The Gazette

The Gazette The gazette is an online media/news company

പതിമുഖ ദാഹ ശമിനിയുടെ പിന്നിലെ തട്ടിപ്പ്,കഴിഞ്ഞ കുറച്ചു വർഷങ്ങളായി കേരളത്തിലെ 90 ശതമാനം റെസ്റ്റോറന്റുകളിലും കിട്ടുന്ന കുട...
22/09/2025

പതിമുഖ ദാഹ ശമിനിയുടെ പിന്നിലെ തട്ടിപ്പ്,
കഴിഞ്ഞ കുറച്ചു വർഷങ്ങളായി കേരളത്തിലെ 90 ശതമാനം റെസ്റ്റോറന്റുകളിലും കിട്ടുന്ന കുടിവെള്ളം പിങ്ക് നിരത്തിലുള്ളതാണ്. നമ്മുടെ ഭൂരിപക്ഷം വീടുകളിലും നിറമുള്ള ഈ വെള്ളം തീൻമേശ അലങ്കരിക്കുന്നുണ്ട്. ജീരകത്തിന്റെയും ചുക്കിന്റെയും മറ്റു സാമ്പ്രദായിക ചേരുവകളുടെ എല്ലാം സ്ഥാനം തെറിപ്പിച്ച പതിമുഖമാണ് വെള്ളത്തിന് ആകർഷകമായ നിറം നൽകുന്നത്. ദാഹശമിനികളുടെ ഗണത്തിൽ പ്രഥമ സ്ഥാനീയനാണ് ഇന്ന് പതിമുഖം. സത്യത്തിൽ ഒരു ആരോഗ്യ ഗുണങ്ങൾ ഉള്ള ഒന്നാണ് പതിമുഖം. അതുകൊണ്ടുതന്നെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ പതിമുഖം സൂപ്പർ സ്റ്റാറായി മാറി കേരളത്തിൽ. ദാഹ ശമിനികളിലെ പ്രധാന ചേരുവയും പതിമുഖമായി.

നിങ്ങൾക്കറിയാമോ കേരളത്തിൽ ദിനം പ്രതി ആവശ്യമായി വരുന്ന പതിമുഖം കേരളത്തിൽ എന്നല്ല ഇന്ത്യയിൽ തന്നെ ഉത്പാദിപ്പിക്കുന്നില്ല എന്ന സത്യം ?
ടൺ കണക്കിനാണ് ഇതിന്റെ കേരളത്തിലെ ഉപഭോഗം. വ്യാവസായിക അടിസ്ഥാനത്തിൽ അധികമാരും പതിമുഖം കൃഷി ചെയ്യുന്നില്ല. ഇവയുടെ മൂർച്ചയറിയ മുള്ളുകൾ അതിനൊരു കാരണമാണ്.

പതിമുഖ മരങ്ങൾ കേരളത്തിൽ ധാരാളമായി നമ്മൾ എത്രപേര്‍ കണ്ടിട്ടുണ്ട്...
മലയോര മേഖലകളിൽ പോലും വിരളമായേ ഇവ കാണൂ. ലഭിക്കുന്ന ദാഹശമനികളിൽ 90% വരുന്നത് തമിഴ് നാട്ടില്‍ നിന്നാണ്. കേരളത്തെ അപേക്ഷിച്ച് മരങ്ങൾ വളരെ കുറഞ്ഞ ഒരു സ്ഥലമായ തമിഴ് നാട്ടിൽ എവിടെയാണ് ഇത്രയധികം പതിമുഖം എന്ന അന്വേഷണം ചെന്നെത്തി നിൽക്കുക ഞെട്ടിപ്പിക്കുന്ന ഒരു സത്യത്തിലാണ്. ഇതിന്റെ സതൃാവസ്ഥ എന്തെന്നാൽ തമിഴ് നാട്ടിലെ തടിമില്ലുകളിലേയും ഫർണിച്ചർ ഫാക്ടറികളിലേയും തടി വേസ്റ്റുകളിൽ കൃത്രിമ ചായം കലർത്തി ഉണക്കി അയക്കുന്നതാണ് കൂടുതലും പതിമുഖം എന്ന സത്യം...
വൃക്കയേയും മാറ്റ് ആന്തരിക അവയവങ്ങളെയും മാരകമായി ബാധിക്കുന്നതാണ് ഇതിൽ ചേർക്കുന്ന നിറവും മറ്റു രാസപദാർത്ഥങ്ങളും…

മറ്റൊരു യുക്തിയെ അടിസ്ഥാനമാക്കി നോക്കിയാൽ നാട്ടിൽ അങ്ങാടി മരുന്ന് കടയിൽ കിട്ടുന്ന പതിമുഖത്തിന് വില 100 ഗ്രാമിന് 90 രൂപയാണ് അങ്ങനെയെങ്കിൽ എങ്ങിനെയാണ് 10 രൂപയ്ക്ക് പതിമുഖം ദാഹശമനി പായ്ക്കറ്റിൽ ലഭിക്കുക ?
10 നമ്മൾ കൊടുക്കുന്ന MRP ആണെങ്കിൽ എത്ര തുച്ഛമായിരിക്കും ഇതിന്റെ ഉത്പാദന ചിലവ്. വലിയ ഒരു മാഫിയ ഇതിന് പിന്നിൽ പ്രവർത്തിക്കുന്നു.
കുടിവെള്ളത്തെ പോലും വിശ്വസിക്കാൻ കഴിയാത്തൊരു കാലത്താണ് നമ്മൾ ജീവിക്കുന്നത്. അതുകൊണ്ട് സൂക്ഷിക്കേണ്ടത് നമ്മൾ തന്നെയാണ്. പതിമുഖം നിർബന്ധമാണെങ്കിൽ മേൽപറഞ്ഞ അങ്ങാടി മരുന്ന് കടകളിൽ നിന്നോ വിശ്വസ്ത സ്ഥാപനങ്ങളിൽ നിന്നോ വാങ്ങി ഉപയോഗിക്കുക. അതല്ലെങ്കിൽ പരമ്പരാഗതമായി കുടിവെള്ളത്തിൽ ചേർക്കുന്ന വസ്തുക്കളിലേക്ക് തിരിച്ചു പോകുക….

ഹിമ ദാസ്, കോടിക്കണക്കായ ഇന്ത്യൻ യുവതയ്ക്ക് മാതൃകയും പ്രചോദനവുമായ ഒരു പെൺകുട്ടി ലോക അണ്ടർ 20 അത്ലറ്റിക്ക്‌സിൽ സ്വർണ്ണം നേ...
22/09/2025

ഹിമ ദാസ്,
കോടിക്കണക്കായ ഇന്ത്യൻ യുവതയ്ക്ക് മാതൃകയും പ്രചോദനവുമായ ഒരു പെൺകുട്ടി ലോക അണ്ടർ 20 അത്ലറ്റിക്ക്‌സിൽ സ്വർണ്ണം നേടി ചരിത്രമെഴുതിയിരിക്കുകയാണ്. ഒരു അന്താരാഷ്ട്ര ട്രാക്ക് ഇവന്റിൽ സ്വർണ്ണ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ അത്‌ലറ്റായി ഹിമ ദാസ്.
ഇന്നവൾ മെഡൽ ജേതാവും രാജ്യത്തിന്റെ അഭിമാനവുമാണെങ്കിൽ ഒരു ജോഡി ഷൂ പോലും വാങ്ങാൻ പണമില്ലാതെ താൻ സ്വയം നിർമ്മിച്ച ഷൂസിൽ "Adidas" എന്ന് എഴുതി അസമിലെ വയലുകളിലൂടെ ഓടി പരിശീലിച്ച ഒരു കാലം ഉണ്ടായിരുന്നു ഹിമ ദാസിന്.

ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനമായ അസമിലെ കന്ധുലിമാരി ഗ്രാമത്തിൽ റോഞ്ചിത് ദാസിന്റെയും ജോണാലി ദാസിന്റെയും മകളായാണ് ഹിമ ദാസ് ജനിച്ചത്. മാതാപിതാക്കൾ പരമ്പരാഗതമായി കർഷക തൊഴിലാളികൾ ആയിരുന്നു . അഞ്ച് സഹോദരങ്ങളിൽ ഇളയവളാണ് ഹിമ. ദിങ് പബ്ലിക് ഹൈസ്കൂളിൽ നിന്നാണ് ഹിമ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്. നെൽപാടങ്ങൾക്കരികിലെ കളിയിടങ്ങളിൽ തന്റെ സ്ക്കൂളിലെ ആൺകുട്ടികളോടൊപ്പം ഫുട്ട്ബാൾ കളിച്ചാണ് കായികരംഗത്തേക്ക് ഹിമ എത്തുന്നത്.
അക്കാലത്ത് ഹിമ ദാസിന് ഒരു ഫുട്ബോൾ താരം ആകുവാനായിരുന്നു മോഹം.എന്നാൽ സ്കൂളിൽ പന്തുകളിക്കുന്ന സമയങ്ങളിൽ ഉള്ള ഹിമയുടെ വേഗത അവളുടെ ടീച്ചർ ശ്രിദ്ധിച്ചു. അത്ലറ്റിക്ക്സിൽ ശ്രദ്ധ കൊടുക്കാൻ ടീച്ചർ നിർദേശിച്ചു. അധ്യാപികയുടെ നിർബന്ധത്തിനു വഴങ്ങി ഹിമ അത്‌ലറ്റിക്‌സിൽ ഒന്ന് പരീക്ഷിച്ചു നോക്കാൻ സമ്മതിച്ചു. 100, 200, 400 മീറ്റർ ഓട്ടങ്ങളിൽ ഹിമ അസാമാന്യ പ്രകടനം കാഴ്ചവയ്ച്ചു. എന്നാൽ സ്കൂൾ മൈതാനങ്ങളുടെ അതിർത്തികൾക്കപ്പുറത്തുള്ള ലോകത്ത് എത്തിപ്പെടാൻ വീട്ടിലെ സാമ്പത്തിക സ്ഥിതി അവളെ അനുവദിച്ചിരുന്നില്ല. ഒരു ജോഡി ഷൂ പോലും വാങ്ങിക്കൊടുക്കാൻ മാതാപിതാക്കൾക്ക് കഴിഞ്ഞിരുന്നില്ല. അതുകൊണ്ട് സ്വന്തമായി ഉണ്ടാക്കിയ ഷൂവിൽ അഡിഡാസ് എന്ന പേരെഴുതി അവൾ പരിശീലനം തുടർന്നു.

