾ, നാഷണൽ ഹൈസ്‌കൂൾ, ഡോൺ ബോസ്‌കോ ഹൈസ്കൂൾ, എസ് എൻ ഹൈസ്‌കൂൾ എന്നിവിടങ്ങളിലായിട്ടാണ് എട്ടാം ക്ലാസു വരെ പഠിച്ചത്.
എന്തു കാര്യത്തിലും നർമ്മോക്തി കാണുന്ന ഇന്നസെന്റ് "ഞാൻ പഠിക്കാത്ത ഒരു സ്കൂളും ഇരിങ്ങാലക്കുടയിൽ ഇല്ല" എന്നാണ് ഇതേക്കുറിച്ച് പറഞ്ഞിട്ടുള്ളത്.
നാട്ടിൽ നാടകം, രാഷ്ട്രീയം, ബിസിനസ് തുടങ്ങിയ രംഗങ്ങളിൽ കുറേക്കാലം സജീവമായിരുന്നു.
അദ്ദേഹം തീപ്പെട്ടിക്കമ്പനി നടത്തിയ കഥ മലയാളികൾ ഒരുപാടു തവണ കേട്ടിട്ടുള്ളതാണ്.
1972ൽ പുറത്തിറങ്ങിയ "നൃത്തശാല"യാണ് ഇന്നസെന്റിന്റെ ആദ്യ ചിത്രം.
തുടർന്ന് "ഉർവ്വശി ഭാരതി", "നെല്ല്", "തോമാശ്ലീഹാ" എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു.
ഇരിങ്ങാലക്കുട നഗരസഭ കൗൺസിലറായും ഇന്നസെന്റ് പ്രവർത്തിച്ചിട്ടുണ്ട്.
തനതായ അഭിനയ ശൈലിയിലൂടെ മലയാള സിനിമാരംഗത്തെ എക്കാലത്തെയും പ്രമുഖ സിനിമ താരങ്ങളിൽ ഒരാളായി മാറിയ ഇന്നസെന്റ് മികച്ച വാഗ്മിയെന്ന നിലയിലും രാഷ്ട്രീയ പ്രവർത്തകനെന്ന നിലയിലും പ്രാഗത്ഭ്യം തെളിയിച്ചു.
2014ൽ നടന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ മുന്നണിയുടെ സ്ഥാനാർത്ഥിയായി ചാലക്കുടി നിയോജകമണ്ഡലത്തിൽ മത്സരിച്ച ഇന്നസെന്റ് വൻ ഭൂരിപക്ഷത്തിനാണ് ജയിച്ച് പാർലിമെന്റംഗമായത്.
എൺപതുകളുടെ തുടക്കത്തിൽ റിലീസ് ചെയ്ത, ഇരിങ്ങാലക്കുടക്കാരൻ തന്നെയായ മോഹൻ സംവിധാനം ചെയ്ത "വിട പറയും മുമ്പേ", "ഇളക്കങ്ങൾ" എന്നീ ചിത്രങ്ങളിലൂടെയാണ് ഇന്നസെന്റ് നിർമ്മാതാവായും അഭിനേതാവായും മലയാള സിനിമയിലേക്കുള്ള തന്റെ വരവറിയിച്ചത്.
എൺപതുകളുടെ മധ്യത്തോടെ മലയാളത്തിലെ തിരക്കേറിയ താരങ്ങളിൽ ഒരാളായി മാറിയ ഇദ്ദേഹം 1989ൽ പുറത്തിറങ്ങിയ സിദ്ദിഖ് ലാൽ ടീം സംവിധാനം വഹിച്ച "റാംജി റാവു സ്പീക്കിംഗ്" എന്ന ചിത്രത്തിലൂടെ ഏറ്റവും ജനപ്രീതിയുള്ള സ്വഭാവ നടന്മാരിൽ ഒരാളായി മാറി.
അഭിനയത്തിനും സിനിമാ നിർമ്മാണത്തിനും പുറമേ താര സംഘടനയായ "അമ്മ"യുടെ സാരഥി എന്ന നിലയിൽ ദീർഘകാലം സേവനമനുഷ്ഠിച്ചു.
"ചിരിക്കുക", "ക്യാൻസർ വാർഡിലെ ചിരി" തുടങ്ങി അര ഡസനിലധികം പുസ്തകങ്ങൾ രചിച്ചു കൊണ്ട് സാഹിത്യ രംഗത്തും ഇന്നസെന്റ് ശ്രദ്ധേയനായി എന്നുള്ളത് പ്രത്യേകം പ്രസ്താവ്യമാണ്. അദ്ദേഹം രചിച്ച ഒരു ലേഖനം പാഠ്യവിഷയത്തിൽ വരെ ഉൾപ്പെടുത്തിയിട്ടുണ്ട്.
"മഴവിൽക്കാവടി", "രാവണപ്രഭു" എന്നീ സിനിമകളിലെ അഭിനയത്തിന് സംസ്ഥാന പുരസ്കാരവും ഫിലിം ഫെയർ അവാർഡും ഉൾപ്പെടെ ഒട്ടനവധി ബഹുമതികൾ ഇന്നസെന്റ് കരസ്ഥമാക്കിയിട്ടുണ്ട്.
ആലീസാണ് ഭാര്യ.
ഏക മകൻ സോണറ്റ്.
രശ്മിയാണ് മരുമകൾ.
കൊച്ചുമക്കൾ : ഇന്നസെന്റ് സോണറ്റ്, അന്ന സോണറ്റ്