സ്പോർട്ട്സ് ആന്റ് യൂത്ത് വെൽഫെയർ ഡയറക്ടറേറ്റ് അംഗവും കായിക പരിശീകനുമായ നിപ്പോൺ ദാസ് ആണ് ഹിമയിലെ അതിവേഗ ഓട്ടക്കാരിയെ കണ്ടെത്തുന്നത്. കായികജീവിതത്തിൽ കൂടുതൽ അനുകൂലമായ സാഹചര്യങ്ങൾക്കായി ഗുവഹാത്തിയിലേക്ക് മാറാൻ നിപ്പോൺ ദാസ് ഹിമയോട് ആവശ്യപ്പെട്ടിരുന്നു. ഗുവഹാത്തി ഹിമയുടെ ഗ്രാമത്തിൽ നിന്നും 140 കി.മീ ദൂരെയാണ്. ഹിമയുടെ മാതാപിതാക്കൾ ആദ്യം എതിർത്തെങ്കിലും പിന്നീട് സമ്മതം നൽകി . ഗുവാഹത്തിയിലെ സരുസാജായ് സ്പോർട്ട്സ് കോംപ്ലെക്സിന് അടുത്തുള്ള ഒരു വാടകമുറിയിൽ നിപ്പോൺ ദാസ് താമസസൗകര്യം ഒരുക്കിക്കൊടുത്തു. ബോക്സിംഗിലും ഫുട്ബോളിലും ശ്രദ്ധേയമായ സ്റ്റേറ്റ് അക്കാദമിയിൽ ഹിമയെ ചേർത്തു.
പരിമിതികളെയും പരാധീനതകളെയും ചവിട്ടുപടികളാക്കി കഠിന പ്രയത്നത്തിന്റെ നാളുകൾ.
IAAF വേൾഡ് U-20 ചാമ്പ്യൻഷിപ്പിൽ ട്രാക്ക് ഇവന്റിൽ സ്വർണ്ണ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതയായപ്പോൾ അവളുടെ ഈ ദൃഢനിശ്ചയം ചരിത്രമായി മാറി. പിന്നീട് ഹിമ ഏഷ്യൻ ഗെയിംസിലും തിളങ്ങി. വെറും 50.79 സെക്കൻഡിൽ 400 മീറ്റർ ഓട്ടം ഉൾപ്പെടെ നിരവധി മെഡലുകൾ നേടി.

ആഗോളതലത്തിൽ സ്വർണ്ണമെഡൽ കരസ്ഥമാക്കിയ ആദ്യത്തെ ഇന്ത്യൻ ഓട്ടക്കാരിയാണ് ഇന്ന് ഹിമ. ഫിൻലാന്റിലെ ടാമ്പെരെയിൽ വച്ചു നടന്ന ലോക അണ്ടർ-20 അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ 400 മീറ്റർ 51.46 സെക്കന്റുകൊണ്ട് പൂർത്തിയാക്കികൊണ്ട് ഹിമ സ്വർണ്ണമെഡൽ കരസ്ഥമാക്കി.
അടിസ്ഥാന കായിക ഉപകരണങ്ങൾ പോലും വാങ്ങാൻ പാടുപെടുന്ന അവസ്ഥയിൽ നിന്ന്, "Dhing Express" എന്നറിയപ്പെട്ട ഹിമ ഇന്ന് അസം പോലീസിൽ ഡെപ്യുട്ടി സൂപ്രണ്ടായി ഔദ്യോഗിക ജീവിതം തുടരുന്നു, രാജ്യത്തിന്റെ പ്രതീക്ഷയും അഭിമാനവും ചിറകിലേറ്റി…

നെഞ്ചക്ക് പയറ്റാൻ  അറിയുന്നവന്റെ കൈയ്യിലാണെങ്കിൽ ലോകത്തിലെ ഏറ്റവും മാരകമായ ആയുധം എന്നാണ് ചൈനീസ് ആയോധന രേഖകളിൽ നെഞ്ചക്കുവ...
21/09/2025

നെഞ്ചക്ക്
പയറ്റാൻ അറിയുന്നവന്റെ കൈയ്യിലാണെങ്കിൽ ലോകത്തിലെ ഏറ്റവും മാരകമായ ആയുധം എന്നാണ് ചൈനീസ് ആയോധന രേഖകളിൽ നെഞ്ചക്കുവിനെ വിശേഷിപ്പിക്കുന്നത്. മികച്ച കായിക ക്ഷമതയും നെഞ്ചക്കുവിൽ പ്രാവീണ്യവും ഉള്ള ഒരു അഭ്യാസിക്ക് ആയുധ ധാരികളായ ഒരു സംഘത്തെ പോലും എളുപ്പത്തിൽ തുരത്താനും കീഴ്‌പ്പെടുത്താനും കഴിയുമത്രേ. കൃത്യമായ ഒരു ചെറിയ പ്രഹരത്തിന് പോലും എതിരാളിയുടെ തലയോട്ടിയെ തകർത്ത് തരിപ്പണമാക്കാൻ കഴിയുന്ന മാരക ആയുധം. ഒരു മനുഷ്യന്റെ മനുഷ്യന്റെ തലയോട്ടി തകർക്കാൻ 8 പൗണ്ട് പ്രഹര ശേഷി മതിയെന്നിരിക്കെ 1500 പൗണ്ടാണ് നെഞ്ചക്കിന്റെ പ്രഹരശേഷി.

പല രാജ്യങ്ങളും ഈ ആയുധം നിരോധിച്ചിരിക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല. ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള ആയുധങ്ങളിൽ ഒന്നായ നെഞ്ചക്കുവിന് ലോകസിനിമയിലെ ആക്ഷൻ ഹീറോ ബ്രൂസ് ലീ നൽകിയ പ്രചാരം ചെറുതല്ല.

നഞ്ചാക്കുവിന്റെ ചരിത്രം ആരംഭിക്കുന്നത് ജപ്പാനിലെ ഒകിനാവയിൽ നിന്നാണ്, കാലങ്ങൾക്ക് മുൻപ് ഒരു കാർഷിക ഉപകരണമായി വികസിപ്പിച്ചെടുത്തവസ്തുവാണ് നെഞ്ചക്കു. "നഞ്ചുക്സ്" അല്ലെങ്കിൽ "നഞ്ചുകു" എന്നും അറിയപ്പെടുന്ന നഞ്ചാകുവിൽ ഒരു ചങ്ങലയോ ചരടോ ഉപയോഗിച്ച് ബന്ധിപ്പിച്ച രണ്ട് വടികൾ ചേർന്ന ഒന്നാണ്. ഒകിനാവയിലെ കർഷകർ ധാന്യങ്ങൾ മെതിക്കുന്നതിനായാണ് ഇത് പ്രധാനമായും ഉപയോഗിച്ചിരുന്നത്.

പത്താം നൂറ്റാണ്ടിന്റെ മധ്യത്തിൽ ചൈനീസ് സുങ് രാജവംശത്തിലെ ആദ്യത്തെ ചക്രവർത്തിയായ ജിയു ഹോങ് ജുൻ ഒരു മംഗോളിയൻ രാജാവുമായുള്ള യുദ്ധത്തിൽ പരാജയപ്പെട്ടു. പരാജയ ഭാരത്തോടെ അദ്ദേഹത്തിന് തന്റെ സൈന്യവുമായി ചൈനീസ് ഉൾനാടുകളിലേക്ക് തിരിച്ചു പോകേണ്ടിവന്നു. അവിടെ ഒരു ഗ്രാമത്തിൽ താമസമുറപ്പിച്ച രാജാവ് അവിടുത്തെ ഗ്രാമവാസികൾ ഗോതമ്പും അരിയും മെതിക്കുന്നതിനായി ഫ്ലെയിൽ എന്ന ഒരു ഉപകരണം ഉപയോഗിക്കുന്നത് നിരീക്ഷിച്ചു, അദ്ദേഹം ആ ആയുധത്തിന്റെ പ്രഹര ശേഷിയുടെ സാദ്ധ്യതകൾ തിരിച്ചറിഞ്ഞു.

ഒരു മികച്ച യോദ്ധാവായിരുന്നതിനാൽ, മംഗോളിയരുമായി യുദ്ധം ചെയ്യാൻ ഈ ഉപകരണം സഹായിക്കുമെന്നും അതിന്റെ ഉപയോഗം തന്റെ സൈന്യത്തെ പരിശീലിപ്പിക്കണം എന്നും ചക്രവർത്തി ജിയു തീരുമാനിച്ചു . ഒരു ഗ്രാമീണനിൽ നിന്നും ഒരു ഫ്ലെയിൽ (നഞ്ചാക്കു) കടം വാങ്ങിയ ശേഷം, ചക്രവർത്തി ജിയു തന്റെ കൂടാരത്തിൽ താമസിച്ച് നഞ്ചക്കുവിന്റെ 18 പയറ്റ് അടവുകൾ വികസിപ്പിച്ചെടുത്തു. ശേഷം തന്റെ യോദ്ധാക്കളെ അത് പരിശീലിപ്പിച്ചു. എന്ന് മാത്രമല്ല നെഞ്ചക്ക് ഏന്തിയ പടയാളികളുമായി കുതിരപ്പുറത്തേറി തിരിച്ചു ചെന്ന് മംഗോളിയൻ സൈന്യത്തെ തകർത്ത് തരിപ്പണമാക്കി അദ്ദേഹം എന്നാണ് ഈ ആയുധത്തിന്റെ ഉത്ഭവ ഐതിഹ്യം.

കാലക്രമേണ, നഞ്ചക്കു ഒരു കാർഷിക ഉപകരണത്തിൽ നിന്ന് ശക്തമായ ഒരു ആയുധമായി പരിണമിച്ചു. ഒക്കിനാവയിലെ ആയോധന കലാകാരന്മാർ നഞ്ചാക്കുവിന്റെ കഴിവ് സ്വയം പ്രതിരോധത്തിനുള്ള ഒരു മാർഗമായി കാണുകയും അത് അവരുടെ പരിശീലനത്തിൽ ഉൾപ്പെടുത്തുകയും ചെയ്തു. ഈ പരിവർത്തനം "നഞ്ചാക്കു-ഡോ" അല്ലെങ്കിൽ "നഞ്ചാക്കു-ജുത്സു" എന്നറിയപ്പെടുന്ന ഒരു ആയോധനകലയുടെ ജനനത്തിന് തന്നെ കാരണമായി.

ഫലപ്രദമായി പ്രയോഗിക്കുന്നതിന് വൈദഗ്ധ്യവും കൃത്യതയും ആവശ്യമുള്ള ഒരു അതുല്യ ആയുധമാണ് നഞ്ചാക്കു. പരിശീലനം ലഭിച്ച ഒരാൾക്ക് ഇതൊരു ഒരു ബഹുമുഖ ആയുധമാണ്. സ്ട്രൈക്കുകൾ, ബ്ലോക്കുകൾ, സ്പിന്നുകൾ, ഗ്രാപ്പിംഗ് എന്നിവയാണ് നഞ്ചാക്കുവിലെ പ്രാഥമിക അടവുകൾ.
നഞ്ചാക്കു പരിശീലനം അച്ചടക്കം, ശ്രദ്ധ, ശാരീരിക ക്ഷമത എന്നിവ വളർത്തുന്നു. കൈയും കണ്ണുമായുള്ള ആശയ വിനിമയ വേഗം , പ്രതിരോധത്തിന്റെ വേഗത മെയ്‌വഴക്കം എന്നിവ വികസിപ്പിക്കുന്നു. ബഹുമാനം, നിയന്ത്രണം, വൈദഗ്ദ്ധ്യം എന്നിവയുടെ തത്വങ്ങൾ ഉൾക്കൊള്ളുന്ന ഒരു ആയോധന രൂപമാണിത്…

മഴക്കാലത്ത് വാഹനം ഓടിക്കുമ്പോൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് ഗ്ലാസിൽ രൂപപ്പെടുന്ന മൂടൽ മഞ്ഞ്. കാഴ്ചയെ തടസപ്പെടുത്തുക...
20/09/2025

മഴക്കാലത്ത് വാഹനം ഓടിക്കുമ്പോൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് ഗ്ലാസിൽ രൂപപ്പെടുന്ന മൂടൽ മഞ്ഞ്. കാഴ്ചയെ തടസപ്പെടുത്തുകയും അപകട സാധ്യത വർധിപ്പിക്കുകയും ചെയ്യുന്ന ഈ പ്രതിഭാസത്തെ ഇല്ലാതാക്കാനുള്ള സംവിധാനം കാറിന്റെ ഏസിയിൽ തന്നെ ഉണ്ട് എന്നത് പലർക്കും അറിയാം എങ്കിലും എങ്ങനെയാണ് കൃത്യമായി പ്രവർത്തിപ്പിക്കേണ്ടത് എന്നതറിയില്ല.

ഗ്ലാസിൽ ഉണ്ടാകുന്ന മൂടൽ മഞ്ഞു തടസം നിഷ്പ്രയാസം നിമിഷങ്ങൾക്കകം ഇല്ലാതാക്കാണ് ഇനി പറയുന്ന കാര്യങ്ങൾ ഘട്ടം ഘട്ടമായി ചെയ്യുക.
ആദ്യമായി A/C ഓൺ ചെയ്യുക ശേഷം ആദ്യത്തെ നോബ് ഏറ്റവും തണുപ്പിലേക്ക് അതായത് നീല നിറം അടയാളപ്പെടുത്തിയ ഭാഗത്തേക്ക് തിരിക്കുക.
തണുത്ത വായു മഞ്ഞ് വേഗത്തിൽ ഇല്ലാതാക്കും.
രണ്ടാമത്തെ നോബ് ഏറ്റവും ഉയർന്ന ഫാൻ സ്സ്പീഡായ 4 ലേക്ക് ഉയർത്തുക
മൂന്നാമത്തെനോബ് വിൻഡ്ഷീൽഡിന്റെ ചിഹ്നം കാണിക്കുന്നതിലേക്ക് തിരിക്കുക. ഇത് എയർ ഫ്ലോ വിൻഡ് ഷീൽഡിലേക്ക് നേരിട്ട് നയിക്കും. ഇങ്ങനെ ചെയ്‌താൽ പെട്ടന്ന് തന്നെ ഗ്ലാസ്സിൽ പറ്റിപ്പിടിച്ചിരിക്കുന്ന മഞ്ഞുകണങ്ങൾ അപ്രത്യക്ഷമാകുന്നത് കാണാൻ കഴിയും.
മഞ്ഞ് മാറിയ ശേഷം എയർ കണ്ടീഷനിംഗ് ഓഫ് ചെയ്യുകയോ ഫാൻ സ്പീഡ് കുറയ്ക്കുകയോ ചെയ്യാവുന്നതാണ്…

ലോകത്ത് ജീവിത സൗഖ്യം ഏറ്റവും കൂടുതലുള്ള രാജ്യങ്ങളുടെ പട്ടികയിൽ പ്രധാനിയായി മാറുകയാണ് ലിച്ചെന്‍സ്‌റ്റൈന്‍. രാജ്യമെന്ന പദവ...
20/09/2025

ലോകത്ത് ജീവിത സൗഖ്യം ഏറ്റവും കൂടുതലുള്ള രാജ്യങ്ങളുടെ പട്ടികയിൽ പ്രധാനിയായി മാറുകയാണ് ലിച്ചെന്‍സ്‌റ്റൈന്‍. രാജ്യമെന്ന പദവി ഉണ്ടെങ്കിലും രാജ്യത്തിന്റേതായ ഒന്നുമില്ലാത്ത ഒരു കുഞ്ഞൻ രാജ്യം. സ്വന്തം പട്ടാളമില്ല. സ്വന്തമായി കറന്‍സിയില്ല. സ്വന്തം ഭാഷയുമില്ല. ആ രാജ്യത്തേക്ക് പ്രവേശിച്ചോ അവിടെ നിന്ന് പുറത്തുകടന്നോ എന്ന് പെട്ടെന്ന് മനസ്സിലാകുക പോലുമില്ല. യൂറോപ്പിലെ നാലാമത്തെ ചെറുതും ലോകത്തെ ആറാമത്തെ ചെറുതുമായ രാജ്യമാണ് ലിച്ചെന്‍സ്‌റ്റൈന്‍.
ആല്‍പ്‌സ് പര്‍വതനിരയ്ക്കിടയില്‍ മാത്രമായി ഒതുങ്ങുന്ന ഏക രാജ്യം. ജനസംഖ്യ കഷ്ടിച്ച് 39,000 ത്തില്‍ താഴെ. അതില്‍ 70 ശതമാനവും കുടിയേറ്റക്കാരാണ്. ലോകത്തെ സമ്പന്നരായ രാജ്യങ്ങളില്‍ ഒന്ന്. ക്രയ ശേഷി അഥവാ GDP പ്രകാരം ലോകത്ത് രണ്ടാം സ്ഥാനം അലങ്കരിക്കുന്ന രാജ്യം. എന്നാല്‍ ആകെ രണ്ടേ രണ്ട് ശതകോടീശ്വരന്മാരെ അവിടെ ഉള്ളൂ. ഒന്ന് രാജ്യം ഭരിക്കുന്ന രാജാവും പിന്നെ കൃത്രിമ പല്ല് വിറ്റ് കാശുകാരനായ മറ്റൊരാളും. ആളോഹരി വരുമാനം വളരെ വലുതാണിവിടെ. യൂറോപ്പില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനും ഓസ്ട്രിയക്കും മധ്യേ ഒരു പൊട്ടുപോലെ മാപ്പില്‍ കാണാം ലിച്ചെന്‍സ്‌റ്റൈന്‍ എന്ന രാജ്യത്തെ.
പറഞ്ഞു വരുമ്പോള്‍ നമ്മുടെ തിരുവനന്തപുരത്തിനേക്കാളും ചെറുത്!!
വേണമെങ്കിൽ നടന്ന് കണ്ടുതീർക്കാവുന്ന ഒരു രാജ്യം..
യൂറോപ്പിന്‍റെ ഗ്രാമീണ ഭംഗിയും കാഴ്ചകളും ലോകത്തിനു മുന്നിലെത്തിച്ച ലിച്ചെൻ‌സ്റ്റൈൻ സഞ്ചാരികളെ അടിമുടി അത്ഭുതപ്പെടുത്തുന്ന ഒരു രാജ്യമാണ്. ജനസംഖ്യയെക്കാള്‍ കൂടുതല്‍ പേരാണ് അവിടെ തൊഴിലെടുക്കുന്നത്. അയല്‍രാജ്യങ്ങളില്‍ നിന്ന് വന്ന് ജോലി എടുക്കുന്നവരാണ് 50 ശതമാനത്തിലധികവും. ഒരു ജയിലുണ്ടെങ്കിലും ജയില്‍പുള്ളികള്‍ വല്ലകാലത്തുമേ ഉണ്ടാവാറുള്ളൂ കുറ്റകൃത്യങ്ങള്‍ നന്നേകുറവ്. ഒരു കൊലപാതകം തന്നെ റിപ്പോര്‍ട്ട് ചെയ്തത് വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. കടല്‍ തീരമില്ല. വിമാനത്താവളമില്ല. എംബസി പോലുമില്ലാത്ത ലോകത്തെ രണ്ട് രാജ്യങ്ങളില്‍ ഒന്ന് കൂടിയാണ് ലിച്ചെന്‍സ്‌റ്റൈന്‍.
40,000 ആളുകള്‍ മാത്രമാണ് ഇവിടെ താമസിക്കുന്നത്. കുറ്റകൃത്യങ്ങളില്ലാത്തതിനാല്‍ തന്നെ പോലീസില്ല ഇവിടെ. വിദേശ രാജ്യങ്ങളുമായി കടവുമില്ല. മാത്രമല്ല എണ്ണ ഉത്പാദിപ്പിക്കുന്ന ഒട്ടുമിക്ക രാജ്യങ്ങളെയും മറികടക്കുന്ന പ്രതിശീര്‍ഷ മൊത്ത ആഭ്യന്തര ഉത്പാദനവും ഇവരുടെ പ്രത്യേകതയാണ്.
സംതൃപ്തരായ ജനങ്ങളാണെങ്കിലും യൂറോപ്പില്‍ ഏറ്റവും ഒടുവില്‍ സ്ത്രീകള്‍ക്ക് വോട്ടവകാശം അനുവദിച്ച് കിട്ടിയത് ഇവിടെയാണ്. രാജ്യത്ത് ഉപയോഗത്തിലുള്ള കറന്‍സി സ്വിസ് ഫ്രാങ്കാണ്. ഔദ്യോഗിക ഭാഷയാണെങ്കില്‍ ജര്‍മ്മനും. പക്ഷേ ആളുകള്‍ അതിന്റെ മറ്റൊരു വകഭേദമാണ് ഉപയോഗിക്കുന്നത്. രാജഭരണമായതിനാല്‍ കൂടി principaltiy എന്നാണ് വിശേഷണം. സഖ്യകക്ഷി സര്‍ക്കാര്‍ രാജാവിന്റെ അധീനതയില്‍ ഭരണം നടത്തുന്നു. പല രാജ്യങ്ങളും രാജാവാഴ്ചയില്‍ നിന്ന് ജനാധിപത്യത്തിലേക്കും മറ്റും മാറിയപ്പോഴും 2003 ല്‍ നടത്തിയ ജനഹിത പരിശോധനയില്‍ ലിച്ചന്‍സ്‌റ്റൈന്‍ രാജാവിന്റെ അധികാരം കൂട്ടി. ആരെയും നിയമിക്കാം പിരിച്ചുവിടാം ആര്‍ക്കും പൗരത്വം കൊടുക്കാം ജനഹിതത്തെ വീറ്റോ ചെയ്യാം. അങ്ങനെ സര്‍വാധിപതിയായി രാജാവ്.

ഓഗസ്റ്റ് 15 ലിച്ചെന്‍സ്‌റ്റൈന്‍കാര്‍ക്ക് ദേശീയ അവധി ദിനമാണ്. വിശേഷ ദിനം. അന്ന് രാജ്യത്തെ എല്ലാവര്‍ക്കും രാജകൊട്ടാരമിരിക്കുന്ന റോസ് ഗാര്‍ഡനിലേക്ക് ക്ഷണമുണ്ട്. പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍. ലോകത്ത് തന്നെ വര്‍ഷം തോറും ഒരു രാജ്യത്തെ ഭരണാധികാരി ജനങ്ങളെ ക്ഷണിച്ച് വിരുന്ന് നടത്തുന്ന അപൂര്‍വ്വത. എല്ലാവര്‍ക്കും ഒന്നിച്ച് കൂടി ബിയര്‍ കുടിക്കാം. വൈന്‍ നുകരാം. ലോകത്ത് തന്നെ പ്രശസ്തമാണ് ലിച്ചെന്‍സ്‌റ്റൈനിലെ വൈന്‍. സവിശേഷ രുചികൊണ്ടും ലോക പ്രശസ്തമാണ് ഈ വൈൻ.

ചിലവേറിയ ചികിത്സകൾക്ക് പണമില്ലാതെ കഷ്ട്ടപ്പെടുന്ന ഒരുപാട് പേർ നമ്മൾക്ക് ചുറ്റിലുമുണ്ട്. അവർക്ക് ധൈര്യമായി ചൂണ്ടിക്കാണിച്...
20/09/2025

ചിലവേറിയ ചികിത്സകൾക്ക് പണമില്ലാതെ കഷ്ട്ടപ്പെടുന്ന ഒരുപാട് പേർ നമ്മൾക്ക് ചുറ്റിലുമുണ്ട്. അവർക്ക് ധൈര്യമായി ചൂണ്ടിക്കാണിച്ചുകൊടുക്കാൻ കഴിയുന്ന ആശുപത്രിയാണ് ഗവണ്മെന്റിന്റെ കീഴിലുള്ള പോണ്ടിച്ചേരിയിലെ ജിപ്മെർ ഹോസ്പിറ്റൽ.
കാൻസറും അവയവ മാറ്റവും ഹൃദ്രോഗവുമടക്കം ഗൗരവമേറിയതും ചികിത്സാച്ചിലവ് വളരെ ഉയർന്നതുമായ രോഗങ്ങൾക്ക് പൂർണ്ണമായും സൗജന്യ ചികിത്സ ലഭിക്കുന്ന ഒരു ആശുപത്രി. കേട്ടാൽ അത്ഭുതം തോന്നുന്നതും. അനേകായിരങ്ങൾക്ക് ആശ്വാസമേകുന്നതുമായ ഒരാശുപത്രി.

നമ്മൾക്കറിയാം ചില രോഗങ്ങൾ രോഗിയെ മാത്രമല്ല കുടുംബത്തെ ഒന്നടങ്കമാണ് ബാധിക്കുക ആയുഷ്ക്കാല സമ്പാദ്യവും പാരമ്പര്യ സ്വത്തുമെല്ലാം അപഹരിച്ചെടുക്കാൻ അവയ്ക്ക് അധിക സമയമൊന്നും ആവശ്യമില്ല. സമ്പാദ്യം ഇല്ലാത്തവരുടെ കാര്യം പറയാതിരിക്കുകയാണ് നല്ലത്. അവർക്ക് സഹതാപം മാത്രമാണ് പൊതുസമൂഹത്തിൽ നിന്നും ലഭിക്കുന്ന ഏക ചികിത്സ. എന്നാൽ ഇനി അങ്ങനെയല്ല, അത്തരത്തിൽ ഒരു രോഗിയെയോ അവരുടെ വേണ്ടപ്പെട്ടവരെയോ കണ്ടുമുട്ടുമ്പോൾ നിങ്ങൾക്ക് ധൈര്യപൂർവ്വം പറഞ്ഞു കൊടുക്കാവുന്ന ഒരു പേരാണ് ജവഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് റീസേർച്ച് എന്ന ജിപ്മെർ ഹോസ്പിറ്റൽ. ഹൃദയ ശസ്ത്രക്രിയയും ക്യാൻസർ ചികിത്സയും അടക്കമുള്ള വലിയ ചിലവേറിയ ചികിത്സകൾ പൂർണ്ണമായും സൗജന്യമായി നടത്തുന്ന ഈ സ്ഥാപനം സ്ഥിതിചെയ്യുന്നത് പോണ്ടിച്ചേരിയിലാണ്.

ഇന്ന് കേരളത്തിലുള്ള ഭൂരിപക്ഷം ആളുകൾക്കും ഇങ്ങനെ ഒരു ആശുപത്രിയെക്കുറിച്ചോ ഇവുടുത്തെ സേവനങ്ങളെക്കുറിച്ചോ അറിയില്ല എന്നതാണ് സത്യം.
തമിഴ്നാട്ടിലും കന്യാകുമാരിയിലുമുള്ള ആളുകളാണ് ഇവിടെ ഏറെയും ചികിത്സക്കായി എത്തുന്നത്. ശനിയും ഞായറും ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ 6 മണി മുതൽ ഇവിടെ ഒപി ആരംഭിക്കും. പോണ്ടിച്ചേരി ടൗണിൽ നിന്നും വെറും 5 കിലോമീറ്റർ മാത്രമാണ് ജിപ്മർ ഹോസ്പിറ്റലിലേക്കുള്ള ദൂരം. ഇവിടെയെത്തുന്ന രോഗികൾ കയ്യിൽ കരുതേണ്ടത് ആധാർ കാർഡും ഇതുവരെയുള്ള ചികിത്സാ രേഖകളും മാത്രമാണ്. രജിസ്ട്രേഷന് ആധാർ കാർഡ് നിർബന്ധമാണ് രോഗിയെ അഡ്മിറ്റ് ചെയ്ത് കഴിഞ്ഞാൽ കൂടെയുള്ളവർക്ക് താമസിക്കാനുള്ള സൗകര്യം വളരെ കുറഞ്ഞ ചിലവിൽ ഈ ആശുപത്രിയുടെ സമീപത്ത് ലഭ്യമാണ് .
ആയിരക്കണക്കിനാളുകൾക്ക് ദിനേനെ അഭയമരുളുന്ന ഈ ആശുപത്രിയിൽ ഹൃദയമാറ്റ ശസ്ത്രക്രിയയും മജ്ജ മാറ്റിവയ്ക്കൽ ചികിത്സയും ഒഴികെ മറ്റെല്ലാ ആധുനിക ചികിത്സകളും ലഭ്യമാണ്.
ജനറൽ മെഡിസിൻ, ജനറൽ സർജ്ജറി, കാർഡിയോളജി, ഓങ്കോളജി, നെഫ്രോളജി, ന്യൂറോ സർജറി, റേഡിയോ തെറാപ്പി തുടങ്ങി ഇക്കാണുന്ന എല്ലാ ചികിത്സകളും ഇവിടെ ലഭ്യമാണ്. ചികിത്സ മാത്രമല്ല ടെസ്റ്റുകളും മരുന്നുകളും ജിപ്മറിൽ സൗജന്യമാണ്.

ഏകദേശം 200 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ഒരു മെഡിക്കൽ കോളേജ് സമുച്ചയമാണ് ജിപ്മെർ ഹോസ്പിറ്റൽ. എത്തിച്ചേരുന്ന ആളുകൾ ക്യൂ ഒഴിവാക്കുന്നതിനായി ഹോസ്പിറ്റലിന്റെ വെബ്സൈറ്റിൽ നിന്നും അപ്പോയിന്റ്മെന്റ് എടുത്തിട്ട് വരുവാൻ ശ്രദ്ധിക്കുക.
ഗുരുതര രോഗങ്ങൾ മൂലം ശാരീരിക അവശതയും കനത്ത സാമ്പത്തിക പ്രശ്നങ്ങളും അനുഭവിക്കുന്ന ഒരാളെ ഒരു പക്ഷെ നമ്മൾക്ക് സാമ്പത്തികമായി സഹായിക്കാൻ കഴിഞ്ഞില്ലെന്ന് വരാം പക്ഷെ അവർക്ക് ഈ അറിവ് പകർന്ന് കൊടുക്കാൻ കഴിയും. ആ ഒരു സാഹചര്യത്തിൽ അയാൾക്കും കുടുംബത്തിനും. ഈയൊരറിവ് വലിയ കൈത്താങ്ങായിരിക്കും
Jipmer Hospital
Jipmer Campus Rd,
Jipmer Campus, Puducherry, 605006

കേൾക്കുമ്പോൾ അതിശയം തോന്നിയേക്കാം, നമ്മുടെ ബാങ്കുകളിൽ ആരോരും അവകാശികളില്ലാതെ കിടക്കുന്ന ആയിരക്കണക്കിന് കോടി രൂപയുടെ കണക്...
20/09/2025

കേൾക്കുമ്പോൾ അതിശയം തോന്നിയേക്കാം, നമ്മുടെ ബാങ്കുകളിൽ ആരോരും അവകാശികളില്ലാതെ കിടക്കുന്ന ആയിരക്കണക്കിന് കോടി രൂപയുടെ കണക്ക് കേട്ടാൽ. 10 വർഷത്തിൽ കൂടുതൽ കാലമായി നിക്ഷേപം നടത്തിയ വ്യക്തിയോ അനന്തരാവകാശികളോ ഇല്ലാതെ ബാങ്കുകളിൽ കിടക്കുന്ന പണത്തെ "ഉപയോഗിക്കാത്ത നിക്ഷേപങ്ങൾ" അഥവാ Unclaimed Deposits എന്ന്നാണ് വിളിക്കുന്നത്. ഇത്തരത്തിൽ രാജ്യത്തെ വിവിധ ബാങ്കുകളിലായി അവകാശികളില്ലാതെ കെട്ടിക്കിടക്കുന്നത് 67,003 കോടി രൂപയാണ് ഇത്തരം നിക്ഷേപങ്ങളുടെ 87 ശതമാനവും പൊതുമേഖലാ ബാങ്കുകളിലാണുള്ളതെന്ന് ധനകാര്യ മന്ത്രാലയം പാർലമെന്റിൽ അറിയിച്ച കണക്കുകൾ വ്യക്തമാക്കുന്നു.
അതിൽ തന്നെ SBI ആണ് മുൻപന്തിയിൽ.

2025 ജൂൺ 30 വരെയുള്ള കണക്കെടുത്താൽ വിവിധ പൊതുമേഖലാ ബാങ്കുകളിലായി 58,330.26 കോടി രൂപയാണ് ഇത്തരത്തിൽ കെട്ടിക്കിടക്കുന്നത്. ഇതിൽ 29 ശതമാനം വിഹിതവും എസ്ബിഐയിലാണുള്ളത്.
സ്വകാര്യ ബാങ്കുകളിൽ അവകാശികളില്ലാത്ത 8,673.72 കോടി രൂപയാണുള്ളത്. ഇതിൽ 2,063.45 കോടി രൂപയുമായി ഐസിഐസിഐ ബാങ്കാണ് മുന്നിൽ. സേവിങ്‌സ് ബാങ്ക്, കറന്റ് അക്കൗണ്ടുകളിൽ 10 വർഷമായി ഇടപാടുകളൊന്നും നടക്കാത്ത പണവും കാലാവധി പൂർത്തിയായി 10 വർഷത്തിനകം ക്ലെയിം ചെയ്യപ്പെടാത്ത ഫിക്സഡ് ഡിപ്പോസിറ്റുകളിലുള്ള പണവുമാണ് അവകാശികളില്ലാത്ത നിക്ഷേപങ്ങളായി കണക്കാക്കുന്നത്. ഈ സമയപരിധി കഴിഞ്ഞാൽ ഈ പണം റിസർവ് ബാങ്കിലേക്ക് പണം മാറ്റും.

റിസര്‍വ് ബാങ്കിലേക്ക് മാറ്റി എന്ന് കരുതി ഇത് അവകാശികള്‍ക്ക് നഷ്ടമാകുന്നില്ല. ക്ലെയിം ചെയ്യാന്‍ അവസരമുണ്ട്. സാധാരണ ഓരോ ബാങ്കുകളും അവരുടെ വെബ്‌സൈറ്റുകളിലാണ് ക്ലെയിം ചെയ്യാത്ത അക്കൗണ്ടുകളുടെ വിവരങ്ങള്‍ പ്രസിദ്ധീകരിക്കാറുള്ളത്. അതിനായി ഓരോ ബാങ്കുകളുടെയും സൈറ്റുകള്‍ പരതി വിവരം കണ്ടെത്തണം. അത് പലപ്പോഴും സംഭവിക്കണം എന്നില്ല. ഈ സാഹചര്യത്തിലാണ് ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഉദ്ഗം എന്ന പോര്‍ട്ടല്‍ ആര്‍ബിഐ അവതരിപ്പിച്ചിരിക്കുന്നത്.

ഈ പോര്‍ട്ടല്‍ വഴി ഒരാള്‍ക്ക് എല്ലാ ബാങ്കുകളിലുമുള്ള നിക്ഷേപങ്ങള്‍ അറിയാന്‍ സാധിക്കും. ഇതിനായി ചെയ്യേണ്ടത് udgam.rbi.org.in എന്ന സൈറ്റില്‍ പുതിയ അക്കൗണ്ട് രജിസ്റ്റര്‍ ചെയ്ത് ലോഗിന്‍ ചെയ്യണം. ഹോം പേജില്‍ അക്കൗണ്ട് ഉടമയുടെ പേര് നല്‍കി സെര്‍ച്ച് ചെയ്യാനാകും. പാന്‍കാര്‍ഡ്, ആധാര്‍കാര്‍ഡ്, ലൈസന്‍സ് പോലുളള  രേഖകള്‍ നല്‍കാനുള്ള ഓപ്ഷനും ഉണ്ട്. തിരിച്ചറിയല്‍ രേഖകള്‍ നല്‍കി സെര്‍ച്ച് ചെയ്താല്‍ കുറച്ചുകൂടി കൃത്യമായ വിവരങ്ങള്‍ കണ്ടെത്താനാകും.

യൂറോപ്പിലെ സ്ലൊവാക്യ, ഓസ്ട്രിയ, ഹംഗറി എന്നീ രാജ്യങ്ങളുടെ അതിർത്തികൾ കൂടിച്ചേരുന്ന ഒരു ട്രൈപോയിന്റിൽ ആണ് ഈ ട്രൈ ആംഗിൾ പിക...
19/09/2025

യൂറോപ്പിലെ സ്ലൊവാക്യ, ഓസ്ട്രിയ, ഹംഗറി എന്നീ രാജ്യങ്ങളുടെ അതിർത്തികൾ കൂടിച്ചേരുന്ന ഒരു ട്രൈപോയിന്റിൽ ആണ് ഈ ട്രൈ ആംഗിൾ പിക്‌നിക് ടേബിൾ നിർമ്മിച്ചിരിക്കുന്നത്. സത്യത്തിൽ ഇത് കൂടികാഴ്ചക്കുള്ള ഒരു വിരുന്ന് മേശ എന്നതിനപ്പുറം വളരെ വലിയ ഒരു ആശയവും പ്രത്യാശയും ലോകത്തിന് നൽകുന്ന ഒരു പ്രതീകമാണ്. അതിർത്തികൾ ഇല്ലാത്ത ലോകം എന്ന സുന്ദരമായ സ്വപ്നം അല്ലെങ്കിൽ അതിർത്തികൾ എന്നാൽ ഇത്രയേ ഒള്ളൂ എന്ന യാഥാർഥ്യം…
അന്യോന്യം തണലായി മാറി വളരേണ്ട മനുഷ്യർ അതിർത്തിയുടെ പേരിൽ ചൊരിയുന്ന രക്തത്തിനും ബലിയർപ്പിക്കുന്ന ജീവനും എത്ര വലുതാണ് എന്ന ക്രൂര യാഥാർഥ്യത്തിലേക്ക് ഒരു ചൂണ്ടുവിരൽ.
യുദ്ധം വരുത്തി വയ്ക്കുന്നത് എപ്പോഴും നഷ്ടങ്ങളുടെ ഒരു കൂമ്പാരമാണ്. പക്ഷേ ലോകത്ത് യുദ്ധം ഒഴിഞ്ഞ സമയം ഉണ്ടായിട്ടില്ല. എപ്പോഴും എവിടെയെങ്കിലും യുദ്ധങ്ങള്‍ നടന്നു കൊണ്ടേയിരിക്കും. എന്നാല്‍ ഈ യുദ്ധങ്ങള്‍ സൃഷ്ടിക്കുന്ന ഭീകരമായ കെടുതികൾ വിവരണങ്ങൾക്ക് അതീതമാണ്. അത് ഇരയാകുന്ന ഒന്നുമറിയാത്ത സാധാരണക്കാരും സാധുക്കളുമായ മനുഷ്യരുടെ മേൽ തീർക്കുന്ന പ്രഹരം ഭീകരമാണ്.

ലോക ചരിത്രം യുദ്ധങ്ങൾക്കൊണ്ട് നിറഞ്ഞതാണ് എന്നത് സത്യമാണ്. വെട്ടിപ്പിടിക്കലും കൈയ്യടക്കലും വീരകൃത്യമായി കരുതിപ്പോന്നിരുന്ന നീണ്ട കാലം. പക്ഷെ അതെല്ലാം അപരിഷ്കൃതമായ പഴയ ഒരു മോശം സംസ്കാരത്തിന്റെ അവശേഷിപ്പുകൾ മാത്രമായിരുന്നു എന്ന് മനസിലാക്കാൻ പ്രാപ്തിയുള്ള ഒരു സമൂഹമായി നമ്മൾ മാറിയിരിക്കുന്നു. മനുഷ്യനെ മനുഷ്യൻ ശത്രുവായി കണ്ടിടത്ത് നിന്നും മനുഷ്യന് മനുഷ്യനെ ആവശ്യമാണെന്ന തിരിച്ചറിവ് വന്ന ജനത. ആയുധ നിർമ്മാതാക്കളായ വൻകിട രാജ്യങ്ങളുടെ മാത്രം ആവശ്യമാണ് ലോകത്തിൽ യുദ്ധങ്ങൾ. ചർച്ചയിലൂടെ പരിഹരിക്കപ്പെടാത്ത പ്രശ്നനങ്ങൾ ഒന്നുമില്ലെന്നും സമാധാനമാണ് മാനവരാശിക്ക് മുതൽകൂട്ടാവേണ്ടത് എന്നുമുള്ള സത്യം തിരിച്ചറിയുന്ന ഭരണാധികാരികളും ജനതയുമല്ലേ ഒരു പരിഷ്കൃത സമൂഹത്തിന് ആവശ്യം….

വലിയ തോതിൽ പരാതികൾ ഉയർന്നുകൊണ്ടിരിക്കുന്ന ഒരു തട്ടിപ്പ് സംഘമായി മാറിയിരിക്കുകയാണ്  വാനുകളിൽ വീട്ടുപടിക്കൽ കൊണ്ടുവന്നു കർ...
19/09/2025

വലിയ തോതിൽ പരാതികൾ ഉയർന്നുകൊണ്ടിരിക്കുന്ന ഒരു തട്ടിപ്പ് സംഘമായി മാറിയിരിക്കുകയാണ് വാനുകളിൽ വീട്ടുപടിക്കൽ കൊണ്ടുവന്നു കർട്ടൻ, ഫ്ലോർ മാറ്റ്, മെത്ത തുടങ്ങിയ സാധനങ്ങൾ വിൽക്കുന്ന ചില സംഘങ്ങൾ. സംസ്ഥാനത്തുടനീളം ഇത്തരക്കാർക്കെതിരെ നിരവധി പരാതികളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
മാന്യമായ വസ്ത്രം ധരിച്ച് നല്ല കർട്ടനുകൾ വേണോ എന്ന് ചോദിച്ച് വീടുകളിൽ വന്ന് നോക്കി നിൽക്കെ വീട്ടുകാരെ കബളിപ്പിച്ച് വലിയ തുകയുമായി കടന്നു കളയുന്ന ഇത്തരം ആളുകളുടെ ചതിയിൽപെട്ട ചിലരുടെ അനുഭവങ്ങൾ നോക്കാം : -

“വേണ്ടെന്നു പറഞ്ഞിട്ടും നിർബന്ധിച്ചു 4 കർട്ടൻ ഫിക്സ് ചെയ്തിട്ട് എന്റെ വൃദ്ധരായ മാതാപിതാക്കളോട് 40,000 രൂപ ചോദിച്ചു. അച്ഛന് വലിയ തുക കേട്ട ഞെട്ടലിൽ ദേഹാസ്വാസ്ഥ്യം പോലും ഉണ്ടായി. ശേഷം വിലപേശി 20,000 രൂപ വാങ്ങി അവർ പോയി. വാൻ പോലുള്ള വണ്ടിയിലാണ് മൂന്നുപേരടങ്ങിയ സംഘം വന്നതെന്ന് അമ്മ പറഞ്ഞു. ഉച്ച നേരത്ത് അധികമാരും വീടുകളിൽ ഇല്ലാത്ത സമയത്താണ് വന്നത്.
വിവരമറിഞ്ഞ് ഞാൻ അവർ നൽകിയ രസീതിലെ നമ്പരിൽ കോണ്ടാക്ട് ചെയ്തെങ്കിലും കിട്ടിയില്ല. പൊലീസ് സ്റ്റേഷനിലും ആ രസീത് വച്ച് പരാതി കൊടുത്തെങ്കിലും ഫലമുണ്ടായില്ല. പിന്നെ മറ്റ് അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായില്ലല്ലോ എന്നതാണ് ആശ്വാസം…

“ഒരു ദിവസം രാവിലെ ഞാനും മോനും മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളു. വീട്ടുപടിക്കൽ കർട്ടൻ ടീം മുട്ടിവിളിച്ചു. വേണ്ടെന്ന് പലതവണ പറഞ്ഞു. ഒരുപാട് നിർബന്ധിച്ചപ്പോൾ മനസ്സില്ലാമനസ്സോടെ ഇറങ്ങിനോക്കി. ജനൽ അളവിന് ‘അടി’ കണക്കാണ് പറഞ്ഞത്. കൃത്യമായി എത്ര രൂപ എന്ന് ചോദിച്ചു ഞാൻ മൊബൈൽ എടുത്തു കണക്ക് നോക്കി 1800 രൂപ. റേറ്റ് ഒന്ന് കൂടി ഉറപ്പിച്ചു. മറന്നു പോവാതിരിക്കാൻ മൊബൈലിൽ സ്ക്രീൻ ഷോട്ട് എടുത്തുവച്ചു.
പണി പുരോഗമിച്ചു. ഒരു ജനൽ കഴിഞ്ഞ ഉടനെ എന്റെ മോനെ അളക്കാൻ ടേപ്പ് പിടിക്കാൻ സഹായത്തിന് വിളിച്ചു. എനിക്ക് തട്ടിപ്പ് മണത്തു. ആദ്യമേ അളന്നു റേറ്റ് കണക്ക് നോക്കിയല്ലേ വർക്ക്‌ തുടങ്ങിയത് പിന്നെ ഇനി അളക്കുന്നത് എന്തിനാണെന്ന് ഞാൻ ചോദിച്ചു. അത് അടി കണക്ക് അല്ലെ? റേറ്റ് Sq.feet ന് ആണ് എന്നൊക്കെ പറഞ്ഞ് 8,000 രൂപ തരണം എന്നായി. തർക്കം തുടങ്ങി. ആളുകൾ കേൾക്കുന്ന നാണക്കേട് ഓർത്തു ഞാൻ പതുക്കെ പറയാൻ പറഞ്ഞു. അവർ ഒരു തരത്തിലും വിടുന്നില്ല. അഴിച്ചു എടുത്തോളാൻ പറഞ്ഞു. മുറിച്ചു പോയി അതുകൊണ്ട് അത് വീണ്ടും ഉപയോഗിക്കാൻ പറ്റില്ലന്ന് അവർ. അവസാനം രണ്ടും ഉറപ്പിച്ചു മോൻ പറഞ്ഞു 2000 രൂപയിൽ ഒരുരൂപ കൂടുതൽ തരില്ല, ഇത് അഴിച്ചുകൊണ്ടുപോവുകയുംവേണം. ചതിക്കപ്പെട്ട ഒരു ഓർമ ആയി ഈ വസ്തു വീട്ടിൽ കാണാൻ പാടില്ല എന്ന് പറഞ്ഞു.
അവർ അത് ചെയ്യുന്നുമില്ല, പോകുന്നുമില്ല. ഞാൻ ഫോൺ എടുത്തു പോലീസിന്റെ നമ്പർ വിളിച്ചു തുടങ്ങിയപ്പോൾ, പോട്ടെ ഞങ്ങൾക്ക് നഷ്ടം പറ്റി സാരമില്ല 2000 തരാൻ പറഞ്ഞു. അങ്ങനെ കൊടുത്തു വിട്ടു. ഓൺലൈനിൽ സേർച്ച്‌ ചെയ്തപ്പോ അതിന് 1800 രൂപയിൽ താഴെയേ വരുന്നുള്ളൂ. പിന്നീടാണ് അറിഞ്ഞത് ഇതേ ടീം ഈ പരിസരത്ത് ഇതുപോലെ പലരെയും ട്രാപ്പിൽ പെടുത്തി എന്ന്…

“ഒരിക്കൽ എന്റെ വീട്ടിൽ മാറ്റും കർട്ടൻ ഐറ്റംസുമായി ഒരു ടീം വന്നു. വളരെ വിനയാന്വിതരായാണ് സമീപിച്ചത്. ഞാൻ വേണ്ട വേണ്ട എന്ന് 100 വട്ടം പറഞ്ഞു. 'സാധനം കണ്ടാൽ മതി, ഇഷ്ടപ്പെട്ടാൽ മാത്രം വാങ്ങിയാൽ മതി' എന്നൊക്കെയായി അവർ.
'ശരി, അതൊന്ന് കണ്ടേക്കാം' എന്നു കഷ്ടകാലത്തിന് പറഞ്ഞു പോയി.

എന്നോട് ചോദിക്കാതെ തന്നെ അവന്മാർ സിറ്റൗട്ടിന്റെ അളവിൽ ആ മാറ്റ് കട്ട് ചെയ്തു. ഞാൻ 'കട്ട് ചെയ്യാൻ വരട്ടെ' എന്നൊക്കെ പറഞ്ഞിട്ടും അവർ ഗൗനിക്കാതെ കട്ട് ചെയ്തു. പിന്നെ അവർക്ക് തോന്നിയ റേറ്റ് ചോദിച്ചു. അത് കേട്ടതും തലകറങ്ങി. പിന്നെ വാക്കുതർക്കമായി. അവസാനം 'പറഞ്ഞതിന്റെ പകുതി വിലയ്ക്ക് ആണെങ്കിൽ ഞാൻ എടുക്കാം' എന്ന് എനിക്ക് പറയേണ്ടിവന്നു. എന്റെ നല്ല ഒരു ദിവസം പണവും പോയിക്കിട്ടി…

ഇത്തരത്തിൽ നാട്ടിൽ ദിവസവും നടക്കുന്ന വാൻ സെയിൽ തട്ടിപ്പുകൾ അനവധിയാണ്. ഇവരുടെ അടിസ്ഥാന പ്രവർത്തനരീതി സമാനമാണ് നിലവാരം കുറഞ്ഞ ഉൽപന്നങ്ങൾ വാനുകളിൽ കയറ്റി രാവിലെ യാത്ര തിരിക്കും. കൂടുതലും പ്രായമായവർ, സ്ത്രീകൾ തുടങ്ങിയവരുള്ള വീടുകളാണ് ഇവർ ലക്ഷ്യം വയ്ക്കുന്നത്. ജോലിചെയ്യുന്ന ആളുകളുള്ള വീടാണെങ്കിൽ അവർ പോയതിന് ശേഷമാണ് ഇവർ സമീപിക്കുക. വാചകമടിച്ച് പാവം വീട്ടമ്മമാരേയും പ്രായമായവരെയും വീഴ്ത്താൻ ഇവർക്ക് അസാമാന്യ കഴിവായിരിക്കും. കെണിയിൽ പെട്ടുകഴിഞ്ഞാൽ സാങ്കേതികമായ കണക്കുകൾ പറഞ്ഞായിരിക്കും ഇവർ റേറ്റിന്റെ കാര്യത്തിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്നത്. ഫിറ്റ് ചെയ്ത് കഴിഞ്ഞത് കൊണ്ട് പിന്നെ അവർ പറയുന്ന കള്ളക്കണക്കിൽ വീണ് വഞ്ചിതരാകുന്നവരാണ് എല്ലാവരും. മാന്യമായി ഹോം ഡെലിവറി കച്ചവടങ്ങൾ നടത്തി ഉപജീവനം നടത്തുന്ന ഒരുപാട് ആളുകൾ നമ്മുടെ നാട്ടിലുണ്ട് അവർക്ക് കൂടി ദോഷവും അപമാനവും വരുത്തി വയ്ക്കുകയാണ്, മോഷ്ടാക്കളെ വെല്ലുന്ന ഈ തട്ടിപ്പ് സംഘം ചെയ്യുന്നത്.
ഇത് വായിക്കുന്ന പലരും ഈ അനുഭവം നേരിടേണ്ടി വന്നിട്ടുള്ളവർ ആയിരിക്കും. മേലിൽ ആരും ഈ തട്ടിപ്പിന് ഇരയാകാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക. ഇത്തരക്കാർ വരുമ്പോൾ ഒരു തവണ വേണ്ട എന്ന് തറപ്പിച്ച് പറഞ്ഞ ശേഷം പിന്നീട് ഒന്നും തന്നെ സംസാരിക്കാൻ പോകാതിരിക്കുക, കഴിയുന്നതും അകത്ത് കയറി വാതിൽ അടയ്ക്കുക. അവർ അതിക്രമിച്ച് ജോലികൾ തുടങ്ങുകയാണെങ്കിൽ ഫോണെടുത്ത് പോലീസിൽ വിളിക്കും എന്ന് ഉറച്ച് പറയുക അയൽപക്കക്കാരെയും അറിയിക്കുക…

മഷി ഗുളിക.എഴുത്തിന്റെ പരിണാമ ഘട്ടങ്ങളിൽ ഉപയോഗിച്ച് പോന്നിട്ടുള്ള മാധ്യമങ്ങൾ അനവധിയാണ്. എഴുത്താണി മുതൽ ഇന്നത്തെ ടച്ച് പേൻ...
18/09/2025

മഷി ഗുളിക.
എഴുത്തിന്റെ പരിണാമ ഘട്ടങ്ങളിൽ ഉപയോഗിച്ച് പോന്നിട്ടുള്ള മാധ്യമങ്ങൾ അനവധിയാണ്. എഴുത്താണി മുതൽ ഇന്നത്തെ ടച്ച് പേൻ വരെ നീളുന്ന പ്രയാണത്തിൽ ഏറ്റവും പ്രധാനി മഷി തന്നെ ആയിരുന്നു. അതിൽ തന്നെ കൗതുകം ഉള്ള ഒരു വളരെ വസ്തുവാണ് മഷി ഗുളിക. ഒരു നാല് പതിറ്റാണ്ട് മുൻപ് വരെയെല്ലാം ഉപയോഗത്തിലുണ്ടായിരുന്ന വസ്തുവാണ് ഈ ഗുളിക. ഇത് ഉപയോഗിച്ചിട്ടുള്ള ധാരാളം ആളുകൾ ഇന്നും ഉണ്ടെങ്കിലും പുതിയ തലമുറയിലെ അധികം ആർക്കും മഷി ഗുളികയെ കുറിച്ച് ഇന്നറിയില്ല.
അക്കാലങ്ങളിൽ ഫൗണ്ടൻ പേനയിൽ ഉപയോഗിച്ചിരുന്ന ഒന്നാണ്
മഷി ഗുളിക. ഗുളിക മഷിയായി രൂപപ്പെടുത്തിയ ശേഷമായിരുന്നു പേനകളിൽ നിറച്ചിരുന്നത്.
ഈ ഗുളിക പച്ചവെള്ളത്തിലോ അല്ലങ്കിൽ തിളപ്പിച്ചാറിയ വെള്ളത്തിലോ ലയിപ്പിച്ച ശേഷം കോട്ടൺ തുണിയില്‍ അരിച്ചെടുത്ത് പേനയില്‍ ഒഴിച്ചാണ് എഴുതാന്‍ ഉപയോഗിച്ചിരുന്നത്. കരടില്ലാതെ, നേർമ്മയായി പൊടിച്ച് വേണം മഷി ഗുളിക വെള്ളത്തിൽ ലയിപ്പിക്കേണ്ടത്. അക്കാലത്ത് വളരെ കുറഞ്ഞ വിലയിൽ മഷി ഗുളിക കിട്ടുമായിരുന്നു. ചുവപ്പ് , പച്ച, നീല, കറുപ്പ് നിറങ്ങളിൽ മഷിഗുളികകൾ ലഭിച്ചിരുന്നു.
മഷി ഗുളിക വെള്ളത്തിൽ ലയിപ്പിച്ച് കുമ്മായത്തിൽ ചേർത്ത് വിവിധ നിറങ്ങളിൽ അക്കാലത്ത് പോസ്റ്ററുകൾ എഴുതിയിരുന്നു. തെരഞ്ഞെടുപ്പ് സമയത്ത് ചുമരെഴുത്തിനും ചിഹ്നങ്ങൾ വരയ്ക്കാനും വിവിധ വർണ്ണങ്ങളിലുള്ള മഷി ഗുളിക കുമ്മായത്തിൽ ലയിപ്പിച്ച് കൊണ്ട് വിവിധ വർണ്ണങ്ങളിൽ എഴുതിയിരുന്നു.
പെയിന്റ് ഒക്കെ നാട്ടിൽ വരുന്നതിന് മുൻപ് പണമുള്ളവർ വീട് മോടികൂട്ടാൻ കുമ്മായത്തിനൊപ്പം മഷി ഗുളിക ചേർക്കുമായിരുന്നു.

കൈവിഷമെന്ന് കേട്ടിട്ടുള്ളവരുണ്ടാകും..!
മന്തവാദി കിണ്ണത്തിൽ നിറച്ച പാലിൽ നിന്നും നീലനിറത്തിൽ "കൈവിഷം" പുറത്തെടുക്കും. മന്ത്രവാദി തന്ത്രപൂർവം കൈയടക്കത്തോടെ മഷി ഗുളിക പാലിലിട്ടാണ് വിശ്വാസികളെ പറ്റിച്ചിരുന്നതെന്ന് പ്രശസ്‌ത ബൗദ്ധിക വാദിയും എഴുത്തുകാരനുമായ എ.ടി.കോവൂർ കണ്ടെത്തിയിട്ടുണ്ട്. സസ്യങ്ങളിൽ നിന്നും
പ്രാചീനകാലത്ത് മഷി നിർമ്മിച്ചിരുന്നു.
" കടുക്കാമഷി " പണ്ട് നിലവിലുണ്ടായിരുന്നു. കടുക്കാമഷിയെക്കുറിച്ച് വിഖ്യാത സാഹിത്യകാരൻ തകഴി പറഞ്ഞതിങ്ങനെയാണ്. കടുക്ക കൊണ്ട് മഷിയുണ്ടാക്കുന്നതു തന്നെ വലിയ ജോലിയായിരുന്നു. കടുക്കാത്തോട് തല്ലിപ്പൊട്ടിച്ച് വെള്ളത്തിലിട്ട് അതിൽ തുരുമ്പിച്ച ഇരുമ്പ് കഷണം ഇട്ട് തിളപ്പിച്ച വെള്ളം വറ്റിച്ചാണ് കടുക്കാമഷി ഉണ്ടാക്കിയിരുന്നത് "
ഇതിൽ പടിക്കാരം (ആലം) ചേർത്താൽ നല്ല കടുത്ത മഞ്ഞ നിറം ലഭിക്കും.
അന്നഭേദി (അയൺസൾഫേറ്റ്) ചേർത്താൽ കറുത്ത മഷി ലഭിക്കും.
താന്നിക്ക ഉപയോഗിച്ചും മഷിയുണ്ടാക്കിയിരുന്നു. നെല്ലിക്ക, ബീറ്റ്റൂട്ട്, മഞ്ഞൾ തുടങ്ങിയവയും മഷി നിർമ്മിക്കാൻ ഉപയോഗിച്ചിരുന്നു.

കമ്പ്യൂട്ടറിനെ തോൽപ്പിക്കുന്ന മനുഷ്യൻ എന്നത് ആലങ്കാരികമായി പറയാം എന്നല്ലാതെ അങ്ങനെയെല്ലാം നടക്കുമോ ?നടക്കും നടന്നിട്ടുണ്...
18/09/2025

കമ്പ്യൂട്ടറിനെ തോൽപ്പിക്കുന്ന മനുഷ്യൻ എന്നത് ആലങ്കാരികമായി പറയാം എന്നല്ലാതെ അങ്ങനെയെല്ലാം നടക്കുമോ ?
നടക്കും നടന്നിട്ടുണ്ട്,
ഒരു കമ്പ്യൂട്ടറിന്റെ കണക്കു കൂട്ടുവാനുള്ള വേഗത നമുക്ക് അറിവുള്ളതാണ്. 1977-ൽ ഡല്ലസിലെ സൗത്തേൺ മെതോഡിസ്റ്റ് യൂണിവേഴ്സിറ്റിയിൽ (southern methodist university) ഒരു മത്സരം നടന്നു. 201 അക്കങ്ങൾ ഉള്ള ഒരു സംഖ്യയുടെ 23-മത്തെ വർഗ്ഗമൂലം (root ) കാണുവാൻ. ഇത് കണക്കാക്കുവാൻ അന്ന് അവിടെ ഉണ്ടായിരുന്ന യൂണിവാക്ക് കമ്പ്യൂട്ടർ 62 സെക്കൻഡുകൾ എടുത്തു. എന്നാൽ അവിടെയുണ്ടായിരുന്ന ഒരു വനിത വെറും 50 സെക്കൻഡുകൾ കൊണ്ടാണ് അതിനുത്തരം കണ്ടെത്തിയത്. ആ വനിതയുടെ പേരാണ് ശകുന്തള ദേവി. ഭാരതത്തിൽ ജനിച്ച ഗണിതശാസ്ത്രപ്രതിഭയായ ശകുന്തളാ ദേവി "മനുഷ്യ കമ്പ്യൂട്ടർ" എന്ന പേരിലാണ് ലോകം അവരെ അഭിസംബോധന ചെയ്തിരുന്നത്.

1929 നവംബർ 4 നു ബംഗളൂരുവിൽ നാനാക്ക് ചന്ദ് ഝേഡിയുടെയും ദേവകിയുടെയും മകളായിട്ടായിരുന്നു ശകുന്തള ദേവിയുടെ ജനനം. ശകുന്തള ദേവിയുടെ പിതാവായ നാനാക്ക് ചന്ദ് ഒരു സർക്കസ് കായികതാരമായിരുന്നു. ട്രപ്പീസ്, വലിച്ചുമുറുക്കിയ കയറിന് മുകളിലൂടെയുള്ള നടത്തം, പീരങ്കിയിൽ മനുഷ്യ ഉണ്ടയാവുക, തുടങ്ങിയവയായിരുന്നു നാനാക്ക് ചന്ദ് പ്രദർശിപ്പിച്ചിരുന്നത്. സർക്കസിലെ കലാകാരനായിരുന്ന പിതാവിന്റെ കയ്യിലെ ചീട്ടുകളിൽ നിന്നുമാണ് കുഞ്ഞു ശകുന്തളയുടെ കണക്കിലെ കളികൾ ആരംഭിക്കുന്നത്. നന്നേ ചെറുപ്പത്തിൽ തന്നെ കണക്കുകൾ കൊണ്ട് മാന്ത്രികത സൃഷ്ടിച്ചിരുന്ന ശകുന്തള ദേവി
അഞ്ചു വയസ്സുള്ളപ്പോള്‍ 18 വയസ്സുള്ളവർക്കുള്ള ഗണിത ശാസ്ത്ര ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തിയിരുന്നു. ആറാം വയസ്സിൽ തന്റെ കഴിവുകൾ മൈസൂർ യൂണിവേഴ്സിറ്റിയിൽ പ്രദർശിപ്പിച്ചു. എട്ടാം വയസ്സിൽ തമിഴ് നാട്ടിലെ അണ്ണാമല സർവകലാശാലയിലും ഇത് ആവർത്തിച്ചു. പ്രാഥമിക വിദ്യാഭ്യാസം നേടുന്നതിന് മുമ്പായിരുന്നു ശകുന്തള ദേവിയുടെ ഈ പ്രദർശനങ്ങൾ എന്നത് എല്ലാവരിലും അത്ഭുതം ഉളവാക്കി. പിന്നീട് ഭാരതത്തിലെ പല സർവകലാശാലകളിലും കുഞ്ഞു ശകുന്തള ദേവി പ്രദർശനങ്ങൾ നടത്തി. 1944 ൽ ശകുന്തള ദേവി പിതാവിനൊപ്പം ലണ്ടനിലേക്ക് പുറപ്പെട്ടു. അവിടെ പല സർവകലാശാലകളിലും ശകുന്തള ദേവി തന്റെ കണക്കിലെ മാന്ത്രികത പ്രദർശിപ്പിച്ചു. ഇതോടെ വിദേശ മാധ്യമങ്ങളിൽ ശകുന്തള ദേവി എന്ന പേര് നിറഞ്ഞു.



1950 ൽ BBC ചാനൽ ശകുന്തള ദേവിയുടെ അഭിമുഖമെടുത്തു. അതിലെ അവതാരകൻ ലെസ്ലി വളരെ ബുദ്ധിമുട്ടുള്ള ഒരു ചോദ്യം ചോദിച്ചു. കുറഞ്ഞ സെക്കൻഡുകൾക്കുള്ളിൽ ശകുന്തള ദേവി ഉത്തരം പറഞ്ഞു. പക്ഷേ പറഞ്ഞ ഉത്തരം ശരിയല്ല എന്ന് അവതാരകൻ തൻ്റെ കൈവശമുള്ള ഉത്തരം വച്ചു പറഞ്ഞു. എന്നാൽ പിന്നീട് തനിക്ക് തെറ്റ് പറ്റിയതാണ് എന്നും ശകുന്തളാ ദേവിയുടെ ഉത്തരമാണ് ശരിയെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ശകുന്തള ദേവിയുടെ ജീവിതത്തിലെ പ്രധാന സംഭവം നടക്കുന്നത് 1980 ൽ ലണ്ടൻ ഇമ്പിരിയൽ കോളേജിൽ നടന്ന പ്രദർശനത്തിലാണ്. ശകുന്തളാ ദേവിക്ക് മുമ്പാകെ അവിടുത്തെ കമ്പ്യൂട്ടർ രണ്ടു പതിമൂന്നക്ക സംഖ്യകൾ നിർദ്ദേശിച്ചു. ഇവയുടെ ഗുണനഫലം മനക്കണക്കിലൂടെ കണ്ടെത്താനായിരുന്നു ശകുന്തളാ ദേവിയോട് ആവശ്യപ്പെട്ടത്. ആ സംഖ്യകളുടെ ഗുണനഫലം ശകുന്തള ദേവി 28 സെക്കൻഡുകൾ കൊണ്ട് കണ്ടുപിടിക്കുകയും ഇത് ഒരു വേൾഡ് റെക്കോർഡ് ആയി കണക്കാക്കപ്പെടുകയും ചെയ്തു. ഇതിന് ശേഷം ഒട്ടനവധി സ്ഥലങ്ങളിൽ ശകുന്തള ദേവി പ്രദർശനങ്ങൾ നടത്തി. പ്രാഥമിക വിദ്യാഭ്യാസം പോലും കിട്ടുന്നതിന് മുൻപ് ലോകത്തെ കണക്കിലെ കളികൾ കൊണ്ട് അത്ഭുതപ്പെടുത്തിയ ശകുന്തള ദേവി നിരവധി നോവലുകളും ഗണിതം, ജ്യോതിഷം എന്നിവയെ കുറിച്ചുള്ള ഗ്രന്ഥങ്ങളും എഴുതിയിട്ടുണ്ട്. ബാഗ്ലൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വെച്ച് ഹൃദയാഘാതത്തെത്തുടർന്ന് 84 - മത്തെ വയസ്സിൽ ഏപ്രിൽ 21, 2013 നു വൈകുന്നേരം ശകുന്തളാദേവി അന്തരിച്ചു.
2020 ൽ ശകുന്തള ദേവിയുടെ കഥ ചലച്ചിത്രമായി പുറത്തിറങ്ങി വിദ്യ ബാലൻ ആയിരുന്നു ശകുന്തള ദേവിയായി അഭിനയിച്ചത്…

ലോകത്തിലെ 65 ശതമാനം രാജ്യങ്ങളിലും വാഹനങ്ങൾ വലതു വശം ചേർന്ന് സഞ്ചരിക്കുമ്പോൾ എന്തുകൊണ്ടാണ് ഇന്ത്യയിൽ നമ്മൾ ഇടതുവശം ചേർന്ന...
18/09/2025

ലോകത്തിലെ 65 ശതമാനം രാജ്യങ്ങളിലും വാഹനങ്ങൾ വലതു വശം ചേർന്ന് സഞ്ചരിക്കുമ്പോൾ എന്തുകൊണ്ടാണ് ഇന്ത്യയിൽ നമ്മൾ ഇടതുവശം ചേർന്ന് വണ്ടി ഓടിക്കണം എന്ന നിയമം ഉണ്ടായത് എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ?
ഇന്ത്യ, ഓസ്ട്രേലിയ, ന്യൂസീലാൻഡ്, ജപ്പാൻ, മലേഷ്യ, സിങ്കപ്പൂർ, പാകിസ്ഥാൻ, യുകെ എന്നിവയാണ് പ്രധാനമായും റോഡിന്റെ ഇടത് വശം ചേർന്ന് വാഹനം ഓടിക്കുന്ന രാജ്യങ്ങൾ. ഇത്തരത്തിൽ വാഹനം ഓടിക്കുന്ന രാജ്യങ്ങൾ പഴയ ബ്രിട്ടീഷ് കോളനികളാണ് എന്ന വസ്തുതയും ഈ ഡ്രൈവിംഗ് രീതിയും തമ്മിൽ ബന്ധമുണ്ട്…

ആ ചരിത്രം അറിയണമെങ്കിൽ കുറച്ചുകാലം പിന്നിലേക്ക് സഞ്ചരിക്കണം.
നിലവിൽ ലോകത്ത് 65 ശതമാനം രാജ്യങ്ങളിലും റൈറ്റ് സൈഡ് ഡ്രൈവാണുള്ളത് അതായത് റോഡിന്റെ വലതുവശം ചേർന്നുള്ള ഡ്രൈവ്. എന്നാൽ ബ്രിട്ടീഷ് ഭരണത്തിന് കീഴിലുണ്ടായിരുന്ന ഇന്ത്യ അടങ്ങുന്ന മുപ്പത്തിയഞ്ച് ശതമാനം രാജ്യങ്ങളിൽ ലെഫ്റ്റ് ഹാന്റ് റോഡ് സിസ്റ്റം പാലിച്ചുപോരുന്നു.

നൂറ്റാണ്ടുകൾക്ക് മുൻപ് തന്നെ ഇന്ത്യയിൽ റോഡ് മാർഗമുള്ള ഗതാഗതം ആരംഭിച്ചിരുന്നുവെങ്കിലും മദ്ധ്യ കാലഘട്ടത്തിലായിരുന്നു അത് വിപുലമാകുന്നത്. കച്ചവടം, ഗതാഗതം, യുദ്ധം എന്നിവയ്ക്ക് പ്രാധാന്യമേറിയതോടെ പാതകൾ ഒഴിച്ചുകൂടാനാകാതെ വന്നപ്പോൾ റോഡ് സംവിധാനം കൂടുതൽ വിപുലീകൃതമായി. യുദ്ധവേളകളിൽ ബ്രിട്ടീഷുകാർ കുതിര പടയോട്ടത്തിന് റോഡിന്റെ ഇടതുവശമായിരുന്നു കൂടുതലായും ഉപയോഗിച്ചിരുന്നത്.
ഇടതുകൈ കൊണ്ട് കുതിരയെ നിയന്ത്രിക്കാനും വലുതുകൈയുപയോഗിച്ച് യുദ്ധം ചെയ്യാനും ഏറ്റവും അനുയോജ്യമായിട്ടുള്ള രീതിയായിരുന്നു ഇത്. വാളുകൾ പൊതുവെ സൂക്ഷിക്കുന്നതും ഇടത് ഭാഗത്താണ്. വാൾ ഉറയിൽ നിന്നും ഊരി വലതുകൈവീശിയായിരുന്നു ശത്രുക്കളുമായി യുദ്ധം ചെയ്തിരുന്നത്. ഈ സൗകര്യം കണക്കിലെടുത്ത് റോഡിന് ഇടതുവശം ചേർന്നായിരുന്നു യുദ്ധങ്ങൾ നടത്തിക്കൊണ്ടിരുന്നതും.

കൂടാതെ കുതിരപ്പുറത്ത് കയറാനും ഇറങ്ങാനും ഇടതുവശം എളുപ്പമായിരുന്നു എന്നുള്ളതും മറ്റൊരു കാരണമാണ്. കാലങ്ങൾക്ക് ശേഷം വാഹന ഗതാഗതം തുടങ്ങിയപ്പോഴും ഈ വ്യവസ്ഥ വാഹനങ്ങളിലും ഉൾക്കൊള്ളിക്കുകയായിരുന്നു. വാഹന ഗതാഗതം വിപുലമായതോടെ റോഡിന് ഇടതുഭാഗം ചേർന്ന് വാഹനമോടിക്കുക എന്ന വ്യവസ്ഥ ബ്രിട്ടനിൽ നിലവിൽ വന്നു. തത്ഫലമായി ബ്രിട്ടീഷ് ഭരണത്തിന് കീഴിലുള്ള ഇന്ത്യ ഉൾപ്പെടെയുള്ള പല രാജ്യങ്ങളും ഈ വ്യവസ്ഥ പാലിക്കേണ്ടതായും വന്നു.

അമേരിക്കയും യൂറോപ്പും പോലുള്ള ഭൂരിപക്ഷം രാജ്യങ്ങളിൽ വലതു വശം ചേർന്ന് വണ്ടി ഓടിക്കുന്ന സമ്പ്രദായം നിലവിൽ വന്നതിനും ചരിത്രപരമായ ഒരു കാരണമുണ്ട്,
അക്കാലങ്ങളിൽ അമേരിക്ക, യൂറോപ്പ് പോലുള്ള രാജ്യങ്ങളിൽ കച്ചവടം, കൃഷി എന്നിവയുടെ ആവശ്യകത വർധിച്ചു വന്നപ്പോൾ ഗതാഗതം വലിയൊരു പ്രശ്നമായി തുടങ്ങി.
വിളകളും കച്ചവടത്തിനാവശ്യമായിട്ടുള്ള ചരക്കുകളും ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകാൻ റോഡുകൾ വിപുലീകരിച്ചു.
ആ കാലഘട്ടത്തിൽ കുതിര വണ്ടികളായിരുന്നു ചരക്കുനീക്കങ്ങൾക്ക് വൻതോതിൽ ഉപയോഗിച്ചിരുന്നത്. വിളകളും ചരക്കുകളും വർധിച്ചപ്പോൾ ഒരു കുതിരവച്ചുള്ള ഗതാഗതം പോരാതെ വന്നു.

പകരം ഒന്നിലധികം കുതിരകളെ ഒന്നിനു പിറകെ മറ്റൊന്നായി അണിനിരത്തികൊണ്ട് പിന്നിലുള്ള ചരക്ക് വണ്ടി വലിക്കാനായി ഉപയോഗിച്ചു.
പിന്നിലുള്ള വണ്ടിയിൽ ഇരിപ്പിടം ഒന്നും ഇല്ലാത്തതിനാൽ കുതിരപ്പുറത്തിരുന്നുകൊണ്ടുതന്നെയായിരുന്നു വണ്ടിയേയും കുതിരകളേയും നിയന്ത്രിച്ചിരുന്നത്. സാധാരണ ആറു കുതിരകളേയായിരുന്നു വലുപ്പമേറിയ ചരക്ക് വണ്ടി വലിക്കാനായിഉപയോഗിച്ചിരുന്നത്.
രണ്ട് വരിയായി ഒന്നിനുപുറകെ മറ്റൊന്ന് എന്ന തരത്തിലായിരുന്നു കുതിരകളുടെ സ്ഥാനം. അതിൽ ഏറ്റവും ഒടുവിലുള്ള ഇടതുഭാഗത്തുള്ള കുതിരയുടെ മുകളിലിരുന്നായിരുന്നു ഓടിക്കുന്നവർ വണ്ടിയേയും കുതിരകളേയും നിയന്ത്രിച്ചിരുന്നത്.

ഒടുവിലത്തെ ഇടതുവശത്തുള്ള കുതിരപ്പുറത്തിരുന്നാൽ വലതുകൈയുപയോഗിച്ച് കുതിരകളെ നിയന്ത്രിക്കുക എന്നത് എളുപ്പമായിരുന്നു എന്നതിനാലാണ് ഇത്തരത്തിലുള്ള ഒരു രീതി വ്യാപകമായി ഉപയോഗിച്ചത്. അതുമാത്രമല്ല റോഡിന്റെ വലതുവശം ചേർന്ന് സഞ്ചരിക്കുന്നതിനാൽ എതിർവശത്ത് നിന്നു വരുന്ന വാഹനങ്ങൾ നിരീക്ഷിക്കാനും അതിനനുസരിച്ച് കുതിര വണ്ടി നിയന്ത്രിക്കാനും അവർക്ക് എളുപ്പമായിരുന്നു. 19 ആം നൂറ്റാണ്ടായിപ്പോഴേക്കും ലോകത്തോട്ടാകെ റോഡ് നിയമങ്ങൾ പ്രാബല്യത്തിൽ വന്നു. ബ്രീട്ടീഷ് രാജ്യങ്ങളിൽ റോഡിന്റെ ഇടതുവശം ചേർന്നുള്ള ഗതാഗതം നിലനിന്നിരുന്നതിനാൽ പിന്നീടങ്ങോട്ട് ആ നിയമം തന്നെ അവർ പിൻതുടരാൻ തീരുമാനിച്ചു. ഇന്ത്യയും അക്കാലത്ത് ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിന്റെ ഭാഗമായതിനാൽ, സമാന നിയമം ഇന്ത്യയ്ക്കും ബാധകമായി തീർന്നു. ഇന്നും ആ വ്യവസ്ഥയ്ക്ക് മാറ്റമില്ലാതെ തുടരുന്നു.

ഇന്ന് ബ്രിട്ടൻ ഉൾപ്പടെ ചില യൂറോപ്പ്യൻ രാജ്യങ്ങളിലാണ് ലെഫ്റ്റ് ഹാന്റ് സിസ്റ്റമുള്ളത്. യൂറോപ്പ് പൊതുവെ റോഡിന്റെ വലതുവശമാണ് ഉപയോഗിക്കുകയെങ്കിലും അയർലൻഡ്, മാൾട്ട, സൈപ്രസ് എന്നീ രാജ്യങ്ങളും തെക്കെ അമേരിക്കയിലെ ഗയാനയിലുമാണ് ലെഫ്റ്റ് ഹാന്റ് സിസ്റ്റമുള്ളത്. മുൻപ് ഈ രാജ്യങ്ങൾ ബ്രിട്ടീഷ് കോളോണിയലിന് കീഴിലായതിനാലാണ് ഈ വ്യവസ്ഥ അതേപടി ഇവിടങ്ങളിലും പിൻതുടരുന്നത്. 1960 ബ്രിട്ടീഷുകാർ റൈറ്റ് ഹാന്റ് സിസ്റ്റത്തിലേക്ക് മാറാനുള്ള തയ്യാറെടുപ്പ് നടത്തിയിരുന്നുവെങ്കിലും ചെലവുകളുടെയും മറ്റ് സാങ്കേതികത കാരണങ്ങളുടെയും പശ്ചാത്തലത്തിൽ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.

Address

Irinjalakuda
680125

Telephone

+918590608263

Website

Alerts

Be the first to know and let us send you an email when The Gazette posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to The Gazette:

Share